UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ആത്മഹത്യക്ക് പിന്നില്‍

Avatar

രാകേഷ് നായര്‍

പ്രതി ജ്വല്ലറിയിലേക്ക് അതിക്രമിച്ച് കയറുകയും കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പോലുള്ള ദ്രാവകം തലയില്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും രക്ഷിക്കാന്‍ ശ്രമിച്ച ജ്വല്ലറി അസിസ്റ്റന്റ് മനേജര്‍ക്ക് നിസാരമായി പൊള്ളലേല്‍ക്കുകയും പ്രതിക്ക് ഗുരുതരമായി പൊള്ളലേക്കുകയും ജ്വല്ലറിയിലെ കാര്‍പറ്റ് കത്തി നശിച്ച് സുമാര്‍ 500 രൂപയുടെ നഷ്ടം വരാന്‍ ഇടയാകുകയും ചെയ്തിരിക്കുന്നു

തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ 13-06-2015 ശനിയാഴ്ച്ച തിരൂര്‍ നിറമരുതൂര്‍ വട്ടത്താണി പാട്ടശ്ശേരി വീട്ടില്‍ ഇസ്മയിലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ എഫ്,ഐ.ആറിലെ ഒരു ഭാഗമാണിത്. 

ഈ വര്‍ഷം ഫെബ്രുവരി മാസത്തിലായിരുന്നു ഇസ്മയിലിന്റെ രണ്ടാമത്തെ മകളുടെ വിവാഹം. ഇതിനായിട്ടായാണ് തിരൂര്‍ താഴേപ്പാലം ജംഗ്ഷന് ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് 30 പവന്‍ സ്വര്‍ണം വാങ്ങുന്നത്. നിശ്ചിത കാലാവധിയില്‍ സ്വര്‍ണ്ണത്തിന്റെ വിലയായ ഏഴുലക്ഷം രൂപ ജ്വല്ലറിയില്‍ അടയ്ക്കുക എന്ന വ്യവസ്ഥയിലാണ് ആഭരണങ്ങള്‍ വാങ്ങിയത്. പണം മുഴുവനായി അടച്ചുതീര്‍ക്കാന്‍ ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നതിനാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ച കുടിശ്ശിക തീര്‍ക്കാനുള്ള കാലാവധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടാനെത്തിയ ഇസ്മയില്‍ ജ്വല്ലറിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകാതെ വന്നതോടെ പുറത്തുപോയി തിരിച്ചുവന്നു കൈയില്‍ കരുതിയിരുന്ന പെട്രോള്‍ തലവഴിയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇസ്മയിലിനെ ആദ്യം തിരൂര്‍ ഗവ. ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശരീരത്തില്‍ 95 ശതമാനം പൊള്ളലേറ്റ ഇസ്മയില്‍ ഞായറാഴ്ച്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി.

രണ്ടുദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഈ ദാരുണസംഭവത്തിന്റെ പുറത്തറിഞ്ഞ വാര്‍ത്തയാണിത്. എന്നാല്‍ മറ്റെന്തൊക്കയോകൂടി ഒരു മനുഷ്യന്‍ പച്ചയ്ക്ക് കത്തിയെരിഞ്ഞതിനു പിന്നില്‍ സംഭവിച്ചിട്ടുണ്ട് എന്ന അനുമാനത്തിലേക്ക് സാധാരണക്കാരെക്കൊണ്ട് ചിന്തിപ്പിക്കുന്നത്, ഒരിലയനങ്ങുന്നതുപോലും ബ്രേക്കിംഗ് ന്യൂസ് ആക്കുന്ന ഇന്നാട്ടിലെ പ്രമുഖമാധ്യമങ്ങള്‍ പ്രസ്തുത സംഭവത്തില്‍ കാണിച്ച മൗനമാണ്. ഞായറാഴ്ച്ച വൈകുന്നേരം പല പത്രമോഫീസുകളിലേക്കും പ്രസ്തുത ജ്വല്ലറിയില്‍ നിന്ന് ഇസ്മയില്‍ മരണപ്പെട്ട വാര്‍ത്ത നല്‍കരുതെന്ന് ആവശ്യപ്പെട്ടതായ കാര്യം ചില റിപ്പോര്‍ട്ടര്‍മാര്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. എന്തിനേറെ ഈ ജ്വല്ലറിയുടെ പേര് വാര്‍ത്തയില്‍ പരമാര്‍ശിച്ചതിനുപോലും മാധ്യമങ്ങളെ തങ്ങളുടെ നീരസം അറിയിക്കുകയും പരസ്യം നല്‍കുന്നകാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കുകയും ഉണ്ടായത്രേ.

ഈ ഒളിച്ചുകളികളും മുന്നറിയിപ്പുകളും തന്നെയാണ് ഇസ്മയില്‍ എന്ന മനുഷ്യന് തന്റെ ജീവിതം പാതിയില്‍ എരിച്ചുതീര്‍ക്കേണ്ടിവന്നത് എന്തുകൊണ്ടായിരിക്കാം എന്ന് അന്വേഷിക്കാന്‍ അഴിമുഖത്തെ പ്രേരിപ്പിച്ചത്.

തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മിനിമം ചാര്‍ജാണ് വട്ടത്താണിയിലേക്ക്. ജംഗ്ഷനില്‍ ബസ് ഇറങ്ങി റയില്‍വേക്രോസ് കടന്ന് ചെല്ലുന്നത് ഒരു ചെറിയ അങ്ങാടിയിലേക്ക്. അവിടെ നിന്നു മുന്നോട്ടുള്ള ടാര്‍ റോഡിലൂടെ ഏകദേശം അരകിലോമീറ്റര്‍ നടന്നാല്‍ റോഡരികില്‍ നിന്ന് നീളുന്നൊരു ഒറ്റയടിപ്പാത. അതിലൂടെ നടന്ന് ചെറിയൊരു കോണ്‍ക്രീറ്റ് പാലം കടന്നാണ് ഇസ്മയിലിന്റെ വീട്ടിലെത്തിയത്. പച്ച പെയിന്റടിച്ച ചെറുതെങ്കിലും മനോഹരമായ വീട്. ആ വീടും പരിസരവും ഇന്ന് തീര്‍ത്തും മൗനമാണ്. അവിടുത്തെ നാഥനാണ് ഇല്ലാതായിരിക്കുന്നത്. ഈ വീടിനെന്നല്ല, നാടിനുപോലും ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്തൊരു സത്യം. ഉള്ളിലുള്ളവരുടെ വിങ്ങിപ്പൊട്ടലുപോലെ തന്നെ അന്തരീക്ഷവും. എപ്പോള്‍ വേണമെങ്കിലും ആര്‍ത്തലച്ചു പെയ്‌തേക്കാം. മരണത്തിന്റെ തണുപ്പ്. വിഷാദവാനെങ്കിലും ഒരു ചെറുപുഞ്ചിരി കൊണ്ട് സ്വാഗതമേകിയത് ഇസ്മയിലിന്റെ മൂത്ത മരുമകന്‍ നൗഷീറാണ്. അപ്പോഴേക്കും ഇസ്മയിലിന്റെ സഹോദര പുത്രന്‍ സഹദും എത്തി.

ഖബറിടത്തിലെ മണ്ണ് ഉണങ്ങാന്‍ നേരമായിട്ടില്ലെങ്കിലും ഉണ്ടായ ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ലെങ്കിലും നൗഷീറും സഹദും അവര്‍ക്കുണ്ടായ നഷ്ടത്തെയും അതിനുകാരണമായ കാര്യങ്ങളെകുറിച്ചും സംസാരിക്കാന്‍ തയ്യാറാവുകയായിരുന്നു.

ഇസ്മയില്‍ ആത്മഹത്യ ചെയ്തത് ജ്വല്ലറിക്കാരുടെ മാനസിക പീഢനം കാരണം 
മാനസിക പീഢനം സഹിക്കാനാവാതെയാണ് മൂപ്പര് ഇത് ചെയ്‌തേക്കണത്, നൗഷീര്‍ പറഞ്ഞു തുടങ്ങിയത് അങ്ങനെയായിരുന്നു. പൈസ കൊടുക്കാനുണ്ടായിരുന്നു. അതിനിത്തിരി സമയം കൂടി ചോദിക്കാനായിട്ടാണ് അന്ന് ജ്വല്ലറിക്ക് പോണത്. പക്ഷെ അവിടെ വച്ച് അത്രപ്പോന്ന അപമാനം മൂപ്പര്‍ക്ക് സഹിക്കണ്ടി വന്നിട്ടുണ്ടാവും. അല്ലെങ്കീ അങ്ങനെ ചെയ്യില്ല. മൂപ്പര് ആത്മഹത്യ ചെയ്തൂന്ന് ഇപ്പഴും ഇവിടത്തെ നാട്ടുകാര്‍ വിശ്വസിക്കണില്ല. ആയുധായിട്ട് വന്നവര്‍ ഭീഷണിപ്പെടുത്തിയിട്ടു പോലും ആരുടെ മുന്നിലും പേടിച്ചു നില്‍ക്കാത്ത ആളാണ്. ഭൂമിക്കച്ചോടത്തിന്റെ പണിയായിരുന്നേക്കൊണ്ട് കുറെ ഭീഷണിയൊക്കെ ഉണ്ടായിട്ട്. അതൊന്നും വകവയ്ക്കാതെ നാട്ടുകാരുടെ ഏത് പ്രശ്‌നത്തിനും കേറി ഇടപെടണ സ്വഭാവമുള്ളോരാള് ഇങ്ങന ചെയ്യണേങ്കീ അത്രയ്ക്ക് മനസ് നൊന്തിട്ടുണ്ട്. വലിയ അഭിമാനിയിയിരുന്നു. തന്റെ ബാധ്യതകളെക്കുറിച്ച് ആരോടും പറയത്തില്ല. എന്റെ ഇല്ലായ്മകള്‍ ഞാന്‍ മാത്രം അറിഞ്ഞാ മതീന്നാ മൂപ്പര് പറേണത്. ആ അഭിമാനം നഷ്ടപ്പെട്ട ഘട്ടത്തിലായിരിക്കാം, നൗഷീര് ഒരു നിമിഷം നിശബ്ദമായി.

ഗള്‍ഫീന്നു വന്ന ശേഷം കൊച്ചാപ്പയ്ക്ക് റിയല്‍ എസ്റ്റേറ്റിന്റെ ബിസിനസാരുന്നല്ലാ. ചില കച്ചോടത്തിന്റെ കാശ് ബ്ലോക്കായി. അതാണ് സാമ്പത്തികായിട്ട് ടൈറ്റ് വന്നത്. പിന്നെ രണ്ടു മാസം മുമ്പായിരുന്നു ഒരു സഹോദരന്‍ മരിച്ചതും. അതിന്റെ വിഷമോം. കുടുംബ സ്വത്ത് ഓഹരി തിരിക്കാനുള്ള പ്ലാനായിരുന്നു. അങ്ങനെ കിട്ടണ ഭൂമി വിറ്റിട്ടാണെങ്കിലും ജ്വല്ലറ്റി കടം തീര്‍ക്കാനായിരുന്നു പ്ലാന്‍. അതിനാണ് അവിടെ പോയീ ഒരു മാസത്തെ സമയോം കൂടി ചോദിച്ചത്. അവര് പക്ഷെ കൊടുത്തില്ല. കൊച്ചാപ്പേ നല്ലോണം അപമാനിച്ചിട്ടുമുണ്ടായിരിക്കാം. അങ്ങനെയാണ് അത് ചെയ്തിരിക്കുന്നത്. നൗഷീറിന്റെ അതേസംശയം തന്നെ സഹദും പങ്കുവച്ചു.

ഇരുവരുടെയും സംസാരത്തിനിടയിലേക്കാണ് റിഹാസ് വന്നത്. ഇസ്മയിലിന്റെ മകന്‍. മൂന്നു പെണ്ണും ഒരാണുമാണ്. മൂത്ത രണ്ടു പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞു. ഇനി റിഹാസും അയാള്‍ക്ക് താഴെ ഒരു പെണ്‍കുട്ടിയും. ഉപ്പ ഇല്ലാതായ ഈ വീടിന്റെയും ഉമ്മയുടെയും അനിയത്തിയുടെയും നാഥന്‍ ഈ പത്താംക്ലാസുകാരനാണ്. നിഷ്‌കളങ്കമായ ആ മുഖത്ത് എന്തൊക്കെയോ പറയണമെന്ന ഭാവവും. താന്‍ കേട്ടുവന്ന കാര്യങ്ങള്‍ തന്നെയാണ് ഉപ്പയുടെ കാര്യത്തില്‍ സംഭവിച്ചരിക്കുന്നതെന്ന ബോധ്യവും.

വീട്ടില്‍ നിന്ന് പെരുവഴിയിറക്കിവിടുമെന്ന് ഗുണ്ടകളുടെ ഭിക്ഷണി
കാശ് തിരിച്ചുവാങ്ങിക്കാനായിട്ട് എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് അവര്. അല്ലെങ്കീ പിന്നെ കാശിന്റം കാര്യോം പറഞ്ഞ് ഇപ്പ കല്യാണം കഴിഞ്ഞ പെണ്ണിനെ അയച്ചേക്കണടുത്ത് പോകുവോ? നൗഷീര്‍ ചോദിച്ചു. രണ്ടു പെണ്ണുങ്ങളുള്‍പ്പടെ അവിടെ ചെന്നാണ് കാശ് കൊടുക്കാനുള്ള കാര്യം പറഞ്ഞത്. മൂപ്പരടെ സുഹൃത്തിന്റെ മോനാണ് കല്യാണം കഴിച്ചേക്കണത്. അവര്‍ക്ക് മൂപ്പരെ നല്ലോണം അറിയാം. അതല്ലാത്തോരായിരുന്നേ ഈയൊരറ്റകാര്യം കൊണ്ട് അവര് പെണ്ണിനെ വീട്ടീക്കൊണ്ടുവന്ന് ആക്കിയേനെ. കാശ് കിട്ടാനായിട്ട് കുടുംബം തകര്‍ക്കണാ? ഈ കാര്യം അറിഞ്ഞപ്പം വല്ലാതെ മാനസികമായി തകര്‍ന്നിട്ടുണ്ട് ആള്. ജ്വല്ലറിക്കാര് ഈ വീട്ടിലേക്ക് വരാതെ എന്തിനാണ് മോളെ കല്യാണം കഴിച്ചയച്ച വീട്ടിലേക്ക് പോയത്. അവിടെ ചെന്ന് പറഞ്ഞശേഷാണ് ഇങ്ങോട്ട് വരണത്. ഇവിടെ ഉമ്മായും ഈ രണ്ടു പിള്ളേരും മാത്രോള്ളപ്പം വന്ന്, കാശ് തന്നീല്ലേ വീടും പൂട്ടി സീല്‍ വച്ച് ഇങ്ങ്‌ളെ എല്ലാരേം പെരുവഴീ എറക്കൂന്നും ഇങ്ങടെ ഭര്‍ത്താവിനെ ഗുണ്ടകളെ കൊണ്ട് തല്ലിക്കൂന്നൂമൊക്കെ ഉമ്മാനോട് പറയാണ്. ഈ കാര്യോക്കെ നടക്കണത് വെള്ളിയാഴ്ച്ചയാണ്. ജ്വല്ലറീടെ വണ്ടീല് അവര്‌ടെ ടാഗൊക്കെ ഇട്ട ആള്‍ക്കാരാണ് വീട്ടില് വന്ന് ഇതൊക്കെ പറഞ്ഞത്. അന്ന് രാത്രീലാണ് ഉപ്പ ഈകാര്യങ്ങളൊക്കെ ഞങ്ങളോട് പറയണത്. മൂപ്പരെ ഇതിനു മുമ്പും അവര് ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തീട്ടുണ്ട്. സ്ഥലം വിറ്റിട്ടാണെങ്കിലും അവരുടെ കടം തീര്‍ക്കാന്ന് അന്ന് ഞങ്ങള് മൂപ്പരെ സമാധാനിപ്പിച്ചു, നാഷീര്‍ പറഞ്ഞു. അവര് പറയണത് മൂന്നു ലക്ഷത്തി ഇരുപതിനായിരം കൊടുക്കാനുണ്ടെന്നാണ്. ഉപ്പ പറഞ്ഞത് രണ്ടു ലക്ഷത്തി ചില്ലാനേ ഉള്ളൂന്നാണ്. ഇവിടെയുള്ള ബില്ല് നോക്കിയാലും കൊടുക്കാനുള്ള ബാക്കി രണ്ട് ലക്ഷത്തി ഇരുപതിനായരമേയുള്ളൂ. ഞങ്ങള് കേട്ടത് അവര് പൊലീസ് സ്റ്റേഷനില് കൊടുത്ത പരാതിയില് പതിമൂന്നുലക്ഷത്തിന്റെ സ്വര്‍ണ്ണം എടുത്തന്നും ഇനി ആറ് ലക്ഷത്തിനടുത്ത് കൊടുക്കാനുണ്ടെന്നുമാണ്. ബക്കറ് എന്ന് പറയണൊരു സുഹൃത്താണ് ജ്വല്ലറീ ഇടനില നിന്ന് സ്വര്‍ണ്ണം വാങ്ങിക്കണത്. ഇക്കാര്യം എവിടേം വന്ന് പറയാന്ന് ബക്കറ് ഞങ്ങളോട് പറഞ്ഞിട്ടൂണ്ട്. പക്ഷേ ജ്വല്ലറിക്കാര് പറയണത് അവര്‌ടെ ഒരു ഏജന്റ് സ്ത്രീയാണ് സ്വര്‍ണ്ണം എടുത്ത് കൊടുക്കണേന്നാണ്.

ഈ സംസാരത്തിനിടയ്ക്കാണ് റിഹാസിന്റെ സ്‌കൂളില് ഒരുമിച്ച് പഠിക്കുന്ന ചില കൂട്ടുകാര്‍ വരുന്നത്. അവരുടെ അടുത്തേക്ക് റിഹാസ് പോയി. കുറച്ച് കഴിഞ്ഞ് മടങ്ങി വന്ന് ജ്യേഷ്ഠന്മാരുടെ സംസാരം ശ്രദ്ധിച്ചിരിക്കുന്ന കൂട്ടത്തില്‍ റിഹാസ് പറഞ്ഞു; ശനിയാഴ്ച്ച രാവില തന്നെ ഉപ്പ മേശവലിപ്പീന്ന് ഏതോ ബില്ലൊക്കെ എടുത്താരുന്നു. പുറത്തേക്ക് ഇറങ്ങണ സമയത്ത് എങ്ങോട്ട് പോണെന്ന് ഉമ്മ ചോദിച്ചപ്പോഴാണ് ജ്വല്ലറീലേക്കാണന്നും അവരോട് കുറച്ച് സമയംകൂടി ചോദിക്കണതല്ലേ ഒരു മര്യാദ എന്നും ഉപ്പ പറഞ്ഞത്. രണ്ട് ലക്ഷത്തി ചില്ലറയല്ലേ കൊടുക്കാനുള്ളൂ, അധികോന്നുമില്ലല്ലോ, ഞാന്‍ അവരോട് ചെന്ന് ഒരുമാസത്തെ സമയോംകൂടി ചോദിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് ഉപ്പ എന്നോട് യാത്ര പറഞ്ഞ് പോണത്.

ജാമ്യക്കാരായി സ്ത്രീകളെ നിര്‍ത്തുന്ന കുടില തന്ത്രം
ഇതിനിടയില്‍ ഇസ്മയിലിന്റെ രണ്ടാമത്തെ മരുമകന്‍ അബ്ദു റഹിമാന്‍ വന്നു. ഇദ്ദേഹത്തെയാണ് ജ്വല്ലറിയില്‍ നിന്ന് ആളുകള്‍ വന്നു കണ്ടത്. അവര് നാലഞ്ച് ആള്‍ക്കാരുണ്ടായിരുന്നു. രണ്ടു പേര്‍ പെണ്ണുങ്ങളായിരുന്നു. അവരില്‍ ഒരാളാണ് എന്നോട് സംസാരിച്ചത്. ഞാന്‍ ജാമ്യം നിന്നിട്ടാണ് ജ്വല്ലറീന്ന് സ്വര്‍ണം കൊടുത്തതെന്നും എന്റെ 19 പവന്‍ സ്വര്‍ണം അവിടെ ലോണായി വച്ചിട്ടുണ്ടെന്നും അതിനാലാണ് ഇസ്മയില്‍ ഇക്കായ്ക്ക് മുപ്പത് പവന് കൊടുത്തതെന്നും അവര് പറഞ്ഞു. നിങ്ങളും മൂപ്പരും തമ്മില് എന്താണ് ബന്ധോന്നു ചോദിപ്പം അവര് വ്യക്തായീട്ട് ഒന്നും പറഞ്ഞില്ല. പിന്നെ പറഞ്ഞ് പരിചയോന്നുമില്ലെന്ന്. കൊടുക്കാനുള്ളത് എത്ര തുകയാണെന്നുപോലും അവര്‍ക്ക് അറിയില്ല. അതൊക്കെ മാനേജര്‍ക്കേ അറിയാവൂന്നാ പറഞ്ഞത്. ഞങ്ങള് ഇപ്പോള്‍ വന്നത് കാശ് വാങ്ങാനല്ലെന്നും ഇങ്ങനെ ഇവിടെ വന്ന് പറഞ്ഞൂന്നറിഞ്ഞാല്ലേ അദ്ദേഹത്തിന് ഒരു ഫീല്‍ ആകൂന്നും അപ്പോഴെ കാശ് അടയ്ക്കാന്‍ ചൂടുണ്ടാകുള്ളൂന്നുമാണ് ആ സ്ത്രീ പറഞ്ഞത്. മനുഷ്യരെ ഇങ്ങരെ അപമാനിച്ചിട്ടാണോ കാശ് തിരിച്ചടയ്ക്കാന്‍ ചൂടുണ്ടാക്കണത്? ഒരു പെണ്ണാണ് ഇടനിലനിന്ന് സ്വര്‍ണ്ണം വാങ്ങിക്കൊടുത്തതെന്നു പറഞ്ഞ് പരത്തണതിന്റെ ഉദ്ദേശമെന്താണ്? അപമാനിക്കണമെന്നു തന്നെയായിരുന്നു അവര്‌ടെ ഉദ്ദേശ്യം. അവര് വന്നത് തന്നെ അവരുടെ പേരൊക്കെ എഴുതിയൊരു വണ്ടീലാണ്. ചെറിയ റോഡാണ്, വണ്ടി പതുക്കെയെ വരാന്‍ പറ്റൂ, അതുമല്ലാ, വഴീലുള്ളവരോടൊക്കെ ഞങ്ങടെ വീടേതാന്നു തിരക്കിയാണ് വന്നതും. നാട്ടുകാരെ മുഴുവന്‍ ഇസ്മായീല് കാശ് തരാതെ പറ്റിച്ചിരിക്കണെന്ന് അറിയിക്കാനുള്ള ശ്രമായിരുന്നു. ഇവിടെ വന്നശേഷമാണ് മൂപ്പര്‌ടെ വീട്ടിലേക്ക് അവര് പോണത്. ഇവിടെ വന്ന് അവര് സംസാരീച്ചൂന്നറിഞ്ഞത് മൂപ്പരെ മാനസീകമായി തളര്‍ത്തീരുന്നു. അല്ലെങ്കില്‍ തന്നെ ഒരു പെണ്‍കുട്ടീന്റെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചിട്ടുവേണോ അവര് കാശ് തിരിച്ചു വാങ്ങണത്. അവിടെ ചെന്നു പറഞ്ഞത്, ഞങ്ങള് നിന്റെ ബന്ധുവീട്ടില് പോയിര്ന്നൂ, ഇതല്ലേലും കാശ് വാങ്ങാന്‍ ഞങ്ങക്ക് വേറെ വഴീണ്ട്ന്നാണ്- അബ്ദു റഹ്മാന്റെ പറഞ്ഞുനിര്‍ത്തി.

അവര് മന:പൂര്‍വം തന്നെയാണ് ഇവര്‌ടെ വീട്ടിലേക്ക് പോയത്. അല്ലെങ്കില്‍ ഈ വീടിന്റെ രണ്ട് കിലോമീറ്ററ് അപ്പുറത്തുള്ള എന്റെ വീട്ടില്‍ വന്നപ്പോരായിരുന്നാ? ഞാനല്ലേ മൂത്ത മരുമോന്‍? നൗഷീറ് ചോദിച്ചു. എന്നോട് പറഞ്ഞകൊണ്ട് അവര് ഉദ്ദേശിക്കണത് നടക്കൂല്ലാന്ന് കണ്ടിട്ടാണ് ഇവര്‌ടെ അഡ്രസ് തപ്പിപ്പിടിച്ച് അവടെ ചെന്നത്. ഒരുമാസത്തെ സാവകാശം തന്നാല്‍ മതി കാശ് തീര്‍ക്കാന്ന് അവരോട് കാലുപിടിച്ചു പറഞ്ഞെന്നാണ് ഉപ്പ പറഞ്ഞത്. അതവര് സമ്മതിച്ചില്ല. ഈടായി കൊടുത്ത മുദ്രപത്രോം ബ്ലാങ്ക് ചെക്കും വച്ച് ലീഗലായി നീങ്ങുമെന്ന്‍ ഭീഷണിപ്പെടുത്തി. അപ്പോള്‍ ഉപ്പ പറഞ്ഞത്, അങ്ങനെ തന്നെ പോയ്‌ക്കോ കോടതീലോ സ്‌റ്റേഷനിലോ വന്ന് ഞാനെന്റെ അവസ്ഥ പറഞ്ഞോളാന്നാണ്. എന്റെ മോള്‌ടെ കല്യാണത്തിന് എടുത്ത സ്വര്‍ണ്ണാണ്. അതിന്റെ കാശ് നിങ്ങള്‍ക്ക് തന്ന് തീര്‍ത്തിരിക്കുമെന്നും അല്ലാതെ ഞാനൊരിടത്തും പോകില്ലെന്നുമാണ് ഉപ്പ പറഞ്ഞത്. എനിക്ക് കുറച്ച് സമയം വേണം; നൗഷീര്‍ പറഞ്ഞു. മൂപ്പരെ അങ്ങാടീലോട്ട് പോലും ഇറക്കാതെ നാണം കെടുത്തണമെന്നായിരുന്നു അവരുടെ ഉദ്ദേശ്യം. സ്വന്തം വീട് നില്‍ക്കണ സ്ഥലം വിറ്റിട്ടാണെങ്കിലും കുടിശ്ശിക തീര്‍ക്കാന്‍ തയ്യാറായിരുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശനിയാഴ്ച്ച ഉപ്പ എന്നെ ഫോണില് വിളിച്ചാരുന്നു. ഞാനാകെ നാറീരിക്കണ്. ഇനി വീട്ടിലേക്ക് വരണില്ലാ… പെട്ടെന്ന് കട്ടും ചെയ്തൂ. പിന്നെ ഞാന്‍ വിളിച്ചിട്ടും കിട്ടിയതുമില്ല; റിഹാസ് ഉപ്പയോട് അവസാനമായി സംസാരിച്ച കാര്യം ഓര്‍ത്തെടുത്തുകൊണ്ടു പറഞ്ഞു. പിന്നെ നിശബ്ദനായി.

കടമെഴുതി തള്ളുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതായി മനോരമ
കഴിഞ്ഞ ദിവസത്തെ മനോരമ പത്രത്തില്‍, ഇസ്മായീല്‍ കൊടുക്കാനുള്ള കാശ് എഴുതി തള്ളുമെന്ന് ജ്വല്ലറിക്കാര് പറഞ്ഞതായി വാര്‍ത്തയുണ്ട്. അവര് അങ്ങനെ എഴുതി തള്ളണ്ട, മൂന്നരയോ ആറരയോ ലക്ഷം രൂപ ഞങ്ങള് കൊടുക്കാം, ഞങ്ങക്ക് പോയ ആളെ അവര്‍ക്ക് തിരിച്ചുതരാന്‍ പറ്റ്വോ? ഞാന്‍ കാരണാണ് ഉപ്പായ്ക്ക് ഈ ഗതിവന്നൂന്ന് പറഞ്ഞ് ആകെ തകര്‍ന്നിരിക്യാണ് എന്റെ ഭാര്യ. ഒരുവിധാണ് പറഞ്ഞ് സമാധിനിപ്പിച്ചിരിക്കണത്. ഇവിടാണെങ്കീ രണ്ട് പിള്ളേരും ഉമ്മായും മാത്രമാണുള്ളത്. അവരെന്തെങ്കിലും ചെയ്യ്താല്‍ സമാധാനം അവര് പറയുമോ? ശബ്ദം കനത്തുപോയി അബ്ദു റഹ്മാന്റെ. ഇവര് ഇപ്പം കടം എഴുതി തളളാന്‍ കാണിച്ച മനസ്സ് ഒരു മാസത്തെ സമയം ആ മനുഷ്യന് ചോദിച്ചപ്പോ കാണിച്ചിരുന്നേ ഈ വീടിന് നാഥന് നഷ്ടപ്പെടില്ലായിരുന്നല്ലോ. നാടിന് സേവനം ചെയ്യണേന്നും പറഞ്ഞ് കുറെ ബഹുമതികള് വാങ്ങിച്ച ഒരാളല്ലേ ബോബി ചെമ്മണ്ണൂര്. ഒരു പാവം മനുഷ്യന്‍ ചോദിച്ച ചെറിയൊരു അവധി അനുവദിച്ചുകൊടുക്കാന്‍ മാത്രം ആയില്ലേ? പകരം ഒരു തട്ടിപ്പുകാരനാക്കി ചിത്രീകരിച്ച് സ്വയം ജീവനൊടുക്കാനുള്ള അവസ്ഥേല്‍ എത്തിച്ചിച്ചില്ലേ?

ആശുപത്രിയിലെത്തിക്കാന്‍ പോലും ജ്വല്ലറി അധികൃതര്‍ കൂടെ നിന്നില്ല
അവര്‌ടെ സ്ഥലത്ത് ഉണ്ടായ അപകടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അവര് കൂട്ടാക്കീല്ല. നാട്ടുകാരാണ് പിന്നെ തിരൂര് ഗവണ്‍മെന്റ് ആശുപത്രീല് കൊണ്ടുപോണത്. അവിടെ നിന്ന് കോഴിക്കോടേക്ക് കൊണ്ടോയ്‌ക്കോളാന്‍ പറഞ്ഞപ്പ കൂടെ പോകാന്‍ പോലും ആരുമുണ്ടായില്ല. ആംബുലന്‍സിന്റെ ഡ്രൈവര്‍ പിന്നെ അങ്ങേര്‌ടെ ഒരു ഫ്രണ്ടിനെ കൂട്ടിയാണ് മെഡിക്കല്‍ കോളേജില് എത്തിക്കണത്. എന്നെ ഈ വിവരം വിളിച്ച് പറയണത് സാഹിദാണ്. ഇക്കാ ഇങ്ങനൊരു കാര്യം കേട്ടേക്കണ്, എനിക്കെന്റെ ദേഹം മുഴുവന് വിറയ്ക്കാണെന്നാണ് ഇവന്‍ ഫോണില്‍ വിളിച്ച് പറഞ്ഞത്. നീ വേഗം ആശുപത്രിക്ക് പോയ്‌ക്കോ ഞാന്‍ വീട്ടി ചെന്ന് അവരേം കൂട്ടിവരാന്നു പറഞ്ഞ് ഇവനെ മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞുവിടുവാരുന്നു.സാഹിദ് ചെന്നശേഷാണ് അഡ്രസ് തന്നെ പറഞ്ഞ് കൊടുക്കണത്. അതുപോലൊരു സ്ഥാപനത്തിന് തീയണയ്ക്കാനുള്ള സൗകര്യങ്ങളൊക്കെ കാണുമല്ലോ. അതൊന്നും ചെയ്യാന്‍ അവര് ശ്രമിച്ചേയില്ല. കത്തി വീണൊരാളെ ആശുപത്രിയില്‍ എത്തിക്കാനും. നൗഷീറിന്റെ വാക്കുകള്‍ക്കൊടുവില്‍ ചെറിയൊരു നിശബ്ദത അവിടെ തങ്ങി.

ഇടറിയെന്നു തോന്നിയ ശബ്ദം നേരെയാക്കി കൊണ്ട് നൗഷീറ് സാഹിദിനെ നോക്കികൊണ്ടു പറഞ്ഞു, ഒരു കുടുംബത്തെയാണ് അവര് അനാഥരാക്കിയത്. ഞങ്ങളാണെങ്കില്‍ ജീവിതം ചെറുതായിട്ട് തുടങ്ങിയിട്ടേയുള്ളൂ. എന്നാലും ഞങ്ങളൊപ്പമുണ്ട്. രണ്ട് ചെറിയ പിള്ളേരും ഒരുമ്മായും മാത്രമാണ് ഈ വീട്ടില്‍. ഈ നഷ്ടം ഇവരെന്നാണ് മറക്കണത്. ഒരു മനുഷ്യനെ അപമാനിച്ച് കൊലയ്ക്ക് കൊടുത്തവരാണ് അവര്. ഒരു തട്ടിപ്പുകാരനായിട്ട് മൂപ്പരെ കുറിച്ച് ആള്‍ക്കാര്‌ടെ മനസ്സിലുണ്ടാവരുത്. ഈ സംഭവം നടന്നിട്ട് മൂന്നുദിവസം ആയിട്ടും ഒരു പത്രക്കാരോ ചാനലുകാരോ ഇവിടെ വന്നില്ല. എന്നാലും ഞങ്ങള് മുന്നോട്ടു പോകും. ഒരു മനുഷ്യനെ ഇല്ലാതാക്കിയവരെ കുറിച്ച് ആള്‍ക്കാര് അറിയണം. അവരുടെ തെറ്റിന് ശിക്ഷകിട്ടണം. ഞങ്ങള്‍ക്കോ പോയി, ഇനി മറ്റാര്‍ക്കും ഇങ്ങനെ വരരുത്.

ആ വീട്ടില്‍ യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ പുറത്ത് ഇരുട്ട് വീഴാന്‍ തുടങ്ങിയിരുന്നു. തണുപ്പ് കുറച്ചുകൂടി കനത്തതുപോലെ… പക്ഷെ അവിടെയുള്ളവരുടെ ഉള്ളില് നീതിക്കുവേണ്ടിയുള്ള ചൂടുണ്ടെന്ന് മനസ്സിലായി. തെറ്റ് ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെവേണം. റോഡരികില്‍ കണ്ട ചിലരോടു തിരക്കിയിപ്പോള്‍ അറിഞ്ഞതും ഇസ്മയില്‍ എന്നൊരു നല്ല മനുഷ്യനെ കുറിച്ചാണ്. അന്നാട്ടുകാര്‍ക്ക് അറിയാവുന്ന ഇസ്മായില്‍ ഇങ്ങനൊരു അബദ്ധം ചെയ്യൂവോന്നാണ് അവര്‍ക്കൊക്കെ ഇപ്പോഴും സംശയം. അഭിമാനമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് അത് നഷ്ടപ്പെട്ടിട്ട് ജീവിച്ചിരിക്കുക അസാധ്യമാണല്ലോ. ഇസ്മയിലിനും അതേ സാധിക്കുമായിരുന്നുള്ളായിരിക്കാം…

നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ കടം എഴുതിത്തള്ളുമായിരുന്നെന്ന്‍ ബോബി ചെമ്മണ്ണൂര്‍

ഇസ്മയില്‍ കത്തിവീണ തിരൂര്‍ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ മാനേജര്‍ ആനന്ദ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 

ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ആളുകള്‍ ഓരോന്നും പറഞ്ഞുണ്ടാക്കുകയാണ്. ഒരു മാസത്തെ അവധിക്കാണ് ഇസ്മയിലിന് ക്രെഡിറ്റ് കൊടുത്തത്. ഒരുമാസത്തിനുള്ളില്‍ മുഴുവന്‍ അടച്ചുതീര്‍ത്തോളാമെന്ന് എന്റടുത്താണ് അയാള്‍ വാക്കുപറഞ്ഞത്. ഇവിടുത്തെ ഒരു ഫീല്‍ഡ് ജീവനക്കാരിയാണ്, അവര്‍ക്കറിയാവുന്ന വ്യക്തി എന്ന നിലയില്‍ ഇസ്മയിലിനെ പരിചയപ്പെടുത്തുന്നതും അതിന്റെ പുറത്തുമാത്രമാണ് സ്വര്‍ണം കൊടുക്കുന്നതും. എന്നാല്‍ ആവശ്യം നടന്നശേഷം ഈ വ്യക്തി വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ലായിരുന്നു. സംഭവ ദിവസം ഇദ്ദേഹം രാവിലെ ഷോപ്പിലേക്ക് കയറിവന്നു. വരുമ്പോള്‍ തന്നെ കൈയിലൊരു പൊതി ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. കാശായിരിക്കുമെന്നാണ് കരുതിയത്. അയാള്‍ വന്നു സംസാരിച്ചതില്‍ കാശ് എന്നടയ്ക്കാമെന്നോ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഒരുമാസത്തിനകം അടച്ചുതീര്‍ക്കാമെന്നൊന്നും അയാള്‍ പറഞ്ഞില്ല. ഞാനാണ് പറയുന്നത്, നിങ്ങള്‍ സ്ഥലമുണ്ടെങ്കില്‍ അതുവിറ്റിട്ടെങ്കിലും കടം തീര്‍ക്കാനായിട്ട്. ഉടനെ അയാള്‍ പറഞ്ഞത് സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ഉമ്മയുടെ പേരിലാണ് സ്ഥലമെന്നുമാണ്. എങ്കില്‍ ഉമ്മയോട് പറഞ്ഞ് പത്തുസെന്റ് സ്ഥലം വില്‍ക്കാന്‍ സമ്മതം വാങ്ങാന്‍ ഞാന്‍ പറഞ്ഞു. അതല്ലായെങ്കില്‍ ഗള്‍ഫിലുണ്ടെന്നു പറഞ്ഞ ചേട്ടന്മാരോടു മൂന്നുലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിക്കൂ, ഓഹരി കിട്ടുമ്പോള്‍ ആ തുകയ്ക്കു തുല്യമായ സ്ഥലം അവര്‍ക്ക് വിട്ടുകൊടുത്താല്‍ മതിയെന്നും. എന്നാല്‍ ഇതിനോടൊന്നും വ്യക്തമായി പ്രതികരിക്കാന്‍ അയാള് തയ്യാറായില്ല. ശ്രമിക്കാം, ചേട്ടന്മാര്‍ക്കൊന്നും വല്യ കഴിവില്ലെന്നൊക്കെയാണ് പറഞ്ഞത്. അതു കഴിഞ്ഞ് അഞ്ചുമിനിട്ട് പുറത്ത് ഇറങ്ങി നിന്നശേഷം തിരികെ വന്നിട്ടാണ് കൈയിലിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. അപ്പോഴാണ് അത് പെട്രോളാണെന്നു തന്നെ ഞങ്ങളറിയുന്നത്. ഉടന്‍ തന്നെ ഇവിടുത്തെ അസിസ്റ്റന്റ് മനേജര്‍ ഈ കുപ്പി തട്ടിക്കളയാന്‍ ശ്രമിച്ചു. പെട്ടെന്ന് തീ അയാളുടെ മേലേക്കും പടര്‍ന്നു. അയാള്‍ വേഗം പുറത്തേക്ക് ഓടി. സാരമായി പൊള്ളലേറ്റ് ഞങ്ങളുടെ സ്റ്റാഫ് ഇപ്പോഴും ആശുപത്രിയിലാണ്. അതല്ലാതെ ഞങ്ങള്‍ മാനസികമായി പീഢിപ്പിച്ചതുകൊണ്ട് ആയാള്‍ പോയിട്ട് പെട്രോളും വാങ്ങി തിരിച്ചുവന്ന് ചെയ്തതല്ല. ഇവിടുത്തെ സിസി ടിവി ഫൂട്ടേജ് പരിശോധിച്ചാല്‍ അതു മനസ്സിലാകും. കണ്‍മുന്നില്‍ നടന്ന ഈ സംഭവങ്ങളെല്ലാം ഞങ്ങളെയെല്ലാവരെയും സ്തംഭിപ്പിച്ചു കളഞ്ഞു. നിന്നിടത്തു നിന്നു അനങ്ങാന്‍പോലും വയ്യാത്തപോലെയായി. ഇതിനിടയിലാണ് നാട്ടുകാും പൊലീസും ചേര്‍ന്ന് ഇസ്മയിലിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഈ സംഭവങ്ങളൊക്കെ അറിഞ്ഞ ഉടനെ ഞങ്ങളുടെ ചെയര്‍മാന്‍ പറഞ്ഞത് ഇസ്മയില് തരാനുള്ള 3,20,000 രൂപ എഴുതിത്തള്ളാനായിരുന്നു. വീട്ടുകാര്‍ പറയുന്ന തുകയല്ല, ഇത്രയും തുക തന്നെ ഇവിടെ അയാള്‍ക്ക് കടം ഉണ്ട്. അതിന്റെയെല്ലാം ബില്ല് വീട്ടുകാരുടെ കൈയിലും കാണും. ഞങ്ങളുടെ ചെയര്‍മാനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എത്രയോ മനുഷ്യസേവനങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഇസ്മയിലിന് പണം തിരികെ അടയ്ക്കാന്‍ നിവൃത്തിയില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ അന്നേ തന്നെ ആ പണം എഴുതി തള്ളാനും തയ്യാറായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ ഇത്തരമൊരു വാര്‍ത്ത കൊടുക്കരുതെന്ന് ഞങ്ങള്‍ ആരോടും വിളിച്ചു പറഞ്ഞിട്ടുമില്ല. ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം തന്നെ പറഞ്ഞുണ്ടാക്കുന്നത് മാത്രമാണ്.

ആത്മഹത്യ ചെയ്തയാള്‍ക്കെതിരെ കേസ്; പ്രേരണയ്ക്ക് കേസില്ല
എന്താണ് ഇവിടെ യാഥാര്‍ത്ഥ്യമെന്ന് അന്വേഷിക്കേണ്ടത് പൊലീസാണ്. ആത്മഹത്യാശ്രമത്തിന് ഇസ്മയിലിനെതിരെ കേസ് എടുത്ത പൊലീസ് ജ്വല്ലറിയ്‌ക്കെതിരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. ആത്മഹത്യാശ്രമം പോലെ തന്നെ അതിന് പ്രേരിപ്പിക്കുന്നതും കുറ്റമാണ്, കേസ് എടുക്കാവുന്ന കുറ്റം. ഇക്കാര്യത്തില്‍ ജ്വല്ലറിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടിയെടുക്കാവുന്നതാണ്. എന്നാല്‍ നിലവില്‍ ഇതുവരെ ഇസ്മയിലിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഒരുതരത്തിലുള്ള അന്വേഷണവും നടത്തിയിട്ടില്ലെന്നാണ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിക്കാത്തതാണ് ന്യായീകരണമായി പറയുന്നത്.  മുദ്രപത്രവും ബ്ലാങ്ക് ചെക്കും വാങ്ങിവച്ചിട്ടാണ് ജ്വല്ലറിക്കാര്‍ സ്വര്‍ണ്ണം കൊടുക്കുന്നതെങ്കില്‍, അതൊരുതരത്തില്‍ വട്ടി പലിശയ്ക്ക് പണം കൊടുക്കുന്നതുപോലെ കുറ്റകരമാണ്. ഓപ്പറേഷന്‍ കുബേരയില്‍പ്പെടുത്തി അന്വേഷണം നടത്താവുന്ന കുറ്റം. യാതൊരു ഈടും വാങ്ങിയിട്ടില്ലെന്നു ജ്വല്ലറിക്കാരും മുദ്രപത്രവും ചെക്കും വാങ്ങിയെന്നും വീട്ടുകാരും പറയുന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ പൊലീസാണ് അന്വേഷണം നടത്തി നടപടിയെടുക്കേണ്ടത്. ഇസ്മയിലിനെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതെക്കുറിച്ചും അന്വേഷിക്കാം. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും പൊലീസ് നടപടിയടുത്തിട്ടില്ലെങ്കില്‍, അത് എന്തുകൊണ്ട്? നിയമപാലകരുടെ ജോലി ന്യായം നടപ്പിലാക്കുകയാണ്, അന്യായത്തിനുവേണ്ടി കൂട്ടുനില്‍ക്കുകയല്ല. നീതി കിട്ടേണ്ടത് ഇസ്മയിലിനാണെങ്കില്‍ അത് അദ്ദേഹത്തിന് നേടിക്കൊടുക്കണം.

ഇത് മാധ്യമങ്ങളുടെ കുറ്റകരമായ നിശബ്ദത
കഴിഞ്ഞ ശനിയാഴ്ച്ച പകലാണ് അസാധാരണമായൊരു ആത്മഹത്യശ്രമം കേരളത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഈ സംഭവം നടന്നശേഷം അത് പുറംലോകം അറിയുന്നത് ഓണ്‍ലൈന്‍ മീഡിയകള്‍ വഴി! അന്നേദിവസം നമ്മുടെ ചാനലുകളുടെ ബ്രേകിംഗ് ന്യൂസുകള്‍ ഇടുക്കി ബിഷപ്പിന്റെ മിശ്രവിവാഹ പരാമര്‍ശവും പി സി ജോര്‍ജിനെ അയോഗ്യനാക്കി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്ന നിഗമനങ്ങളുമായിരുന്നു. ദുരന്തങ്ങളുടെയും മരണങ്ങളുടെയും പിന്നാലെ ഓടി നടക്കാറുള്ള മാധ്യമങ്ങള്‍ ഒരു മനുഷ്യന്‍ പട്ടാപ്പകല്‍ ജ്വല്ലറിയ്ക്കകത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തിട്ടും എന്തുകൊണ്ട് പ്രധാന വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തില്ല? ഡല്‍ഹിയില്‍ ആം ആദ്മി സമരത്തിനിടെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ദേശീയ മാധ്യങ്ങളുടെയൊപ്പം മത്സരിച്ച് നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഓര്‍ക്കുക. പരസ്യദാതാക്കളുടെ മുന്നില്‍ മറക്കുന്ന ഒന്നായി മാധ്യമധര്‍മ്മം അധ:പതിച്ചു എന്ന്‍ പറയാതിരിക്കാന്‍ ആവില്ല. പിറ്റേ ദിവസം ഞായറാഴ്ച്ച, ഇസ്മയില്‍ മരിച്ച ദിവസവും നമ്മുടെ മാധ്യമങ്ങള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരവും ലളിത് മോദിയും സുഷമ സ്വരാജുമെല്ലാം ബ്രേക്കിംഗ് ന്യൂസുകളായി കൊണ്ടാടുകയായിരുന്നു. അസാധാരണവും ദാരുണവുമായ ഒരു സംഭവം നടന്നിട്ടും അതറിയിക്കാനോ അതേക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനോ ഒരു ചാനലുകളും തങ്ങളുടെ പ്രൈം ടൈമുകള്‍ വിനിയോഗിച്ചില്ല എന്നത് എന്തിന്റെ സൂചനയാണ്?.

രാഷ്ട്രീയക്കാരന്റെ പുറകെ നടന്നും ഒളിച്ചിരുന്നുമെല്ലാം അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുകയും സെക്കന്‍ഡുകള്‍ ഇടവിട്ട് ബ്രേക്കിംഗ് ന്യൂസുകള്‍ നല്‍കിയും മാധ്യമ ധര്‍മ്മം നിര്‍വഹിക്കുന്നവര്‍ക്ക് എന്തുകൊണ്ട് ഈ മനുഷ്യന്റെ ദാരുണാന്ത്യം പൊതുസമൂഹത്തിനു മുന്നിലും ഭരണകൂടത്തിനു മുന്നിലും ചര്‍ച്ചയാക്കിയില്ല. ബോബി ചെമ്മണ്ണൂര്‍ കടം എഴുതി തള്ളുമെന്ന വാര്‍ത്ത കൊടുത്തവര്‍ക്ക് അത്താണി നഷ്ടപ്പെട്ടൊരു കുടുംബത്തെ കാണാന്‍ പോകാന്‍ തോന്നിയില്ല. സോഫ്റ്റ് സ്റ്റോറികള്‍ക്കും കണ്ണീര്‍ കഥകള്‍ക്കും വേണ്ടി നെട്ടോട്ടമോടുന്നവര്‍ക്ക് ഉപ്പ നഷ്ടപ്പെട്ട മക്കളുടെയും ഭര്‍ത്താവ് നഷ്ടപെട്ട ഒരു ഭാര്യയുടെയും സങ്കടം കാണാനാവാതെ വന്നു. ഇസ്മയില്‍ മരിച്ച വാര്‍ത്തപോലും കൊടുക്കാന്‍ ബുദ്ധിമുട്ട് കാണിച്ചു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊടുക്കേണ്ടി വരുമ്പോഴെല്ലാം ഒരു പ്രമുഖ ജ്വല്ലറി എന്നുമാത്രം പരാമര്‍ശിച്ച് കിട്ടുന്ന പരസ്യത്തിന് യാതൊരു കോട്ടവും സംരക്ഷിക്കാതെ നടത്തുന്ന വൃത്തികേടിന് എന്നെന്നേക്കുമായി ഉത്തരം പറയാതെ രക്ഷപ്പെടാമെന്നു വിചാരിക്കരുത്.

ഇസ്മയിലിന്റെ വീട്ടില്‍ നിന്നിറങ്ങി ആദ്യം പോയത് ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ അടുത്തേക്കാണ്. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ സുഗമമായ കച്ചവടം അവിടെ നടപ്പുണ്ട്. കത്തി നശിച്ചെന്നു പറയുന്ന കാര്‍പ്പറ്റ് കാണുന്നില്ല. പുതിയത് വാങ്ങിക്കാണും. കാശുണ്ടെങ്കില്‍ കത്തിപ്പോയ ഒരു കാര്‍പ്പറ്റിന് പകരം മറ്റൊന്ന് വാങ്ങിക്കാം…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍