UPDATES

പങ്കജ് മിശ്ര

കാഴ്ചപ്പാട്

പങ്കജ് മിശ്ര

ന്യൂസ് അപ്ഡേറ്റ്സ്

ബോളിവുഡ് ജാലകത്തിലൂടെ മോദി എന്ന ജനപ്രിയ നായകനുണ്ടാവുന്നത്- പങ്കജ് മിശ്ര എഴുതുന്നു

സാമ്പത്തിക ഉദാരവത്കരണവും, ഹിന്ദു ദേശീയതയും ചെറു നഗരങ്ങളില്‍ അഴിച്ചുവിട്ട പുതിയ ഊര്‍ജത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാനായി 20 വര്‍ഷം മുമ്പ് ഞാന്‍ ഇന്ത്യയെമ്പാടും സഞ്ചരിച്ചിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ലാളിത്യത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ദേശീയ മൂല്യങ്ങളെയാണ് പ്രോത്സാഹിപ്പിച്ചത്. പക്ഷേ 1990- കളായപ്പോഴേക്കും അദ്ദേഹത്തിന്റെ സാമൂഹ്യ ക്ഷേമപദ്ധതികള്‍ നാശത്തോടടുത്തു. പകരം സ്വകാര്യ സമ്പത്തിന്റെയും, ഉപഭോഗതൃഷ്ണയുടെയും പുതിയൊരു സംസ്‌കാരം ഉയര്‍ന്നു വന്നു.

അന്നത്തെ ഏറെ പണം വാരിയ രണ്ടു ഹിന്ദി ചലച്ചിത്രങ്ങളായിരുന്നു എന്നെ കാര്യമായി പ്രചോദിപ്പിച്ചത്: ‘ഡര്‍’ (ഭയം), ‘ബാസീഗര്‍’ (ചൂതാട്ടക്കാരന്‍). ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രതാരമായ ഷാരൂഖ് ഖാന്‍ ചിത്തഭ്രമമുള്ള ഒരു ശല്യക്കാരനായും, പ്രതികാരം വീട്ടുന്നൊരു കൊലപാതകിയായും അഭിനയിച്ച ചിത്രങ്ങള്‍. അതുവരെയുള്ള നായകസങ്കല്പങ്ങളെ അവ പാടേ തകര്‍ത്തുകളഞ്ഞു.

വേറൊരുതരത്തില്‍ പറഞ്ഞാല്‍, 1950-കളിലെ മര്യാദാപുരുഷോത്തമന്മാരായ നായകന്മാര്‍ പൊക്കിപ്പിടിച്ചിരുന്ന മാതൃകാമനോഹരമായ ആ ഇന്ത്യ അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയശൂന്യമാം വിധം നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാ ഗാന്ധി തന്നെ അതിന് പട്ടടയൊരുക്കി. 1970കളിലും 1980കളിലും ‘കോപാകുലനായ ചെറുപ്പക്കാരന്‍’ അമിതാഭ് ബച്ചനെ കണ്ടു വളര്‍ന്ന എന്റെ തലമുറ കപട സോഷ്യലിസത്തിനോടും, അറപ്പുളവാക്കും വിധം ദുഷിച്ച രാഷ്ട്രീയക്കാരോടും, ഉദ്യോഗസ്ഥരോടുമുള്ള ഞങ്ങളുടെ കോപം ഒരു ഭാരമായി കൊണ്ടുനടക്കുന്നു. ഓര്‍മയില്‍ തങ്ങിനില്ക്കുന്ന ഒരു ചലച്ചിത്രാവസാനത്തില്‍ ഒരു മുഴുവന്‍ മന്ത്രിസഭയെയും അയാള്‍ വെടിവെച്ചുകൊല്ലുന്നുണ്ട്.

പക്ഷേ, 1993ല്‍ ഖാന്‍ ചെയ്ത സ്ത്രീവിദ്വേഷികളായ പ്രതിനായകരെ വെച്ചുനോക്കിയാല്‍ ബച്ചന്‍ മാന്യനാണ്. നിഷ്‌കളങ്കരെ കൊല്ലുന്ന ഖാനിനുവേണ്ടി ചെറുനഗരങ്ങളിലെ കാണികള്‍ ആര്‍പ്പുവിളിച്ചപ്പോള്‍ (അന്നേറെ പരാമര്‍ശിക്കപ്പെട്ട ഒരു പ്രതിഭാസം) നെഹ്‌റൂവിയന്‍ ഉപരിവര്‍ഗ മൂല്യങ്ങളെയായിരുന്നു ഖാന്‍ ആക്രമിച്ചത്. അതിന് ഒരു വര്‍ഷം മുമ്പ് അതേ ഉപരിവര്‍ഗത്തിന്റെ വല്ലാതെ വിട്ടുവീഴ്ച്ചചെയ്ത മറ്റൊരു മതേതരത്വ പ്രതീകമായ ബാബറി പള്ളി ഹിന്ദു ദേശീയവാദികള്‍ പൊളിച്ചടുക്കി.

ഇന്നിപ്പോള്‍ ഇന്ത്യയിലെ ഹിന്ദു ദേശീയവാദി സര്‍ക്കാര്‍ മനസില്ലാമനസോടെ നെഹ്‌റുവിന്റെ 125-ആം ജന്മവാര്‍ഷികം ആചരിക്കുമ്പോള്‍, ഒരിക്കല്‍ ആരാധിക്കപ്പെട്ടിരുന്ന നേതാവിനോടും ആശയങ്ങളോടുമുള്ള ഹിന്ദുക്കളുടെ ഇടയിലുള്ള വെറുപ്പ് രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിക്കുന്നു. പക്ഷേ ഇന്ത്യയുടെ പ്രതിച്ഛായയില്‍ 1990-കളുടെ ആദ്യം മുതലുണ്ടായ ആഴത്തിലുള്ള തീവ്രമായ മാറ്റങ്ങള്‍ ഇന്ത്യയെ, അറിയാന്‍ ഏറെ ബുദ്ധിമുട്ടേറിയ ഒരു രാജ്യമാക്കി മാറ്റി.

ബോളിവുഡ് ഈ പരിണാമത്തിലേക്ക് വ്യക്തമായൊരു ജാലകം തുറന്നുതരുന്നു. റേച്ചല്‍ ഡ്വെയര്‍ അവരുടെ ഗംഭീരപുസ്തകം, ‘Bollywood’s India’-യില്‍ പറഞ്ഞതുപോലെ, മറ്റേതൊരു കലാ, വാര്‍ത്താ മാധ്യമത്തെക്കാളും പുതിയ ഇന്ത്യയുടെ പൊതു, സ്വകാര്യ ജീവിതത്തെ ജനപ്രിയ ചലച്ചിത്രങ്ങള്‍ അടുത്ത് പിന്തുടര്‍ന്നു. ഒരുപക്ഷേ, ദളിതര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ പോലുള്ള ഇന്ത്യയിലെ നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളെ അത് ഏതാണ്ട് മുഴുവനായും അവഗണിക്കുന്നതും കൊണ്ടാകാം. 1990-കളുടെ ആദ്യം മുതല്‍ക്ക് ബോളിവുഡിന്റെ മായാനിര്‍മാണശാല രേഖപ്പെടുത്തിയതും സൃഷ്ടിച്ചതുമായ വിശാലമായ വൈവിധ്യമുള്ള പലതരം അവബോധങ്ങളുടെ വര്‍ഗ, ലൈംഗിക, ജാതി, ഭൗമ, രാഷ്ട്രീയം ഡ്വെയര്‍ വിവരിക്കുന്നു.

1980കളുടെ ഒടുവിലായി രാമായണവും, മഹാഭാരതവും ദൂരദര്‍ശനില്‍ രാജ്യവ്യാപകമായി സംപ്രേഷണം ചെയ്തതോടെ നിര്‍ണായകമായൊരു മാറ്റം സംഭവിച്ചുകഴിഞ്ഞിരുന്നു. അവരുടെ സാംസ്‌കാരിക പാരമ്പര്യവുമായി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പല ഇന്ത്യക്കാരെയും അത് ബന്ധിപ്പിച്ചതോടൊപ്പം ‘കുടുംബം, ഭക്ഷണം, മതം, ദേശീയത’ എന്നീ ‘ഭാരതീയ മൂല്യങ്ങളെ’ കേന്ദ്രമാക്കി ഒരു ആഗോള ഹിന്ദു ദേശീയത സൃഷ്ടിക്കാനും ഏറെ ആരാധിക്കപ്പെട്ട ഈ പരമ്പരകള്‍ കാരണമായി. തുടര്‍ന്നുള്ള സാംസ്‌കാരിക വ്യതിയാനങ്ങളെ ഡ്വെയര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനുമുമ്പ് ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന, പതിവ്രതകളായ ഹിന്ദു ഭാര്യമാര്‍ നടത്തിയിരുന്ന കര്‍വ ചൗത് ഉപവാസം 1990-കളില്‍ വ്യാപകമായി ചിത്രീകരിക്കപ്പെടാനും ജനപ്രിയമാകാനും തുടങ്ങിയത് ഇത്തരത്തിലാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

തെമ്മാടിക്കൂട്ടങ്ങള്‍ മാന്യത പൂശുമ്പോള്‍- പങ്കജ് മിശ്ര എഴുതുന്നു
നരേന്ദ്ര മോദി ഭസ്മാസുരനെക്കുറിച്ച് കേട്ടിട്ടെങ്കിലുമുണ്ടാകണം
മഹാരാഷ്ട്രയും, ഹരിയാനയും ബി.ജെ.പിയെ സ്വീകരിക്കുമ്പോള്‍
നിറം പിടിപ്പിച്ച മോദിയും, നിറംകെട്ട മന്ത്രിസഭയും
നരേന്ദ്ര മോദി എന്ന അപകടകരമായ ക്ളീഷെ

‘എത്രമാത്രം തെറ്റായി അവര്‍ കാര്യങ്ങളുടെ ഉപരിഭാഗം അവതരിപ്പിക്കുന്നോ, അത്രത്തോളം അവ ശരിയായിത്തീരും,’ മഹാനായ ജര്‍മന്‍-ജൂത വിമര്‍ശകന്‍ സിഗ്‌ഫ്രൈ ഡ് ക്രാക്കൗര്‍ അയഥാര്‍ത്ഥമായ ചലച്ചിത്ര കല്‍പ്പനകളെക്കുറിച്ച് എഴുതി. 2001ലെ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ‘കഭി ഖുശി കഭി ഖം’ ഇംഗ്ലണ്ടിലെ അതിഗംഭീര കെട്ടിടങ്ങളിലൊന്നായ ബ്ലെന്‍ഹീം കൊട്ടാരത്തില്‍ താമസിക്കുന്ന ഭക്തരും, മതബോധമുള്ളവരുമായ ഒരു ഇന്ത്യന്‍ കുടുംബത്തെക്കുറിച്ചാണ്. സ്വകാര്യ വിമാനങ്ങളില്‍ സഞ്ചരിക്കുന്ന, ധാര്‍മികബോധമില്ലാത്ത വെള്ളക്കാരെ പുച്ഛത്തോടെ കാണുന്ന, പ്രകടമായ വിധത്തില്‍ ഹിന്ദുക്കളായ ഇവര്‍, പല ഇന്ത്യക്കാര്‍ക്കും യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന ഒരു ആഗോള ഭൗതിക, ധാര്‍മിക മേല്‍ക്കോയ്മയുടെ മൂര്‍ത്തരൂപമാണ്. ‘പര്‍ദേശ്’ സിനിമയുടെ അനുബന്ധ വാചകം പോലെ, ‘അമേരിക്കന്‍ സ്വപ്നം: ഇന്ത്യന്‍ ആത്മാവ്’.

ഇന്ത്യയുടെ പുതിയ ഭരണാധികാരികളും, ബുദ്ധിജീവി വിഭാഗവും അനുശാസിക്കുന്ന സാംസ്‌കാരിക ദേശീയതയെ തര്‍ക്കമില്ലാത്തവിധത്തില്‍ ബോളിവുഡ് മുന്‍കൂട്ടി കണ്ടിരുന്നു. പ്ലാസ്റ്റിക് സര്‍ജറിയും, ജനിതക സാങ്കേതികവിദ്യയും ഇന്ത്യയില്‍ പൗരാണികകാലത്ത് പ്രയോഗിച്ചിരുന്നു എന്ന മോദിയുടെ അടുത്തിടെ നടത്തിയ അവകാശവാദം ‘ഭൂല്‍ ഭുലയ്യ’ എന്ന ചിത്രം ആസ്വദിച്ചവരില്‍ അത്ഭുതം ഉണ്ടാക്കില്ല. ബി സി ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യക്കാരാണ് ആധുനിക ശാസ്ത്രത്തിന്റെ ആദ്യപിതാക്കളെന്ന് ചിത്രം അവകാശപ്പെടുന്നു.

ധനികരായ എന്നാല്‍ വേരുകളില്‍ നിന്നും അടര്‍ന്നു മാറിയ പ്രവാസി ഭാരതീയരുടെ വേദനയും ആശയക്കുഴപ്പവും ഭാരതീയ മൂല്യങ്ങളാല്‍ പരിഹരിക്കുന്നതായി കാണിക്കുന്ന, വിജയിച്ച നിരവധി ചലച്ചിത്രങ്ങളാണ് ഈയടുത്ത് അമേരിക്കയിലും, ആസ്‌ട്രേലിയയിലും നരേന്ദ്ര മോദിക്ക് ലഭിച്ച ബോളിവുഡ് ശൈലിയിലെ സ്വീകരണത്തിന് വഴിയൊരുക്കിയത്. ഇന്ത്യ ഒരു ‘ലോക ഗുരു’ ആകാന്‍ പോകുന്നു എന്ന മോദിയുടെ പ്രഖ്യാപനം കേട്ട് അമ്പരന്നവര്‍ ‘കല്‍ ഹോ നാ ഹോ’ ഒന്നുകണ്ടാല്‍ മതി. ഇത്തവണ പരിപക്വനായ ഷാരൂഖ് ഖാന്‍ അസംതൃപ്തരായ അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് മുന്നില്‍ ഭാരതീയ മൂല്യങ്ങള്‍ അവതരിപ്പിക്കുന്നത് നിങ്ങള്‍ക്ക് കാണാം. 

പങ്കജ് മിശ്ര

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍