UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ആത്മഹത്യ; തുടരുന്ന മാധ്യമ പിമ്പിംഗ്


കേരളത്തിലെ എണ്ണിയാല്‍ തീരാത്ത ചാനലുകളിലത്രയും ഇന്ന് രാവിലെ മുതല്‍ നിരവധി ബ്രേക്കിംഗ് ന്യൂസുകളുണ്ടായിരുന്നു. കരിപ്പൂര്‍, അരുവിക്കര, ബാറ്, കോഴ, ലീഗ് പിസി ജോര്‍ജ്ജ്…അങ്ങനെ കാക്കത്തൊള്ളായിരം ബ്രേക്കിംഗുകള്‍. പക്ഷെ അതിലൊറ്റ വാര്‍ത്തയും വാര്‍ത്ത കേട്ടവരേയോ കണ്ടവരേയോ അറിഞ്ഞവരേയോ ഒരു തരത്തിലും ബ്രേക്ക് ചെയ്തില്ല. അല്ലെങ്കിലും കുറേക്കാലമായി ഏത് വാര്‍ത്ത കേള്‍പ്പിച്ചാണ് ഇവര്‍ ആള്‍ക്കാരെ ഞെട്ടിച്ചിട്ടുള്ളത്?. കരിപ്പൂരില്‍ ജവാന്റെ മരണത്തിന്റെ പേരില്‍ കഴിഞ്ഞ നാലുദിവസമായി ഇവര്‍കാണിച്ചുകൊടുത്ത ഏതെങ്കിലും എക്‌സ്‌ക്‌ളൂസീവ് വിഷ്വലില്‍ ആരാണ് ആ ജവാനെ കൊല്ലുന്നത് എന്ന് പുറത്തുവന്നോ… എന്നിട്ടും കരിപ്പൂരില്‍ അന്നുരാത്രി സിഐഎസ്എഫുകാരും ഫയര്‍ഫോഴ്‌സുകാരും ചേര്‍ന്ന് ബ്രേക്ക് ചെയ്തതെല്ലാം ഇവര്‍ വീണ്ടും ബ്രേക്ക് ചെയ്ത് കൊണ്ടിരിക്കുന്നു.

ഇവരൊക്കെ ചേര്‍ന്ന് ഇന്ന് രാവിലെ മുതല്‍ പത്തോ നൂറോ വാര്‍ത്തകള്‍ വായിക്കുകയും അതിലേറെ വാര്‍ത്തകള്‍ സ്‌ക്രോള്‍ ചെയ്തപ്പോഴുമൊക്കെ ന്യൂസ് റൂമില്‍ നിന്ന് ആ വാര്‍ത്ത മാത്രം പുറത്ത് ചാടാതിരിക്കാന്‍ എല്ലാവരും സദാ ജാഗരൂകരായി. എന്ത് തെറ്റാണ് നിങ്ങളോടൊക്കെ മലപ്പുറം താനൂര്‍ നിറമരുതൂര്‍ കാളാട് പാട്ടശ്ശേരി വീട്ടില്‍ ഇസ്മായീല്‍ എന്ന പാവം പിതാവ് ചെയ്തത്? ലോകം മുഴുവന്‍ ആരാധിക്കുന്ന ഇതിഹാസ താരം മറഡോണയുടെ ചിത്രത്തിനു കീഴിലിരുന്ന് കോറത്തുണിയുടുത്ത് പത്മശ്രീ സ്വപ്‌നം കണ്ടിരിക്കുന്ന ബോബിയുടെ പണം കണ്ട് സാക്ഷര കേരളത്തിലെ മാധ്യമങ്ങളെല്ലാം ഇങ്ങനെ കണ്ണുമഞ്ഞളിച്ചാല്‍ ഇസ്മായിലിനെപ്പോലെ മക്കളെ കെട്ടിക്കാന്‍ ജീവന്‍ ഹോമിക്കുന്ന രക്ഷിതാക്കളുടെ സങ്കടം ആരാണ് ലോകത്തോട് പറയുക?

 

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്, ചാനലുകള്‍ ബ്രേക്ക് ചെയ്തില്ലെങ്കിലും നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. തിരൂര്‍ താഴെപ്പാലത്തെ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിലാണ് സംഭവം. ഫെബ്രുവരിയിലായിരുന്നു ഇസ്മായിലിന്റെ നാലുമക്കളില്‍ രണ്ടാമത്തവളായ സുമയ്യയുടെ വിവാഹം. 7ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇസ്മായില്‍ ജ്വല്ലറിയില്‍ നിന്ന് കടമായി വാങ്ങിയത്. ഇതില്‍ 3.65ലക്ഷം തിരിച്ചടച്ചു. ബാക്കി നല്‍കാനായി പറ്റാവുന്നതെല്ലാം ചെയ്തുവരുന്നതിനിടയില്‍ പലതവണ ജ്വല്ലറിയുടെ ഫീല്‍ഡ് സ്റ്റാഫുകളെന്ന് പറയുന്ന ഗുണ്ടാസംഘം ഇസ്മായിലിനെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. സഹികെട്ടാണ് ഇന്നലെ ഒരു കാനില്‍ പെട്രോളുമായി ആ പിതാവ് ജ്വല്ലറിയിലെത്തിയത്. താമസിക്കുന്ന വീടും പറമ്പും വിറ്റ് കടം വീട്ടാമെന്നും ഇത്തിരി സാവകാശം തരണമെന്നും അയാള്‍ കരഞ്ഞുപറഞ്ഞെന്നാണ് വിവരം. പക്ഷെ ആരും ചെവിക്കൊണ്ടില്ല. അങ്ങനെയാണ് അയാള്‍ ആ കൊടുംപാതകത്തിന് മുതിര്‍ന്നത്. 70ശതമാനം പൊള്ളലേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്കാണ് മാറ്റിയത്.

 

അതീവ ഗുരുതരമാണെന്ന് ശനിയാഴ്ച വാര്‍ത്തകള്‍ വന്നെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ മെഡിക്കല്‍കോളജിലെ വിവിധ സംവിധാനങ്ങളിലൂടെയും അവിടുത്തെ പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ മുഖേനയും ബന്ധപ്പെട്ടപ്പോള്‍ മരണ വിവരം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കളില്‍ നിന്ന് കിട്ടിയ വാര്‍ത്തവെച്ച് ചിലര്‍ സോഷ്യല്‍ മീഡിയകള്‍ ആ മരണ വാര്‍ത്ത പുറത്തുവിട്ടു. പിന്നീട് മറ്റുവഴികളിലൂടെ ബന്ധപ്പെട്ടപ്പോള്‍ രാത്രി വൈകിയപ്പോള്‍ത്തന്നെ മരണം സ്ഥിരീകരിച്ചെന്നും നേരം പുലരും മുമ്പുതന്നെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യിച്ച് ബന്ധുക്കള്‍ക്ക് കൈമാറിയെന്നും വിവരം കിട്ടി. വലിയ രാഷ്ട്രീയ സ്വാധീനമുണ്ടായാല്‍പ്പോലും ഞായറാഴ്ച ഒരു പോസ്റ്റുമോര്‍ട്ടം ചെയ്ത് കിട്ടുക കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രയാസമാണ്. സാധാരണഗതിയില്‍ രാത്രിയില്‍ പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കാറേയില്ല. പക്ഷെ ശനിയാഴ്ച ഏറെ വൈകിയോ ഞായാറാഴ്ച പുലരുംമ്പഴോ മരിച്ച ഇസ്മായിലിന്റെ മൃതദേഹം നേരം വെളുക്കും മുമ്പേ പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെടുകയും ഇരുചെവിയറിയാതെ കയറ്റി അയക്കപ്പെടുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തുകൊണ്ടോ കോഴിക്കോട്ടെ മാധ്യമ സിംഹങ്ങളാരും ഇതറിഞ്ഞില്ല. അഥവാ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിച്ചതാണോ..?

 

വേദനിക്കുന്ന ഈ കോടീശ്വരന്‍ കേരളം മുഴുവന്‍ രക്തത്തിന് വേണ്ടി ഓടിയപ്പോള്‍ അവര്‍ക്ക് പിറകേ കാമറകളുമായി റിപ്പോര്‍ട്ടര്‍മാരെ ഓടിച്ച മാധ്യമ മുതലാളിമാരെ, ഇസ്മായിലിനെപ്പോലൊരു പിതാവ് നട്ടുച്ചക്ക് ഒരു ജ്വല്ലറിയില്‍ കയറി തീക്കൊളുത്തിയിട്ടും ഒരു വരി വാര്‍ത്ത കാണിക്കാത്ത നിങ്ങള്‍ ആരുടെ കൂടെയാണ്..? ഏത് നേരിന്റെ കൂടെയാണ്..?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍