UPDATES

ബ്ലോഗ്

ബ്രാ ഇടാത്ത സ്ത്രീകളോട് അസഹിഷ്ണുത കാണിക്കുന്ന പുരുഷന്മാരോട് പറയാനുള്ളത്

ബ്രാ ഇടേണ്ടവർ ഇടട്ടെ. അല്ലാത്തവർ ഇടാതിരിക്കട്ടെ. ഇട്ടിട്ട് വെറുതെയിരിക്കുമ്പോൾ നന്നായി ശ്വാസം വലിക്കാൻ തോന്നുന്നവർ ഉണ്ടെങ്കിൽ അതഴിച്ചുവെച്ചിരിക്കട്ടെന്നേ. ഇതിലൊക്കെ രണ്ടാമതൊരാൾ എന്തിന് പോയി അന്വേഷിക്കണം?

അനിയന്റെ കല്യാണത്തിന് വീട്ടിക്കേറി, സോറി വീട്ടിക്കേറാൻ ചെന്നപ്പോ, മുറ്റത്തു വെച്ചുതന്നെ എന്നെ തടഞ്ഞത് ഒരു ചേട്ടന്റെ ചോദ്യമാണ്. “നീ കനകദുർഗയുടെയും ബിന്ദുവിന്റേയും കൂടെ പരിപാടിക്ക് പോയിരുന്നോ???”

ഒരുനിമിഷം ഞാൻ ധ്യനനിമഗ്നയായി. ഞാൻ അവരോടൊപ്പം പോയിട്ടില്ലല്ലോ. ആർപ്പോ ആർത്തവം പരിപാടിയിൽ അവർ വരുന്നത് തന്നെ ഞാൻ അറിഞ്ഞിരുന്നില്ല. ഒരു ഗുമ്മിന് “ആ പോയി” എന്നുപറയാനുള്ള എന്റെ ധൈര്യം ഇവിടത്തെ ഹിന്ദുത്വഇരകൾ ഇല്ലാതാക്കിയതിനാൽ അങ്ങനെ പറഞ്ഞില്ല. പകരം “ഇല്ലാ ചേട്ടാ, അവർ വന്ന സ്ഥലത്ത് ഞാൻ ഉണ്ടായിരുന്നു. അത്രേ ഉള്ളൂ” എന്ന് പറഞ്ഞു. ആശ്വാസമായെന്നു തോന്നുന്നു !!!
ഒരുവിധം വീട്ടിക്കേറി.

കണ്ണിൽകണ്ടവരോടൊക്കെ സ്ത്രീശാക്തീകരണം പ്രസംഗിച്ചു റൂമിലോട്ട് എത്തിയതും മേല്പറഞ്ഞ ചേട്ടന്റെ ഭാര്യ ഓടിവന്ന് എന്റെ ചുരിദാറിന്റെ കഴുത്തുഭാഗം പുറത്തോട്ടു മലർത്തി “ഹോ ബ്രായോക്കെ ഇടാറുണ്ടല്ലേ, ഭാഗ്യം. ഞാൻ വിചാരിച്ച് നീ ഫെമിനിസ്റ്റാണെന്ന്” എന്ന് പറഞ്ഞ് അതിദയനീയത അർഹിക്കുന്ന രീതിയിൽ ആശ്വസിക്കുന്നത് കണ്ടു. “ഇവർ രണ്ടുപേരും സമാനചിന്തകളുടെ അടിസ്ഥാനത്തിൽ കിടിലോസ്‌കിഇണകൾ ആയ സ്ഥിതിക്ക് കുടുംബകലഹമില്ലാത്ത കിനാശ്ശേരി ആണല്ലോ ഇവരുടെ കുട്ടികൾക്ക്” എന്ന് മാത്രം ഞാൻ ഉപരിപ്ലവമായി ആശ്വസിക്കാൻ ശ്രമിച്ചു.

ഒരാളുടെ ശരീരം ഏത് പരിധിവരെ സമീപിക്കാം എന്ന് സ്ത്രീകൾ മനസിലാക്കേണ്ടതുണ്ട് എന്ന് എനിക്ക് അഭിപ്രായമുണ്ട്. ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ തിരക്കില്ലെങ്കിൽപ്പോലും സ്ത്രീകൾ വന്നു വല്ലാതെ ചേർന്ന് നിൽക്കുമ്പോൾ എനിക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ട്. സ്ത്രീ തൊടുമ്പോൾ സ്ത്രീക്ക് അസ്വസ്ഥത ഉണ്ടാകേണ്ട കാര്യമുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. ഓഹ് അങ്ങനെയാണെങ്കി നീ ലെസ്ബിയൻ ആണോ bisexual ആണോ എന്നൊക്കെ മാരകമണ്ടത്തരങ്ങൾ ഉയരാറുമുണ്ട്.

ഒരാളുടെ sexual orientation (ലൈംഗികചായ്‌വ്) അയാളെ സ്പർശിക്കുന്നതിൽ മറ്റൊരാൾക്ക്‌ ലൈസൻസ് നൽകുന്നു എന്ന് കരുതുന്നത് എന്ത്തരം ലോജിക് ആണാവോ. താല്പര്യമുള്ള ലിംഗത്തിൽപെട്ടവർ ആണെങ്കിൽ മുഴുവൻ സമയതലോടലും സുഖം തരുമെന്നാണോ !!! ഭാര്യയും ഭർത്താവും തമ്മിലും , പ്രേമത്തിലുള്ളവർ തമ്മിലും ഏതൊരു രണ്ട് വ്യക്തികൾക്കിടയിലുംപോലും പേർസണൽ സ്പേസ് എന്നത് ബഹുമാനിക്കപ്പെടണം എന്നത് നമ്മൾ അറിയേണ്ടതില്ലേ?

മാനസികമായ സ്പേസ് മാത്രമല്ല ചിലർക്ക് ആവശ്യം. ശാരീരികമായ സ്പേസും ആവശ്യമായിവരും. ആ സ്പേസിനെ ബഹുമാനിക്കാൻ എല്ലാവരും പഠിക്കണം.

കുട്ടികളുടെ സ്പേസ് ഏറ്റവും important ആണ്. കുഞ്ഞുങ്ങളെ കാണുമ്പോളെക്കും കവിളുകൾ വലിച്ച്പറിക്കുന്നത് ചിലരുടെ വിനോദമാണ്. പ്രത്യേകിച്ചും കവിളുകൾ തടിച്ച കുട്ടികളുടെ ! തടിച്ച കുഞ്ഞുകുട്ടികളുടെ വയറും നെഞ്ചും എല്ലാം ചിലർ പറിച്ചെടുക്കുന്നത് കാണാം. expressions സാധ്യമായ കുഞ്ഞുങ്ങൾ ആണെങ്കിൽ അവരുടെ അനുവാദം ചോദിച്ചറിഞ്ഞ ശേഷം മാത്രം ഉമ്മ നൽകാൻ, തൊടാൻ ഉള്ള പക്വത സ്ത്രീകൾ അടക്കമുള്ളവർ കാണിക്കേണ്ടതാണ്. Expressions സാധ്യമല്ലാത്ത കുട്ടികളെ ദയവുചെയ്ത് അമിതമായി തൊടാതിരിക്കുക. “അധികം തൊടരുതേ” എന്ന് നിങ്ങളോട് പറയാൻ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ബുദ്ധിമുട്ടുണ്ടാകും. അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും കുഞ്ഞിന്റെ ദേഹത്തെ അമിതമായി തൊടാതിരിക്കുക.

കുട്ടികളുടെ നെഞ്ചും കവിളും വയറും മറ്റേതുഭാഗവും ചുമ്മാ മറ്റുള്ളവർക്ക് പറിച്ചെടുക്കാനുള്ളതല്ല, അത് തന്റെ പരമാധികാരപരിധിയിൽ വരുന്നതാണെന്ന് കുഞ്ഞുങ്ങളെ അറിയിക്കണം. ദയവുചെയ്ത് ശ്രദ്ധിക്കുക. കുഞ്ഞുകുട്യോളെ ചിലർ എടുത്ത് പീച്ചുക്കൂട്ടുന്നത് കാണാറുണ്ട്. ദയവുചെയ്ത് ഇമ്മാതിരി ക്രീഡകൾ അവസാനിപ്പിക്കാൻ ശ്രമിക്കൂ. മേൽപ്പറഞ്ഞ പീച്ചിക്കൂട്ടലിനു വിപണിയിൽ ഇഷ്ടംപോലെ റെഡിബെയറുകളെ കിട്ടും. കുട്ടികളുടെ ശരീരത്തെ ഒഴിവാക്കണം.

തിരക്കുള്ള സ്ഥലങ്ങളിൽ പോലും സ്പേസ് മാനിക്കാൻ സാധിക്കും. ട്രെയിനിലും ബസ്സിലും സ്ത്രീകളുടെ ശരീരം തൊടാതെ നിൽക്കുന്ന പരുഷന്മാരെകണ്ട് സ്ത്രീകളും പഠിക്കണം. പല സ്ത്രീകളും പകുതിഭാരം കൊണ്ടുവെക്കുന്നത് മറ്റ് സ്ത്രീകളുടെ മേലെയാണ്. ദേഹത്ത് ചാരിനിൽക്കുന്ന പുരുഷന്മാരെ മാറ്റിനിർത്തുന്ന പോലെ ദേഹത്ത് പകുതിഭാരം കൊണ്ട് തള്ളുന്ന സ്ത്രീകളോട് എതിർപ്പുണ്ടെങ്കിൽ മൗനം ഭഞ്ജിക്കുക. ഇങ്ങനെയൊക്കെയാണ് പേർസണൽ സ്പേസ് എന്താണെന്ന് നമ്മൾ ആളുകളെ അറിയിക്കേണ്ടത്. (സ്ത്രീകളെ അപമാനിക്കുന്ന എഴുത്തായി ഇതിനെ കാണരുത് pls)

ഇനി ആരേലും ബ്രാ ഇട്ടിട്ടുണ്ടോ എന്നറിയാൻ താൽപര്യപ്പെടുന്ന സ്ത്രീകളോട് രണ്ടിൽക്കൂടുതൽ വാക്കുകൾ പറയട്ടെ.
ഞാൻ ബ്രാ ഇട്ടോ ഇട്ടിട്ടില്ലയോ എന്നത് നിങ്ങടെ കാര്യമല്ല. നാല് മല ചേർന്നാൽ നാല് മുലകൾ ചെരൂല്ല എന്ന മാരകവാക്യം അന്വർത്ഥമാക്കുന്ന അപൂർവം ചില അവസരങ്ങൾ നമ്മളായിട്ട് ഒണ്ടാക്കാതെ നോക്കുക.
ചുരിദാർ തുറന്ന് നോക്കാതെ തന്നെ കണ്ണിന്റെ കാഴ്ച മൊത്തമായും ചില്ലറയായും ഉപയോഗിച്ച് “ഓഹ് ഇന്ന് ബ്രാ ഇട്ടിട്ടില്ല അല്ലേ” എന്ന് ചോദിക്കുന്ന മഹതികളും മഹാന്മാരും ഉണ്ട്ട്ടാ. അവരോട് പറയാൻ ഉള്ളത്. ഇത്ര വ്യക്തമായി മുലയളക്കാൻ കഴിയുന്നവർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു സ്ത്രീക്കുപോലും അവർക്ക് യോജിച്ച അളവിലുള്ള ബ്രാ അങ്ങാടിയിൽ കിട്ടാതിരിക്കുന്നത്?????? ബ്രാ ഇട്ടതുകൊണ്ട് മുലകളുടെ ഷേപ്പ് നിലനിർത്തപ്പെടും എന്നൊക്കെ വിചാരിക്കുന്നവർ ഉണ്ടോ??? (കമന്റ്‌ ബോക്സ്‌ link നോക്കുക)

ബ്രാ ഇടാത്തവരോട് അസഹിഷ്ണുത കാണിക്കുന്ന പുരുഷന്മാരോട് പറയാൻ ഉള്ളത് ഇത്രയുമാണ്. Bra measurement എന്ന് ഗൂഗിൾ ചെയ്താൽ സ്വന്തം ബ്രാ അളവ് കണ്ടെത്താൻ കഴിയും. മുലയുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ ഒരു അവധിദിവസം അതും ഫിറ്റാക്കിധരിച്ചു വീട്ടിൽ ഇരിക്കണം. എന്തൊക്കെ സംഭവിച്ചാലും അതഴിച്ചുപോകരുത്. “എന്റെ കണ്ട്രോൾ പരദേവതകളുടെ മുലകളേ” എന്നുംമന്ത്രിച്ചിരുന്നോളണം. കേട്ടല്ലോ. എന്നിട്ട് പറ, ഈ പരിപാടി അത്ര രസമുള്ളതാണോ അല്ലയോ എന്ന്.

ബ്രാ ഇടേണ്ടവർ ഇടട്ടെ. അല്ലാത്തവർ ഇടാതിരിക്കട്ടെ. ഇട്ടിട്ട് വെറുതെയിരിക്കുമ്പോൾ നന്നായി ശ്വാസം വലിക്കാൻ തോന്നുന്നവർ ഉണ്ടെങ്കിൽ അതഴിച്ചുവെച്ചിരിക്കട്ടെന്നേ. ഇതിലൊക്കെ രണ്ടാമതൊരാൾ എന്തിന് പോയി അന്വേഷിക്കണം? ആരാന്റെ നെഞ്ചത്തേക്ക് ഒരു പരിധി കഴിഞ്ഞുള്ള എത്തിനോട്ടവും ഒളിച്ചുനോട്ടവും എല്ലാം വൃത്തികേടാണ്. മാന്യത എന്നത് ആരാന്റെ നെഞ്ചത്തോ മൂട്ടിലോ ഇടുപ്പിലോ അല്ല ഇരിക്കുന്നത്. അത്തരം മാന്യത അടുപ്പിൽക്കൊണ്ട്കളയാനുള്ള കാലമാണിത് ! ഒരാൾക്ക് അയാൾ വിചാരിക്കുന്ന രീതിയിൽ ഇരിക്കാൻ നടക്കാൻ ശ്വസിക്കാൻ അങ്ങനെ ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള
എല്ലാമെല്ലാം ചെയ്യാനുള്ള അവസരം സമൂഹത്തിൽ ഉള്ളതിനാണ് മാന്യത എന്ന് പറയുന്നത്. ആ രീതിയിൽ സ്വയം പരിശീലനം ചെയ്യാൻ നോക്ക് സഹോ !!!!

പിന്നെ,,, ഈ ബ്രാ ഇടാത്തതല്ല ഫെമിനിസം. ബ്രാ ഇടുന്നതുമല്ല ഫെമിനിസം. ബ്രാ ഇടണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സ്ത്രീയാണ്, മറ്റാരുമല്ല എന്നത് ഉൾപ്പെടുന്നതാണ് ഫെമിനിസം. ലിംഗവിവേചനം ഇല്ലാതെ സ്ത്രീകളുടെ അവകാശങ്ങൾ ഉണ്ടാവണം എന്ന നയമാണ് ഫെമിനിസം. പെണ്ണുങ്ങൾ മാത്രമല്ല ഫെമിനിസ്റ്റ് ആവുക. ഏത് ലിംഗത്തിൽപ്പെട്ട “മനുഷ്യർക്കും” ഫെമിനിസ്റ്റ് ആവാം. പുരുഷൻ ഫെമിനിസ്റ്റ് ആണെങ്കിൽ കുറച്ചുകൂടെ കടുക്കും. പാവാടഅലക്കി മുതൽ കോഴി എന്നുവരെ കേൾക്കേണ്ടതായി വരാം. ലിപ്സ്റ്റിക് ഇട്ട് വാനിറ്റി ബാഗ് തൂക്കി ഇംഗ്ലീഷ് പറയുന്ന “പൊങ്ങച്ചക്കാരികൾ” ആണ് ഫെമിനിസ്റ്റുകൾ എന്നത് മരപ്പാഴുകളായ സിനിമാക്കാർ ഉണ്ടാക്കിയ ചിന്തകൾ ആണെന്ന് മനസിലാക്കുക. ലിപ്സ്റ്റിക് ഇടുന്നതും/ വാനിറ്റി ബാഗ് തൂക്കുന്നതും/ഇംഗ്ലീഷ് പറയുന്നതും ഫെമിനിസവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഏതൊരു നല്ല മനുഷ്യനും ഫെമിനിസ്റ്റാവാം. എല്ലാവരും ഫെമിനിസ്റ്റ് ആവുന്ന ദിവസം മാത്രം ഫെമിനിസം എന്ന വാക്ക് നമുക്ക് ചരിത്രത്തിലിട്ട് കുഴിച്ചുമൂടാം.

“ഫെമിനിസ്റ്റോ ഞാനോ, അയ്യേ അല്ല. ഞാൻ ഹ്യൂമണിസ്റ്റാ” എന്ന് തള്ളുന്ന ചില “പ്രത്യേകതരം ആളുകളുണ്ട്. കണ്ടില്ലെന്നു നടിക്കുക. യാതൊരു സംവാദത്തിനും സ്കോപ്പില്ലാത്തവർ ആണ് അവർ എന്നും അറിയുക. മനുഷ്യാവകാശത്തിന്റെ ഏറ്റവും നിർണായകഭാഗമാണ് സ്ത്രീകളുടെ അവകാശങ്ങൾ എന്നറിയുന്നവർക്ക്‌ ഫെമിനിസ്റ്റുകൾ ആകാതിരിക്കാൻ കഴിയില്ല എന്ന് മനസിലാക്കുക.

NB: ഈ പോസ്റ്റിനു നല്ലൊരു ഫോട്ടോക്ക്‌ വേണ്ടി hooks of feminism എന്ന് ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്കിയപ്പോൾ ആണ് Bell Hooks എന്ന തൂലികനാമത്തിൽ എഴുതുന്ന ഗ്ലോറിയ ജീൻസ് വാട്കിൻസ് എന്ന എഴുത്തുകാരിയെപ്പറ്റി അറിയുന്നത്. കിടിലോസ്‌കി ആണെന്ന് തോന്നുന്നു. വിടരുത് 

ഡോ. വീണ ജെ.എസ്

ഡോ. വീണ ജെ.എസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍