UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാത്മീകിയെ കൊലപാതകിയെന്ന് വിശേഷിപ്പിച്ചതിന് ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റില്‍?

രാഖിയെ അറസ്റ്റ് ചെയ്തുവെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ലുധിയാന ഡിസിപി

വാത്മീകി മഹര്‍ഷിയെ കൊലപാതകിയെന്ന് വിശേഷിപ്പിച്ചതിന് ബോളിവുഡ് നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. 2016-ല്‍ ഒരു സ്വകാര്യ ടെലിവിഷന്‍ പരിപാടിയിലായിരുന്ന വാത്മീകി മഹര്‍ഷിയെക്കുറിച്ചുള്ള രാഖിയുടെ പ്രസ്താവന വന്നത്. ഇതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വാത്മീകി സമുദായക്കാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ലുധിയാന കോടതി താരതിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിന്നു.

രാഖി സാവന്തിന്റെ വിവാദ വീഡിയോ

വാത്മീകി മഹര്‍ഷിയുടെ പിന്തുടര്‍ച്ചക്കാരേയും അനുയായികളേയും അപമാനിക്കുന്നതാണ് പ്രസ്താവനയെന്നാണ് പരാതി. വാറണ്ടുമായി ലുധിയാന പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മുംബൈയിലെത്തി ഇവരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാഖിയെ അറസ്റ്റ് ചെയ്തതായുളള വാര്‍ത്തകള്‍ പഞ്ചാബ് പോലീസ് നിഷേധിച്ചുവെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുംബൈയില്‍ നിന്നും രാഖിയെ അറസ്റ്റ് ചെയ്തുവെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ലുധിയാന ഡിസിപി ധ്രുമാന്‍ നിംബലേ പറഞ്ഞു. സംഭവത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് രാഖി പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്-

‘എനിക്ക് ഒരു സമന്‍സും ലഭിച്ചിട്ടില്ല. എന്നെ അറസ്റ്റ് ചെയ്യുവാനായി പോലീസ് വരുന്നുണ്ടെന്ന തരത്തിലുള്ള കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നുമാണ് അറിഞ്ഞത്. വാത്മീകിയെയും വാത്മീകി സമുദായത്തെയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. അറസ്റ്റിനെക്കുറിച്ചുളള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഏപ്രില്‍ ഫൂളാണെന്നാണ് കരുതി. എന്റെ സുഹൃത്തും ഗായകനുമായ മില്‍ഖ സിങ്ങിന്റെ ജീവിതത്തിലുണ്ടായ മാറ്റത്തെ വാത്മീകിയുടെ ജീവിതത്തോട് ഉപമിക്കുകയായിരുന്നു. കളളനായ വാത്മീകി പിന്നീട് സന്യാസിയായി മാറിയതുപോലെയാണ് മില്‍ഖ സിങ്ങും മാറിയത്. വാത്മീകിയെ ഒരു ഉദാഹരണമായി പറയുകയാണ് ഞാന്‍ ചെയ്തത്. എന്റെ പരാമര്‍ശത്തിലൂടെ വാത്മീകി സമുദായത്തിന്റെ വികാരത്തെ മുറിവേല്‍പ്പിച്ചുവെങ്കില്‍ വാത്മീകി സമുദായത്തിലെ എല്ലാവരോടും മാപ്പു ചോദിക്കുന്നു.’

നരീന്ദര്‍ ആദിയ എന്ന അഭിഭാഷകനാണ് രാഖി സാവന്തിനെതിരെ പരാതി നല്‍കിയത്. കോടതി രാഖി സാവന്തിനു സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 10-ന് കേസ് വീണ്ടും പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍