UPDATES

ബോബി ചെമ്മണ്ണൂരിന്റെ നായ പിടുത്തം; പ്രതിഷേധവുമായി നാട്ടുകാര്‍

തെരുവ് നായ്ക്കളെ പിടികൂടി വയനാട്ടിലെ തന്റെ എസ്റ്റേറ്റില്‍ സംരക്ഷിക്കാന്‍ ശ്രമിച്ച ബോബി ചെമ്മണ്ണൂരിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ബോബി ചെമ്മണ്ണൂരും സംഘവും കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ തെരുവ് നായ്ക്കളെ കല്‍പ്പറ്റയിലെ എസ്‌റ്റേറ്റില്‍ പരിപാലിക്കാനുള്ള ബോബിയുടെ നീക്കത്തിനെതിരെയാണ്  നാട്ടുകാര്‍ പ്രതിഷേധിച്ചത്. തെരുവ് നായ്ക്കളെ പാര്‍പ്പിക്കുന്നതിന് പാലിക്കേണ്ട നിയമങ്ങളൊന്നും പാലിക്കാതെയാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

കോഴിക്കോട് നിന്നും കല്‍പ്പറ്റയിലെത്തിച്ച തെരുവ് നായ്ക്കളെ തിരികെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ഒന്‍പത് മുതല്‍ എടഗുനി റസിഡന്‍സ് അസോസിയേഷന്‍, എ വി ഗ്രന്ഥാലയം എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കല്‍പ്പറ്റയിലെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഉപരോധിക്കുകയായിരുന്നു. കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍മാരായ വി ഹാരിസ്, കെ.ടി ബാബു, പുഷ്പ, റഷീദ്, സന്തോഷ് എന്നിവരും ഉപരോധത്തില്‍ പങ്കെടുത്തു. കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രനും സ്ഥലത്തെത്തിയിരുന്നു.

എ ഡി എം സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. 24 മണിക്കൂറിനകം നായ്ക്കളെ തിരിച്ച് കൊണ്ടുപോകണമെന്ന് കാണിച്ച് ബോബിക്ക് നോട്ടീസ് നല്‍കുമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും എ ഡി എം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതോടെ സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് നാട്ടുകാര്‍ അറിയിച്ചു.

അതേസമയം കോഴിക്കോട് നിന്നും പിടികൂടി കല്‍പ്പറ്റയിലേക്ക് കൊണ്ടുവരികയായിരുന്ന 400 നായ്ക്കളെ വൈത്തിരി പൊലീസ് ലക്കിടിയില്‍ നിന്ന് ഇന്നലെ രാത്രി തിരികെ അയച്ചിരുന്നു എന്നും പറയപ്പെടുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍