UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയ ശ്രീനിവാസന്‍, അങ്ങയുടേത് കൊടിയ അപരാധം

Avatar

സജിത്ത് വര്‍മ്മ

പ്രിയപ്പെട്ട ശ്രീ ശ്രീനിവാസന്‍,

ഈ എഴുതുന്നത് അങ്ങ് കാണുമെന്നോ, കണ്ടാല്‍ തന്നെ അങ്ങേയ്ക്ക് എന്തെങ്കിലും പുനര്‍വിചാരം ഉണ്ടാകുമെന്നോ കരുതുന്നില്ല. എന്നാലും ഒരു ശ്രമം നടത്തുകയാണ്. എന്തെന്നാല്‍ സന്ദേശം എന്ന അങ്ങയുടെ ചലച്ചിത്രത്തിനു ശേഷം  കുഴപ്പം പിടിച്ച മറ്റൊരു സന്ദേശം കൂടി അങ്ങ് ഇപ്പോള്‍ കേരളത്തിന് നല്‍കിയിരിക്കുകയാണ്. ശരാശരി മലയാളികള്‍ക്കിടയില്‍ ഒരു എന്റര്‍ടെയ്‌നര്‍ എന്നതിലുപരിയായി അങ്ങേയ്ക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യത അങ്ങയുടെ ആശയങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കുറേ പേരെയെങ്കിലും പ്രേരിപ്പിക്കും.

തട്ടിപ്പ് എന്ന് അങ്ങ് വിശേഷിപ്പിച്ച അവയവ ദാനത്തിലൂടെ മാത്രം ജീവിതം തിരികെ കിട്ടിയ ഒരു മഹാഭാഗ്യവാനാണ് ഞാന്‍. സ്വന്തം കരളിന്റെ ഒരു ഭാഗം, അമ്പതു പൈസ പോലും പ്രതിഫലം ഇച്ഛിക്കാതെ, വാങ്ങാതെ, എനിക്കു പകുത്തു തന്നത് കണ്ണൂരുകാരനായ ആല്‍ഫ്രഡ് എന്ന കാരുണ്യവാനാണ്. നാലു മാസമാകുന്നതേയുള്ളു ആ മഹാദാനം കഴിഞ്ഞിട്ട്. ഇതിനോടകം തന്നെ എനിക്കുണ്ടായിട്ടുള്ള പുരോഗതി അത്ഭുതകരമാണ്. അടുത്ത നൂറു വര്‍ഷത്തേക്ക് ഇതിങ്ങനെ തുടരും എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. അതിലേക്ക് പിന്നീട് മടങ്ങി വരാം.

ഇവിടെയാണ് അവയവ  ദാനത്തെയും അവയവ കച്ചവടത്തെയും അങ്ങ് വേര്‍തിരിച്ചു കാണേണ്ടത്. അവയവ കച്ചവടം ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. കരള്‍ മാറ്റി വെയ്ക്കുവാന്‍ തീരുമാനിച്ച നാളുകളില്‍ പലരും എന്റെ കുടുംബത്തെ ഇങ്ങോട്ട് ബന്ധപ്പെട്ടിരുന്നു. 15 ലക്ഷം വരെയായിരുന്നു ആവശ്യം. ആല്‍ഫ്രഡ് മുന്നോട്ടു വന്നില്ലായിരുന്നുവെങ്കില്‍ എന്തു വിറ്റിട്ടായാലും എന്റെ കുടുംബത്തിന് ഈ ഓഫറുകളിലൊന്ന് സ്വീകരിക്കേണ്ടി വന്നേനെ.

ആവശ്യത്തിന് അവയവങ്ങള്‍ കിട്ടാനില്ലാത്തതാണ് അവയവ  കച്ചവടത്തെ പോഷിപ്പിക്കുന്ന മുഖ്യ ഘടകമെന്ന് തിരിച്ചറിയേണ്ടത് ഏറെ അത്യാവശ്യമാണ്. അതിനാല്‍ തന്നെയാണ് ‘അവയവദാനം’ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും. കൂടുതല്‍ അവയവങ്ങള്‍ സൗജന്യമായി ലഭ്യമാക്കുവാന്‍ ആളുകള്‍ മുന്നോട്ടു വരികയാണെങ്കില്‍ ഈ മേഖലയിലെ കച്ചവടം താനെ കുറഞ്ഞു വന്നോളും. ഇതിനായി നടത്തിപ്പോരുന്ന ശ്രമങ്ങള്‍ക്കാണ് അങ്ങ് തടസ്സം പറയുന്നത് എന്ന് തിരിച്ചറിയണം.

സ്വകാര്യ ആശുപത്രികള്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയകളിലൂടെ വലിയ ലാഭമാണ് ലഭിക്കുന്നത് എന്ന് അങ്ങു പറഞ്ഞു. സംഗതി ശരിയാണ്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത വിധം ഉയര്‍ന്നതാണ് ഇത്തരം ശസ്ത്രക്രിയകളുടെ നിരക്ക്. ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുകള്‍ ഉണ്ടെങ്കിലും പത്തിരുപത് ലക്ഷം രൂപ പെട്ടന്ന് ഉണ്ടാക്കാന്‍ എന്റെ കുടുംബത്തിന് വീടു വില്‍ക്കേണ്ടി വന്നിരുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ടത് സര്‍ക്കാര്‍ തലത്തിലാണ്. മെഡിക്കല്‍ കോളേജിലൊക്കെ ഇതിനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനവും അനുകൂലമായ മറ്റ് നിരവധി ഘടകങ്ങളും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ കുറഞ്ഞ നിരക്കില്‍ ഇത്തരം സര്‍ജറികള്‍ ചെയ്യാവുന്നതെയുള്ളു. എന്നാല്‍ അത് സംഭവിക്കാത്തിടത്തോളം കാലം വേണ്ടപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്കൊക്കെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചെ മതിയാകൂ.

ഇനി വിഷയത്തിന്റെ അടുത്ത തലത്തിലേക്ക് വരാം. അങ്ങയുടെ വാദങ്ങള്‍ ഈ തലത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. അതായത് എത്ര അടുപ്പമുള്ളവര്‍ നല്‍കുന്ന അവയവമായാലും അത് റിജക്റ്റ് ചെയ്യപ്പെടുമെന്നും അത്തരം റിജക്ഷനെ തടയാന്‍ കഴിക്കുന്ന മരുന്നുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കും എന്നും അങ്ങ് പറഞ്ഞു. സര്‍, ഇതൊരു പുതിയ അറിവൊന്നുമല്ല. പരിചിതമല്ലാത്ത പുതിയ ഏതൊരു വസ്തുവിനെയും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ആക്രമിച്ച് നശിപ്പിക്കും. അത് പുതിയ അവയവത്തെയായാലും. അതിനാലാണ് ഇമ്മ്യൂണോ സപ്രസന്റ്‌സ് കഴിച്ച് രോഗ പ്രതിരോധ ശേഷിയെ കുറയ്‌ക്കേണ്ടി വരുന്നത്. ആദ്യ നാളുകളില്‍ ഉയര്‍ന്ന അളവിലാണ് ഇത് കഴിക്കേണ്ടി വരുന്നത്. അതിനാല്‍ തന്നെ ഇന്‍ഫെക്ഷനുകള്‍ വരാന്‍ സാധ്യത കൂടുന്നു. അതീവ ശ്രദ്ധ വേണ്ടി വരുന്നു. ഉയര്‍ന്ന അളവില്‍ ഈ മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കുന്നത് ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമായേക്കാം. ഒക്കെ ശരിയാണ്. അതറിഞ്ഞു കൊണ്ടു തന്നെയാണ് ഞാനടക്കമുള്ള ഗുണഭോക്താക്കള്‍ അതു കഴിക്കുന്നത്. കാരണം ഈ മരുന്നുകള്‍ കഴിച്ചില്ലായിരുന്നുവെങ്കില്‍, അവയവം മാറ്റി വെച്ചില്ലായിരുന്നു വെങ്കില്‍, ഞങ്ങള്‍ നിശ്ചയമായും മരിച്ചു പോയേനെ. ശരീരം പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്ന മുറയ്ക്ക് ഇതിന്റെ ഡോസ് ഡോക്ടര്‍മാര്‍ കുറച്ചു കൊണ്ടു വരാറുണ്ട്. പലര്‍ക്കും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഈ ഗുളികകള്‍ നിര്‍ത്തുവാന്‍ തന്നെയും സാധിക്കാറുമുണ്ട്.

ഇനി, ഇത്തരം മരുന്നുകള്‍ കഴിച്ച് മുപ്പത് വര്‍ഷത്തിലേറെയായി ആരോഗ്യത്തോടെ ജിവിച്ചിരിക്കുന്ന അനവധി പേര്‍ ലോകത്തിന്റെ പല ഭാഗത്തും ഉണ്ടെന്ന് അറിയുക. ഈ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനു ശേഷം ലോകസഞ്ചാരം നടത്തിയവര്‍ മുതല്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത ആളുകള്‍ വരെയുണ്ടെന്ന് അറിയുക. മരണത്തിന്റെ കയങ്ങളില്‍ നിന്നും കയറി വന്ന് സാധാരണ മനുഷ്യരെ പോലെ ജീവിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യര്‍ ഉണ്ടെന്ന് അറിയുക.

വിഷം കലരാത്ത ഭക്ഷണത്തിലൂടെയും നല്ല ജീവിതചര്യകളിലൂടെയും അവയവം മാറ്റി വെയ്‌ക്കേണ്ടി വരുന്ന സാഹചര്യം തന്നെ ഇല്ലായ്മ ചെയ്യുക എന്ന അങ്ങയുടെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ മാനിക്കുന്നു. വിഷം കലരാത്ത ഭക്ഷണം നല്‍കാന്‍ അങ്ങ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം തന്നെയാണ്. തൃപ്പൂണിത്തുറക്കാരനായ ഞാന്‍ കണ്ടനാടുള്ള അങ്ങയുടെ കടയില്‍ വന്ന് അരിയും പച്ചക്കറിയും വാങ്ങിയിട്ടുള്ളയാളാണ്. എന്നാല്‍ ശരീരത്തിലെ ഒരു അവയവം കേടാകുന്നത് മോശം ഭക്ഷണം കഴിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ടല്ല. കരളിന്റെ കാര്യം മാത്രം പറയുകയാണെങ്കില്‍ അമിത മദ്യപാനവും ഹെപ്പറ്റൈറ്റിസ് സിയും മുതല്‍ പാരമ്പര്യ ഘടകങ്ങള്‍ വരെ കാരണമാകുന്നു. എന്നിരുന്നാലും നല്ല ഭക്ഷണം ലഭ്യമാക്കുന്നത് വഴി നല്ലൊരളവില്‍ ജീവിത ശൈലീ രോഗങ്ങളെ അടക്കം മാറ്റി നിര്‍ത്തുവാന്‍ സാധിച്ചേക്കാം. അതൊരു സാധ്യത മാത്രമാണ്. അതിനെ മാത്രം മുന്‍നിര്‍ത്തി  മരുന്നുകളുടെ ഉപയോഗത്തെ എടുത്തു പറഞ്ഞ് വിമര്‍ശിച്ച്, അവയവദാനത്തെ എതിര്‍ക്കുന്നത് അങ്ങയെ പോലൊരാള്‍ക്ക് ഭൂഷണമായ കാര്യമല്ല സര്‍. പുത്തനൊരു ചികിത്സാരീതിയുടെ സാധ്യതകളെ പ്രോത്സാഹിപ്പിക്കാനാണ് അങ്ങ് ശ്രമിക്കുന്നതെങ്കില്‍ അതിന്റെ ശാസ്ത്രീയത പൂര്‍ണ്ണമായും ഫലപ്രാപ്തിയോടെ തെളിയിക്കപ്പെടുന്നതു വരെ, നിലവിലുള്ള ഏക ചികിത്സാ മാര്‍ഗ്ഗത്തെ എതിര്‍ക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല.

ഇത്രയും പറഞ്ഞത് ഞാന്‍ ആചന്ദ്രതാരം ജീവിച്ചിരിക്കും എന്ന തെറ്റിദ്ധാരണ മൂലമൊന്നുമല്ല. സര്‍ജറിക്ക് ശേഷമുള്ള അതിജീവനം പല കാര്യങ്ങളെ ആശ്രയിച്ച് ഇരിക്കുന്നു. മുന്നോട്ടു നീട്ടി കിട്ടിയ നാളുകള്‍ എത്രയെന്ന് അറിയില്ല. ദിവസങ്ങളാകാം, ആഴ്ച്ചകളാകാം, മാസങ്ങളോ വര്‍ഷങ്ങളോ ആകാം. ദീര്‍ഘായുസ്സ് പ്രതീക്ഷിക്കുന്നില്ല. എത്രത്തോളം കിട്ടുന്നോ അത്രയും സന്തോഷം. കാരണം കിട്ടിയിരിക്കുന്നത് ബോണസ്സാണ്. ഒരു കാര്യം ഉറപ്പാണ്. ഈ ശസ്ത്രക്രിയ നടന്നില്ലായിരുന്നുവെങ്കില്‍ ഇതെഴുതാന്‍ ഇന്ന് ഞാന്‍ ജീവിച്ചിരിപ്പുണ്ടാവുമായിരുന്നില്ല.

മരണത്തിന്റെ പിടിയില്‍ നിന്ന് കുതറി മാറി ഓടി തുടങ്ങിയിരിക്കുന്ന എനിക്ക് എന്റെ ആയുസ്സിനെ പറ്റി ഇപ്പോള്‍ ആശങ്കകളില്ല. എന്നാല്‍ അതു പോലെയല്ല സര്‍, അവയവത്തിനായി കാത്ത്, വേദന തിന്ന് ജീവിക്കുന്ന പതിനായിരങ്ങളുടെ അവസ്ഥ. അങ്ങയുടെ വാക്കുകള്‍ അവരില്‍ ഒരാളുടെയെങ്കിലും ഉള്ളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ടെങ്കില്‍, ആല്‍ഫ്രഡിനെ പോലെ അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ടു വരുവാന്‍ തയ്യാറായിരുന്ന സുമനസ്സുകളില്‍ ഒരാളെയെങ്കിലും അതില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടെങ്കില്‍, വിഷമത്തോടെ പറയട്ടെ സര്‍, കൊടിയ അപരാധം തന്നെയാണ് അങ്ങ് ചെയ്തിട്ടുള്ളത്.

(പരസ്യ മേഖലയില്‍ കോപ്പി റൈറ്ററും ബ്ലോഗ്ഗറുമാണ് ലേഖകന്‍)

സജിത്ത് വര്‍മ്മയുടെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://sajithprathapavarma.blogspot.in/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍