UPDATES

ബ്ലോഗ്

ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ച സവർണ്ണ ശൂദ്ര പൊതുബോധത്തിന്റെ മുഖത്തിനിട്ടുള്ള ആട്ടായിരുന്നു ശബരിമല പട്ടിക, അതാണീ മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്

കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് കോടതിയിൽ നിന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രസ്തുത പട്ടിക കൈക്കലാക്കി അതിലെ യുവതികളുടെ വീടുകളിലേയ്ക്ക് ഓബി വാനുകൾ ലൈവ് സഞ്ചാരം നടത്തുന്നത്.
ഇതുവഴി അവർക്കുണ്ടാകുന്ന സുരക്ഷാ ഭീഷണിക്ക് ചാനലുകൾ ഉത്തരം പറയുമോ?

പല റിപ്പോർട്ടുകൾ വായിച്ചതിൽ നിന്നും മനസിലാകുന്നതിതാണ്.
പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള ഏഴായിരത്തിലധികം സ്ത്രീകൾ ശബരിമല കയറാൻ ആഗ്രഹം അറിയിച്ചുകൊണ്ട് ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. അൻപത്തിയൊന്ന് സ്ത്രീകൾ മലകയറി. അവർ സന്നിധാനത്തിൽ നിന്നും മടങ്ങിയെത്തി ടിക്കറ്റുകൾ സ്കാൻ ചെയ്തു എന്നതാണതിന്റെ തെളിവ്. കേരളാ പൊലീസ് ഏർപ്പെടുത്തിയ വിർച്വൽ ക്യൂ സിസ്റ്റം വഴി മലകയറിയവരുടെ ലിസ്റ്റാണിത്. അങ്ങനെയല്ലാതെ കയറിയവർ അതിൽ പെടില്ല. ബിന്ദുവും കനകദുർഗ്ഗയും ഈ പട്ടികയിൽ പെടുന്നില്ല എന്നതിൽ നിന്നും അവർ മലകയറിയത് പ്രസ്തുത വിർച്വൽ ക്യൂ സിസ്റ്റം വഴിയല്ല എന്ന് അനുമാനിക്കാം.

ഓൺലൈൻ വഴി പേര് രജിസ്റ്റർ ചെയ്യുന്നവർ വിവരങ്ങൾ കൃത്യവും സത്യസന്ധവുമായി രേഖപ്പെടുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് സർക്കാരോ, പൊലീസോ ക്രോസ് ചെക്ക് ചെയ്യേണ്ട കാര്യമില്ല. കാരണം വിധി വന്നതോടെ ഭക്തരായ ആർക്കും അവിടെ കയറാം. വിർച്വൽ ക്യൂവും ഓൺലൈൻ രജിസ്ട്രേഷനും പോലെയുള്ള സംവിധാനങ്ങൾ സുരക്ഷാ ബന്ധിയായ ആവശ്യങ്ങൾ മുൻനിർത്തി സ്വീകരിച്ചവയാണ്. അല്ലാതെ തീർത്ഥാടകരെ തിരഞ്ഞെടുത്ത് കയറ്റിവിടാനല്ല. ഇത് കൃത്യമായി ക്രോസ്സ് ചെക്ക് ചെയ്ത് പ്രസിദ്ധീകരിക്കേണ്ട പി എസ് സി നിയമനപട്ടിക പോലെയൊന്നല്ല.

ഈ പട്ടിക ദീർഘകാലമായി കയ്യിലുണ്ടായിട്ടും മുഖ്യമന്ത്രി ആണാണെങ്കിൽ ഒരു യുവതിയെ കയറ്റിക്കാണിക്ക് എന്ന് വെല്ലുവിളിച്ചപ്പൊഴൊന്നും അത് സർക്കാർ സംവിധാനങ്ങൾ പുറത്തുവിട്ടില്ല. ഇപ്പോൾ തന്നെയും അത് രാജ്യത്തെ പരമോന്നത കോടതിക്ക് മുമ്പാകെയാണ് സമർപ്പിച്ചത്. അല്ലാതെ പത്രക്കാർക്ക് കോപ്പിയെടുത്ത് വിതരണം ചെയ്യുകയല്ല.

ഈ സംഭവമൊക്കെ നടക്കുന്നത് മലകയറിയതിനെ തുടർന്ന് ജീവനു ഭീഷണി നേരിടുന്ന ബിന്ദുവും കനകദുർഗ്ഗയും മുഴുവൻ സമയ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയുടെ വിചാരണ വേളയിലാണ്. അതായത് ശബരിമലയിൽ കയറിയ യുവതികൾക്ക് ജീവനുതന്നെ ഭീഷണിയുണ്ട്. കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് കോടതിയിൽ നിന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രസ്തുത പട്ടിക കൈക്കലാക്കി അതിലെ യുവതികളുടെ വീടുകളിലേയ്ക്ക് ഓബി വാനുകൾ ലൈവ് സഞ്ചാരം നടത്തുന്നത്.

ഇതുവഴി അവർക്കുണ്ടാകുന്ന സുരക്ഷാ ഭീഷണിക്ക് ചാനലുകൾ ഉത്തരം പറയുമോ? അങ്ങനെ ഒരു അക്രമ സംഭവം ഉണ്ടായാൽ അതിനിവർക്കെതിരേ നടപടിയെടുക്കാൻ അങ്ങനെയൊരു വകുപ്പോ നിയമമോ ഉണ്ടോ? ഇനി അതൊക്കെ പോട്ടെ, ഇവർ എന്ത് തെറ്റെന്ന് തെളിയിക്കാനാണീ നെട്ടോട്ടമോടുന്നത്?

സുപ്രീം കോടതിയല്ല, ആരു വിധിച്ചാലും ഞങ്ങൾ അനുസരിക്കില്ല. ചുണയുണ്ടെങ്കിൽ കഴിയുമോയെന്ന് നോക്ക് എന്നുമ്പറഞ്ഞ് നാടിന്റെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ച സവർണ്ണ ശൂദ്ര പൊതുബോധത്തിന്റെ മുഖത്തിനിട്ട് ഒരാട്ടായിരുന്നു പ്രസ്തുത പട്ടിക. അതാണീ മാധ്യമങ്ങളെ പ്രകോപിപ്പിച്ചതും നെട്ടോട്ടമോടിച്ചതും. അതുകൊണ്ട് ഇനിയെങ്കിലും ഈ ഡബിൾ ഗെയിം നിർത്തുക. ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയും ചെയ്യുന്ന ഈ അശ്ളീല നാടകമുണ്ടല്ലോ, അത്. എന്നിട്ട് ആദർശവേഷമണിഞ്ഞ് ഓഡിറ്റിങ്ങിനിറങ്ങുക.

ബ്യൂട്ടിഫുൾ ആയിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍