UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളി, ശരീരം, ലൈംഗിക ശരീരം, ഹോമോസെക്ഷ്വല്‍ ശരീരം

Avatar

അഭിജിത്ത് ബാവ

ശരീരം, കൃത്യമായി പറഞ്ഞാല്‍ ലൈംഗിക ശരീരം കേരളത്തില്‍ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. കീഴാള ശരീരം, പെണ്‍ശരീരം തുടങ്ങിയ പരികല്‍പനകള്‍ മലയാളികള്‍ക്ക് അപരിചിതമല്ലെങ്കിലും, ‘സ്വാഭാവിക’ ഹെറ്ററോസെക്ഷ്വല്‍ യുക്തിയെ മറികടക്കാനുള്ള ശ്രമങ്ങള്‍ വേണ്ടത്ര ഉയര്‍ന്നുവന്നിട്ടില്ല. എന്നാല്‍ ലൈംഗികത കേന്ദ്രപ്രമേയമാക്കുന്ന സാമൂഹ്യമുന്നേറ്റങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇതിനുള്ള ശേഷിയുണ്ട്. അലൈംഗികമായ അര്‍ത്ഥം ഉല്‍പ്പാദിപ്പിക്കുന്ന ആലിംഗനങ്ങളില്‍ നിന്നും ഹസ്തദാനങ്ങളില്‍ നിന്നും, ചുണ്ടും ചുണ്ടും തമ്മില്‍ കോര്‍ത്തുകെട്ടിക്കൊണ്ടുള്ള പരസ്യപ്രകടനത്തെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ലൈംഗിക ശരീരത്തെക്കുറിച്ചുള്ള മൗലികമായ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് വികസിക്കുന്നത്. എന്നാല്‍ ശരീരത്തെ ലൈംഗിക ശരീരമായി തിരിച്ചറിയുന്നതില്‍ കേരളീയ സമൂഹം ഇപ്പോഴും ഏറെ പിന്നിലാണ് എന്ന് കാണാം. 

വാസ്തവത്തില്‍ ഓരോ സാമൂഹിക പ്രയോഗവും ശരീരത്തിന്റെ തന്നെ പ്രയോഗ മാതൃക മുന്നോട്ടുവയ്ക്കുന്നുണ്ട്. ആദിവാസികള്‍ നടത്തുന്ന സമരം എന്നത് അവരുടെ ശരീരത്തിന്റെ കര്‍തൃത്വ പ്രഖ്യാപനം കൂടിയാവുന്നതും സ്ത്രീ എഴുത്ത് എന്നത് സ്ത്രീശരീരത്തിന്റെ തന്നെ ആഖ്യാനമാവുന്നതും അങ്ങനെയാണ്. ദളിതരെ കുറിച്ച് സവര്‍ണര്‍ക്ക് എഴുതിക്കൂടെ എന്ന ചോദ്യവും ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മതിയെന്ന കാഴ്ച്ചപ്പാടും ശരീരത്തെ സംബന്ധിച്ച മൗലികമായ ചോദ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുണ്ട്. ഒരാളുടെ ശരീരം എന്നത് അയാള്‍/അവള്‍/തേര്‍ഡ് ജന്‍ഡര്‍ മാത്രം നിര്‍മിച്ചെടുക്കുന്നതും നിര്‍ണയിച്ചെടുക്കുന്നതുമാണെന്ന തരത്തിലുള്ള ന്യായീകരണമല്ല ഇത്. മറിച്ച് വ്യക്തിശരീരം എത്രമാത്രം സാമൂഹികമാണോ, അത്ര തന്നെ പ്രധാനമാണ് സാമൂഹ്യപ്രയോഗങ്ങളില്‍ പങ്കുചേരുന്ന വ്യക്തിശരീരങ്ങളുടെ ലൈംഗികതയും എന്നതാണ് സൂചന. 

ശരീരത്തെ ലൈംഗിക ശരീരമെന്നും അലൈംഗിക ശരീരമെന്നും വര്‍ഗീകരിക്കുന്നതില്‍ യുക്തിയില്ല. ലൈംഗികത നിഷേധിക്കപ്പെടുന്ന മതാത്മക ശരീരങ്ങള്‍ പോലും (സന്ന്യാസികള്‍, പള്ളിവികാരികള്‍, മുതലായവ) അടിച്ചമര്‍ത്തലിന്റേതോ അസംതൃപ്തിയുടേതോ ആയ തലങ്ങളില്‍ ലൈംഗികത പ്രവര്‍ത്തനക്ഷമമാണെന്നു കാണാം. മനുഷ്യനെ മനസ്സും ശരീരവും ആയി വിഭാഗീകരിക്കുന്നത് മതാത്മകമായ യുക്തിയാണ് ഇതിന്റെ തുടര്‍ച്ചയാണ് ലൈംഗിക ശരീരമെന്നും അലൈംഗിക ശരീരമെന്നുമുള്ള ശരീരത്തിന്റെ തന്നെ വിഭജനം. പൊതുവിടം എന്നത് അലൈംഗിക ശരീരങ്ങളുടെ വേദിയായും, ലൈംഗിക ശരീരം എന്നത് ഒരു കിടപ്പറക്കാര്യമായി മാറിത്തീരുന്നതും ഇത്തരമൊരു കാഴ്ച്ചപാടിന്റെ ഭാഗമായാണ്. കേരളത്തില്‍ അടുത്തിടെ നടന്ന ചുംബനസമരത്തിന് ലൈംഗികതയെ സംബന്ധിച്ച് പുലര്‍ന്നു പോരുന്ന രഹസ്യാത്മകമായ പ്രശ്‌നവത്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്(ചുംബനത്തെ ഒരു അലൈംഗിക സ്‌നേഹപ്രകടനമായി വിശദീകരിക്കാന്‍ സമരക്കാരില്‍ പലരും ജാഗ്രത്തായിരുന്നെങ്കില്‍ കൂടി). 

കേരളത്തില്‍ നടന്നിട്ടുള്ള സാമൂഹ്യപ്രയോഗങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തന്നെ അലൈംഗിക ശരീരങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ളതായിരുന്നു. ഇതാകട്ടെ ഒട്ടും സ്വാഭാവികമോ നിഷ്‌കളങ്കമോ അല്ലെന്നു മാത്രമല്ല ഹെറ്ററോസെഷ്വല്‍, പിതൃകേന്ദ്രീകൃതയുക്തിയെ ദൃഢപ്പെടുത്താന്‍ കൂടി നടത്തപ്പെട്ട പ്രയോഗങ്ങളാണ്. കീഴാള രാഷ്ട്രീയം പോലും, പ്രകടമായും അത് ശരീരത്തിന്റെയും അതുവഴി ലൈംഗിക ശരീരത്തിന്റെയും കര്‍തൃത്വപ്രഖ്യാപനം ആയിരിക്കുമ്പോഴും അലൈംഗികതയുടെ പൊതുസമ്മതിയില്‍ ഉറച്ചുനില്‍ക്കാനാണ് താല്‍പ്പര്യപ്പെട്ടതെന്നു കാണാം. ചുംബനസമരവുമായി ബന്ധപ്പെട്ടും ഈ അലൈംഗിക ജാഗ്രതാവാദം ഉയര്‍ന്നുവന്നു. മുഖ്യധാരാ ശരീരബോധത്തിനും മൂല്യവ്യവസ്ഥയ്ക്കും തരിമ്പും പോറലേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശമല്ല, കെ.കെ.ബാബുരാജിനെ പോലുള്ള കീഴാളബുദ്ധിജീവികള്‍ പ്രകടിപ്പിച്ച ആശങ്കയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇത്തരം പ്രതിഷേധമാര്‍ഗ്ഗങ്ങള്‍, നാഗരിക മധ്യവര്‍ഗ്ഗത്തിന്റെ ഉത്തരവാദത്തിന്റെ ചെലവില്‍ മുസ്ലീം രാഷ്ട്രീയ ഉയര്‍പ്പിനെ പുറന്തള്ളാനുള്ള ഉപകരമായി കലാശിക്കുന്നു എന്നതായിരുന്നു വിമര്‍ശനം. ഇത് തീര്‍ച്ചയായും പരിഗണന അര്‍ഹിക്കുന്ന വാദമാണ്. ഓരോ സാംസ്‌കാരിക വിഭാഗത്തിനും തനതായ ലൈംഗിക ശീലങ്ങളും ശരീരബോധവും ഉണ്ടാവും. മതേതര-ഉദാരവാദം കരുതുന്നത്ര നിസാരമല്ല ഈ വിഷയം. എന്നാല്‍ ശരീരത്തെ അലൈംഗികമായി നിലനിര്‍ത്തണമെന്ന, അതുവഴി ഹെറ്ററോസെക്ഷ്വല്‍ പിതൃകേന്ദ്രീകൃത ലൈംഗിക പ്രത്യയശാസ്ത്രം അതേപടി നിലനിര്‍ത്തണമെന്ന ശാഠ്യം പുറന്തള്ളുന്ന ഒരു വലിയ വിഭാഗമില്ലേ നമ്മുടെ സമൂഹത്തിന്? പ്രത്യേകിച്ചും എല്‍.ജി.ബി.ടി. സമൂഹം? അലൈംഗികമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെടുന്ന ഹെറ്ററോസെക്ഷ്വല്‍ യുക്തിയെ ലൈംഗികമായി മറികടക്കാതെ ഈ വിഭാഗത്തിന് എങ്ങനെയാണ് സാന്നിധ്യം ഉറപ്പിക്കാനാവുക? നവസാമൂഹ്യമുന്നേറ്റങ്ങളും വ്യക്തിശരീരങ്ങളുടെ ഭിന്നതല ലൈംഗികസ്വത്വമാതൃകകളും. നേര്‍ക്കുനേര്‍ വരുന്ന സന്ദര്‍ഭമാണിതെന്ന് പറയേണ്ടിവരും.

കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ലൈംഗികതയെ സംബന്ധിച്ച കാഴ്ച്ചപ്പാടുകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മനുഷ്യലൈംഗികത ജനനത്തിന് മുമ്പേ പ്രകൃതി/ദൈവദത്തമായി നിശ്ചയിക്കപ്പെട്ട് ജനിച്ചതാണെന്ന മതകീയ ലൈംഗികബോധം ഇതിന്റെ ഭാഗമായി തിരസ്‌കരിക്കപ്പെട്ടു. ജെന്‍ഡര്‍ എന്നത് ജീവശാസ്ത്രപരമായ സെക്‌സുമായി സമാനത പുലര്‍ത്തിക്കൊള്ളണമെന്നില്ല എന്നു ചൂണ്ടിക്കാട്ടുന്നു. ഹോമോസെക്ഷ്വല്‍ ശരീരങ്ങള്‍, ഹെറ്ററോസെക്ഷ്വല്‍ എന്നു പൊതുവില്‍ കരുതപ്പെടുന്ന ശരീരങ്ങളില്‍ പോലും പലപ്പോഴും ലൈംഗികതയുടെ ഭിന്നതലങ്ങള്‍ പ്രകടമായിരിക്കും. എന്നാല്‍ ചരിത്രപരമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന ഹെറ്ററോസെക്ഷ്വല്‍ യുക്തി ഈ വൈവിധ്യത്തെ തള്ളിക്കളയാന്‍ എപ്പോഴും ജാഗ്രത കാട്ടിയിട്ടുണ്ട്. സ്വവര്‍ഗലൈംഗികതയെ പ്രകൃതിവിരുദ്ധ ലൈംഗികതയായി വ്യാഖ്യാനിക്കുന്ന തരത്തിലാണ് നമ്മുടെ ജുഡീഷ്യറിയുടെ പോലും ലൈംഗികബോധം. 

മനുഷ്യലൈംഗികതയെ ഹെറ്ററോസെക്ഷ്വല്‍ ആധിപത്യപരതയ്ക്കുള്ളില്‍ നിന്ന് കാണുന്ന സമ്പ്രദായങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഫെമിനിസ്റ്റ് മുന്നേറ്റങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമരങ്ങളും നടന്നിട്ടുള്ളത്. ഏകശിലാത്മകമായ ഹെറ്ററോസെക്ഷ്വല്‍ ലൈംഗികത എന്നത് ഭരണകൂടത്തിന്റെ അധികാരപ്രയോഗവുമായി, കുടുംബത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പുരുഷാധിപത്യ ചേതനയുമായി ഏതുവിധത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അത്തരം മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടി. ഹെറ്ററോസെക്ഷ്വാലിറ്റിയുടെ അചഞ്ചലത എന്നത് ഒരു സാമൂഹ്യനിര്‍മ്മിതി മാത്രമാണെന്ന കാഴ്ച്ചപ്പാട് തികച്ചും വിപ്ലവകരമായിരുന്നു. എന്നാല്‍ നമ്മുടെ സാമൂഹ്യജീവിതവും മതപ്രത്യയയശാസ്ത്രങ്ങളും ഏതാണ്ട് പൂര്‍ണ്ണമായ തരത്തില്‍ പിന്‍പറ്റുന്നത് ഹെറ്ററോസെക്ഷ്വല്‍ പുരുഷാധിപത്യബോധമാണ്. ലൈംഗിക എത്രമാത്രം രഹസ്യാത്മകമായി തുടരുന്നുവോ, അത്രമാത്രം സുരക്ഷിതമായിരിക്കും ഈ ആധിപത്യവും. 

ലൈംഗികന്യൂനപക്ഷത്തിന്റെ സാമൂഹ്യരൂപീകരണങ്ങള്‍ യൂറോപ്യന്‍ സെക്കുലര്‍ ഗവണ്‍മെന്റുകളുടെ ഇസ്ലാംവിരുദ്ധതയുമായി ഒന്നുചേര്‍ന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനം അടുത്തിടെ വായിച്ചിരുന്നു. ഈ ആശങ്ക പരിഗണിക്കേണ്ടത് തന്നെ. എന്നാല്‍ ശരീരത്തെ സംബന്ധിച്ച അചഞ്ചലമായ ഹെറ്ററോസെക്ഷ്വല്‍ യുക്തി ഫാസിസ്റ്റുകളുടെ മാത്രമല്ല സെക്കുലര്‍ ലിബറല്‍ ഭരണകൂടങ്ങളുടെയും ഉപകരണമാണെന്നത് പ്രധാനം. മുസ്ലിം രാഷ്ട്രീയ മുന്നേറ്റങ്ങളെ, ലൈംഗിക ന്യൂനപക്ഷങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന പ്രയോഗങ്ങളായി മനസ്സിലാക്കിയും സഹജമായും അത് സ്ത്രീവിരുദ്ധമതമാണെന്നും സ്ഥാപിച്ചും മാറ്റിനിര്‍ത്തുന്നത് എത്രമാത്രം ജനാധിപത്യവിരുദ്ധമാണോ അത്രതന്നെ ജനാധിപത്യ വിരുദ്ധമാണ് വ്യക്തിശരീരത്തിന്റെ ലൈംഗികഭിന്നത്വം മുന്‍കൂര്‍ റദ്ദാക്കുന്നതും. സാമൂഹ്യമുന്നേറ്റങ്ങളും ലൈംഗികശരീരങ്ങളും തമ്മിലുള്ള സംവാദത്തിലൂടെ മാത്രമേ നമുക്ക് ജനാധിപത്യം വികസിപ്പിക്കാനാവൂ.

(പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയാണ് ലേഖകന്‍)

 

*Views are Personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍