UPDATES

ബ്ലോഗ്

ഈ ലോകം ഏക പത്നി/പതി വ്രതക്കാർക്ക് മാത്രമുള്ളതല്ല; ഒ അബ്ദുള്ള വഴി കാട്ടട്ടെ ബിനോയിക്ക്…

ബഹുഭാര്യാത്വം പോലെ ബഹു ഭർത്തൃത്വവും മതം മാറി വരുന്നവർക്ക് ഉറപ്പ് നല്കാൻ അബ്ദുള്ള തയ്യാറായാൽ അതായിരിക്കും വലിയ സാമൂഹിക വിപ്ലവം

കെ.എ ഷാജി

കെ.എ ഷാജി

മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം എന്ന പ്രയോഗം രാഷ്ട്രീയമായി ശരിയല്ല. മലർപ്പൊടി വില്ക്കുന്നവനെന്താ ദിവാസ്വപ്നം കണ്ടാൽ എന്നും തൊഴിൽപരമായ അവഹേളനത്തിൽ അന്തർലീനമായ ഉപരിവർഗ്ഗ ചിന്തയാണതെന്നും പറഞ്ഞാൽ അത് തന്നെയാണ് ശരി.

അതുകൊണ്ടു തന്നെ ഒ അബ്ദുള്ളയെ മലർപ്പൊടിക്കാരൻ എന്ന് വിളിക്കുന്നില്ല. മറിച്ച് നവോത്ഥാനം ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ പാപികളും ദൈവത്തിന് നിരക്കാത്തവരുമായി മാറിക്കൊണ്ടിരിക്കുന്ന പരസഹസ്രങ്ങൾക്ക് സത്യമാർഗ്ഗം കാണിച്ച് കൊടുക്കുന്ന ഒരു മഹാപരിത്യാഗി എന്ന് വിളിക്കാനാണിഷ്ടം. രക്ഷയുടെ മാർഗ്ഗത്തിൽ ആളെ ചേർക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളിലൊന്ന്. കെ പി യോഹന്നാനും തങ്കു ബ്രദറും പതിനയ്യായിരം പിശാചുക്കളെ മൂട്ടയെപ്പോലെ പിടിച്ച് ഞെരിച്ച് കൊല്ലുന്ന മുല്ലക്കരക്കാരൻ ദേവസ്യാ സാറും നടത്തുന്ന ബിസിനസ്സിന്റെ ഒരു ബദലാണ് അബ്ദുള്ളയുടേത്. വള്ളിക്കാവിലെ അമ്മയും ശ്യാസം അയച്ചുവിടൽ വിദഗ്ദരും ഭഗവദ് ഗീതയും കേരളത്തിലെ ഇടതുമുന്നണിയും എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന സ്വാമിയും മുണ്ഠിത ശിരസ്കരായ ഒരുപാട് സംഘപരിവാർ കാവി മൺപുറ്റുകളും ആയി പിന്നെയും റിക്രൂട്ടർമാരുണ്ട്. ഇസ്ലാമിന്റെ വഴിയിലും കാന്തപുരത്തെ മുടിയും വെള്ളവും വച്ച് ജാലവിദ്യ കാട്ടുന്ന ആളെപ്പോലെ വേറെയും ചിലരുണ്ട്.

ഇവിടെ പൊതു മുദ്രാവാക്യം സിമ്പിളാണ്. പാപിയെ രക്ഷിക്കുക. പാപത്തെ വെറുക്കുക. ഭൂമി കയ്യേറ്റക്കാരുടെ ഭൂമിയിലെ ഇടയനായ കെ പി യോഹന്നാൻ ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ രക്ഷിതാവിനെ കാൺക പാപീ…

വളച്ചുകെട്ടാതെ കാര്യം പറയാം. ബിനോയി കോടിയേരി ഇസ്ലാം മതം സ്വീകരിക്കണമെന്ന് പറയുമ്പോൾ അബ്ദുള്ള സ്വപ്നം കാണുന്നത് ഒരു ജാക്പോട്ടാണ്. രണ്ട് ഭാര്യമാരെ ഒരു പോലെ സ്നേഹിച്ച് പീഡന കേസിൽ നിന്ന് വിമുക്തനായി പ്രാർത്ഥനാ നിരതമായ മനസ്സോടെ ബിനോയി കോടിയേരി പൊന്നാനിയിലേക്ക് വണ്ടി കയറുന്നത് നിലവിൽ ഒരു സ്വപ്നം മാത്രമാണെങ്കിലും അത് അബ്ദുള്ളയുടെ മനസ്സിൽ ഒരു ലഡു പൊട്ടിക്കുന്നുണ്ട്.

ആത്മഹത്യയ്ക്കും പോലീസ് കേസിനുമിടയിലെ ആർത്തനാദമാകാതെ പീഡിപ്പിച്ചെന്നാരോപിക്കുന്ന യുവതിയെ രണ്ടാം ഭാര്യയാക്കി തന്റെ വിശ്വാസമാർഗത്തിൽ കടന്നു വരാൻ അബ്ദുള്ള ബിനോയിയെ ഉപദേശിക്കുന്നതിലെ കാരണങ്ങൾ ചില്ലറയല്ല.

അറിഞ്ഞിടത്തോളം ആരോപണമുന്നയിച്ച യുവതി മുസ്ലീമാണ്. ഒരമുസ്ലീമിനൊപ്പം മുസ്ലീം യുവതി പോവുകയെന്നത് അബ്ദുദുള്ളയ്ക്ക് ചിന്തിക്കാനാകില്ല. മറിച്ച് ബിനോയി കോടിയേരി മതം മാറിയാൽ ഒറ്റയടിക്ക് അഞ്ച് പേരെ മതത്തിൽ കിട്ടും. ബിനീഷിന് പുറമേ ആദ്യ ഭാര്യയും രണ്ട് മക്കളും. പരാതിക്കാരിയായ യുവതിയുടെ കുട്ടി കൂടിയായാൽ അഞ്ചായി. കൂടാതെ യുവതി സ്വന്തം മതത്തിൽ ഉറച്ചു നില്ക്കുകയും ചെയ്യും.

ഫ്രഞ്ച് വിപ്ലവ ഇതിഹാസങ്ങളായ വോൾട്ടയറും റൂസോയും മുതൽ ജോസഫ് സ്റ്റാലിൻ വരെയുള്ള നിഷേധികൾ അന്ത്യസമയത്ത് അടുത്തുണ്ടായിരുന്ന നഴ്സിനോട് ബൈബിൾ ചോദിച്ചിരുന്നതായി ചരിത്രകാരന്മാർക്ക് അറിവൊന്നുമില്ല. പക്ഷെ കേരളത്തിലെ കത്തോലിക്കാ പുരോഹിതർ ഇന്നും ഞായറാഴ്ച്ചകളിൽ വിശ്വാസികളോട് അതാവർത്തിക്കുന്നു.

ഇതുപോലെ ദൈവ നിഷേധിയായ കേരളത്തിലെ മുതിർന്ന ഇടതുപക്ഷ നേതാവിന്റെ മകൻ ഇസ്ലാമികനായെങ്കിൽ നിങ്ങൾക്കെന്ത് കൊണ്ട് ആയിക്കൂടാ എന്ന ചോദ്യം ലോകത്തോട് മുഴുവൻ ചോദിക്കാനും ബിനോയി മനസ്സു വച്ചാൽ കഴിയും. കാടാമ്പുഴയിലെ ശത്രു സംഹാരത്തിനോ തിരുപ്പതി ബാലാജിക്കോ കഴിയാത്തത് മകന്റെ ജീവിതത്തിൽ ഇസ്ലാമിന് കഴിഞ്ഞെന്ന് കണ്ടാൽ വാത്സല്യ നിധിയായ അമ്മ പോലും മതം മാറുന്ന അവസ്ഥ അബ്ദുള്ള സ്വപ്നം കാണുന്നുണ്ടാകാം. മൂത്ത സഹോദരന്റെ മതം തന്റേതുമാക്കാൻ ഇളയയാൾ തീരുമാനിച്ചാൽ അതും നേട്ടം.

ഇപ്പോഴല്ലെങ്കിൽ വാർദ്ധക്യത്തിലെങ്കിലും മകന്റെ അച്ഛൻ വിപ്ലവ ക്ലാസ്സിക്കുകൾ വിട്ട് മകനെ രക്ഷിച്ചവരുടെ മത ഗ്രന്ഥങ്ങൾ വായിക്കാനെടുത്താലും അതുണ്ടാക്കുന്ന നേട്ടം വലുതാണ്. നിലവിൽ അബ്ദുദുള്ളയെ ട്രോളുന്ന സൈബർ ഗുണ്ടകളിലെ ഭൗതികവാദി പോരാളി ഷാജിമാർ ബിനോയിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മതം മാറിയാൽ അതും നേട്ടമാണ്. എണ്ണത്തിലാണ് കാര്യം. ഏത് മതമായാലും.

ഇവിടെയിപ്പോൾ അബ്ദുള്ള നേരിടുന്ന പ്രശ്നം സ്ത്രീ സമൂഹത്തിൽ നിന്നാണ്. ഒരേ പോലെ സ്നേഹിക്കാനാവുമെങ്കിൽ മതം മാറി ഒന്നിലധികം കെട്ടാൻ തങ്ങളേയും അനുവദിക്കുമോയെന്ന ചോദ്യം. അതൊരു ഒന്നൊന്നര ചോദ്യമാണ്. പലരും ചോദിച്ച് തുടങ്ങി. ബഹുഭാര്യാത്വം പോലെ ബഹു ഭർത്തൃത്വവും മതം മാറി വരുന്നവർക്ക് ഉറപ്പ് നല്കാൻ അബ്ദുള്ള തയ്യാറായാൽ അതായിരിക്കും വലിയ സാമൂഹിക വിപ്ലവം.

സ്നേഹ സുന്ദര പാതയിലൂടെ വേഗമാകട്ടെ വേഗമാകട്ടെ എന്നാണ് അബ്ദുള്ളയോട് പറയാനുള്ളത്. ഈ ലോകം ഏക പത്നി/പതി വ്രതക്കാർക്ക് മാത്രമുള്ളതല്ല. അബ്ദുദുള്ള വഴി കാട്ടട്ടെ…

Read More: കെ.എസ്.യു ജില്ലാ പ്രസിഡന്റടക്കം ജാതി വിളിച്ച് ആക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നും സെക്രട്ടറി, പരാതി ഉന്നയിച്ചയാള്‍ക്ക് സസ്‌പെന്‍ഷന്‍

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍