UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ബിഎംഡബ്ല്യു ഐ8; റോഡിലെ ഡാല്‍ഫിഷ്‌

2014-ലെ ദല്‍ഹി ഓട്ടോഎക്‌സ്‌പോയിലെ താരം ബി എം ഡബ്ല്യുവിന്റെ ഹൈബ്രിഡ് കാറായ ഐ 8 ആയിരുന്നു. ബഹിരാകാശ പേടകത്തെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനുമായെത്തിയ ഐ 8 കണ്ടപ്പോള്‍ പലരും അടക്കം പറഞ്ഞു: ഇത് പ്രോട്ടോടൈപ്പാണ്. പ്രൊഡക്ഷന്‍ മോഡല്‍ വരുമ്പോള്‍ ഇതൊന്നുമായിരിക്കില്ല ഷേപ്പ്.

പക്ഷേ സര്‍വരേയും ഞെട്ടിച്ചുകൊണ്ട് പ്രൊഡക്ഷന്‍ മോഡല്‍ അതേ ഷേയ്‌പ്പോടെ വിപണിയിലെത്തി. അടുത്ത കാലത്ത് ബി എം ഡബ്ല്യുവിന്റെ കൊച്ചിയിലെ ഷോറൂമായ പ്ലാറ്റിനോ ക്ലാസിക്കിലും ഐ 8 പ്രത്യക്ഷപ്പെട്ടു. നമുക്ക് ഈ ‘ബഹിരാകാശപേടകം’ ഒന്നു ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു നോക്കാം.

കാഴ്ച

ഐ8-നെ എവിടെ നിന്ന് എങ്ങനെ വര്‍ണ്ണിച്ചു തുടങ്ങണമെന്ന് എനിക്കറിയില്ല. വെളുപ്പും കറുപ്പും അങ്ങിങ്ങായി നീലയും ചേര്‍ന്ന കളര്‍ സ്‌കീമിലാണ് നാം കാണുന്ന ഐ8 അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. സ്യൂഡോ കിഡ്‌നി ഗ്രില്ലിനിരുവശത്തു നിന്നും തുടങ്ങി വശങ്ങളിലേക്കു നീളുന്ന ഹെഡ്‌ലാമ്പുകള്‍ മറ്റൊരു ബിഎംഡബ്ല്യുവിലും കണ്ടിട്ടില്ലാത്തവയാണ്. കാറ്റിനെ പ്രതിരോധിക്കാതെ തന്നെ മുന്നോട്ടു പോകാനുള്ള സ്ട്രീംലൈന്‍ഡ് ഡിസൈന്‍ എന്താണെന്ന് ബിഎംഡബ്ല്യു ഐ8-ന്റെ രൂപകല്‍പനയിലൂടെ കാട്ടിത്തരുന്നു. വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ വലിയ വീല്‍ ആര്‍ച്ചുകളും അവയ്ക്കുള്ളിലെ സവിശേഷ ഡിസൈനുള്ള 5 സ്‌പോക് 20 ഇഞ്ച് വീലുകളുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗള്‍വിങ്ങ് ശൈലിയിലുള്ള വലിയ ഡോറാവട്ടെ സൈഡ് പ്രൊഫൈലിന്റെ നല്ലൊരു ഭാഗവും അപഹരിച്ചിരിക്കുന്നു. ഡോര്‍ കഴിഞ്ഞാല്‍ പിന്‍സീറ്റ് യാത്രികരുണ്ടെങ്കില്‍ അവര്‍ക്കായി ഒരു ക്വാര്‍ട്ടര്‍ ഗഌസ് മാത്രം. റൂഫ് ലൈന്‍ പിന്നിലേക്ക് ചെരിഞ്ഞിറങ്ങുന്നെങ്കിലും വെയ്സ്റ്റ് ലൈനില്‍ തൊടാതെ നില്‍ക്കുന്നത് കൂടുതല്‍ മനോഹാരിത പകരുന്നു. 

പിന്നിലേക്കു വരുമ്പോള്‍ യു ആകൃതിയിലുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍ക്കു മുകളിലായി ഷോള്‍ഡര്‍ ലൈനുകള്‍ ചിറകുവിരിച്ചു നില്‍ക്കുന്നു. പിന്നിലെ ഗ്ലാസ് ഏരിയയും വളരെ വലുതാണ്.

ഉള്ളില്‍

മുകളിലേക്കുയര്‍ന്ന് തുറക്കുന്ന ഡോറിനുള്ളിലൂടെ അകത്തു കടക്കുക എന്നത് ഏതൊരു സ്‌പോര്‍ട്‌സ് കാറിനെപ്പോലെ ഐ8-ന്റെ കാര്യത്തിലും ശ്രമകരമാണ്. പക്ഷേ ഡ്രൈവിങ്ങ് സീറ്റില്‍ ഒന്നു ‘സെറ്റില്‍’ ആയിക്കഴിഞ്ഞാല്‍ പ്രശ്‌നമില്ല. ഇന്റീരിയറിലാകെ ഒരു പുതുമയുണ്ട്. ഡാഷ്‌ബോര്‍ഡിലാകെ ഒരു ഒഴുക്കു കാണാം. ഒരുപാട് കണ്‍ട്രോളുകളോ സ്വിച്ചുകളോ വാരിവിതറി കണ്‍ഫ്യൂഷനാക്കാതിരിക്കാന്‍ ബിഎംഡബ്ല്യു ശ്രദ്ധിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്ക് എളുപ്പം കയ്യെത്തും വിധത്തില്‍ എല്ലാ കണ്‍ട്രോളുകളും ക്രമീകരിച്ചിരിക്കുന്നു. ഗിയര്‍ നോബ്, ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയൊക്കെ ബിഎംഡബ്ല്യുവിന്റെ തനതു ശൈലിയില്‍ തന്നെ. സ്റ്റിയറിങ്ങ് വീല്‍ വളരെ സ്‌പോര്‍ട്ടിയും ബേസിക് കണ്‍ട്രോളുകളും പാഡ്ല്‍ ഷിഫ്റ്റുള്ളതുമാണ്. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തീര്‍ത്തും ഡിജിറ്റലാണ്. വലിയൊരു എല്‍ഇഡി ഡിസ്പ്‌ളേയാണ് ഇവിടെ ഇന്‍സ്ട്രമെന്റേഷന്‍ നിര്‍വ്വഹിക്കുന്നത്. ഇതൊരു ടൂ സീറ്റര്‍ കാറാണെങ്കിലും പിന്നില്‍ രണ്ടു സീറ്റുകള്‍ കൂടി കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെ ഇരിക്കുന്ന കാര്യം അത്ര എളുപ്പമല്ല.

ഡ്രൈവ്

ഐ8 ഒരു ഹൈബ്രിഡ് കാറാണെന്നറിയാമല്ലോ. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണ് ഈ വാഹനത്തെ ചലിപ്പിക്കുന്നത്. ചില വിപണികളില്‍ മിനി കൂപ്പറിന് ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ 3 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനില്‍ ട്വിന്‍ ടര്‍ബോ കൂടി ചേര്‍ത്താണ് ഐ 8-ല്‍ ഉപയോഗിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ എന്നു കണ്ടു നെറ്റി ചുളിക്കേണ്ട. 231 ബിഎച്ച്പിയാണ് കരുത്ത്.! ഒപ്പം 131 ബിഎച്ച്പിക്ക് സമാനമായ കരുത്തുള്ള ഇലക്ട്രിക് മോട്ടോര്‍ കൂടിയാവുമ്പോള്‍ ഏകദേശം 360 ബിഎച്പിക്കടുത്താവും ഐ 8-ന്റെ പരമാവധി കരുത്ത്. 

പെട്രോള്‍ എന്‍ജിന്‍ പിന്നിലെ വീലുകള്‍ക്ക് കരുത്തു നല്‍കുമ്പോള്‍ മുന്‍ചക്രങ്ങളുടെ കാര്യം ഇലക്ട്രിക് മോട്ടോര്‍ ഏറ്റെടുക്കുന്നു. കരുത്തുറ്റ ഹൈ പെര്‍ഫൊമന്‍സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ഈ മോട്ടോറിനെ ചലിപ്പിക്കുന്നത്. ഇലക്ട്രിക് കാറുകളിലേതു പോലെ മെയിന്‍സ് കണക്ഷനില്‍ നിന്നും ചാര്‍ജ്ജ് ചെയ്യേണ്ടി വന്നാല്‍ നാലു മണിക്കൂറാണ് ഈ ബാറ്ററി മുഴുവന്‍ ശേഷി കൈവരിക്കാന്‍ വേണ്ടത്. കംഫര്‍ട്ട്, ഇക്കോ പ്രോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്നു ഡ്രൈവ് മോഡുകളാണുള്ളത്. സ്റ്റാര്‍ട്ടര്‍ ബട്ടണോടു ചേര്‍ന്നുള്ള ‘ഇ ഡ്രൈവ്’ എന്ന സ്വിച്ചമര്‍ത്തിയാല്‍ പെട്രോള്‍ എന്‍ജിന്റെ സഹായമില്ലാതെ ബാറ്ററി മാത്രം ഉപയോഗിച്ച്, ഇലക്ട്രിക് കാറായി മണിക്കൂറില്‍ 120 കിമീ വേഗത്തില്‍ വരെ പായാന്‍ ഐ8-നു സാധിക്കും. പക്ഷേ ബാറ്ററി മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ 37 കിലോമീറ്റര്‍ മാത്രമാണ് ഐ8-ന് ഒറ്റ ചാര്‍ജിങ്ങില്‍ ഓടാന്‍ സാധിക്കുക.

ഗിയര്‍ ലിവര്‍ ഇടത്തേക്കൊന്നു തട്ടിയാല്‍ സ്‌പോര്‍ട്ട്‌സ് മോഡില്‍ ഐ8 ചീറിപ്പായും. ഈ സമയത്ത് പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറും പ്രവര്‍ത്തിക്കും. സ്‌പോര്‍ട്‌സ് മോഡിലാവുമ്പോള്‍ പ്രേമം സിനിമയിലെ ‘കണ്ണു ചുവക്കണ്…’ എന്ന പാട്ടു പോലെ ഇന്‍സ്ട്രുമെന്റേഷനിലാകെ ചുവപ്പു പടരുന്നു. ആക്‌സിലറേഷനില്‍ ഒരു വി 8 എന്‍ജിന്റെ ഹുങ്കാരശബ്ദം കേള്‍ക്കാം. 3 സിലിന്‍ഡര്‍ എന്‍ജിന്‍ തലയും കുത്തിനിന്നാലും കേള്‍ക്കാത്ത ഈ എക്‌സ്‌ഹോസ്റ്റ് നോട്ട് എവിടെ നിന്നു വന്നു എന്ന് അമ്പരക്കുമ്പോള്‍ അധികമാരുമറിയാത്ത ആ രഹസ്യം നമ്മെ ഞെട്ടിക്കും: അതൊരു സൗണ്ട് ജനറേറ്ററിന്റെ കുസൃതിയാണ്.! 

ഇലക്ട്രോണിക്കലി നിയന്ത്രിച്ചിട്ടുള്ള ടോപ് സ്പീഡ് മണിക്കൂറില്‍ 250 കി.മീ ആണ്. പെട്രോള്‍ എന്‍ജിനോ ടൊപ്പം ഒരു 6 സ്പീഡ് ട്രാന്‍സ്മിഷനാണ് ഉപയോഗിച്ചിട്ടുള്ളത്. ഇലക്ട്രിക് മോട്ടോറിനൊപ്പം ഒരു 2 സ്പീഡ് ട്രാന്‍സ്മിഷനുമുണ്ട്. ഫലത്തില്‍ ഒരു ഓള്‍വീല്‍ ഡ്രൈവ് വാഹനമായതിനാല്‍ കോര്‍ണറിങ്ങിലും മറ്റും നല്ല സ്റ്റെബിലിറ്റിയാണ് ഐ8-ന്. ഇലക്ട്രിക്കലി അസിസ്റ്റഡ് സ്റ്റിയറിങ്ങിനാവട്ടെ നല്ല കൃത്യതയുമുണ്ട്. 1485 കി.ഗ്രാം മാത്രമാണ് ഐ8-ന്റെ ഭാരം..! കാര്‍ബണ്‍ ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് അഥവാ സി.എഫ്.ആര്‍.പി ആണ് ഐ8-ന്റെ ചട്ടക്കൂട് തീര്‍ക്കാനുപയോഗിച്ചിരിക്കു ന്നത്. ഇതാണ് ഭാരക്കുറവിന്റെ രഹസ്യവും. ഹൈബ്രിഡ് കാറാവുമ്പോള്‍ നല്ല മൈലേജ് വേണമല്ലോ, വേണം. ഐ8-ന്റെ ഇന്ധനക്ഷമത എത്രയാണെന്നറിയേണ്ടേ..? ലിറ്ററിന് 47.45 കിലോമീറ്റര്‍! 2.8 കോടിയാണ് ഇന്ത്യയില്‍ ഐ8-ന്റെ ഓണ്‍റോഡ് വില.

സ്‌പോര്‍ട്‌സ് കാറിന്റെ ഭാവഹാവാദികളുള്ള ഒരു ഹൈബ്രിഡ് കാര്‍, അതാണ് ബിഎംഡബ്ല്യു ഐ8. എക്‌സ് ഷോറും വിലയായ 2.29 കോടി രൂപ പല സ്‌പോര്‍ട്‌സ് കാറുകളെക്കാളും കുറവാണ് എന്നതാണ് ബിഎംഡബ്ല്യു ഉയര്‍ത്തിപ്പിടിക്കുന്ന വസ്തുത. എന്നാല്‍ തികച്ചും ഒരു സ്‌പോര്‍ട്‌സ് കാറിന്റെ പെര്‍ഫോമന്‍സ് ഐ8-നു കിട്ടുന്നുണ്ടോ എന്നു ചോദിച്ചാല്‍ അത്ര പോരാ എന്നതാണു വാസ്തവം. പക്ഷേ, ഹൈബ്രിഡ് സാങ്കേതികവിദ്യ, കാര്‍ബണ്‍ ഫൈബര്‍ സ്ട്രക്ചര്‍, ഫ്യൂച്ചറിസ്റ്റിക് രൂപകല്‍പന തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഐ8-നോട് നോ പറയാനാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍