UPDATES

ബ്ലോഗ്

ആ ‘രസം’ അറിയാന്‍ വോഡ്ക കഴിച്ചു; ശേഷം സംഭവിച്ചത്

ഒരു തുടക്കക്കാരിയുടെ ഗർവിനെ ചോദ്യം ചെയ്ത ആ മനുഷ്യനെയും ആ ചോദ്യത്തെയും പത്തു വര്‍ഷത്തിനിപ്പുറവും ഞാൻ ഓർക്കുന്നു.

Avatar

ഇന്ദിര

പിജി മനഃശാസ്ത്രം കഴിഞ്ഞ് ഇന്റേൺഷിപ് സമയം. പൈങ്കുളം S H ഹോസ്പിറ്റലിൽ ആണ് രണ്ടു മാസമായിട്ട്. മാസത്തിലെ രണ്ടാം ശനികളിൽ അവിടെ de addiction ഡിപ്പാർട്മെന്റ് നടത്തുന്ന ഒരു കലാപരിപാടിയുണ്ടായിരുന്നു . “Alcoholic anonymous” അഥവാ ചികിത്സ കഴിഞ്ഞ് മദ്യാസക്തിയിൽ നിന്ന് വിമുക്തരായവർ കുടുംബത്തോടൊപ്പം വന്ന് ഇപ്പോൾ ചികിത്സയിലിരുക്കുന്നവരോട് ചേർന്നൊരു സംഭാഷണം, ചർച്ചകൾ… എങ്ങനെ ആസക്തി തരണം ചെയ്തു, എങ്ങനെ പിടിച്ചു നിൽക്കുന്നു, ജീവിതത്തിൽ ഉണ്ടായ നല്ല മാറ്റങ്ങൾ എന്നിങ്ങനെ പോസിറ്റീവ് ആയ ചർച്ചകൾ. കുടുംബത്തിന്റെ സാക്ഷ്യപ്പെടുത്തലും കഴിയുന്നതോടുകൂടി ആ പരിപാടി അവസാനിക്കും. അങ്ങനെ ഞാൻ അവടെ ചെന്ന രണ്ടാം മാസത്തിലെ രണ്ടാം ശനിയാഴ്ച വന്നു. ചർച്ചക്കൊടുവിൽ ഇനി ആർക്കെങ്കിലും സംസാരിക്കാനുണ്ടോ എന്ന ചോദ്യമുയർന്നു.

നാലാൾ കൂടുന്നിടത്തു മിണ്ടാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. എണീറ്റു…സ്റ്റേജ് ലക്ഷ്യമാക്കി നടന്നു. കൂടെ ഉണ്ടാർന്ന സിസ്റ്റർ കണ്ണ് തള്ളി മിണ്ടാൻ വയ്യാതെ ഇരുന്നു. മൈക് കിട്ടിയതും പത്തു മിനുട്ട് എന്റെ വക സുവിശേഷ പ്രസംഗം! ചെറിയ തോതിൽ കയ്യടി കൂടി ആയപ്പോൾ സംഗതി ജോർ !! ആ സംഭവത്തിന്റെ ആവേശം ഉൾക്കൊണ്ടു അടുത്ത ദിവസം de addiction വാർഡിൽ ക്ലാസ് എടുക്കാൻ എന്നെ ഏൽപ്പിച്ചു. തലേ ദിവസം എന്റെ കാണികളായ അതെ മനുഷ്യർ. മുഷിഞ്ഞ ഷർട്ടും ലുങ്കിയും ഉടുത്തു, കണ്ണ് കലങ്ങി മെലിഞ്ഞൊട്ടിയവർ. ദൂരെ നിന്ന് നോക്കിയാൽ കുടവയറിനു തല ഒട്ടിച്ച പോലെ തോന്നിപ്പിക്കുന്നവർ. കറുത്തവർ, വെളുത്തവർ, സമ്പന്നർ, ദരിദ്രർ… അങ്ങനെ കേട്ടു പഴകിയ എല്ലാ dichotomy കളിലും “മദ്യം ” എന്ന ഒറ്റ വസ്തു അവരെ ഒന്നിപ്പിച്ചിരുന്നു.

ഇടുങ്ങിയ ഇടനാഴിയിൽ നട്ടുച്ചക്ക് എന്നെ കേൾക്കാൻ അവർ തലയും ചൊറിഞ്ഞിരുന്നു. “മദ്യം വിഷമാണ്, അത് ആരോഗ്യത്തിനു ഹാനികരം …” എന്ന് തുടങ്ങി കത്തിക്കയറി “നിങ്ങൾക്കൊക്കെ നഷ്ടങ്ങളല്ലേ ഉണ്ടായുള്ളൂ …എന്ത് നേടി ?!” എന്ന വാചകത്തിൽ ഞാൻ വികാരാധീനയായി. ഒരു നിമിഷം മൗനം.

എല്ലാരും എന്നെ നോക്കി. ഇതെന്താ ചിലക്കുന്ന മോട്ടോർ പെട്ടന്ന് നിന്നത് എന്ന മട്ടിൽ എന്നെ നോക്കി പതുക്കെ പുറകിലിരുന്ന ഒരു മധ്യവയസ്‌കൻ കൈ ഉയർത്തി “മോള് കുടിച്ചിട്ടുണ്ടോ?” എന്ന് പതുക്കെ ചോദിച്ചു.

ഇല്ല എന്ന് ഞാനും ഒരു ചെറുപുഞ്ചിരിയോടെ അയാൾ പറഞ്ഞു, “മോള് പറഞ്ഞതൊക്കെ സമ്മതിച്ചു …പക്ഷെ അതിന്റെ സുഖം എന്താന്നു അറിയണമെങ്കിൽ കുടിച്ചോർക്കല്ലേ അറിയൂ ” എന്ന്. പെട്ടന്ന് അവർ കൂട്ടം ചേർന്ന് മദ്യപാനത്തിന്റെ സുഖത്തെ പറ്റി പറഞ്ഞു തുടങ്ങി. ഒടുവിലവർ സന്തോഷത്തോടെ പിരിഞ്ഞു!! പിന്നീട് de addiction വാർഡിലോ അതിനോട് ബന്ധപ്പെട്ട ഒന്നിലും എനിക്ക് പ്രാപ്തിയില്ലാന്ന് പറഞ്ഞു ഞാനൊഴിഞ്ഞു.

ഒരു തുടക്കക്കാരിയുടെ ഗർവിനെ ചോദ്യം ചെയ്ത ആ മനുഷ്യനെയും ആ ചോദ്യത്തെയും പത്തു വര്‍ഷത്തിനിപ്പുറവും ഞാൻ ഓർക്കുന്നു.

അന്ന് ആ മനുഷ്യൻ പറഞ്ഞ “രസം” എന്താണെന്ന് അറിയാൻ ഒരു കൗതുകം മനസ്സിൽ രഹസ്യമായി എപ്പോഴുമുണ്ടായിരുന്നു. പിന്നീടുള്ള കാലങ്ങളിൽ വായിച്ചും കേട്ടും അതിനെക്കുറിച്ച് കൂടുതലറിഞ്ഞു. ഒടുവിലതൊന്നു പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

“ഏട്ടാ എനിക്ക് വോഡ്ക കുടിക്കണം” എന്ന് ഭർത്താവിന് മെസ്സേജ് അയച്ചു. മദ്യപാനിയല്ലാത്ത ഭർത്താവ് എന്റെ ചോദ്യം കേട്ടു ഒന്ന് മൂളി. പത്തൊൻമ്പതാം വയസ്സിൽ കൂടെ കൂടിയതോണ്ടാവണം എന്റെ എല്ലാ കൗമാര യൗവന പരീക്ഷണങ്ങൾക്കും മനസാക്ഷി സൂക്ഷിപ്പുകാരൻ ടിയാൻ തന്നെയാണ്. അങ്ങനെ എന്റെ ആവശ്യം അറിഞ്ഞതും വൈകുന്നേരം ഒരു കുഞ്ഞു കുപ്പി ഓറഞ്ച് ഫ്ലേവര്‍ വോഡ്കയുമായി മൂപ്പരെത്തി. അടുത്ത ഘട്ടം ഇതെങ്ങനെ കുടിക്കുമെന്നുള്ള സംശയമാണ്. ഗൂഗിൾ തന്നെ ശരണം! എല്ലാം ഗവേഷണം നടത്തി. ഒരു പ്ലേറ്റിൽ ക്യാരറ്റ്, മുന്തിരി ഒക്കെ ഒരുക്കി വച്ചു. രണ്ടു ഗ്ലാസിൽ ലേശം വോഡ്കയും വെള്ളവുമൊഴിച്ചു. നാരങ്ങ പിഴിഞ്ഞു. ഗ്ലാസ്സിനറ്റത്തു ഉപ്പുകൊണ്ടൊരു വളയം തീർത്തു. നല്ലോണം പ്രാർഥിച്ചു. ടിയാൻ ഒന്നൂടി ഉറപ്പിക്കാൻ ചോദിച്ചു “വേണോടി?” എന്റെ ഉത്തരം “ചിയേഴ്സ്” രൂപത്തിൽ വന്നു!

അഞ്ചു മിനിറ്റ് കഴിഞ്ഞില്ലാ എന്റെ തല ചുറ്റുന്ന പോലൊരു തോന്നൽ. പക്ഷെ സംസാരിക്കാം. ആദ്യത്തേത് പോലെ 3 ഗ്ലാസ്‌ അകത്താക്കി. ഇതിനിടയിൽ കഴിക്കാൻ വാങ്ങിയ എന്തൊക്കെയോ വലിച്ചു വാരി തിന്നു! കൃത്യം ഒരു മണിക്കൂർ ഞങ്ങൾ രണ്ടും ഉറങ്ങാൻ കിടന്നു!

രാവിലെ ഉണർന്നപ്പോൾ ചെറിയ തല വേദന. നല്ലോണം വെള്ളം കുടിക്കണമെന്ന് ഗൂഗിൾ പറഞ്ഞ പ്രകാരം അതും കൃത്യമായി ചെയ്തു.

ഇനി മേമ്പൊടി.

എന്താണ് കുടിച്ചാൽ സംഭവിക്കുന്നതെന്നു മനസ്സിലാക്കിയ ശേഷം ഞാൻ തീരുമാനിച്ചത്;

*കയ്യും കാലും തലയും നാവും എന്റെ പരിധിയിൽ നിന്നു അയഞ്ഞ ആ അവസ്‌ഥയെ ഞാൻ ഇഷ്ടപ്പെടുന്നില്ല; കാരണം അത് “ഞാൻ” അല്ല.

*തിന്നതും കുടിച്ചതും അനുഭവിച്ചതും ഒരു 0 to 10 സ്കെയിലിൽ 5 ആണെങ്കിൽ ഒരു ചായ കുടിച്ചാൽ സ്കോർ 9 പറയാവുന്ന രീതിയിൽ ഞങ്ങൾ സംസാരിക്കാറും അനുഭവിക്കാറുമുണ്ട്.

*സംസാരിക്കാൻ ധൈര്യം കിട്ടാൻ എനിക്ക് ഇതിന്റെ ആവശ്യമെണ്ടെന്നു തോന്നിയില്ല (തോന്നിയത് പറയുന്നതിൽ കുപ്രസിദ്ധയാണ് അല്ലെങ്കിൽ തന്നെ!)

*സങ്കടം മറക്കാൻ എന്നൊരു അവസ്‌ഥ ഉണ്ടെന്നു തോന്നുന്നില്ല. കാരണം ഞാൻ എന്താണോ എന്റെ ജീവിതം എന്താണോ അതിലേക്കു തന്നെയാണ് ഞാൻ ഉറക്കമുണർന്നത്. താത്കാലിക മറവി ഉപാധിയല്ലെന്നു സാരം.

*കുടിച്ച് ബോധം മറയാറായപ്പോഴും ഭർത്താവിന്റെ കുടി കാരണം ദുഃഖമനുഭവിച്ച രണ്ടു അമ്മമാരുടെ ജീവിതം ഫിലിം പോലെ മനസ്സിൽ തെളിഞ്ഞു (എന്റെ conscience/ super ego ആവാം)

ആയതിനാൽ, അന്ന് ചോദ്യം ചോദിച്ച ചേട്ടാ…

ഇതൊരു ശീലമാക്കി ചുറ്റുമുള്ള സന്തോഷം കാണാതെയും ആസ്വദിക്കാതെയും ജീവിക്കാനോ, മറ്റൊരാളുടെ മുന്നിൽ തല കുനിച്ചു നിന്ന് ഉപദേശം കേൾക്കാനോ ഇടവരുത്തുന്ന ഒന്നിനോടും എനിക്ക് ആസക്തി ഇല്ല. അല്ലെങ്കിൽ വേണ്ട എന്ന് സന്തോഷത്തോടെ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: ശബരിമല, കള്ളവോട്ട്, സെക്കുലറിസം… എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല; ടീക്കാറാം മീണ തുറന്നു പറയുന്നു/അഭിമുഖം

Avatar

ഇന്ദിര

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍