UPDATES

ട്രെന്‍ഡിങ്ങ്

ഇത്തവണ ഓണക്കോടി എടുക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് കരിമഠം ബ്രാന്‍ഡ് ആകണം?

കരിമഠത്തെ സ്ത്രീകള്‍ ഏറ്റവുമധികം കഷ്ടപ്പെട്ടിരുന്നത് അവരുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കാനാണ്. അതിനു വേണ്ട വരുമാനം ഈ ഉദ്യമം അവര്‍ക്കു നല്‍കുമെന്ന് തീര്‍ച്ചയാണ്

ജെ. ദേവിക

ജെ. ദേവിക

അങ്ങേയറ്റമെത്തി എന്നു മനസ്സു പറഞ്ഞ ദിവസമാണ് കരിമഠത്തു നിന്ന് ആട്ടക്കുളങ്ങരയിലെ പൊതുപ്രവര്‍ത്തകന്‍ ഷാജി വിളിച്ചത്. എത്ര സങ്കടകരമായ അവസ്ഥയിലും വെളിച്ചത്തിന്‍റെ ചെറിയൊരു മേഘരേഖ കാണാതിരിക്കില്ല എന്നതിനു തെളിവായിരുന്നു ഷാജിയുടെ വിളി.

ഞങ്ങൾ 2013 മുതൽ 2017 വരെ നിത്യവും പോയിരുന്ന സ്ഥലമാണ് കരിമഠം. അവിടുത്തെ പുതിയ ഭവനനിർമ്മാണത്തെപ്പറ്റിയുള്ള ഗവേഷണത്തിനിടയിൽ കരിമഠത്തെ സ്ത്രീകളുമായി ഒരുപാടു സൌഹൃദമുണ്ടായി. അവരിൽ ഒരാളെ നേരത്തേതന്നെ ശ്രദ്ധിച്ചിരുന്നു. ഒരു നഗരചേരിപ്രദേശത്തു നിന്ന് സിപിഎമ്മിലൂടെ മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് ഉയർന്നുവരാൻ സാധ്യതയുണ്ടായിരുന്ന യുവതി. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, ആ സാധ്യത പൊലിഞ്ഞുപോകുന്നതാണ് ഞങ്ങൾ കണ്ടത്.

സിപിഎമ്മിന്റെ ആൺകോയ്മാ-മേൽജാതി രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ ജനകീയാസൂത്രണത്തിലൂടെ നടപ്പിലാക്കിയ ശാക്തീകരണമൊന്നും തീരെ പോര എന്നു ബോദ്ധ്യപ്പെട്ട സമയമായിരുന്നു അത്.

ആ ഗവേഷണത്തിനിടയിൽ ശ്രദ്ധയിൽ പതിഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം സ്ത്രീകളുടെ തൊഴിലില്ലായ്മയും, കരിമഠം എന്ന സ്ഥലത്തു താമസിക്കുന്നു എന്ന ഒറ്റക്കാരണത്താൽ അവർ അനുഭവിച്ച സാമൂഹ്യഭ്രഷ്ടുമായിരുന്നു.

കരിമഠത്താണ് വീട് എന്നു പറഞ്ഞുപോയാൽ ഗാർഹികത്തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ വേതനം കുറയ്ക്കപ്പെടും. അവിടുത്തെ കുട്ടികളെ ജന്മനാ റൌഡികളായി ചിത്രീകരിക്കാൻ സമീപത്തുള്ള പള്ളിക്കൂടങ്ങൾ പോലും തയ്യാറായിരുന്നു മുൻപ്.

എന്നാൽ അവിടുത്തെ സ്ത്രീകളിൽ ഒരുപാടു പേർ തയ്യൽപ്പണി പഠിച്ചിട്ടുണ്ടെന്നും ഞങ്ങളുടെ സർവേഫലങ്ങളിൽ കണ്ടു. ഇതിനു ഒരു ചരിത്രവുമുണ്ട്. തിരുവനന്തപുരത്തെ കീഴ്ജാതിക്കാരായ തൊഴിലാളികളാണ് 1930കളിലും 40കളിലും ആ സ്ഥലത്ത് കുടികിടപ്പാരംഭിക്കുന്നത്. നഗരശുചീകരണത്തൊഴിലാളികളുടെ സേവനങ്ങളില്ലാതെ നഗരം ഉണ്ടാവില്ലായിരുന്നുവെങ്കിലും അവര്‍ക്ക് കിടന്നുപൊറുക്കാന്‍ ഇടം നല്‍കാത്ത, ജാതിവെറി പിടിച്ച ഈ നഗരത്തില്‍ താമസയോഗ്യമല്ലാത്ത ചതുപ്പുകളിലാണ് അവര്‍ കുടില്‍ കെട്ടിയിരുന്നത്.

അങ്ങനെയുള്ള സ്ഥലങ്ങളിലെ തൊഴിലാളികളെ 1930കളില്‍ സംഘടിപ്പിച്ചിരുന്ന ജൂബാ രാമകൃഷ്ണപിള്ള എന്ന ഗാന്ധിയനാണ് തയ്യല്‍പരിശീലനമെന്ന തൊഴിലാശയം മുന്നോട്ടു വച്ചത്. വസ്ത്രം തുന്നുന്നത് സ്ഥിരമായി ആവശ്യമുള്ള തൊഴിലാണെന്നും, മാത്രമല്ല, അതു അസ്പൃശ്യതയ്‌ക്കെതിരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കരിമഠത്തെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെടണമെങ്കില്‍ അവിടുത്തെ സ്ത്രീകള്‍ക്ക് സ്ഥിരമായ തൊഴിലും വരുമാനവും പുറംലോകത്തേയ്ക്കുള്ള പ്രവേശവും ഉണ്ടാകണമെന്നും, കൂടാതെ, അവിടുത്തെ പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിലേക്കും ഉദ്യോഗങ്ങളിലേക്കും പ്രവേശിക്കുന്ന അവസ്ഥയും സംജാതമാകണമെന്നുമാണ് ഞങ്ങള്‍ അന്ന് വാദിച്ചത്.

സ്വയംതൊഴില്‍ എന്ന ചട്ടക്കൂട് ഇവിടെ അപര്യാപ്തമാണെന്നായിരുന്നു പറഞ്ഞുവന്നത്. സ്ത്രീകളുടെ നിലവിലുള്ള അറിവും കഴിവും പ്രയോജനപ്പെടുത്തുന്ന, എന്നാല്‍ അവര്‍ക്കു കഴിയാത്ത ഉത്തരവാദിത്വം അവരില്‍ അടിച്ചേല്‍പ്പിക്കാത്ത, കൃത്യമായ വിപണിയുള്ള തൊഴില്‍സംരംഭമാണ് അവിടെ ആവശ്യം എന്നായിരിന്നു ഞങ്ങളുടെ നിരീക്ഷണം.

അങ്ങനെയൊന്ന് അവിടെ ആരംഭിച്ചിരിക്കുന്നുവെന്നും, ധാരാളം സ്ത്രീകള്‍ ഇന്ന് അവിടെ ജോലിയെടുക്കുന്നുവെന്നും ഷാജിയുടെ വിളിയിലൂടെ അറിഞ്ഞപ്പോള്‍ പെട്ടെന്നു മനസ്സിലുണ്ടായ വെളിച്ചവും ഉണര്‍വ്വും പറഞ്ഞറിയിക്കാനാവില്ല.

കരിമഠം എന്ന പുതിയ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ ഇറങ്ങുന്നു. വെറും വസ്ത്രങ്ങളല്ല, ഡിസൈനര്‍ വസ്ത്രങ്ങള്‍ – ഒന്നാന്തരം നിലവാരത്തിലുള്ളവ. വസ്ത്രനിര്‍മ്മാണ പരിശീലനം നടന്നു വരവേതന്നെ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും വിപണി കണ്ടെത്താനുള്ള സജീവശ്രമങ്ങളും. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉര്‍വി ഫൗണ്ടേഷനും സൌത്ത് കേരള എക്സ്പാറ്റ് അസോസിയേഷനുമാണ് കരിമഠം ബ്രാന്‍ഡിനെ യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്ത്രീകളെ പിന്തുണയ്ക്കുന്നത്.

കരിമഠത്തെ സ്ത്രീകള്‍ ഏറ്റവുമധികം കഷ്ടപ്പെട്ടിരുന്നത് അവരുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കാനാണ്. അതിനു വേണ്ട വരുമാനം ഈ ഉദ്യമം അവര്‍ക്കു നല്‍കുമെന്ന് തീര്‍ച്ചയാണ്. ഇന്നലെ കരിമഠം ബ്രാന്‍ഡ് വസ്ത്രങ്ങള്‍ക്കായി പുതിയ ഷോറൂം അട്ടക്കുളങ്ങരയില്‍ തുറന്നു.

ഇതു വായിക്കുന്നവരോട് ഞാന്‍ പറയുന്നു, കരിമഠം എന്നു തന്നെ ഈ വസ്ത്രശ്രേണിയ്ക്കു പേരു നല്‍കിയവരെ എത്ര ആദരിച്ചാലും മതിയാവില്ല. ഇന്ന് കരിമഠത്തുള്ളവര്‍ പലവിധ തൊഴിലുകള്‍ ചെയ്തു ജീവിക്കുന്നവരാണ്. എന്നാല്‍ മുന്‍പൊരു കാലത്ത് അവിടുത്തുകാര്‍ നഗരത്തിന്റെ നിലനില്പിനെത്തന്നെ ശുചീകരണത്തിലൂടെ താങ്ങിനിര്‍ത്തിയവരായിരുന്നു.

ചാരായകേന്ദ്രമെന്ന പേര് ആ സ്ഥലത്തിനു വന്നതിന്റെ ഉത്തരവാദിത്വം അവര്‍ക്കല്ല, നഗരത്തിലെ മാന്യന്മാര്‍ക്കാണ്. ശുചീകരണജോലികളുടെ കാഠിന്യം മൂലം (അന്നൊക്കെ വീടുകളില്‍ നിന്ന് മനുഷ്യവിസര്‍ജ്യം അടക്കം മാറ്റേണ്ടിവന്നിരുന്നു) മദ്യം ഒരു തൊഴിലാവശ്യം തന്നെയായിരുന്നു (ഇന്നും ശുചീകരണത്തൊഴില്‍ ചെയ്യുന്നവരുടെ സ്ഥിതി മറിച്ചല്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു).

എന്നാല്‍ തൊഴിലാളികള്‍ സ്വന്തമാവശ്യത്തിനുണ്ടാക്കിയിരുന്ന മദ്യം അന്വേഷിച്ച് അവിടെ ചെന്ന നഗരത്തിലെ മാന്യന്മാരാണ് മദ്യനിര്‍മ്മാണത്തെ മദ്യവ്യവസായമാക്കിയത്.

തീര്‍ച്ചയായും കരിമഠം എന്ന വസ്ത്രശ്രേണിയ്ക്ക് ആരുടെയും ദയാകടാക്ഷം ആവശ്യമില്ല, അത്രയും നല്ല നിലവാരമാണ് അതു പുലര്‍ത്തുന്നത്. പക്ഷേ നഗരമാന്യന്മാരുടെ പിന്‍തലമുറക്കാര്‍ക്ക് അതിനെ പിന്‍തുണയ്ക്കാന്‍ ബാധ്യതയുണ്ട്, തീര്‍ച്ച

അതുകൊണ്ട് ഇത്തവണ ഓണക്കോടി എടുക്കുന്നുണ്ടെങ്കില്‍ അത് കരിമഠം ബ്രാന്‍ഡ് ആക്കൂ…

They sell online too: https://karimadom.com/

Please share this as widely as possible-

ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

ജെ. ദേവിക

ജെ. ദേവിക

എഴുത്തുകാരി, അധ്യാപിക, ആക്റ്റിവിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍