UPDATES

സിനിമ

പിക്കു: ഒരു മലബന്ധമുണ്ടാക്കിയ കഥ

Avatar

ചിന്ത ടി.കെ

മലബന്ധത്തിന്റെ അസ്വസ്ഥതകളെപ്പറ്റി സദാ വേവലാതിപ്പെടുകയും പരാതി പറയുകയും ചെയ്യുന്ന 70-കാരനായ അച്ഛനും നാഗരികജീവിതത്തിന്റേതായ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന 30-കാരിയായ മകളും. ഡൽഹി  എന്ന മഹാനഗരത്തിൽ ജീവിക്കുന്ന ഈ ബംഗാളി കുടുംബമാണ്  ‘പിക്കു’എന്ന ചലച്ചിത്രത്തിന്റെ കേന്ദ്രബിന്ദു. പൂർണ ആരോഗ്യവാനെങ്കിലും തന്റെ ദഹനേന്ദ്രിയത്തിന്റെ പ്രവർത്തനത്തെപ്പറ്റി എപ്പോഴും ആകുലപ്പെട്ടു മറ്റുള്ളവരെ അലോസരപ്പെടുത്തുക എന്ന നിർബന്ധബുദ്ധിക്കാരനാണ് ഭാസ്കൊർ ബാനർജി. അച്ഛന്റെ രീതികളുമായി തീരെയും യോജിപ്പില്ലെങ്കിലും പൂര്‍ണമായും തന്നിൽ ആശ്രിതനായിരിക്കുന്നതിനാൽ അദ്ദേഹവുമായി പൊരുത്തപ്പെടാൻ കിണഞ്ഞു ശ്രമിക്കുന്നു മകൾ പിക്കു. ഇരുവരുടെയും ദൈനംദിന ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

 

തന്റെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി എപ്പോഴും വ്യാകുലനായിരിക്കുകയും വാർധക്യത്തിന്റെതായ പിടിവാശികൾ കൊണ്ട് മകളെയും ചുറ്റുമുള്ളവരെയും സദാ അലട്ടുകയും ചെയ്യുന്ന ഭാസ്കൊർ ബാനർജി എന്ന കഥാപാത്രമായി അമിതാഭ് ബച്ചൻ പരകായപ്രവേശം നടത്തിയിരിക്കുന്നു. വിഭാര്യനായ ശേഷം മകളിൽ ആശ്രയം കണ്ടെത്തുന്ന ഭാസ്കർ ബാനർജി മകൾ വിവാഹം കഴിച്ചു ജീവിക്കുന്നതിനെ ഒട്ടും അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല മകൾ ലൈംഗികമായി സ്വതന്ത്രയാണെന്നും അവൾക്കു വിവാഹം ആവശ്യമില്ലെന്നും പരസ്യമായി പറയുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. തീർത്തും സ്വാർത്ഥനായ ബാനർജി തന്റെ മലബന്ധത്തെക്കുറിച്ചുള്ള പ്രശ് നങ്ങൾ അവളുടെ ഓഫീസിലേക്ക് സന്ദേശമായി അയച്ചു പരിഹാരം തേടാൻ പോലും മുതിരുന്ന ഒരു കഥാപാത്രമാണ്‌. അച്ഛന്റെ ആരോഗ്യകാര്യങ്ങളിലെ ഈ അതിരുകടന്ന ഉത്കണ്ഠ കാരണം പൊറുതിമുട്ടി ജീവിക്കുന്ന മകൾ പിക്കുവായി ദീപിക പദുകോണ്‍ നല്ല പ്രകടനം കാഴ്ചവച്ചിരിക്കുന്നു. അച്ഛനും മകളും തമ്മിൽ നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭാഷണങ്ങൾ കൂടുതലും മലബന്ധത്തെയും മലവിസർജ്ജനത്തിനെപ്പറ്റിയും തന്നെയാണ്. ഇരുവരും തമ്മിലുള്ള തർക്കങ്ങളും വഴക്കിടലും പലപ്പോഴും ഒരു സാധാരണ മധ്യവര്‍ഗ കുടുംബത്തിൽ നടന്നുവരുന്ന കലപിലകളായി തന്നെ അനുഭവവേദ്യമാകുന്നുണ്ട്. പലപ്പോഴും പരസ്പരം ശബ്ദമുയര്‍ത്തി സംസാരിക്കുകയും വഴക്കിടുകയും ചെയ്യുന്നവരാണ് അച്ഛനും മകളുമെങ്കിലും അച്ഛന്റെ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവാണ് മകൾ പിക്കു. പ്രായാധിക്യത്തിന്റെ ആകുലതകൾ അച്ഛനിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവതിയായിരിക്കുമ്പോഴും അച്ഛനെ മറ്റുള്ളവർ വിമർശിക്കുന്നത് പിക്കു  ഇഷ്ടപ്പെടുന്നില്ല. സുഹൃത്ത്‌ സയീദുമായുള്ള സംഭാഷണവേളയിൽ  പിക്കു ആ അനിഷ്ടം വ്യക്തമായിത്തന്നെ പ്രകടിപ്പിക്കുന്നുണ്ട്. ഇണക്കവും പിണക്കവും നിറഞ്ഞ ഈ കുടുംബബന്ധത്തെ ഒട്ടും ഇഴപിരിയാത്ത വിധത്തിൽ ഭാവുകതയോടെ, നാടകീയത അശേഷമില്ലാതെ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻറെ സവിശേഷത. 

 

 

ബംഗാളിനെക്കുറിച്ചുള്ള ഗൃഹാതുരതയിൽ അഭിരമിക്കുന്ന ഭാസ്കൊർ ബാനർജി മകളുമൊത്ത് കൊൽക്കത്തയിലേക്ക് കാർമാർഗം യാത്രയാവുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കാർ ഡ്രൈവെറായി എത്തുന്ന ട്രാവല്‍സ് ഉടമ തന്നെയായ റാണ ചൌധുരിയായി ഇര്‍ഫാൻ ഖാൻ തന്റെ സ്വതസിദ്ധമായ അനായാസാഭിനയം കാഴ്ചവച്ചിരിക്കുന്നു. ഭാസ്കൊർ ബാനർജിയുടെ ശാറ്യങ്ങളെയും ഉത്കണ്ഠകളെയും തന്റേതായ ശൈലിയിൽ റാണ കൈകാര്യം  ചെയ്യുന്നത് അതീവ കൌതുകകരമാണ്.

 

യാത്രയ്ക്കിടയിൽ റാണയും പിക്കുവും തമ്മിൽ ഉടലെടുക്കുന്ന മാനസികക്യത്തിന്റെ രസതന്ത്രം മസാലയുടെ ചേരുവകൾ ഒന്നുമില്ലാതെ തന്നെ അത്യന്തം ഹൃദ്യമാണ്. യാത്രയിലുടനീളം ഭാസ്കർ ബാനർജി ഉണ്ടാക്കുന്ന കലശലുകൾ സഹയാത്രികർക്കൊപ്പം പ്രേക്ഷകരെയും അലോസരപ്പെടുത്തുകയും കൊല്‍ക്കത്തയില്‍ എത്തുമ്പോൾ അദ്ദേഹത്തിൽ ഉണ്ടാവുന്ന ഉന്മേഷം പ്രേക്ഷകരിലെക്കും പ്രസരിക്കുകയും ചെയ്യുന്നു. കൊല്‍ക്കത്തയുടെ മനോഹാരിത എടുത്തു കാട്ടുന്ന ഛായാഗ്രഹണവും അതീവഹൃദ്യമായ പശ്ചാത്തല സംഗീതവും ചിത്രത്തിൻറെ സവിശേഷതകൾ തന്നെ.

 

നിത്യജീവിതത്തിൽ പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് മലബന്ധം എങ്കിലും ഒരു ചലച്ചിത്രത്തിലേക്ക്‌ അതിനെ സന്നിവേശിപ്പിച്ച് ഒട്ടും ജുഗുപ്സ തോന്നാത്ത വിധത്തിൽ അവതരിപ്പിക്കാൻ തിരക്കഥാകൃത്ത് ജൂഹി ചതുർവേദിയും സംവിധായകൻ ഷൂജിത് സർക്കാരും കാണിച്ചിരിക്കുന്ന കയ്യടക്കം അതീവ പ്രശംസ അര്‍ഹിക്കുന്നു. ആധുനിക ജീവിതത്തിൽ മുതിര്‍ന്ന പൌരന്മാര്‍ക്ക് നല്‍കേണ്ട പരിഗണനയെപ്പറ്റിയുള്ള ഒരു സന്ദേശവും ചിത്രം മുന്നോട്ട് വയ്ക്കുന്നു. 

 

(വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥയാണ് ചിന്ത)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍