UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓപ്പറേഷനില്‍ കുടുങ്ങാത്ത കുബേരന്‍

Avatar

അഴിമുഖം പ്രതിനിധി

ഓപ്പറേഷന്‍ കുബേര. ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ തൊപ്പിയിലെ പൊന്‍തൂവലായി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാര്‍ വാഴ്ത്തുന്ന പൊലീസ് നടപടി. എന്നാല്‍ കുബേരന്‍മാരുടെ പോക്കറ്റിന്റെ വലിപ്പവും മസില്‍ പവറിന്റെ ശക്തിയും വര്‍ദ്ധിച്ചു വരുന്നതിന് അനുസരിച്ച് പൊലീസിന്റേയും രാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും നട്ടെല്ലിന്റെ വളവും കൂടി വരുമോ. വരുമെന്നാണ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഉടമ ബോബിയുടെ കാര്യത്തില്‍ സംഭവിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബോബി ചെമ്മണ്ണൂര്‍ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞു തുടങ്ങിയ ഭാഗം ചാനലുകള്‍ സംപ്രേക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. തിരൂരിലെ ബോബിയുടെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ഇസ്മായേല്‍ എന്ന വ്യക്തി ജ്വല്ലറിയിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാര്‍ത്ത വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് ഒരു പ്രമുഖ ജ്വല്ലറിയില്‍ എന്ന് കൊടുക്കാനേ ധൈര്യം ഉണ്ടായുള്ളൂ.

2013 ഫെബ്രുവരി 23-ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ ഒരു വാര്‍ത്ത വന്നിരുന്നു. മുംബൈ വംശിയിലെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയിലെ നാലു ജീവനക്കാരെ നവി മുംബൈ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഈ ജ്വല്ലറി അവതരിപ്പിച്ച സ്വര്‍ണ പദ്ധതികളില്‍ റിസര്‍വ് ബാങ്ക് ചില സംശയങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു എന്നതായിരുന്നു ഈ സാമ്പത്തിക കുറ്റകൃത്യ കേസില്‍ ചുമത്തപ്പെട്ടത്.

ഈ സംഭവത്തെ തുടര്‍ന്ന് ആര്‍ബിഐയുടെ തിരുവനന്തപുരത്തെ ശാഖ ബോബിയുടെ മറ്റൊരു സ്ഥാപനമായ ചെമ്മണ്ണൂര്‍ ക്രഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന് ചില സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവരം ആരാഞ്ഞു കൊണ്ട് ഇമെയില്‍ സന്ദേശം അയച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ക്രഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്. ചെയര്‍മാനായ സി ഡി ബോബി സ്ഥാപനത്തിന് ഡയറക്ടറുടെ വായ്പയായും ഓഹരി മൂലധനമായും നല്‍കിയ ഏകദേശം 74 കോടി രൂപയുടെ സ്രോതസ് എവിടെയാണെന്ന ചോദ്യമാണ് ആര്‍ബിഐ ഉന്നയിച്ചത്.

ഈ ഇമെയിലിനെ തുടര്‍ന്നുള്ള നടപടികള്‍ വൈകിപ്പിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റിയശേഷം ബോബി 2008-09, 2009-2010, 2010-11 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. എന്നാല്‍ ആര്‍ബിഐയ്ക്ക് ആദ്യം സമര്‍പ്പിച്ച ഇന്‍കംടാക്‌സ് റിട്ടേണില്‍ നിന്ന് വ്യത്യസ്തമാണ് പിന്നീട് സമര്‍പ്പിച്ച രേഖകള്‍ എന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് പറയുന്നു. ബോബി ക്രഡിറ്റ്‌സ് ആന്റ് ഇന്‍വെസറ്റ്‌മെന്റ്‌സ് ലിമിറ്റഡിലേക്ക് ഒഴുക്കിയ പണത്തിന്റെ കണക്കുകള്‍ കൃത്യമാക്കുന്നതിനായി വ്യാജമായി ചമച്ച ഫൈനാല്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ ഞങ്ങളുടെ പക്കലുണ്ട്, കൈതാരത്ത് വെളിപ്പെടുത്തുന്നു. മുബൈയ് ക്രൈം ബ്രാഞ്ചില്‍ ബോബിക്കെതിരായ കേസ് ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. ഇതേ വിവരങ്ങള്‍ ആര്‍ബിഐയുടെ പക്കലും ഉണ്ട്.

യഥാര്‍ത്ഥ ഇന്‍കം ടാക്‌സ് റിട്ടേണ്‍ തയ്യാറാക്കിയത് ബോബിയുടെ സ്ഥിരം ഓഡിറ്ററായ കോഴിക്കോട്ടുള്ള അബ്ദുള്‍ ഹമീദ് ആണെന്നും പിന്നീട് സമര്‍പ്പിച്ച രേഖകള്‍ തയ്യാറാക്കിയത് തൃശൂരിലെ ജി ഗൗതമന്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണ്, കൈതാരത്ത് പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ബിഐയുടെ അനുമതി ഇല്ലാത്ത ബോബിയുടെ ജ്വല്ലറികളിലൂടെ അനവധി നിയമവിരുദ്ധമായ നിക്ഷേപ പദ്ധതികളിലൂടെ പണം സ്വീകരിക്കുന്നുണ്ട്. 14 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. നാലായിരത്തോളം കളക്ഷന്‍ ഏജന്റുമാര്‍ ഈ പദ്ധതികളില്‍ കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ ശേഖരിക്കുന്ന പണത്തിലെ ഒരു പങ്ക് മാത്രമാണ് രേഖകളിലുള്ളതെന്ന ആരോപണവും ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സമിതി ആരോപിക്കുന്നു. അതേസമയം ബോബി മറ്റൊരു അക്കൗണ്ടിലേക്ക് പണം വകമാറ്റുകയും ചെയ്യുന്നുണ്ട്.

ബോബി ചെമ്മണ്ണൂരിന്റെ മുന്‍ ജീവനക്കാര്‍ കൈമാറിയ രേഖകള്‍ പ്രകാരം 2014 ഫെബ്രുവരി വരെ 850 കോടിയില്‍ പരം രൂപ പല പദ്ധതികളിലൂടേയും ശേഖരിച്ചിട്ടുണ്ട്. ഇപ്പോഴത് 1450 കോടിയിലധികം ആകുമെന്ന് കൈതാരത്ത് പറയുന്നു.

ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ പ്രിഫറന്‍സ് ഷെയറുകളായി മാറ്റുന്നുമുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളാണ് ബോബിയുടേത് എന്നതിനാല്‍ ഇത് ആര്‍ബിഐ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. കൂടാതെ കമ്പനി കളക്ടീവ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ രജിസ്റ്റര്‍ ചെയ്തതുമല്ല. ഇത്തരത്തില്‍ യാതൊരു അംഗീകൃത അനുമതികള്‍ ഒന്നുമില്ലാതെയാണ് വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കുന്നത്. 14 ശതമാനം പലിശ വാഗ്ദാനം ചെയ്യുകയും അതേസമയം രേഖകളില്‍ ആറ് ശതമാനം പലിശയുമാണ് രേഖപ്പെടുത്തുന്നത്. ബോബിയുടെ വലയില്‍ കുരുങ്ങിയ ആയിരക്കണക്കിന് പേരിലൊരാളാണ് തിരൂരില്‍ ആത്മഹത്യ ചെയ്ത ഇസ്മായില്‍. മണി ചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബോബിയുടെ സാമ്രാജ്യത്തില്‍ ദ്വാരങ്ങള്‍ വീണു തുടങ്ങിയാല്‍ കൂട്ട ആത്മഹത്യകളാകും ഉണ്ടാകുകയെന്ന് കൈതാരത്ത് പറയുന്നു.

അഴിമുഖത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളില്‍ ബോബിയുടെ പ്രതികരണത്തിനായി വിശദമായ ചോദ്യാവലി സൗത്ത് റീജ്യണല്‍ മാനേജരുടെ ഇമെയിലിലേക്ക് അയച്ചിരുന്നു. അദ്ദേഹം അത് ബോബിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്ക് അയച്ചു കൊടുത്തുവെന്ന് ഫോണ്‍ സംഭാഷണത്തില്‍ അഴിമുഖത്തോട് പറഞ്ഞിരുന്നു. ചോദ്യാവലിക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അതേക്കുറിച്ച് ഓര്‍മ്മപ്പെടുത്തി കൊണ്ട് ഇമെയില്‍ അയച്ചു. അതിനും മറുപടി ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ബോബിയുടെ പ്രതികരണമില്ലാതെ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍