UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

ബോബി ചെമ്മണ്ണൂരിന് ‘ഭാരതരത്‌ന’ നല്‍കണം!

ബോബി ചെമ്മണ്ണൂരിന് പത്മ ബഹുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി അദ്ദേഹത്തെ ശിപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വിനീതമായ അഭ്യര്‍ത്ഥന. പത്മ ബഹുമതി എന്നുപറയുമ്പോള്‍ ഭാരതരത്‌നം ആയാലും അദ്ദേഹം മുഷിയില്ല. മുമ്പ്, മരണാനന്തരബഹുമതിയായി മാത്രമേ ഭാരതരത്‌നം നല്‍കുമായിരുന്നുള്ളൂ. എന്നാല്‍, ആ നിബന്ധന മാറ്റിയതിനാല്‍ തീര്‍ച്ചയായും ബോബി ചെമ്മണ്ണൂരിന് ഭാരതരത്‌ന നല്‍കാവുന്നതാണ്.

ഭാരതരത്‌ന നല്‍കുന്നതിന് കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ മേഖലകളിലേതിലെങ്കിലും മികവുണ്ടാവണമെന്നാണല്ലോ. ബോബിക്ക് ഇതില്‍ കുറഞ്ഞത് രണ്ട് മേഖലയിലെങ്കിലും മികവുണ്ടെന്ന് ഉറപ്പാണ്. കായിക ഇതിഹാസം മറഡോണയെ കേരളത്തില്‍ കൊണ്ടുവന്നതുമാത്രം പരിഗണിച്ചാല്‍ പോരേ? ഇനി അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അദ്ദേഹം എണ്ണൂറോളം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുക്കണ്ടേ? പി ടി ഉഷപോലും ‘ഇങ്ങനെ’ ഓടിക്കാണില്ല. ആ അര്‍ത്ഥത്തില്‍ കായികമേഖലയിലെ സംഭാവനകള്‍ക്കായി തീര്‍ച്ചയായും ബോബിസാറിനെ പരിഗണിക്കാം.

മറ്റൊന്ന്, പൊതുജനസേവനം. ബോബി ചെമ്മണ്ണൂരിന്റെ എണ്ണൂറു കിലോമീറ്റര്‍ ഓട്ടം ടെലിവിഷനിലൂടെ തത്സമയം കണ്ട് കോരിത്തരിച്ച കേരളീയര്‍ മുഴുവന്‍ അദ്ദേഹത്തിന്റെ പൊതുജനസേവന മഹത്വം മനസ്സിലാക്കിക്കഴിഞ്ഞു. ‘രക്തദാനം ജീവദാനം’ എന്ന് അദ്ദേഹം വിളംബരം ചെയ്തപ്പോഴാണ് മലയാളി മനസ്സിലാക്കിയത്. അക്കാര്യത്തില്‍ മലയാളിയെ സമ്മതിക്കണം. ഒന്നുകില്‍ വിദേശി പറയണം, അല്ലെങ്കില്‍ മുതലാളി പറയണം എന്നതാണല്ലോ ഈ ‘മല്ലൂ’സിന്റെ നടപ്പുരീതി. അപ്പോള്‍, പണക്കാരന്‍ മൊതലാളി ‘ജീവകാരുണ്യ ഓട്ടം’ ടെലിവിഷനിലൂടെ ഓടിയപ്പോള്‍ മലയാളികള്‍ മുഴുവന്‍ രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി! അക്കാലത്ത് അദ്ദേഹം വാഗ്ദാനം ചെയ്ത രക്തബാങ്കുകളില്‍ നിറയെ രക്തമാണ്. ആവശ്യക്കാര്‍ക്കു മുഴുവന്‍ ദിവസം രണ്ടുലിറ്റര്‍ വീതം കൊടുത്താലും മിച്ചം വരികയാണെന്നാണ് ശത്രുക്കള്‍ പോലും പ്രചരിപ്പിക്കുന്നത്! മഹാത്മാ പ്രാഞ്ചിമാര്‍ വാഴുന്ന ഈ കാലത്ത് ഇത്തരം ‘തനിത്തങ്കങ്ങള്‍’ വിസ്മരിക്കപ്പെടരുത്. അവാര്‍ഡ് ദായകരേ, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ തങ്കക്കട്ടികള്‍മാത്രം!

ഭാരതര്തനയുടെ കാര്യത്തില്‍ ഒരു പ്രാദേശിക ഇടപെടല്‍ കൂടിയേ തീരൂ. പ്രത്യേകിച്ചും നമ്മള്‍, കേരളീയര്‍ക്ക് ഞരമ്പുകളില്‍ ചോര തിളക്കേണ്ടതുമുണ്ട്. ഇതുവരെ നല്‍കിയ 45 ഭാരതരത്‌നങ്ങളില്‍ ഒരാള്‍ പോലും മലയാളി ഇല്ല. കാമരാജും സി സുബ്രഹ്മണ്യവും ഉള്‍പ്പെടെ എട്ടുപേരാണ് തമിഴ്‌നാട്ടുകാരായി രത്‌നത്തിളക്കം നേടിയത്. കാമരാജിനെക്കാളും സുബ്രഹ്മണ്യത്തിനെക്കാളും ഒട്ടും പിന്നിലല്ലാത്ത എത്രയോ പ്രഗത്ഭ രാഷ്ട്രീയ നേതാക്കളുണ്ടായ നാടാണ് കേരളം? അബ്ദുള്‍ കലാമിന് കിട്ടിയ ഭാരതരത്‌നം അതിനുമുമ്പേ രാഷ്ട്രപതിയായ കെ ആര്‍ നാരായണന് കിട്ടിയില്ല. അതും ഇന്ത്യയിലെ ആദ്യ ദളിത് രാഷ്ട്രപതിക്ക്! ഒരിക്കലും കിട്ടാതിരിക്കുന്നതിനെക്കാള്‍ നന്നല്ലേ വൈകിയെങ്കിലും കിട്ടുന്നത്? അപ്പോള്‍, നമുക്ക് ചോര ഞരമ്പുകളില്‍ വള്ളത്തോള്‍ മഹാകവി പറഞ്ഞതുപോലെ തിളക്കണമല്ലോ. അപ്പാള്‍, ഉചിതം ചോരക്കുവേണ്ടി ഓടിയ ബോബി മുതലാളിക്ക് ബഹുമതി കൊടുക്കുന്നതല്ലേ?

ആതുരസേവനത്തിന് ഭാരതരത്‌ന കിട്ടിയ മഹതിയാണല്ലോ മദര്‍തെരേസ. ആ മഹതി വിദേശി ആണെന്നു പറയുന്നവരുണ്ടാവാം. അങ്ങനെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ‘രാജ്യദ്രോഹം’ ആയിക്കൂടെന്നുമില്ല! അതെന്തായാലും ആ മഹതിപോലും ബോബി ചെമ്മണ്ണൂരിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്! മദര്‍ തേരേസ അവാര്‍ഡ് ബോബിക്ക് കിട്ടിയതായാണ് അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പില്‍ കാണാനാവുന്നത്.

അങ്ങനെയുള്ള മഹാനായ ബോബി ചെമ്മണ്ണൂര്‍ മലയാളിയുടെ മഹാഭാഗ്യമോ അഭിമാനമോ ആയിരിക്കുകയാണ്. ആയതിനാല്‍ അദ്ദേഹത്തിന് ഭാരതരത്‌ന കൊടുക്കുന്നതില്‍ എതിര്‍പ്പുള്ള ഒരേ ഒരു മലയാളിയേ കാണൂ – വി എസ് അച്യുതാനന്ദന്‍. സ്വന്തം പാര്‍ട്ടിക്കുപോലും വേണ്ടാത്ത ആളായതിനാല്‍ നമുക്കും അദ്ദേഹത്തെ തള്ളിക്കളയാം.

കേരളത്തിന്റെ വികസനം എങ്ങനെ വേണമെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ് ബോബി. 150 വര്‍ഷത്തെ പാരമ്പര്യമുള്ള അദ്ദേഹത്തിന്റെ സ്ഥാപനം 5000 കോടിയോളം രൂപ ആസ്തിയുള്ളതാണ്. വലിയൊരു സ്വര്‍ണ്ണ ശൃംഖലയുടെ ഉടമയായിരിക്കേ 2000 കോടി രൂപ തട്ടിച്ചു എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? സംസ്ഥാനത്തിന്റെ ഖജനാവ് സ്വന്തമായുള്ള കെ എം മാണി സാര്‍ വീട്ടില്‍ നോട്ടെണ്ണിക്കളിക്കാന്‍ കുറച്ചുപണം ബാറുടമകളില്‍നിന്ന് വാങ്ങി എന്നുപറഞ്ഞിട്ട് ആരെങ്കിലും വിശ്വസിച്ചോ?

മാണിക്കില്ലാത്ത വിശ്വാസ്യത ബോബിക്കുണ്ട്. മാണി സാറിനെതിരെ അച്യുതാനന്ദന്‍ മുതല്‍ പി സി ജോര്‍ജുവരെ പറഞ്ഞതത്രയും മാദ്ധ്യമങ്ങളില്‍ ബ്രേക്കിംഗ് ന്യൂസായും വെണ്ടക്കാ വാര്‍ത്തയായും വന്നു. ബോബിയുടെ കാര്യത്തിലോ? പ്രതിപക്ഷ നേതാവിന്റെ ബാര്‍കോഴ വാര്‍ത്താസമ്മേളനം തത്സമയം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു ചാനലുകള്‍. അതിനിടയില്‍ അതാ വി എസ് പുണ്യപുരുഷനായ ബോബിക്കുനേരെ തിരിയുന്നു. എല്ലാ ചാനലുകളും തത്സമയം ‘ലൈവ്’ കട്ടുചെയ്ത് ഓടിയ ഓട്ടം കാണേണ്ടതായിരുന്നു! മഹത്തായ ‘സ്വതന്ത്ര’പത്രങ്ങള്‍ ബോബിയെക്കുറിച്ച് വി എസ് പറഞ്ഞതിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല! മാദ്ധ്യമ പ്രതിബദ്ധത എന്താണെന്ന് മലയാളിക്ക് മനസ്സിലാവാന്‍ ഒരു ദിവസംകൂടി കാത്തിരിക്കേണ്ടിവന്നു- പ്രതിപക്ഷനേതാവ് പറഞ്ഞ കാര്യം പത്രങ്ങളിലും ചാനലുകളിലും വന്നില്ലെങ്കിലും അതേക്കുറിച്ചുള്ള ബോബി ചെമ്മണ്ണൂരിന്റെ വിശദീകരണക്കുറിപ്പ് വള്ളിപുള്ളി തെറ്റാതെ എല്ലാവരും വലിയ പ്രാധാന്യത്തോടെ വിളമ്പി! മതമൗലികവാദികള്‍ മുതല്‍ വിപ്‌ളവകാരികള്‍വരെ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു!

പിന്നെങ്ങനെ ഇതൊക്കെ പുറത്തറിയുന്നു?സാമൂഹികമാദ്ധ്യമങ്ങളുടെ വരവ് ഇവിടത്തെ പരമ്പരാഗത മാദ്ധ്യമങ്ങള്‍ അറിഞ്ഞില്ലെന്നു തോന്നുന്നു. താന്‍ കൂവിയില്ലെങ്കില്‍ നേരം പുലരില്ലെന്ന പഴയ പൂവന്‍കോഴിയുടെ വിശ്വാസത്തിലിരുന്ന മാധ്യമങ്ങള്‍ക്ക് നവമാദ്ധ്യമങ്ങളില്‍നിന്ന് കിട്ടുന്ന തിരിച്ചടിയില്‍ ഒടുവിലത്തേതാണിത്.

അങ്ങനെ മാധ്യമങ്ങളും നേതാക്കളും ഒത്തൊരുമിച്ച ബോബി സാറിനെതിരെ പൊലീസില്‍ പരാതികള്‍ വന്നു. ആദ്യത്തെ പരാതി ‘ഓപ്പറേഷന്‍ കുബേര’ പ്രകാരം കോഴിക്കോട്ടായിരുന്നു. നടപടി എടുത്ത പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം എന്തൊരു വേഗത്തിലായിരുന്നെന്നോ! ബോബിയുടെ സ്വര്‍ണക്കടയുടെ കൂട്ടത്തില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍നിന്ന് അമ്പതിനായിരം രൂപ കടമെടുത്ത ആളായിരുന്നു ഒരു പരാതിക്കാരന്‍. ഈടായി ആള്‍ 12.8 സെന്റ് സ്ഥലം നല്‍കിയിരുന്നു. മൂന്നര ലക്ഷം രൂപ തിരിച്ചടച്ചിട്ടും ആധാരം കിട്ടിയില്ലെന്നതായിരുന്നു പരാതി. ‘ഓപ്പറേഷന്‍ കുബേര’ കുറേ കാക്കിക്കുട്ടന്‍മാര്‍ക്കും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് വേതാളങ്ങള്‍ക്കും കുബേരന്‍മാരാവാനുള്ള എളുപ്പവഴിയായിരുന്നു എന്ന് പിന്നീടാണ് പരാതിക്കാരായ പലരും തിരിച്ചറിഞ്ഞത്. അക്കൂട്ടത്തില്‍ സര്‍ക്കാരിന്റെ പഴയ ചീഫ് വിപ്പും ഉണ്ടായിരുന്നു. എന്തായാലും ബോബിസാറിന്റെ സ്വര്‍ണവ്യാപാര സ്ഥാപനം നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ സമാഹരിക്കുന്നു എന്നായിരുന്നു വി എസ്സിന്റെ ആരോപണം. ഈ വി എസ്സിന്റെ ഒരു കാര്യം – ഇതിനെയല്ലേ, വികസനം വികസനം എന്നു പറയുന്നത്? പഴയ കമ്മ്യൂണിസ്റ്റായാല്‍ ഇതാണ് കുഴപ്പം – വികസനം മനസ്സിലാവില്ല!

ബോബി സാര്‍ ഇതിന് മറുപടി നല്‍കി – സാറിന്റെ സ്ഥാപനത്തില്‍നിന്ന് 75 ലക്ഷം രൂപ തട്ടിച്ച മുന്‍ ജീവനക്കാര്‍ നടത്തുന്ന പ്രചാരണമാണിത്! ഇത്രയും തട്ടിച്ചെങ്കിലും മഹാനുഭാവനായ അദ്ദേഹം പൊലീസില്‍ കേസൊന്നും നല്‍കിയില്ല. മനസ്സിലായില്ലേ, ബോബി സാര്‍ ‘പൊന്നല്ല,തനിത്തങ്കമാണ്. അത്തരമൊരാളിന് ‘പത്മശ്രീ’ ഒക്കെ ചെറിയ ബഹുമതിയാണ്, ‘ഭാരതരത്‌ന’ തന്നെ നല്‍കണം; നല്‍കി ആദരിക്കുക തന്നെ വേണം; ഒട്ടും കുറയ്ക്കരുത്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍