UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ബിഎംഡബ്ല്യു കേസും നാനോ കാറും

Avatar

1999 ജനുവരി 10 
ബിഎംഡബ്യു കേസിന് ആസ്പദമായ അപകടം നടക്കുന്നു

അതിദാരുണമായൊരു അപകടത്തിനാണ് 1999 ജനുവരി 10 ന് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. പ്രമുഖ വ്യവസായിയുടെ മകനായ സഞ്ജീവ് നന്ദ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ റോഡരികിലെ കല്ലുപാകിയ നടപ്പാതയില്‍ ഉറങ്ങി കിടന്നവരുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. രണ്ടുപൊലീസുകാരെ ഇടിച്ചുവീഴ്ത്തിയതിനുശേഷമായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. ഈ സംഭവം പിന്നീട് ബിഎംഡബ്യു കേസ് എന്ന നിലയിലാണ് കുപ്രസിദ്ധി നേടിയത്. സമൂഹത്തില്‍ സമ്പത്തും അധികാരവുമുള്ളവന്‍ നിയമവ്യവസ്ഥയെ എങ്ങനെ വെല്ലുവിളിക്കുന്നുവെന്നതിന് തെളിവ് കൂടിയായി ഈ സംഭവം മാറി. അര്‍ഷാദ് വാര്‍സിയും ബോമന്‍ ഇറാനിയും മുഖ്യവേഷത്തിലെത്തിയ ജോളി എല്‍എല്‍ബി എന്ന ബോളിവുഡ് സിനിമ ഈ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ്.

2008 ജനുവരി 10 
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായ നാനോ വിപണിയിലെത്തുന്നു

ലോകത്തെ കാര്‍ വിപണിയെ അത്ഭുതപ്പെടുത്തികൊണ്ട് ഇന്ത്യന്‍ കമ്പനിയായ ടാറ്റാ മോട്ടോസ് 2008 ജനുവരി 10 ന് തങ്ങളുടെ ഉത്പന്നമായ നാനോ കാറുകള്‍ വിപണിയിലിറക്കി. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്നതു തന്നെയാരുന്നു ഇതിന്റെ പ്രത്യേകത. 2500 യു എസ് ഡോളര്‍ മാത്രമായിരുന്നു നാനോയുടെ വില. ജനങ്ങളുടെ കാര്‍ എന്നായിരുന്നു കമ്പനി നാനോയുടെ ടാഗ് ലൈന്‍ തയ്യാറാക്കിയത്.

എന്നാല്‍ ചരിത്രപരമായ തുടക്കം കുറിച്ചെങ്കിലും പിന്നീട് ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ നാനോയ്ക്ക് സാധിച്ചില്ല. കാര്‍ ഉത്പാദനത്തില്‍ കമ്പനിയ്ക്ക് വലിയ കാലതാമസം നേരിടേണ്ടി വന്നു. അതിനുപ്രധാനകാരണം നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമാകാതെ വന്നതാണ്. പശ്ചിമബംഗളില്‍ നാനോ കാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലമേറ്റെടുക്കുന്നത് വലിയ രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കും വഴിവച്ചു. മാത്രമല്ല കാര്‍ എന്ന നിലയില്‍ അത്രകണ്ട് മികവ് പുലര്‍ത്താന്‍ കഴിയാതെ പോയതും മറ്റു പല പ്രശ്‌നങ്ങളും നാനോയുടെ ജനപ്രീതിയിടിച്ചു. വിപണിയില്‍ തിരിച്ചടി നേരിട്ടതോടെ രണ്ടുലക്ഷത്തിനുമുകളില്‍ ഓഡറുകള്‍ റദ്ദാക്കപ്പെടുകയുണ്ടായി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍