UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ബോഗന്‍: ഒരു കള്ളനും പോലീസും കളി; കൂട്ടിന് ഇത്തിരി ഫാന്റസിയും

നായകനും വില്ലനും തമ്മിലുള്ള യുദ്ധത്തില്‍ വില്ലന് ഇടമുണ്ടാവുന്നതും വില്ലന്‍ ജയത്തോടടുത്ത പരാജയം ഏറ്റുവാങ്ങുന്നതും അല്ലെങ്കില്‍ ജയിക്കാനുള്ള സാധ്യത അയാള്‍ക്കു കൂടി പങ്കിട്ടു കൊടുക്കുന്നതും ആദ്യമല്ലെങ്കില്‍ കൂടി അപൂര്‍വ്വമാണ്

അപര്‍ണ്ണ

പ്രേക്ഷകര്‍ക്ക് ഒരിക്കലും മാറാത്ത ചില ഇഷ്ടങ്ങളുണ്ട്. അങ്ങനെയൊരു ഗൃഹാതുരത്വം ചേര്‍ന്ന ഇഷ്ടമാണ് ചിലര്‍ക്ക് അരവിന്ദ് സ്വാമിയോട്. തനി ഒരുവന്‍ അത്തരത്തില്‍ കൂടി കൊണ്ടാടപ്പെട്ട സിനിമയാണ്. ആ സിനിമയിലെ ജയം രവി – അരവിന്ദ് സ്വാമി കൂട്ടുകെട്ടില്‍ ബോഗന്‍ എന്നൊരു സിനിമയെടുക്കാന്‍ സംവിധായകന്‍ ലക്ഷ്മണയേയും നിര്‍മ്മാതാവിനെയും പ്രേരിപ്പിച്ച ഒരു ഘടകവും അതാവും. അരവിന്ദ് സ്വാമിയുടെ നെഗറ്റിവ് റോളും വ്യത്യസ്തമായ പോസ്റ്ററുകളും നേരത്തെ ചര്‍ച്ചയായിരുന്നു.

ആദിത്യ വര്‍മ്മന്‍ (അരവിന്ദ് സ്വാമി) പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ജീവിതം ആസ്വദിക്കുന്ന ആളാണ്. മദ്യവും മറ്റു ലഹരി വസ്തുക്കളും ആഡംബരക്കാറും വില കൂടിയ ബംഗ്ലാവും നിരവധി സ്ത്രീകളും ഒക്കെയായി ജീവിതം മുന്നോട്ട് നീക്കുന്ന അയാള്‍ ഇതിനുള്ള മാര്‍ഗ്ഗം കണ്ടുപിടിക്കുന്നത് വിചിത്രമായ വഴിയിലൂടെയാണ്. ജ്വല്ലറികളിലും ബാങ്കിലുമെല്ലാമുള്ള വമ്പന്‍ തുകകള്‍ തട്ടിയെടുക്കുന്നുണ്ട് ഇദ്ദേഹം. പുരാവസ്തു ഗവേഷണ വകുപ്പില്‍ ജോലിചെയ്ത് പരകായ പ്രവേശസിദ്ധി മന്ത്രങ്ങള്‍ അടങ്ങിയ താളിയോല ഇയാള്‍ മോഷ്ടിക്കുന്നു. കഠിന തപസ്സിലൂടെ ഈ സിദ്ധി ആര്‍ജ്ജിച്ച് മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ദേഹത്ത് പ്രവേശിക്കുന്നു. അവരായി മാറി മോഷണം നടത്തുന്നു.

സത്യസന്ധനായ പൊലീസുദ്യോഗസ്ഥനാണ് വിക്രം (ജയംരവി). ഇയാളുടെ അച്ഛന്റെ ദേഹത്ത് പ്രവേശിച്ച് ആദിത്യ മോഷണം നടത്തുന്നു. ആദിത്യയാണ് ഇതിന് പിന്നിലെന്നറിഞ്ഞ് തന്ത്രപൂര്‍വ്വം വിക്രം അയാളെ അറസ്റ്റ് ചെയ്യുന്നു. രക്ഷപ്പെടാന്‍ മറ്റൊരു വഴിയുമില്ലെന്നറിഞ്ഞ ആദിത്യ വിക്രത്തിന്റെ ദേഹത്തു പ്രവേശിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ കഥയാണ് ബോഗന്‍ പറയുന്നത്.

മിസ്റ്റിക് സിനിമകളും അതീന്ദ്രിയ ശക്തി നിറച്ച സിനിമകളുമെല്ലാം ഇന്ത്യയില്‍ ചിലപ്പോള്‍ ആഘോഷിക്കപ്പെടാറുണ്ട്. നായകന്‍ – വില്ലന്‍ ദ്വന്ദ്വത്തിന്റെ വിചിത്രബന്ധങ്ങളും പ്രേക്ഷകര്‍ കാണാനിഷ്ടപ്പെടുന്ന ഫോര്‍മുലയാണ്. ഇത് രണ്ടും ഉള്‍ച്ചേര്‍ന്ന ത്രില്ലര്‍ ആണ് ബോഗന്‍. ആ രീതിയില്‍ തന്നെ മുറുകി നീങ്ങുന്ന കഥയുണ്ട്. ഒന്നാം പകുതിയില്‍ ചിലപ്പോള്‍ പരസ്പരം മാറിയ അഭിനയശൈലിയും കൗതുകമുണ്ടാക്കുന്നുണ്ട്.

പക്ഷേ ഫെയ്‌സ് ഓഫില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് നീങ്ങുന്ന രണ്ടാം പകുതി പൂര്‍ണ്ണമായും സംവിധായകരുടെയും നടന്‍മാരുടെയും കൈവിട്ട് പോയി. മാറിപ്പോയ രണ്ട് ശരീരങ്ങള്‍ കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ എന്തെക്കെയോ ചെയ്തുകൂട്ടുന്ന കാഴ്ചയാണ് സിനിമയുടെ ഈ ഭാഗം. കാണുന്നവരെ മൊത്തം കൊല്ലുക, ഇടിച്ചുവീഴ്ത്തുക, പറ്റാവുന്നിടത്തെല്ലാം പരകായ പ്രവേശം നടത്തുക, അതിശയോക്തിയുടെ ബാഹുല്യം കൊണ്ട് പ്രേക്ഷകരെ നിസ്സഹായരാക്കുക, ഒടുവില്‍ രണ്ടാം ഭാഗത്തിനുള്ള സാധ്യത അവശേഷിപ്പിച്ച് നിര്‍ത്തുക. എന്താണ് സംഭവിക്കുന്നത് എന്നതറിയാന്‍ പോലും പറ്റാത്ത അത്രയും വേഗത്തില്‍ തുടരെ തുടരെ സംഭവങ്ങള്‍ സ്‌ക്രീനില്‍ മിന്നിമാഞ്ഞു പോകുന്നു.

മുഖം മൂടി, ഞാന്‍, നീ, അപരം, നല്ലത്, കെട്ടത് എന്നൊക്കെ വ്യാഖ്യാനിക്കാമായിരുന്ന ഒരിടത്തു നിന്നും വളരെ ദുര്‍ബ്ബലമായ ഒരു പ്ലോട്ടിലേക്കും സിനിമ നീങ്ങി. തീര്‍ച്ചയായും യുക്തികളെ ഭദ്രമായി അടുക്കിപ്പെറുക്കി വെച്ചാണ് ഇത്തരം സിനിമകള്‍ കാണാറ്. പക്ഷെ ഭാവനയേയും മറികടക്കുന്ന വേഗത്തില്‍ സിനിമയില്‍ സംഭവപരമ്പരകള്‍ അരങ്ങേറുകയാണ്. ഇത്തരം സിനിമകള്‍ പൊതുവെ നീളം കൂടിയവയാണ് എന്ന പൊതുതത്വത്തെ ആശ്രയിച്ച് ആണെന്ന് തോന്നുന്നു മൂന്നു മണിക്കൂറോളം വലിച്ചിഴച്ച് നീട്ടുന്നുണ്ട്. സിനിമയെ പലപ്പോഴും നീളം അരോചകമാക്കുന്നു. മുറുകി നിന്നിരുന്ന കഥാഗതിയെ അയച്ച് ഇല്ലാതാക്കുന്നതില്‍ ഇത്രയും നീണ്ട സമയത്തിനും ഒരു വലിയ പങ്കുണ്ട്.

ആദിത്യ വര്‍മ്മന്റെ ഈ സിദ്ധിയെ മനഃശാസ്ത്രവുമായി ഇടകലര്‍ത്താനുള്ള ശ്രമമൊക്കെ സിനിമയില്‍ ഇടയ്ക്ക് നടക്കുന്നുണ്ട്. പക്ഷെ ആ ഭാഗങ്ങളെല്ലാം വളരെ ദയനീയമായി പരാജയപ്പെടുന്നു. അയാള്‍ ഒരു സൈക്കോപാത്താണോ അല്ലയോ എന്ന അന്വേഷണം പകുതിയില്‍ നിര്‍ത്തി. സിനിമ അയാളുടെ സിദ്ധികള്‍ക്ക് മാത്രം പിറകെ പോകുന്നു. അഭിനയ സാധ്യതകളെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആദിത്യന്റെ കഥാപാത്രം നിര്‍മ്മിക്കുന്നതിലും സിനിമ പരാജയമാണ്. ഇത്തരം സിനിമകളെ പലപ്പോഴും നയിക്കുന്നത് വില്ലന്‍ കഥാപാത്രമാണ്. രാജാവിന്റെ മകനായതും ഭ്രാന്തിന്റെ പാരമ്പര്യവുമെല്ലാം ഇടയ്ക്ക് പറഞ്ഞുപോകുന്നുണ്ട്. അത് രണ്ടാം ഭാഗത്തിന് വേണ്ടി കരുതിവച്ചതാകും ചിലപ്പോള്‍.

നായകനും വില്ലനും തമ്മിലുള്ള യുദ്ധത്തില്‍ വില്ലന് ഇടമുണ്ടാവുന്നതും വില്ലന്‍ ജയത്തോടടുത്ത പരാജയം ഏറ്റുവാങ്ങുന്നതും അല്ലെങ്കില്‍ ജയിക്കാനുള്ള സാധ്യത അയാള്‍ക്കു കൂടി പങ്കിട്ടു കൊടുക്കുന്നതും ആദ്യമല്ലെങ്കില്‍ കൂടി അപൂര്‍വ്വമാണ്. അത്തരത്തില്‍ ഒരു സിനിമയാണ് ബോഗന്‍, അതിന്റെ എക്‌സിക്യൂഷനില്‍ പരാജയപ്പെട്ടെങ്കിലും. പാട്ടും പ്രണയവും ഹന്‍സികയുടെ നായികാ വേഷവും എല്ലാം തമിഴ്പ്പട ക്ലീഷേകള്‍ ആണ്. പശ്ചാത്തല സംഗീതം കൊള്ളാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍