UPDATES

സിനിമാ വാര്‍ത്തകള്‍

ഇനി പാക് താരങ്ങളുമായി സിനിമ ചെയ്യില്ല: കരണ്‍ ജോഹര്‍

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ താരങ്ങളെ ഇനി തന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് കരണ്‍ ജോഹര്‍ ഇക്കാര്യം പറഞ്ഞത്. രാജ്യമാണ് തനിക്ക് ഏറ്റവും വലുതെന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ ദേശാഭിമാനം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സ്‌നേഹമാണെന്ന് വിശ്വസിക്കുന്നുവെന്നും എക്കാലത്തും എന്റെ സിനിമകളിലൂടെ പറയാന്‍ ശ്രമിച്ചത് ഇതാണെന്നും കരണ്‍ ജോഹര്‍ പറയുന്നു.

നാല് സംസ്ഥാനങ്ങളിലെ 450-ഓളം വരുന്ന തീയറ്റര്‍ ഉടമകള്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിരിന്നു. കരണിന്റെ പുതിയ ചിത്രത്തില്‍ നിന്ന് ഫവദ് ഖാനെ ഒഴിവാക്കിയില്ലെങ്കില്‍ ചിത്രം പുറത്തിറങ്ങിയാല്‍ തീയറ്ററുകള്‍ തകര്‍ക്കുമെന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാനി അഭിനേതാക്കളും കലാകാരന്മാരും രാജ്യം വിട്ടുപോകണമെന്നും എംഎന്‍എസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായി കരണ്‍ നേരത്തെ വന്നിരുന്നു. തുടര്‍ന്ന് കരണിന്റെ പുതിയ ചിത്രമായ യേ ദില്‍ ഹേ മുഷ്‌കില്‍ തീയറ്റര്‍ ഉടമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കരണ്‍ പുതിയ പ്രസ്താവനയുമായി എത്തിയത്.


പാക് നടന്‍ ഫവദ് ഖാന്‍ അഭിനയിച്ചു എന്നതു കൊണ്ട് തന്റെ പുതിയ ചിത്രമായ യേ ദില്‍ ഹേ മുഷ്‌കിലിന്റെ റിലീസിംഗ് തടയുന്നത് ശരിയല്ല. 300-ലധികം വരുന്ന ഇന്ത്യക്കാരുടെ ചോരയും വിയര്‍പ്പും കണ്ണീരുമാണ് ഈ സിനിമയ്ക്ക് പിന്നിലുള്ളത്. തന്നെ ദേശവിരുദ്ധനായി ചിത്രീകരിച്ചതുകൊണ്ടാണ് ഇത്രയും ദിവസം ഒന്നും പറയാതിരുന്നത്. ഞാന്‍ ഇന്ത്യന്‍ സൈന്യത്തെ ബഹുമാനിക്കുന്നു. എല്ലാ തരത്തിലുമുള്ള തീവ്രവാദങ്ങളെയും അപലപിക്കുന്നുവെന്നും വീഡിയോയില്‍ കരണ്‍ പറയുന്നുണ്ട്.

കൂടാതെ, യേ ദില്‍ ഹേ മുഷ്‌കിലിന്റെ ചിത്രീകരണം നടത്തിയപ്പോള്‍ നമ്മുടെ രാജ്യം അയല്‍രാജ്യവുമായി നല്ല ബന്ധത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആ ശ്രമങ്ങളോട് ബഹുമാനവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വികാരങ്ങളേയും ഞാന്‍ മാനിക്കുന്നുവെന്നും കരണ്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍