UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാവരും അഴകിയ രാവണന്‍മാരല്ല; ഭീകരത പ്രചരണത്തിനെതിരെ ബോളിവുഡ്

Avatar

ടീം അഴിമുഖം

അവര്‍ ആത്മരതിയില്‍ മുഴുകിയ പ്രശസ്തരും ധനികരുമാണ്; ഭൂമിയിലെ താരങ്ങളാണ്; ഇടക്കൊക്കെ നിയമം ലംഘിക്കും, നിയമലംഘകര്‍ക്കൊപ്പം കൂട്ടുകൂടും. ബോളിവുഡ് എന്ന ലാഭനിര്‍മ്മാണ പണിശാലയുടെ ഭാഗമാണവര്‍. പിന്നെ നമ്മുടെ പൊതുധാരണയനുസരിച്ച് സുന്ദരിക്കോതകളും അഴകിയ രാവണന്‍മാരുമാണവര്‍.

എന്നാല്‍ നമ്മുടെ കാലത്തെ രാഷ്ട്രീയ വ്യവഹാരത്തില്‍, മുഖ്യധാര മാധ്യമങ്ങളും പൊതുസമൂഹത്തിലെ ബുദ്ധിജീവികളും സ്വയം ജാഗ്രതയും നിശബ്ദതയും പുലര്‍ത്തുമ്പോള്‍, ദേശീയതയും സങ്കുചിതത്വവും നമ്മുടെ ചര്‍ച്ചയാകുമ്പോള്‍ എങ്ങനെയാണ് ഈ മുഷ്ക്കിനെതിരെ നിവര്‍ന്നുനില്‍ക്കേണ്ടതെന്ന് കാണിച്ചുതരികയാണ് ബോളിവുഡിലെ ഒരു സംഘം സംവിധായകരും അഭിനേതാക്കളും സാങ്കേതികവിദഗ്ധരും. വിയോജിപ്പിനെ എങ്ങനെ കാത്തുസൂക്ഷിക്കാമെന്നും.

സംവിധായകന്‍ അനുരാഗ് കാശ്യപ് മുതല്‍ നടി പ്രിയങ്ക ചോപ്ര വരയുള്ളവരില്‍ പലരും, വികടാഭിപ്രായങ്ങള്‍ അരങ്ങുവാഴുന്ന സമയത്ത്  സ്വന്തം അഭിപ്രായം തുറന്നുപറയുന്നതിന്റെ സാംഗത്യം വ്യക്തമാക്കുന്നു.

ഓരോ തവണ ഭീകരാക്രമണം ഉണ്ടാകുമ്പോഴും ചലച്ചിത്ര വ്യവസായത്തെ മാത്രം ലക്ഷ്യം വെക്കുന്നതും  മറ്റുള്ള കാര്യങ്ങളൊക്കെ സാധാരണനിലയില്‍ നടക്കുന്നതും എന്തുകൊണ്ടാണെന്ന് കാശ്യപ് അത്ഭുതപ്പെടുന്നു.

എപ്പോഴും ആര്‍ക്കും ബന്ധപ്പെടാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെ അദ്ദേഹത്തിന്റെ ഇഷ്ട മാധ്യമമായ ട്വിറ്ററിലൂടെ പരീക്ഷിച്ചുകൊണ്ട് കാശ്യപ് കൂടുതല്‍ ശ്രദ്ധ നേടി.

അയാള്‍ പ്രധാനമന്ത്രിയോട് ചോദിച്ചു: “നരേന്ദ്ര മോദി സര്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയതിന് താങ്കള്‍ ഇതുവരെ ക്ഷമ പറഞ്ഞിട്ടില്ല. അത് ഡിസംബര്‍ 25-നായിരുന്നു. കരണ്‍ ജോഹര്‍ ADHM ചിത്രീകരിക്കുന്ന അതേ സമയം. എന്തുകൊണ്ട്? താങ്കള്‍ ഞങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് യാത്ര വഴിതിരിച്ചുവിട്ടത്. സിനിമയാകട്ടെ ആരോ പലിശയടക്കുന്ന പണമുപയോഗിച്ച് ചിത്രീകരിക്കുന്നതും.”

പ്രിയങ്ക ചോപ്രയും കാര്യങ്ങള്‍ തെളിച്ചുപറഞ്ഞു. “രാജ്യത്തു നടക്കുന്ന ഓരോ വലിയ രാഷ്ട്രീയ അജണ്ടയ്ക്കും നടീനടന്‍മാരാണ് ഉതരവാദികളാക്കപ്പെടുന്നത്. എന്തുകൊണ്ടാണ് നമ്മള്‍ മാത്രം? എന്തുകൊണ്ട് വ്യാപാരികള്‍, ഡോക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍, എന്തുകൊണ്ട് ചലച്ചിത്ര വ്യവസായവും അഭിനേതാക്കളുമല്ലാത്ത  മറ്റുള്ളവരില്ല?” പ്രിയങ്ക ചോദിക്കുന്നു.

കരണ്‍ ജോഹറിന്റെ എ ദില്‍ ഹേ മുശ്കില്‍ എന്ന സിനിമയില്‍ പാകിസ്ഥാന്‍കാരനായ ഫഹദ് ഖാന്‍ അഭിനയിക്കുന്നുണ്ട് എന്ന കാരണത്താല്‍ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചതാണ് ഈ വിവാദം ഉണ്ടാക്കിയത്.

ഒഴുക്കിനെതിരെ ആദ്യം നീന്തിയത് സല്‍മാന്‍ ഖാനാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ നല്കിയ അനുമതിയോടെ ഇവിടെ സിനിമയില്‍ അഭിനയിക്കുന്ന പാകിസ്ഥാന്‍കാരെ ഭീകരരുമായി താരതമ്യം ചെയ്യരുതെന്ന് സല്‍മാന്‍ ഖാന്‍ തീര്‍ത്തു പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായിരുന്ന സംവിധായകന്‍ സുപന്‍ വര്‍മ്മ കഴിഞ്ഞയാഴ്ച്ച കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ അഭിനേതാക്കളുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനം തീയറ്റര്‍ ഉടമകളുടെ സംഘടന എടുത്ത അന്ന് വര്‍മ്മ അതിനെതിരെ ശക്തമായി രംഗത്തെത്തി.

ബോളിവുഡിനെ അതിന്റെ നിശബ്ദതയില്‍ നിന്നും വര്‍മ്മ തട്ടിയെഴുന്നേല്‍പ്പിച്ചു എന്നുതന്നെ പറയാം. “നിശബ്ദരാകാതെ നട്ടെല്ലോടെ ഇന്ത്യയിലെ ചലചിത്ര സമൂഹം കരണ്‍ ജോഹറിനെ പിന്തുണച്ചെങ്കില്‍ എന്നു ഞാനാശിക്കുകയാണ്. ഇന്നയാളാണ്. നാളെ നമ്മളില്‍ ആരുമാകാം.”

വര്‍മയുടെ ട്വീറ്റുകള്‍ പലരെയും ഉള്ളിലുള്ള കടുത്ത പ്രതിഷേധം പ്രകടിപ്പിക്കാന്‍ പ്രേരിപ്പിച്ചു. കശ്യപ് അത് ചെയ്തപ്പോള്‍,‘ഇത് കള്ളുകുടിച്ചിട്ടുള്ള ട്വീറ്റുകളല്ല’എന്നും അയാള്‍ വ്യക്തമാക്കിയിരുന്നു.

മഹേഷ് ഭട്ട്, മകള്‍ അലിയ, സജ്ജീദ് നദിയാദ് വാല എന്നിവരും ഇതിനെതിരെ പ്രതികരിച്ചവരാണ്.

വ്യവസ്ഥക്കെതിരെ എന്തെങ്കിലും എതിര്‍ശബ്ദമുയര്‍ത്തുന്നവരെ വേട്ടയാടുന്ന ഭീകരത ഏറ്റവുമധികം നേരിട്ടത് അമീര്‍ഖാനാണ്. അസഹിഷ്ണുത വിവാദത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിനോദ സഞ്ചാര ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്നും അയാളെ മാറ്റി. ഓണ്‍ലൈന്‍ വ്യാപാര കമ്പനി സ്നാപ്പ്ഡീല്‍ അയാളുമായുള്ള പരസ്യകരാര്‍ പുതുക്കിയില്ല. ഇതേ കാരണത്താല്‍ ഷാരൂഖ് ഖാന്റെ സിനിമ ദില്‍വാലെയും കുഴപ്പത്തിലായിരുന്നു.

തിയറ്റര്‍ ഉടമകളുടെ തീരുമാനവുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കശ്യപ് അതിനെ കണക്കിലെടുക്കുന്നില്ല. “കാര്യം വ്യക്തമാക്കട്ടെ, ഞാന്‍ പരാതിപ്പെടുന്നത് എന്റെ സര്‍ക്കാര്‍ ഞങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ്. ഏറെക്കാലമായി ഞങ്ങള്‍ ഈ പ്രശ്നം നേരിടുന്നു. എന്തെങ്കിലും തരത്തില്‍ നേട്ടമുണ്ടാക്കാനായി എല്ലാവരാലും ഉപയോഗിക്കപ്പെടുന്നതിനുള്ള വിലയും കൊടുക്കുന്നു.”

ആള്‍ക്കൂട്ടത്തിന്റെ അക്രമത്തെക്കുറിച്ചുള്ള ഭയം വളരെ പ്രകടമാണ്. തിങ്കളാഴ്ച്ച മുംബൈ ചലചിത്ര മേളയില്‍ നിന്നും പാകിസ്താനില്‍ നിന്നുള്ള ഏക ചലച്ചിത്രം –ജാഗോ ഹുവ സവേര- പിന്‍വലിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. റിലയന്‍സ് ജിയോ ആണ് മേളയുടെ പ്രായോജകര്‍ എന്നത് യാദൃശ്ചികമായിരിക്കാം. അതിന്റെ ഉടമ മുകേഷ് അംബാനി തന്റെ നിലപാട് വ്യക്തമാക്കി: “ഒരുകാര്യത്തെക്കുറിച്ച് ഞാന്‍ വ്യക്തമായി പറയാം- എന്നെ സംബന്ധിച്ചു രാജ്യമാണ് എല്ലാത്തിലും വലുത്. ഞാനൊരു ബുദ്ധിജീവിയല്ല, അതുകൊണ്ടു എനിക്കിതൊന്നും മനസിലാകില്ല. പക്ഷേ സംശയംവേണ്ട, എല്ലാ ഇന്ത്യക്കാരെയും പോലെ, ഇന്ത്യയാണ് എനിക്കെന്തിനെക്കാളും മുന്നില്‍.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍