UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ബിഎംഡബ്ല്യു സി4; രണ്ട് വനിതകളുടെ കരവിരുത്

പണ്ടുപണ്ട്… 1956-ല്‍ ബിഎംഡബ്ല്യു ഒരു തകര്‍പ്പന്‍ റോഡ്സ്റ്റര്‍ നിര്‍മ്മിച്ചു. ബിഎംഡബ്ല്യു 507 എന്നായിരുന്നു ആ കാറിന്റെ പേര്. അമേരിക്കന്‍ വിപണിയെ മുന്നില്‍ കണ്ടു നിര്‍മ്മിച്ച ആ മോഡലിന് പക്ഷേ വിപണിയില്‍ ഒരു വിജയമാകാന്‍ കഴിഞ്ഞില്ല. നിര്‍മ്മാണച്ചെലവ് ഉയര്‍ന്നതിനാല്‍ പ്രതീക്ഷിച്ചതിലും ഇരട്ടിവിലയ്ക്കാണ് 507 വില്‍ക്കാനായത്. എന്നിട്ടും ബിഎംഡബ്ല്യുവിന് നഷ്ടം സഹിക്കാനായില്ല. ആകെ 252 കാറുകള്‍ മാത്രം നിര്‍മ്മിച്ച് 1959-ല്‍ 507-ന്റെ അധ്യായം അടയ്ക്കുമ്പോള്‍ 15 മില്യണ്‍ മാര്‍ക്ക് ആയിരുന്നു ബിഎംഡബ്ല്യുവിന്റെ നഷ്ടം. അങ്ങനെ തകര്‍ച്ചയുടെ വക്കില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട ബിഎംഡബ്ല്യു പിന്നെയും പതിറ്റാണ്ടുകള്‍ കഴിഞ്ഞ് 1989-ലാണ് മറ്റൊരു റോഡ്സ്റ്ററിനെപ്പറ്റി ചിന്തിക്കുന്നത്. സീ 1 എന്ന മോഡലായിരുന്നു അത്. എണ്‍പതുകളുടെ മധ്യത്തില്‍ തന്നെ സീ 1 നിര്‍മ്മിച്ചു തുടങ്ങിയിരുന്നെന്ന് സ്ഥിരീകരിക്കാത്ത കഥകളുണ്ട്.

1991 ആയപ്പോഴേക്കും 8000 യൂണിറ്റുകള്‍ മാത്രം നിര്‍മ്മിച്ച സീ 1-നും കാര്യമായ വിജയം ലഭിച്ചില്ല. എന്നാല്‍ 1995-ല്‍ അവതരിപ്പിക്കപ്പെട്ട സീ 3 എന്ന പിന്മുറക്കാരന്‍ ബിഎംഡബ്ല്യുവിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയ മോഡലുകളിലൊന്നായി മാറി. അധികം വൈകാതെ പ്രമുഖ ഡിസൈനര്‍ ഹെന്റിക്ക് ഫ്രിസ്‌ക് ബിഎംഡബ്ല്യുവിനു വേണ്ടി ഒരു കാര്‍ ഡിസൈന്‍ ചെയ്തു. പഴയ 507-നെ പുനരുജ്ജീവിപ്പിച്ചതു പോലെയുള്ള ആ റോഡ്സ്റ്ററിന് സീ 8 എന്നാണ് ബിഎംഡബ്ല്യു പേരിട്ടത്. 1999 മുതല്‍ 2003 വരെ സീ 8 വിപണിയിലുണ്ടായിരുന്നെങ്കിലും ഒരു ലിമിറ്റഡ് പ്രൊഡക്ഷന്‍ മോഡലായതിനാല്‍ ഏതാണ്ട് 5700 സീ 8-കള്‍ മാത്രമാണ് വിറ്റത്. 2002 ആയപ്പോഴേക്കും സീ 3-ക്ക് ഒരു പിന്‍ഗാമിയെത്തി. അതാണ് നമ്മുടെ മുന്നിലുള്ള സീ 4-ന്റെ ആദ്യപതിപ്പ്.



കാഴ്ച

പഴയ ബിഎംഡബ്ല്യു 507-ന്റെ ചിത്രം കാണുന്നവര്‍ക്കൊക്കെ സീ4-ലും ആ പാരമ്പര്യം കാണാനാവും. സീ4-ന്റെ ഡിസൈന്‍ സംബന്ധിച്ച ഒരു വലിയ രഹസ്യം അധികമാര്‍ക്കും അറിയില്ല, രണ്ടു വനിതാ ഡിസൈനര്‍മാരാണ് സീ4-ന്റെ രണ്ടാം തലമുറയ്ക്കു പിന്നില്‍. ജൂലിയാന്‍ ബ്ലെസി, നാദ്യാ അര്‍നൗ എന്നിവരാണവര്‍. 1950-കളിലെ റോഡ്സ്റ്റര്‍ സ്മരണകള്‍ നിലനിര്‍ത്തിയാണ് ഇവരും സീ 4-നെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നീളന്‍ മുന്‍ഭാഗവും ബിഎംഡബ്ല്യു ഡീറ്റെയ്‌ലിങ്ങുള്ള ഫെന്‍ഡറുകളും തന്നെയാണ് ഏറ്റവുംവലിയ സാമ്യം.

കിഡ്‌നി ഗ്രില്ലും നീളന്‍ ഡ്യുവല്‍ ബാരല്‍ ഹെഡ്‌ ലാമ്പുകളുമൊക്കെച്ചേര്‍ന്ന് ഒരു ടിപ്പിക്കല്‍ ബിഎംഡബ്ല്യു തന്നെയാണ് സീ 4-ഉം എന്നു പറയാമെങ്കിലും സെഡാനുകളില്‍ നിന്നും വ്യത്യസ്തമായുള്ള പ്രൊഫൈല്‍ സീ 4-നെ വേറിട്ടുനിര്‍ത്തുന്നു. വശങ്ങളിലേക്കു വരുമ്പോഴാണ് ബോണറ്റിന്റെ നീളം കണ്ണില്‍പെടൂന്നത്. അതിന്റെ പ്രധാന കാരണം വഴിയേ പറയാം. ബോണറ്റില്‍ നിന്നുള്ള വേസ്റ്റ്‌ലൈന്‍ അവസാനിക്കുന്നത് ഡോറുകളിലാണ്. ചെരിഞ്ഞ എ പില്ലറില്‍ നിന്നും ഒഴുകിത്തുടങ്ങി പെട്ടെന്നവസാനിക്കുന്ന റൂഫ്‌ലൈന്‍ സീ 4-ന് ഒരു പ്രത്യേക ക്യൂട്ട്‌നെസ് നല്‍കുന്നുണ്ട്. ഉരുണ്ട്, ഭംഗിയുള്ള പിന്‍ഭാഗം സീ 3 മുതല്‍ നാം കണ്ടുശീലിച്ചതു തന്നെ. വളരെ ലളിതവും ഭംഗിയാര്‍ന്നതുമായ പിന്‍ഭാഗമാണ് സീ 4ന്റേത്. ബൂട്ട് തുറന്നാല്‍ അധികം സ്ഥലമൊന്നും കാണാനാവില്ല, ടോപ്പ് നീക്കുമ്പോള്‍ അതു മടങ്ങിയിരിക്കുന്നത് ഈ ബൂട്ടിനുള്ള സ്ഥലം കൂടി അപഹരിച്ചിട്ടാണ്.

ഉള്ളില്‍

ഓറഞ്ച്, കറുപ്പ്‌ നിറങ്ങളിലൂടെയാണ് പ്രധാനമായും സീ 4-ന്റെ ഉള്‍ഭാഗം നാം കാണുന്നത്. ഇടയ്ക്ക് മെറ്റല്‍ വീവ്ഡ് ഫിനിഷുള്ള ട്രിമ്മുകളും, ഓറഞ്ചിന്റെ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങുള്ള ഗ്രേ ടെക്‌സ്ചറുകളും അലുമിനിയം ഹൈലൈറ്റുകളും കാണാം. ധാരാളിത്തമില്ലാതെ തീര്‍ത്തും ലളിതമായ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതിന് നാദ്യാ അര്‍നൗവിനിരിക്കട്ടെ ഒരു കയ്യടി. എസിയുടെ കണ്‍ട്രോളുകള്‍ രസകരമായിത്തോന്നി. സ്വിച്ചുകളുടെയും നോബുകളുടെയും അതിപ്രസരമില്ലാത്ത ഇന്റീരിയര്‍. സ്റ്റീയറിങ്ങില്‍ പോലും ഓഡിയോ, നാവിഗേഷന്‍ കണ്‍ട്രോളുകളും പാഡ്ല്‍ ഷിഫ്റ്റും മാത്രം. കാഴ്ച മതിയാക്കാം, ടോപ്പ് മടക്കി സ്റ്റാര്‍ട്ടര്‍ ബട്ടണിലേക്ക് വിരല്‍ നീട്ടി.


ഡ്രൈവ്

എസ് ഡ്രൈവ് 35ഐ, എസ് ഡ്രൈവ് 35ഐ ഡിപിടി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായാണ് സീ4 ഇന്ത്യയില്‍ ലഭ്യമായുള്ളത്. 2979 സിസി ഇന്‍ലൈന്‍ 6 സിലിന്‍ഡര്‍ 24 വാല്‍വ് ട്വിന്‍ ടര്‍ബോ എന്‍ജിനാണിതിലുള്ളത്. (ബോണറ്റിന്റെ നീളക്കൂടുതല്‍ എന്തുകൊണ്ടാണെന്നു മനസിലായിക്കാണുമല്ലോ, ബിഎംഡബ്ല്യുവിന് ഇന്‍ലൈന്‍ എന്‍ജിനുകള്‍ പണ്ടേ വീക്ക്‌നെസാണ്…!) 5800 ആര്‍പിഎമ്മില്‍ 306 ബി എച്ച് പിയാണ് ഡയറക്ട് ഇന്‍ജെക്ഷനുള്ള ഈ എന്‍ജിന്റെ കരുത്ത്. ടോര്‍ക്കാവട്ടെ 1300 ആര്‍പിഎമ്മില്‍ 400 ന്യൂട്ടണ്‍മീറ്ററും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എന്‍ജിനു വേണ്ടത് വെറും 5.1 സെക്കന്‍ഡാണ്. ഡബിള്‍ കഌിലൂടെയാണ് 7 സ്പീഡ് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലേക്കെത്തുന്ന കരുത്തിനെ പിന്‍ചക്രങ്ങളിലേക്കെത്തിക്കുന്നത്. ഡ്രൈവ് മോഡിലേക്ക് ഗിയര്‍ മാറ്റി ആക്‌സിലറേറ്ററില്‍ കാലമര്‍ത്തിയതും സീ4ന്റെ എന്‍ജിന്‍ മുരണ്ടു.

ഇതൊരു റീയര്‍വില്‍ ഡ്രൈവ് കാറാണെന്ന കാര്യം ഞാന്‍ മറന്നുപോയിരുന്നു.ണ്‍ വേഗതകൂടിയപ്പോള്‍ സ്‌പോര്‍ട്‌സ് മോഡിലേക്കു മാറ്റി, ഇതാണ് സീ4ന്റെ യഥാര്‍ത്ഥ സുഖം. ഇത്തരം കാറുകളോടിക്കുമ്പോള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ ഓഫ് ചെയ്തിട്ട് ഓടിക്കണമെന്നാണ് എന്റെ അഭിപ്രായം. എന്നാലെ യഥാര്‍ത്ഥ കരുത്ത് നമുക്ക് അനുഭവേദ്യമാകൂ. സ്പീഡോമീറ്റര്‍ സൂചി നൂറും നൂറ്റമ്പതുമൊക്കെ കടന്ന് കുതിക്കുമ്പോള്‍ എന്റെ മുടിയിഴകളില്‍ കാറ്റുമൂളിത്തുടങ്ങിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ സീ4 എന്റെ പ്രണയിനിയായി മാറിക്കഴിഞ്ഞിരുന്നു. ബിഎംഡബ്ല്യുവിനു നന്ദി, ഒപ്പം പണ്ടെന്നോ ഇതിനു നിമിത്തമായ 507 റോഡ്സ്റ്ററിനും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍