UPDATES

ബ്ലോഗ്

സാന്റിയാഗോ മാര്‍ട്ടിന്റെ തിരിച്ചു വരവിനുള്ള തിരക്കഥ എവിടെയൊക്കെയോ ഒരുങ്ങുന്നുണ്ടോ? മനോരമയുടെ മാപ്പ് പറച്ചില്‍ നല്‍കുന്ന സൂചനകള്‍

കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്കും ബി ജെ പിക്കും അയാള്‍ എന്നും ആപത്തില്‍ സഹായിക്കുന്ന പാവപ്പെട്ട ഒരു പണക്കാരന്‍ മാത്രമായിരുന്നു

കെ.എ ഷാജി

കെ.എ ഷാജി

രണ്ടായിരത്തിപ്പത്തില്‍ കോയമ്പത്തൂരില്‍ ലോക ക്ലാസ്സിക്കല്‍ തമിഴ് സമ്മേളനം സംഘടിപ്പിച്ച അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി അറിഞ്ഞോ അറിയാതെയോ ഒരു നല്ല കാര്യം ചെയ്തു; സ്വന്തം സംസ്ഥാനത്തെയും അയല്‍പക്കത്ത് കേരളത്തിലേയും അധികാര കേന്ദ്രങ്ങളോട് അടുത്ത് നില്‍ക്കുകയും ലോട്ടറി അടക്കമുള്ള കച്ചവടങ്ങള്‍ വഴി വിവാദ കേന്ദ്രം ആവുകയും ചെയ്ത ശതകോടീശ്വരന്‍ സാന്റിയാഗോ മാര്‍ട്ടിനെ സമ്മേളന നടത്തിപ്പ് കമ്മറ്റിയുടെ ഉപാധ്യക്ഷനാക്കി. സമ്മേളനത്തിന്‍റെ വേദിയിലും കയറ്റിയിരുത്തി.

വൈകാതെ ഭരണം മാറുമെന്ന് രണ്ടുകൂട്ടരും വിചാരിച്ചില്ല.

ഏറെ വൈകാതെ അധികാരം പിടിച്ച ജയലളിതയ്ക്ക് ആ ഒരു കാരണം മാത്രം മതിയായിരുന്നു മാര്‍ട്ടിനെ തളയ്ക്കാന്‍. അയാളുടെ ലോട്ടറി കച്ചവടവും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും അവര്‍ പൂട്ടിച്ചു. ഗുണ്ടാ ആക്ടില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ പിടിച്ചിട്ടു. നിര്‍ദയം നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ അനുവാദം കൊടുത്തതിനാല്‍ അയാള്‍ക്ക്  തമിഴ്നാട്ടില്‍ നേരിടേണ്ടി വന്ന കേസുകള്‍ നിരവധിയാണ്. കോടതി കയറി ഇറങ്ങാന്‍ അല്ലാതെ അയാള്‍ക്ക് നേരമില്ലായിരുന്നു.

ഭാര്യ ലിമയുടെ പേരില്‍ കോയമ്പത്തൂരില്‍ ഉണ്ടായിരുന്ന തുണിക്കട പോലും വില്‍ക്കേണ്ടി വന്നു. അച്ഛന്‍ ജയിലില്‍ പോയ വിഷമത്തില്‍ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പോലും വാര്‍ത്ത‍കള്‍ ഉണ്ടായിരുന്നു. പണവും സ്വാധീനവും ചങ്കൂറ്റവും കൂസലില്ലായ്മയും ചേര്‍ന്നുണ്ടാക്കിയ അയാളുടെ ബിസിനസ് സാമ്രാജ്യം എന്തിന്‍റെ പേരില്‍ ആയാലും അന്ന് പൂട്ടിക്കെട്ടിയത് തലൈവിയുടെ ഇച്ചാശക്തി മാത്രമാണ്.

കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്കും ബി ജെ പിക്കും അയാള്‍ എന്നും ആപത്തില്‍ സഹായിക്കുന്ന പാവപ്പെട്ട ഒരു പണക്കാരന്‍ മാത്രമായിരുന്നു. ഏഴായിരം കോടി രൂപയുടെ ബിസിനസ് സാമ്രാജ്യമാണ്‌ തന്‍റെതെന്ന് മാര്‍ട്ടിന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മുപ്പതിന് മാര്‍ട്ടിന്റെ എഴുപത് സ്ഥാപനങ്ങളില്‍ ഒരുമിച്ചാണ് ആദായ നികുതി വകുപ്പിന്റെ റയിഡ് നടന്നത്. അവയില്‍ ഇരുപത്തി രണ്ടും കോയമ്പത്തൂരില്‍ ആയിരുന്നു. പിടിച്ചെടുത്തത് കണക്കില്‍ പെടാത്ത 5.8 കോടി രൂപ. പിന്നെ ഇരുപത്തിനാല് കോടി രൂപയുടെ സ്വര്‍ണ്ണവും രത്നങ്ങളും. ഏറ്റവും ഒടുവില്‍ മാര്‍ട്ടിന്‍ നേരിടുന്നത് ഒരു വധശ്രമ കേസാണ്. നീണ്ട കാലം തന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരാളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്. ആദായ നികുതി ഉദ്യോഗസ്ഥര്‍ മാര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ വിളിച്ച സമയത്ത് തന്നെയാണ് അയാള്‍ കൊല്ലപ്പെട്ടത്.

സാഹചര്യങ്ങള്‍ മാര്‍ട്ടിന് ഒട്ടും അനുകൂലമല്ലാത്ത ഒരവസ്ഥയിലാണ് മലയാള മനോരമ പത്രം അവരും മാര്‍ട്ടിനും തമ്മിലുണ്ടായിരുന്ന കേസുകള്‍ ഒത്തുതീര്‍ന്നതായി പത്രത്തില്‍ വാര്‍ത്ത‍ കൊടുക്കുന്നത്. വാര്‍ത്തയുടെ സ്വഭാവം വച്ച് നോക്കുമ്പോള്‍ അതൊരു ക്ഷമാപണമാണ്. ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്നൊരു ഉറപ്പും മാര്‍ട്ടിന് പത്രം നല്‍കുന്നുണ്ട്. എന്ത് സാഹചര്യത്തിലാണ് മനോരമ അങ്ങനെ ഒരു ഒത്തുതീര്‍പ്പിന് മുതിര്‍ന്നത് എന്നറിയില്ല. എങ്കില്‍ തന്നെയും മനോരമ പോലും ഭയപ്പെടുന്ന വിധത്തില്‍ മാര്‍ട്ടിന്റെ ഒരു തിരിച്ചു വരവിനുള്ള തിരക്കഥ എവിടെയൊക്കെയോ ഒരുങ്ങുന്നുണ്ട് എന്ന് വേണം അനുമാനിക്കാന്‍.

തമിഴ്നാട്ടില്‍ മാര്‍ട്ടിന്റെ പേടിസ്വപ്നം ആയിരുന്ന ജയലളിത മരിച്ചു. അവരുടെ പാര്‍ട്ടിയില്‍ ഉള്ളവര്‍ക്ക് മാര്‍ട്ടിനോട് വേറെ വൈരാഗ്യം ഒന്നുമില്ല. കരുണാനിധി മരിച്ചെങ്കിലും മകന്‍ സ്റ്റാലിനും ഡി എം കെ യും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ പോകുന്നു. വരാനിരിക്കുന്ന കേന്ദ്ര സര്‍ക്കാരിലും അവര്‍ നിര്‍ണ്ണായക ശക്തി ആയേക്കാം. തമിഴ്നാട്ടിലും വൈകാതെ ഭരണ മാറ്റം സംഭവിക്കും. മാര്‍ട്ടിനെ പാഠം പഠിപ്പിക്കാന്‍ ജയലളിത കൊണ്ട് വന്ന സമ്പൂര്‍ണ്ണ ലോട്ടറി നിരോധനമോക്കെ പാവപ്പെട്ട വില്‍പ്പനക്കാരുടെ ദുരിത ജീവിതം പറഞ്ഞു തിരിച്ചു കൊണ്ടുവരാന്‍ ആയേക്കാം.

കേരളത്തില്‍ ആണെങ്കില്‍ മാര്‍ട്ടിന് ശത്രുക്കളെ ഇല്ല. അദ്ദേഹത്തെ വാസ്തവത്തില്‍ ഇവിടെ വിവാദ നായകന്‍ ആക്കിയത് മലയാള മനോരമ ആയിരുന്നില്ല. മാതൃഭൂമിയും അതിന്‍റെ മുന്‍ പത്രാധിപര്‍ കെ ഗോപാലകൃഷ്ണനും ആയിരുന്നു. മാതൃഭൂമിയോട് വിശാല ഹൃദയനായ മാര്‍ട്ടിന്‍ ക്ഷമിക്കാന്‍ ഒരു സാധ്യതയുമില്ല. വരും ദിവസങ്ങളില്‍ അതുകൊണ്ട് തന്നെ ഇതിലും വലിയൊരു മാപ്പുമായി മാതൃഭൂമി രംഗത്ത് വന്നേക്കും.

തമിഴ്നാടും കേരളവും ആയിരുന്നു വ്യവസായ സാമ്രാജ്യങ്ങള്‍ എങ്കിലും മാര്‍ട്ടിന്റെ നേരിട്ടുള്ള ഭരണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആയിരുന്നു. മാര്‍ട്ടിന്‍ പത്രങ്ങള്‍ക്കും എതിരാളികള്‍ക്കും എതിരെ കേസുകള്‍ ഫയല്‍ ചെയ്തിരുന്നതും അവിടങ്ങളില്‍ തന്നെ. അതുകൊണ്ട് മുഖ്യ പത്രാധിപന്മാര്‍ കൊഹിമയിലെയും ഷില്ലോങ്ങിലെയും ഗുവാഹത്തിയിലെയും കോടതികളില്‍ പ്രതിക്കൂട്ടില്‍ ആവര്‍ത്തിച്ച്‌ കയറി നില്‍ക്കേണ്ട ഒരു അവസ്ഥ വന്നു പെട്ടിരുന്നു. പലകേസുകളും ശിക്ഷിക്കാന്‍ പര്യാപ്തമല്ലാത്ത ദുര്‍ബല കേസുകള്‍ ആണെങ്കിലും അവിടെ പോയി നടപടികള്‍ക്കായി കാത്തുകെട്ടി കിടക്കേണ്ടി വരുന്ന പത്രാധിപന്മാരുടെയും പത്ര മുതലാളിമാരുടെയും ദുരവസ്ഥ ആയിരിക്കും ഇപ്പോഴത്തെ ഒത്തു തീര്‍പ്പ് നീക്കങ്ങള്‍ക്ക്‌ കാരണം. ഒപ്പം തന്നെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാര്‍ട്ടിന്‍ വീണ്ടും കരുത്തനായേക്കുമോ എന്ന ഭയവും അവര്‍ക്ക് ഉണ്ടായിരുന്നിരിക്കും.

സ്വാഭാവികമായും മനോരമയുടെ മാപ്പ് പറച്ചില്‍ ദേശാഭിമാനിയേയും അതിലെ മാധ്യമ പ്രവര്‍ത്തകരെയും ആവേശം കൊള്ളിക്കുന്നുണ്ട്. മാര്‍ട്ടിനുമായി ബന്ധപ്പെട്ട് കേരളം കണ്ട ഏറ്റവും വലിയ വിവാദങ്ങള്‍ ദേശാഭിമാനി ഇയാളില്‍ നിന്നും രണ്ടു കോടി രൂപയുടെ ബോണ്ട്‌ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരില്‍ നമ്പര്‍ ടു ആയ ഇ പി ജയരാജന്‍ ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ സ്ഥാനം വഹിക്കുമ്പോള്‍ ഈ വിഷയത്തില്‍ ഒരുപാട് വിമര്‍ശിക്കപ്പെടുകയും ഉണ്ടായി. കടുത്ത ജാഗ്രതക്കുറവു സി പി എം തന്നെ അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ ആകട്ടെ ഒരുപടി കൂടി കടന്ന് `നിരപരാധിയായ’ മാര്‍ട്ടിന് എതിരെ `നുണ’ എഴുതിയ മനോരമയ്ക്ക് മാപ്പ് പറയേണ്ടി വന്നതില്‍ ഉള്ള വലിയ സന്തോഷത്തിലുമാണ്. കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരെ മുഴുവന്‍ പോരാളികള്‍ ചീത്ത പറയുന്നുമുണ്ട്.

മാര്‍ട്ടിനെ കുറിച്ച് ചില അടിസ്ഥാന വിവരങ്ങള്‍ പങ്കുവയ്ക്കാം. ഇന്ന് ശതകോടീശ്വരനായ മാര്‍ട്ടിന്‍ ജനിക്കുന്നത് മ്യാന്മാറിലെ യങ്കോണിലായിരുന്നു. അവിടെ ഒരു സാധാ തൊഴിലാളി കുടുംബത്തില്‍. ചെറുപ്പം കഷ്ടതകളുടേത് ആയിരുന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടിലാണ് അദ്ദേഹം തമിഴ്നാട്ടില്‍ എത്തി ബിസിനസ് ആരംഭിക്കുന്നത്. മെല്ലെ കര്‍ണാടകത്തിലേക്കും കേരളത്തിലേക്കും വ്യാപിപ്പിച്ചു. രണ്ടായിരത്തി മൂന്നില്‍ തമിഴ്നാട്ടില്‍ ലോട്ടറി നിരോധിച്ചതോടെ അദ്ദേഹം തന്റെ ലോട്ടറി കച്ചവടം ഭൂട്ടാന്‍, നേപ്പാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലേക്ക് പറിച്ചു നട്ടു.

ഏക ഔദ്യോഗിക വിതരണക്കാരന്‍ എന്ന പേരില്‍ ഇവിടെ നിന്നുള്ള ലോട്ടറികള്‍ കേരളത്തിലും തമിഴ്നാട്ടിലും തന്നെ വില്‍ക്കാന്‍ ശ്രമിച്ചു. കേരള സംസ്ഥാന ലോട്ടറിയുടെ തന്നെ നട്ടെല്ല് ഒടിക്കുന്നതായിരുന്നു മാര്‍ട്ടിന്റെ പരസ്യ കോലാഹലം. അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ മാര്‍ട്ടിന്‍ വ്യാപകമായി വിറ്റ് ലാഭമുണ്ടാക്കിയപ്പോള്‍ സംസ്ഥാനത്തിന് വന്ന നികുതി നഷ്ടങ്ങള്‍ വലുതായിരുന്നു. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മാര്‍ട്ടിന്‍ സാമ്പത്തികമായി വലിയ പിന്തുണയും ബലവുമായിരുന്നു.

എസ് എസ് സംഗീത ചാനല്‍ ഉടമയായും കരുണാനിധിയുടെ തിരക്കഥയിലുള്ള എഴുപത്തഞ്ചാം സിനിമയായ ഇലൈജ്ഞന്‍റെ നിര്‍മാതാവായും ഒക്കെ മാര്‍ട്ടിന്‍ അധികാരത്തില്‍ പിടിമുറുക്കി.

രണ്ടായിരത്തി എഴില്‍ കര്‍ണാടകയാണ് മാര്‍ട്ടിന്റെ തട്ടിപ്പുകളില്‍ ആദ്യത്തേത് പുറത്തു കൊണ്ട് വരുന്നത്. ചില പോലീസ് ഓഫീസര്‍മാരുടെ സഹായത്തോടെ നിയമ വിരുദ്ധ ലോട്ടറി നടത്തി എന്നതായിരുന്നു ആരോപണം. രണ്ടായിരത്തി പതിനൊന്നില്‍ സിക്കിം സര്‍ക്കാരിനെ പറ്റിച്ചതിനു സി ബി ഐ മാര്‍ട്ടിന് എതിരെ എടുത്ത് മുപ്പത് കേസുകളാണ്.

നാലായിരത്തി അഞ്ഞൂറ് കോടി രൂപയുടെ സിക്കിം ലോട്ടറികള്‍ കേരളത്തില്‍ വിറ്റുവെങ്കിലും അതില്‍ ഒരു രൂപ ആ സര്‍ക്കാരിനു കൊടുത്തില്ല എന്നതായിരുന്നു പ്രധാന കേസ്. തുടര്‍ന്നാണ് കേരളം സിക്കിം ലോട്ടറി നിരോധിച്ചത്. ആ കേസുകള്‍ ഇന്നും നിലവിലുണ്ട്. അവയില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലുമാണ്.

കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി മുതല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്ത ആളായിരുന്ന പരേതനായ അഭിഭാഷകന്‍ എം കെ ദാമോദരന്‍ വരെ മാര്‍ട്ടിന് വേണ്ടി കേസുകള്‍ നടത്താന്‍ മുന്നില്‍ ഉണ്ടായിരുന്നു. മാര്‍ട്ടിന്റെ ഭാര്യ ലിമ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ പങ്കെടുത്തു. മകന്‍ ചാള്‍സ് ജോസ് മാര്‍ട്ടിന്‍ ഒരു ദശകം മുന്‍പ് ബി ജെ പിയില്‍ ചേരുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ എത്തിയത് പാര്‍ട്ടി നേതാവ് രാം മാധവ് ആയിരുന്നു.

മനോരമയുടെ മാപ്പ് പറച്ചില്‍ ഒരു സൂചകമായി എടുത്താല്‍ മാര്‍ട്ടിന്‍ തിരിച്ചു വരവിന്‍റെ രണ്ടാം ഊഴത്തിലാണ്. ദരിദ്ര ജനസമാന്യത്തിന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്ന ലോട്ടറി മാഫിയകള്‍ വീണ്ടും രംഗം കയ്യടക്കുമോ എന്ന് കാത്തിരുന്നു കാണാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍