UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ബി എം ഡബ്ല്യു എക്‌സ് 6; മസില്‍ പിടിത്തമില്ലാത്ത എസ് യു വി

എസ് യു വികള്‍ ഗൗരവപ്രകൃതിക്കാരാണ്. മുഖം കണ്ടാല്‍ത്തന്നെ ബോധ്യപ്പെടും മസില്‍മാന്റെ തലക്കനം. മുഖം മുതല്‍ വാലറ്റം വരെ ഈ ഗൗരവപ്രകൃതി കൈമോശം വരാതെയാണ് ഡിസൈനര്‍മാര്‍ എസ് യു വികളെ രൂപകല്‍പന ചെയ്യാറുള്ളത്. എന്നാല്‍ ഇതിനൊരു അപവാദമാണ് ബി എം ഡബ്ല്യു എക്‌സ് 6. എസ് യു വിയുടെ മുന്‍ഭാഗവും സെഡാന്റെ പിന്‍ഭാഗവുമുള്ള അപൂര്‍വ ജനുസ്സാണ് എക്‌സ് 6. എസ് യു വി കൂപ്പെ എന്ന വിഭാഗത്തില്‍ പെടുന്ന ഈ വാഹനത്തിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. പുതിയ എക്‌സ് 6ന്റെ ഡീസല്‍ വേര്‍ഷനായ എക്‌സ് ഡ്രൈവ് ഡി 40 എം സ്‌പോര്‍ട്ടിന്റെ ടെസ്റ്റ് ഡ്രൈവിലേക്ക്…


കാഴ്ച

പതിവുശൈലി കൈവിടാതെ തന്നെയാണ് ബിഎംഡബ്ല്യു ഇത്തവണയും ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. വലിയ കിഡ്‌നി ഗ്രില്ലും നീണ്ടു മിഴിവുള്ള ഹെഡ്‌ലാമ്പുകളും ചേര്‍ന്ന് എക്‌സ് 6-ന് ഒരു ഗൗരവഭാവമാണു സമ്മാനിക്കുന്നത്. മസ്‌കുലറായ ബമ്പറും വലിയ എയര്‍ഡാമുകളുമൊക്കെച്ചേരുമ്പോള്‍ ഗൗരവം പിന്നെയും കൂടുന്നു. വശങ്ങളിലേക്കു വരുമ്പോള്‍ എസ് യുവി എന്നതിനെക്കാള്‍ ‘ഉയരമുള്ളൊരു കാര്‍’ എന്നാവും നമ്മള്‍ എക്‌സ് 6-നെ വിളിക്കുക. കാരണം നീണ്ട ബോണറ്റും ചെരിഞ്ഞിറങ്ങുന്ന റൂഫ് ലൈനുമൊക്കെച്ചേര്‍ന്ന് കാണുമ്പോള്‍ ഉയരമുള്ളൊരു കാര്‍ പോലെ തോന്നിക്കും. മസ്‌കുലറായ വേസ്റ്റ് ലൈനും വലിയ വീല്‍ ആര്‍ച്ചുകളുമൊക്കെ എക്‌സ് 6-ന് ഒരു പോരാളിയുടെ ആകാരസൗഷ്ഠവം നല്‍കുന്നുണ്ട്. പിന്‍ഭാഗത്തിന്റെ രൂപകല്പനയും മനോഹരമാണ്. ചെരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈനും ഷാര്‍ക്ക് ഫിന്നുമൊക്കെയായി സ്‌പോര്‍ട്ടിയായ ഡിസൈന്‍. ടെയ്ല്‍ഗേറ്റിലേക്ക് പടര്‍ന്നു കയറുന്ന ലാമ്പുകള്‍ക്ക് അനുയോജ്യമായി ബമ്പറിലെ ബള്‍ക്ക് ഇന്‍സേര്‍ട്ടുകളില്‍ ഇരട്ട എക്‌സ്‌ഹോസ്റ്റുകളും കൂടിയാവുമ്പോള്‍ എക്‌സ് 6-ന്റെ പിന്‍കാഴ്ചയും പൂര്‍ണം.

ഉള്ളില്‍

ബിഎംഡബ്ല്യുവിന്റെ തനതു ശൈലിയിലുള്ള ഉള്‍ഭാഗമാണ് എക്‌സ് 6-നും. പല ഘടകങ്ങളും എക്‌സ് 5 എന്ന സഹോദരനുമായി പങ്കുവെക്കുന്നുമുണ്ട്, എക്‌സ് 6. ഡാഷ്‌ബോര്‍ഡില്‍ ആരോ ഒരു ടാബ്‌ലെറ്റ് ഇറക്കിവെച്ചതുപോലെയുള്ള വലിയ ഐഡ്രൈവ് ഇന്‍ഫൊട്ടെയ്ന്‍മെന്റ് സ്‌ക്രീനും ഓറഞ്ച് നിറം കലര്‍ന്ന ലെതര്‍ വര്‍ക്കുകളും കൂടിയാവുമ്പോള്‍ ബലേഭേഷ്. കണ്ടാല്‍ അനലോഗാണെന്നു തോന്നിക്കുന്ന തീര്‍ത്തും ഡിജിറ്റലായ ഒരു ഇന്‍സ്ട്രമെന്റ് കളറാണ് എക്‌സ് 6-ന്റേത്. സ്പീഡോ ഓഡോ ഡയലുകള്‍ക്കിടയിലും ഒരു ഇന്‍ഫര്‍മേഷന്‍ ഡിസ്പ്‌ളേയുണ്ട്. ഡ്രൈവിങ്ങ് മോഡുകള്‍ക്കനുസരിച്ച് മാറുന്ന തീമുകളാണ് ഈ ഡിജിറ്റല്‍ കഌറിന്റെ മറ്റൊരു പ്രത്യേകത. പകല്‍വെളിച്ചം മങ്ങുമ്പോള്‍ സജീവമാകുന്ന ആംബിയന്റ് ലൈറ്റിങ്ങ് കൂടിയാവുമ്പോള്‍ എക്‌സ് 6-ന്റെ അകമൊരു സ്വപ്‌നലോകമായി മാറും. സീറ്റുകള്‍ ഡാര്‍ക്ക് ഓറഞ്ച് ഷേഡുള്ള ലെതറിലാണ് തീര്‍ത്തിരിക്കുന്നത്. തടിയുടെ ഫിനിഷുള്ള പാനലുകളും ഇന്റീരിയര്‍ ട്രിമ്മുകളിലാകെ കാണാം. വിശാലമായിരിക്കാവുന്ന മധ്യനിരസീറ്റുകളും മുന്‍മോഡലിനെക്കാള്‍ അല്‍പം കൂടി ലഗേജ് സ്‌പേസും പുതിയ എക്‌സ് 6നുണ്ട്. ചെരിഞ്ഞ റൂഫ്‌ലൈനാണെങ്കിലും ഉയരമുള്ള യാത്രക്കാര്‍ക്കും തലമുട്ടാതെ സമാധാനമായിരിക്കാം. ലഗേജ് സ്‌പേസില്‍ മറ്റൊരു അത്ഭുതം കൂടി ബിഎംഡബ്ല്യു കാത്തുവെച്ചിട്ടുണ്ട്, ഒരു സ്‌പെയര്‍ ടയര്‍..!


ഡ്രൈവ്

ഇന്ത്യയില്‍ ആകെ ഒരേയൊരു എന്‍ജിന്‍ ഓപ്ഷനാണ് ബിഎംഡബ്ല്യു എക്‌സ് 6-നു നല്‍കിയിരിക്കുന്നത്. പക്ഷേ നിരാശരാകേണ്ട, അതൊരു 3 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ്! എക്‌സ് 5-ല്‍ നാം കണ്ടിട്ടുള്ള അതേ ബ്‌ളോക്കാണിതെങ്കിലും 54.25 ബിഎച്ച്പിയുടെ അധിക കരുത്ത് ഈ എഞ്ചിനു സ്വന്തമാണ്. 313 ബിഎച്ച്പിയാണ് പരമാവധി ശക്തി. 1500 ആര്‍പിഎമ്മില്‍ തന്നെ 630 എന്‍എം ടോര്‍ക്കുമുണ്ട്! കേള്‍ക്കുമ്പോള്‍ ഒരു വലിയ ട്രക്കിന്റെ കാര്യമാണെന്നു തോന്നാം, പക്ഷേ ഈ ഇന്‍ലൈന്‍ എന്‍ജിന്‍ ഒരു താരമാണ്. 8സ്പീഡ് ട്രാന്‍സ്മിഷന്‍ കൂടിയാവുമ്പോള്‍ പൂജ്യത്തില്‍ നിന്നും നൂറിലെത്താന്‍ വേണ്ടത് വെറും ആറു സെക്കന്‍ഡ് മാത്രം.! ഹൈവേയില്‍ 14, നഗരത്തില്‍ 9.5 ഇങ്ങനെ പോകുന്നു ഇന്ധനക്ഷമത. ഒരു ലിറ്ററിന് ശരാശരി 10.5 കിലോമീറ്റര്‍..! എക്‌സ് 6 മോശമല്ല, അല്ലേ..? 

എന്റെ വലതുകാല്‍വിരലില്‍ എക്‌സ് 6ന്റെ ആക്‌സിലറേറ്റര്‍ തുടിച്ചുനില്ക്കുകയാണ്. നഗരത്തിരക്കുകളില്‍ നിന്നും ഹൈവേയിലൂടെ മുരള്‍ച്ചയോടെ പാഞ്ഞ എക്‌സ് 6-നെ ചെളിയും വെള്ളക്കെട്ടുമുള്ള ഒരു ഗ്രൗണ്ടിലേക്ക് തെളിച്ചു. കന്നിനെ കയം കാണിക്കരുതെന്നു പറഞ്ഞതുപോലെ, എക്‌സ് 6-നെ ചെളികാണിച്ചത് അബദ്ധമായെന്നു തോന്നിപ്പോയി; അവനു കരയ്ക്കു കേറാന്‍ മനസ്സില്ല. ഏകദേശം ഒരു മണിക്കൂറോളം ചെളിയിലും വെള്ളത്തിലും പൂണ്ടുവിളയാടിയ എക്‌സ് 6-നെ കണ്ടാല്‍ ഏതൊരു ബിഎംഡബ്ല്യു പ്രേമിയും എന്നെ വെടിവെച്ചുകൊല്ലുമെന്നു തീര്‍ച്ച. പക്ഷേ ഇത്രയേറെ ആവേശത്തോടെ ഏതൊരു ടെറെയ്‌നും കീഴ്‌പ്പെടുത്താന്‍ വെമ്പിനില്‍ക്കുന്ന എക്‌സ് 6 ഉള്ളപ്പോള്‍ ആരുവന്നാലും എനിക്കെന്ത്! അഡാപ്റ്റീവ് സസ്‌പെന്‍ഷനും ഇലക്ട്രിക് സ്റ്റിയറിങ്ങുമൊക്കെച്ചേര്‍ന്ന് തരുന്ന ആത്മവിശ്വാസം വളരെയേറെയാണ്. ഓപ്ഷണലായി ലഭിക്കുന്ന 20 ഇഞ്ച് വീലുകളാണ് ടെസ്റ്റ് ഡ്രൈവ് വാഹനത്തിലുണ്ടായിരുന്നത്. ഇത് സ്റ്റാന്‍ഡേര്‍ഡ് 19 ഇഞ്ച് ആയിരുന്നെങ്കില്‍ കുറെക്കൂടി യാത്രാസുഖം ലഭിച്ചേനേ എന്നു തോന്നുന്നു.

ബി എം ഡബ്ല്യു എക്‌സ് 6-ന് ഏറെക്കാലമായി എതിരാളികളുണ്ടായിരുന്നില്ല. എന്നാല്‍ 2016-ല്‍ മേര്‍സിഡസ് ബെന്‍സ് ജി എല്‍ ഇ കൂപ്പെ എന്ന പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഏതാണ്ട് എക്‌സ് 6ന്റെ രൂപവും ഭാവവുമാണ് ജി എല്‍ ഇ കൂപ്പെയ്ക്കുണ്ടാവുക. അതുകൊണ്ടുതന്നെ എക്‌സ് 6-ല്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ കാലികമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍