UPDATES

ഹിന്ദുസ്ഥാനെ പിന്തുടരുന്ന ഞാന്‍ എന്ന മധ്യവര്‍ത്തി മുസ്ലീം; ബോള്‍വാര്‍ മുഹമ്മദ് കുഞ്ഞി

ഒരു ‘പുതിയ’, ‘സ്വതന്ത്ര’ രാജ്യത്തിന്‍റെ പുതിയ ചരിത്ര പ്രക്രിയ രേഖപ്പെടുത്തുന്നതിനെ കുറിച്ചു ഞാന്‍ സ്വപ്‌നം കണ്ടു. എന്‍റെ രചനകളിലെങ്കിലും ഞാന്‍ വിജയിച്ചിരിക്കുന്നു.

പ്രമുഖ കന്നഡ സാഹിത്യകാരനായ ബോള്‍വാര്‍ മുഹമ്മദ് കുഞ്ഞി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗം. 

സാഹിത്യ അക്കാദമിയിലെ എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ ‘സ്വതന്ത്രയാദ ഓട്ട’ എന്ന പേരില്‍ ഒരു ചെറുകഥ എഴുതിയിരുന്നു. ‘സ്വതന്ത്രമായ ഓട്ടം’ എന്ന് അതിനെ ഏകദേശം മൊഴിമാറ്റാം. നമ്മുടെ രാജ്യത്തിന്‍റെ വിഭജന സമയത്ത് ഒരു കലാപക്കൂട്ടത്തില്‍ നിന്നും രണ്ട് സിഖ് പെണ്‍കുട്ടികളെ രക്ഷിക്കാനുള്ള തികച്ചും മാനുഷികമായ ശ്രമത്തിനിടയില്‍ അവിചാരിതമായി ഡല്‍ഹിയില്‍ എത്തിപ്പെടുന്ന കറാച്ചിയില്‍ നിന്നുള്ള 13 കാരനെ കുറിച്ചാണ് 20 പേജുള്ള ആ കഥയില്‍ പറയുന്നത്.

നിരവധി നാടകീയ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം ഓള്‍ഡ് ഡല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍ വച്ച് ആ രണ്ട് സിഖ് പെണ്‍കുട്ടികളുമായി വേര്‍പിരിയാന്‍ അവര്‍ നിര്‍ബന്ധിതനാവുന്നു. ഭാവിയിലേക്ക് ഒരു സൂചനയും നല്‍കാതെ സമാന്തരമായ റയില്‍വേ പാളത്തില്‍ വച്ചാണ് ആ കഥ അവസാനിക്കുന്നത്. ‘സ്വതന്ത്രയാദ ഓട്ട’ എന്ന അതേ പേരുള്ള ഇപ്പോഴത്തെ നോവല്‍, പഴയ കഥയുടെ ഒരു ക്രിയാത്മക തുടര്‍ച്ചയാണ്.

മുസ്ലീം വിശ്വാസപ്രകാരം, ഏത് രാജ്യത്ത് (പാകിസ്ഥാന്‍ ഉള്‍പ്പെടെ) പിറക്കുന്ന മുസ്ലീമായാലും ഒരു ദിവസം അഞ്ചു നേരം നിസ്‌കരിച്ചില്ലെങ്കില്‍ അവര്‍ക്ക് ‘സ്വര്‍ഗ്ഗം’ നിഷേധിക്കപ്പെടും. പക്ഷെ, നമ്മുടെ രാജ്യത്തിന്‍റെ വിഭജനം കഴിഞ്ഞ അന്നുമുതല്‍, ദിവസത്തില്‍ ആറു നേരത്തില്‍ കുറയാതെ ഹിന്ദുസ്ഥാനോടുള്ള തന്‍റെ ദേശഭക്തി പരസ്യമായി പ്രകടിപ്പിക്കാതെ ഒരു മുസല്‍മാനെ അത്ര എളുപ്പം ഇവിടെ സ്വീകരിക്കില്ല.

എന്നാല്‍, കഴിഞ്ഞ നാല്‍പത്തിയഞ്ച് വര്‍ഷമായി, ഞാന്‍ ബോധപൂര്‍വം ഒരു മധ്യവര്‍ത്തി പാത സ്വീകരിക്കുകയും ഹിന്ദുസ്ഥാനെ പിന്തുടരുന്ന വിശാല വ്യവഹാരങ്ങള്‍ മനസിലാക്കുന്നതിനുള്ള ഒരു മൂന്നാം ബദല്‍ അന്വേഷിക്കുകയും ചെയ്യുകയുമായിരുന്നു.

ഈ നോവലില്‍, സ്വന്തം മാതൃഭൂമിയുമായുള്ള അവന്‍റെ സ്വത്വം വെളിപ്പെടുത്തുകയോ അല്ലെങ്കില്‍ പ്രകടിപ്പിക്കുകയോ ചെയ്യാന്‍ ധൈര്യമില്ലാതിരിക്കുകയും അതേ സമയം അവന്‍റെ ജീവിതത്തിലുടനീളം കര്‍മ്മഭൂമിയായ ഹിന്ദുസ്ഥാനോടുള്ള അവന്‍റെ കൂറ് തെളിയിക്കാന്‍ സാധിക്കുകയോ ചെയ്യാതിരിക്കുന്ന പാകിസ്ഥാനില്‍ ജനിച്ച ഒരു മുസ്ലീം കുട്ടിയുടെ (ഞാന്‍ അവന് ചാന്ദ് അലി എന്ന് പേരിട്ടു) അവസ്ഥയാണ് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ നമ്മുടെ ഹിന്ദുസ്ഥാനില്‍ നടന്ന എല്ലാ സംഭവങ്ങളിലും ഒരു പങ്കാളിത്ത സാക്ഷിയായാണ് ഞാന്‍ പാകിസ്ഥാന്‍ നായകനെ ചിത്രീകരിച്ചിരിക്കുന്നത്. മഹാത്മ ഗാന്ധിയുടെ കൊപാതകം, മൊറാദാബാദ് കലാപം, ഡല്‍ഹിയിലെ സിഖ് കൂട്ടക്കൊല, അടിയന്തരാവസ്ഥയുടെ വളര്‍ച്ചയും തളര്‍ച്ചയും, ഷബാനു കേസ്, ബാബറി മസ്ജിദിന്‍റെ തകര്‍ച്ച അങ്ങനെ, അങ്ങനെ എല്ലാ പ്രധാന സംഭവങ്ങളിലും അയാള്‍ ദൃക്‌സാക്ഷിയാണ്.

കറാച്ചിയില്‍ തന്‍റെ ബാല്യകാല സുഹൃത്തായിരുന്ന ലാല്‍ ചന്ദിന്‍റെ സഹായത്തോടെ തന്‍റെ ജന്മഭൂമിയിലേക്ക് മടങ്ങാന്‍ അയാള്‍ ആഗ്രഹിക്കുന്നു. തന്‍റെ മാതൃഭൂമിയിലേക്കുള്ള  മടക്കത്തിന് സഹായിക്കാന്‍ കഴിയുന്ന ഹിന്ദുസ്ഥാനില്‍ അയാള്‍ക്കറിയുന്ന ഏക സുഹൃത്താണ് ലാല്‍ ചന്ദ്. അടിയന്തിരാവസ്ഥയുടെ സമയത്ത് ബാംഗ്ലൂരിലെ സെന്‍ട്രല്‍ ജയില്‍ വച്ച് കണ്ടുമുട്ടാനുള്ള ശ്രമം ഉള്‍പ്പെടെ അദ്ദേഹത്തിന്‍റെ സുഹൃത്തിനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

പുസ്തകത്തിന്‍റെ ഘടനയിലും സംഭവങ്ങളുടെ രേഖീയ ആഖ്യാനം മനഃപൂര്‍വം ഉപേക്ഷിക്കുകയും പകരം ഒരു അഴിഞ്ഞ ഉപഖ്യാന രീതി സ്വീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഓരോ സംഭവം എളുപ്പം മറ്റൊന്നുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഓരോ സ്വതന്ത്ര ആഖ്യാനമായും വായിക്കാം. ‘സ്വതന്ത്ര’ (സ്വാതന്ത്ര്യം), ‘ബട്വാര’ (വിഭജനം) എന്നിവയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന രണ്ട് സമൂഹങ്ങളുടെ കഥ വിവരിക്കുന്ന ഒരു ആധുനിക ഗദ്യ ഇതിഹാസം മെനഞ്ഞുണ്ടാക്കാന്‍ അവസാനം എനിക്ക് സാധിച്ചതായി ഞാന്‍ വിശ്വസിക്കുന്നു. 1,110 പേജുകളുള്ള ഈ പുസ്തകം ആധുനിക കര്‍ണാടക സാഹിത്യത്തിലെ ഏറ്റവും നീണ്ട ഗദ്യാഖ്യാനം ആയി കണക്കാക്കപ്പെടുന്നു എന്നു കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

‘ജന്മഭൂമി’യെയും ‘കര്‍മഭൂമി’യെയും സംബന്ധിച്ചും അതോടൊപ്പം അവയുടെ പരസ്പരബന്ധത്തെ കുറിച്ചുമുള്ള ഇരുഭാഗത്തെയും മൗലീകവാദികളുടെയും (ഹിന്ദുക്കളും മുസ്ലീങ്ങളും) അതോടൊപ്പം മതേതരവാദികളുടെയും സംവാദങ്ങളില്‍ നിന്നും ജന്മം കൊണ്ട തെറ്റായ പൊതുധാരണകളെ തുറന്നുകാണിക്കുന്നതിന് നോവലിന്‍റെ വലിയ ക്യാന്‍വാസ് എനിക്ക് സഹായകമായിട്ടുണ്ട്.

നാല്‍പത് വര്‍ഷത്തിലേറെ നീണ്ട എന്‍റെ സാഹിത്യജീവിതത്തിലുടനീളം ഒരു പുതിയ, സ്വതന്ത്രമായ ഓട്ടത്തെ (സ്വതന്ത്രയാദ ഓട്ട) കുറിച്ച് ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്. എന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി എന്‍റെ എഴുത്തിന്‍റെ തുടക്ക വര്‍ഷങ്ങളില്‍ തന്നെ എന്‍റേതായ ഒരു സ്വപ്‌നഗ്രാമം ഞാന്‍ സൃഷ്ടിച്ചു. മുത്തുകളുടെ ഗ്രാമം എന്ന് അര്‍ത്ഥം വരുന്ന മുത്തുപ്പാടി എന്നായിരുന്നു അതിന്‍റെ പേര്. ആവശ്യത്തി‌ന് നുണകള്‍ എന്‍റെ കഥാപാത്രങ്ങളില്‍ എപ്പോഴും ഞാന്‍ കുത്തിവെക്കാറുണ്ട്. എല്ലാ കഥാപാത്രങ്ങളെയും ആത്യന്തികമായി നന്മയുള്ളവരായി ഞാന്‍ ചിത്രീകരിക്കുന്നു. എന്‍റെ ഒരു കഥയിലെയും ഒരു സ്ത്രീകഥാപാത്രം പോലും നിലനില്‍പ്പിനുള്ള അവരുടെ പോരാട്ടത്തില്‍ പരാജയപ്പെട്ടില്ലെന്നും ഒടുവില്‍ അവര്‍ ജയിച്ചു വരാറുണ്ട് എന്നതിലും എനിക്ക് സന്തോഷമുണ്ട്.

പുതിയ അവസരങ്ങള്‍, മുന്‍ഗണനകള്‍, സംഘര്‍ഷങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തലമുറപരമായും ഭൂമിശാസ്ത്രപരമായുമുള്ള പരിവര്‍ത്തനം ദൃശ്യമാകുന്ന തരത്തിലാണ് ഞാന്‍ എന്‍റെ നോവലുകളോ കഥകളോ ഒക്കെ അവതരിപ്പിക്കാറുള്ളത്. ഈ നോവലിലും എന്‍റെ മുസ്ലീം കുട്ടി – നായകന്‍ എന്ന് വിളിക്കപ്പെടുന്ന കഥാപാത്രം തന്‍റെ ‘മാതൃഭൂമി’ അബദ്ധത്തില്‍ കടക്കുകയും മുത്തുപ്പാടി എന്ന സാങ്കല്‍പിക ഗ്രാമത്തില്‍ മികച്ച കര്‍ഷകനായി മാറുകയും ചെയ്ന്നു. അദ്ദേഹത്തിന് സുന്ദരിയായ ഒരു ഭാര്യയെ ലഭിക്കുന്നു. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചു. സ്ത്രീധനം കൂടാതെ തന്നെ അദ്ദേഹത്തിന്‍റെ പെണ്‍മക്കള്‍ക്ക് നല്ല വിവാഹബന്ധം ലഭിച്ചു. സര്‍വോപരി, നമ്മുടെ ഒരു ദേശാസാല്‍കൃത ബാങ്കില്‍ തന്‍റെ പുത്രന് ഒരു മികച്ച ജോലി എളുപ്പത്തില്‍ തരപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. നോവലിന്‍റെ പകുതിയില്‍ സമാനമായ ഒരു ‘അതിര്‍ത്തി കടക്കല്‍’ സൃഷ്ടിക്കുകയും അദ്ദേഹത്തിന്‍റെ ചെറുമകളെ പഠനത്തിനായി യുഎസിലേക്ക് അയയ്ക്കുകയും ചെയ്തു. അവളെ ഞാന്‍ ഒരു സര്‍ദ്ദാര്‍ജി പയ്യനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്‍റെ സ്വപ്‌നഭൂമിയായ എന്‍റെ സാങ്കല്‍പിക ഭൂമിയായ മുത്തുപ്പാടിയില്‍ മാത്രം സാധ്യമായ ഒരു കാര്യം.

ഈ കാലഘട്ടത്തിന്‍റെ ആവശ്യമായ ‘സ്വതന്ത്രമായ ഓട്ടമാണ്’ ഹിന്ദുസ്ഥാനിയായ ചെറുമകളും പാകിസ്ഥാനിയായ മുത്തച്ഛനും ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നു. ഇത്തരം ഓട്ടങ്ങളുടെ സാഹചര്യങ്ങളും പ്രേരണകളും മാത്രമേ മാറുന്നുള്ളു. ഒരു ‘പുതിയ’, ‘സ്വതന്ത്ര’ രാജ്യത്തിന്‍റെ പുതിയ ചരിത്ര പ്രക്രിയ രേഖപ്പെടുത്തുന്നതിനെ കുറിച്ചു ഞാന്‍ സ്വപ്‌നം കണ്ടു. എന്‍റെ രചനകളിലെങ്കിലും ഞാന്‍ വിജയിച്ചിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍