എലിസബത്ത് ബെഹര്മന്
(ബ്ലൂംബര്‍ഗ്)
ആഡംബര കാറുകളുടെ കൂട്ടത്തിലെ പഴയ പുലി ബി എം ഡബ്ല്യു ഇപ്പോഴൊരു ഗംഭീരന്‍ തിരിച്ചു വരവിനൊരുങ്ങുകയാണ്. മെഴ്സിഡെസ് ബെന്‍സ്, ഓഡി തുടങ്ങിയ കിടിലന്‍ എതിരാളികളുമായുള്ള മത്സരത്തില്‍ ഫോം നിലനിര്‍ത്താന്‍ നന്നേ പാടുപെടുന്നുണ്ട് നിലവില്‍ ഈ പഴയ പുലി. ഏറെക്കാലം കുത്തകയാക്കി വച്ചിരുന്ന വിപണിയിലെ ഒന്നാം സ്ഥാനവും കഴിഞ്ഞ പത്തു വര്‍ഷമായി കൈ വിട്ട അവസ്ഥയിലാണ്. ഇപ്പോള്‍ നൂറാം പിറന്നാളിന്റെ ആഘോഷ നിറവില്‍ നില്ക്കുന്ന സ്ഥാപനം രൂപവും ഭാവവും മാറ്റി തീര്‍ത്തും ന്യൂ ജനറേഷനാവാനൊരുങ്ങുകയാണ്- ഗൂഗിളിനെ വെല്ലുന്ന സെല്‍ഫ് ഡ്രൈവിംഗ് കാറുകളുമായി വിപണി പിടിക്കാനാണ് പുതിയ പദ്ധതി.
നൂറാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയിരുന്ന വിഷന്‍ നെസ്റ്റ് 100 എന്ന മാര്‍ഗ്ഗ രേഖയിലാണ് കമ്പനി പുതിയ ആശയങ്ങള്‍ പങ്കു വയ്ക്കുന്നത്. ഗൂഗിള്‍ അവതരിപ്പിക്കുന്ന പോലെ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാനാവാത്ത തരം കാറുകളല്ല ബി എം ഡബ്ല്യു പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഡ്രൈവിംഗിന്റെ രസം അപ്പാടെ കളഞ്ഞു കുളിക്കുന്നതാണ് അത്തരം സെല്‍ഫ് ഡ്രൈവിംഗ് കാറുകളെന്നതാണ് കമ്പനിയുടെ പക്ഷം. അതു കൊണ്ട് തന്നെ ആവശ്യമുള്ളപ്പോള്‍ മാത്രം സെല്‍ഫ് ഡ്രൈവിംഗ് മോഡിലും അല്ലാത്തപ്പോള്‍ സാധാരണ രീതിയിലും ഓടിക്കാന്‍ കഴിയുന്ന കാറുകളാണ് കമ്പനി സി ഇ ഒ ഹരോള്‍ഡ് ക്രൂയീഗര് വിഭാവനം ചെയ്യുന്നത്.
എന്നാല്‍ പുതിയ ആശയങ്ങളുമായി രംഗത്തു വരുമ്പോഴും വിപണി പിടിക്കാനുള്ള ബി എം ഡബ്ല്യുവിന്റെ യാത്ര അത്ര സുഗമമാകാനിടയില്ല. മത്സരിക്കാന്‍ പാകത്തില്‍ പുതിയ വെല്ലുവിളികളുമായി തന്നെയാണ് വഴിയില്‍ മുഖ്യ എതിരാളികള്‍ നില്‍ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ സാഹചര്യം മനസ്സിലാക്കി വേണ്ട മുന്നറിയിപ്പുകള്‍ ഡ്രൈവര്‍ക്ക് മുന്‍കൂട്ടി നല്കാന് കഴിയുന്ന കാറുകളുമായാണ് മെഴ്സിഡെസ് ബെന്‍സ് ഒരുങ്ങുന്നത്. അനിവാര്യമായ സാഹചര്യങ്ങളില്‍ സ്വയം ഓടിക്കാനും, മറ്റു കാറുകളുമായി സംവദിക്കാനും വരെ ഇവരുടെ കാറുകള്‍ക്കു കഴിയുമെന്നന്നാണ് കമ്പനിയുടെ അവകാശവാദം. യാത്രയ്ക്കിടയില്‍ പുറം സാഹചര്യങ്ങളുമായും മറ്റു വാഹനങ്ങളുമായും വേണ്ടിവരുന്ന ആശയവിനിമയം പരമാവധി സുഗമമാക്കാനാണത്രേ പുതിയ സംവിധാനങ്ങളിലൂടെ ശ്രമിക്കുന്നത്. മെഴ്സിഡെസിന്റെ നിര്‍മ്മാതാക്കളായ ഡെയിംലെര്‍ ഗ്രൂപ്പ് തന്നെയാണ് പുതിയ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്.
എന്തായാലും മെഴ്സിഡെസിനേയും ഓഡിയേയും പിന്തള്ളി വിപണിയിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ കച്ച കെട്ടി തന്നെയാണ് ബി എം ഡബ്ല്യുവും നീങ്ങുന്നത്. പിന്നണിയില്‍ അതിനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കാണ്.
ഇതിനു മുമ്പ് കാര്‍ നിര്‍മ്മാണത്തില്‍ ബി എം ഡബ്ല്യു പറയത്തക്ക പരിഷ്ക്കാരങ്ങളുമായി വന്നത് 2007ലായിരുന്നു. സ്റ്റീലിന്റെ സ്ഥാനത്ത് ഭാരം നന്നേ കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച ഇലക്ട്രിക്കല്‍ കാറുകളാണ് കമ്പനി അന്നു വിപണിക്കു പരിചയപ്പെടുത്തിയത്. ഇതിലൂടെ കാറിന്റെ ഭാരം 60 ശതമാനം വരെയും ഇന്ധന ഉപയോഗം 30 ശതമാനം വരെയും കുറയ്ക്കാനായി. അന്നത്തെ കമ്പനി സി ഇ ഒ ആയിരുന്ന നോര്‍ബെര്‍ട്ട് റെയിന്തോബെര് തന്നെയായിരുന്നു ആ ആശയം അവതരിപ്പിച്ചത്.