UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോബ് ഡിലന്‍; ജനകീയ സംഗീതത്തിലെ ശക്തമായ സാന്നിധ്യം

Avatar

അഴിമുഖം പ്രതിനിധി

‘എന്നെ നിങ്ങളുടെ സ്വപ്‌നങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ ഞാന്‍ നിങ്ങളെ എന്റെതിലും ഉള്‍പ്പെടുത്താം’– ബോബ് ഡിലന്‍

‘മഹത്തായ അമേരിക്കന്‍ സംഗീത പാരമ്പര്യത്തിനുള്ളില്‍ നിന്നുകൊണ്ടു പുതിയ കാവ്യാവിഷ്‌കാരങ്ങള്‍ സൃഷ്ടിച്ചതിന്’ ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. 1993ല്‍ നോവലിസ്റ്റ് ടോണി മോറിസണിന് ശേഷം ആദ്യമായി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന അമേരിക്കക്കാരാണ് അദ്ദേഹം. സ്‌റ്റോക്ക്‌ഹോമില്‍ നിന്നുള്ള അവാര്‍ഡ് പ്രഖ്യാപനം വലിയ അത്ഭുതത്തിന് കാരണമായിട്ടുണ്ട്. പലപ്പോഴും ഈ എഴുപത്തിയഞ്ചുകാരന്റെ പേര് സമ്മാനത്തിനായി പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും, പരമ്പരാഗതമായി അവാര്‍ഡ് അംഗീകരിച്ചിരുന്ന നോവലുകള്‍, കവിത, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിലൊന്നും ബോബ് ഡിലന്റെ രചനകള്‍ വരുന്നില്ല. ‘മി. ഡിലന്റെ രചനകള്‍ വ്യവസ്ഥാപിത രീതികളെ അട്ടിമറിക്കുന്നതും ധാര്‍മ്മിക ചമത്കാരങ്ങള്‍ നിറഞ്ഞതും പോപ്പ് അല്ലെങ്കില്‍ സോപ്പ് ഭാഷ്യങ്ങള്‍ കാണികള്‍ക്ക് നല്‍കുന്നതുമാണ്,’ എന്ന് ഡിലന് നോബല്‍ സമ്മാനം നല്‍കണമെന്ന് വാദിച്ചുകൊണ്ട് റോളിംഗ് സ്‌റ്റോണിന്റെ ബാസ് വാദകനായ ബില്‍ വൈമാന്‍ 2013ല്‍ ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ വാദിക്കുന്നു. ‘അദ്ദേഹത്തിന്റെ വരികള്‍ തീവ്രമാണ്; അദ്ദേഹത്തിന്റെ വിഷയങ്ങളും സന്ദേഹങ്ങളും കാലാതിവര്‍ത്തിയാണ്, മാത്രമല്ല ഏത് കാലഘട്ടത്തിലുമുള്ള വളരെ കുറച്ചു കവികള്‍ക്ക് മാത്രമാണ് ഇത്രയും സ്വാധീനം ചെലുത്താന്‍ സാധിച്ചത്.’

മിന്നസോട്ടയിലെ ഡ്യുലുത്തില്‍ 1941 മേയ് 24ന് ജനിച്ച ഡിലന്‍ ഹിബ്ബിംഗിലാണ് വളര്‍ന്നത്. ഫോക് സംഗീതകാരനായ വുഡി ഗുത്രിയുടെയും ബീറ്റില്‍ തലമുറയുടെ ആധുനിക കവികളുടെയും സ്വാധീനത്തില്‍ ചെറുപ്പം മുതല്‍ തന്നെ അദ്ദേഹം ബാന്‍ഡുകള്‍ക്കായി പാടിയിരുന്നു. 

1961ല്‍ ന്യൂയോര്‍ക്കിലേക്ക് മാറിയ അദ്ദേഹം ഗ്രീന്‍വിച്ച് ഗ്രാമത്തിലെ ക്ലബ്ബുകളിലും കഫേകളിലും പരിപാടികള്‍ അവതരിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം ‘ബോബ് ഡിലന്‍’ (1962) എന്ന തന്റെ ആല്‍ബത്തിനായി അദ്ദേഹം റെക്കോര്‍ഡ് നിര്‍മ്മാതാവ് ജോണ്‍ ഹാമണ്ടുമായി കരാറില്‍ ഏര്‍പ്പെട്ടു. ‘ജനകീയ സംഗീതത്തിലെ ശക്തമായ സാന്നിധ്യം,’ എന്ന് സ്വീഡിഷ് അക്കാദമി വിശേഷിച്ച അദ്ദേഹത്തിന്റെ മറ്റ് ആല്‍ബങ്ങളില്‍ ‘ബ്രിംഗ് ഇറ്റ് ആള്‍ ബാക്ക് ഹോം,’ ‘ഹൈവേ 61 റീവിസിറ്റഡ്’ (രണ്ടും 1965), ‘ബ്ലോണ്ട് ഓണ്‍ ബ്ലോണ്ട്’ (1966) ‘ബ്ലെഡ് ഓണ്‍ ദ ട്രാക്‌സ്’ (1975) ‘ഓഹ് മേഴ്‌സി’ (1989) ‘ടൈം ഔട്ട് ഓഫ് മൈന്റ്’ (1997) ‘മോഡേണ്‍ ടൈംസ്’ (2006) എന്നിവ ഉള്‍പ്പെടുന്നു. 

‘മനുഷ്യന്‍, മതം, രാഷ്ട്രീയം, പ്രേമം എന്നിവയുടെ സാമൂഹിക അവസ്ഥകളെ കുറിച്ചുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് നിരവധി ആല്‍ബങ്ങള്‍ ഡിലന്‍ പുറത്തിറക്കിയിട്ടുണ്ട്,’ എന്ന് പ്രഖ്യാപനത്തോട് അനുബന്ധിച്ചുള്ള ജീവചരിത്രക്കുറിപ്പില്‍ സ്വീഡിഷ് അക്കാദമി പറയുന്നു. ‘വരികള്‍’ എന്ന തലക്കെട്ടിന് കീഴില്‍ ഒരു പുതിയ എഡിഷനുകളിലും വരികള്‍ കൂട്ടിച്ചേര്‍ത്തു. ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം ബഹുമുഖപ്രതിഭയാണ്; സജീവമായി ചിത്രംവരയ്ക്കുകയും അഭിനയിക്കുകയും തിരക്കഥകള്‍ രചിക്കുകയും ചെയ്യുന്ന ആള്‍ കൂടിയാണ് അദ്ദേഹം.’ 

‘ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍,’ എന്ന സ്ഥാപനത്തിന് കീഴില്‍ അദ്ദേഹം 1980കള്‍ മുതല്‍ തുടര്‍ച്ചയായി യാത്രകള്‍ നടത്തുകയും ചെയ്യുന്നു,’ എന്ന് അക്കാദമി കൂട്ടിച്ചേര്‍ക്കുന്നു. ‘അദ്ദേഹം വിഗ്രഹസമാനനാണ്. സമകാലിക സംഗീതരംഗത്ത് അദ്ദേഹത്തിന്റെ സ്വാധീനം അഗാധമാണ്. രണ്ടാംതരം സാഹിത്യത്തിന്റെ സ്ഥിരമായ ഒഴുക്കിന്റെ ശക്തമായ ഉപാധി കൂടിയാണദ്ദേഹം.’ 

റോബര്‍ട്ട് അല്ലെന്‍ സിമ്മര്‍മാന്‍ എന്ന ബോബ് ഡിലന്‍, നോബല്‍ സമ്മാനം ലഭിച്ച നിരവധി അമേരിക്കന്‍ ജൂതരുടെ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ്. എന്നാല്‍ ഡിലനില്‍ നിന്നും വ്യത്യസ്തമായി അവരെല്ലാം വിദേശത്ത് ജനിച്ചവരാണ്. 1976 ല്‍ സമ്മാനം നേടിയ സോള്‍ ബെല്ലോ കാനഡയിലാണ് ജനിച്ചത്, പോളണില്‍ ജനിക്കുകയും യിദ്ദിഷ് ഭാഷയില്‍ രചനകള്‍ നടത്തുകയും ചെയ്ത ഐസക് ബാഷെവിക് സിംഗര്‍ 1978ല്‍ സമ്മാനിതനായപ്പോള്‍, 1987ലെ സമ്മാനജേതാവ് ജോസഫ് ബ്രോഡ്‌സ്‌കി സോവിയറ്റ് യൂണിയനിലാണ് ജനിച്ചത്. അമേരിക്കയില്‍ ജനിച്ച നോവലിസ്റ്റ് ഫിലിപ്പ് റോത്ത് പലപ്പോഴും സാധ്യതാപട്ടികയില്‍ ഇടംപിടിച്ചിരുന്നു. 

ലോകത്തിലെ ഏറ്റവും ആദരിക്കപ്പെടുന്നതും സമ്മാനത്തുകയുള്ളതുമായ അവാര്‍ഡ് ജേതാവിന് ഏട്ട് മില്യണ്‍ സ്വീഡിഷ് ക്രോണര്‍ അഥവാ 900,000 അമേരിക്കന്‍ ഡോളര്‍ ലഭിക്കും. ഒരു രചനയ്ക്ക് എന്നതിലുപരി ആജീവനാന്ത സംഭാവനയ്ക്കാണ് സാഹിത്യത്തിനുള്ള പുരസ്‌കാരം നല്‍കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍