UPDATES

ട്രെന്‍ഡിങ്ങ്

ബോംബെ സ്‌ഫോടനങ്ങള്‍; പ്രതികളുടെ കുറ്റങ്ങളെന്തൊക്കെ?

കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക പ്രതിയായ യാക്കൂബിനെ 2015ല്‍ നാഗ്പൂര്‍ ജയിലില്‍ വച്ച് തൂക്കിക്കൊന്നിരുന്നു

257 പേരുടെ മരണത്തിന് ഇടയാക്കുകയും 700ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും അന്നത്തെ ബോംബെയെ പിടിച്ചുകുലുക്കുകയും ചെയ്ത 12 സ്‌ഫോടനങ്ങളുടെ പരമ്പര നടന്ന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം, കേസിന്റെ വിചാരണയുടെ രണ്ടാം പാദത്തില്‍ മുംബെയിലെ പ്രത്യേക ടാഡ കോടതി ആറു പേരെ കുറ്റവാളികളായി പ്രഖ്യാപിക്കുകയും ഒരാളെ വെറുതെ വിടുകയും ചെയ്തു.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, അദ്ദേഹത്തിന്റെ വലംകൈയായ ചോട്ട ഷക്കീല്‍, അന്തരിച്ച യാക്കൂബ് മേമന്റെ സഹോദരന്‍ ടൈഗര്‍ മേമന്‍ എന്നിവരുള്‍പ്പെടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിലെ ഗൂഢാലോചനക്കാരും ബുദ്ധികേന്ദ്രങ്ങളുമായ നിരവധി പേര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കെല്ലാം പാകിസ്ഥാന്‍ അഭയം നല്‍കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക പ്രതിയായ യാക്കൂബിനെ 2015ല്‍ നാഗ്പൂര്‍ ജയിലില്‍ വച്ച് തൂക്കിക്കൊന്നിരുന്നു. 2007ല്‍ നടന്ന പ്രധാന കേസ് വിസ്താരത്തില്‍ നിന്നും അടര്‍ത്തിമാറ്റി വിചാരണ നടത്തിയ ഇപ്പോഴത്തെ ഏഴ് കുറ്റവാളികളുടെ വിശദമായ പങ്ക് താഴെ വിവരിക്കുന്നു.

അബു സലിം: ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വെടിമരുന്നുകളും ഏറ്റുവാങ്ങുന്നതിനായി അബു സലിമും കേസില്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിയും 1993 ജനുവരിയില്‍ ഗുജറാത്തിലെ ബറൗച്ചിലേക്ക് യാത്ര ചെയ്തു. അവിടെ നിന്നും ഇവര്‍ ഒമ്പത് എകെ-56 തോക്കുകളും 100 ഗ്രനേഡുകളും വെടിയുണ്ടകളും ശേഖരിച്ചു. ഇത്, കേസിലെ മറ്റൊരു പ്രതിയായ റിയാസ് സിദ്ദിഖി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന മാരുതി വാനിന്റെ രഹസ്യ അറകളില്‍ ഒളിപ്പിച്ച് മുംബേയിലേക്ക് കടത്തി. 1993 ജനുവരി 16ന് സലിമും മറ്റ് രണ്ട് പ്രതികളും ചേര്‍ന്ന് കുറച്ച് ആയുധങ്ങളും വെടിക്കോപ്പുകളും ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ ഏല്‍പ്പിക്കുകയും രണ്ട് ദിവസത്തിന് ശേഷം അവയില്‍ ചിലത് മടക്കി വാങ്ങുകയും ചെയ്തു.

ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുണ്ടാക്കിയ കുറ്റവാളികളുടെ കൈമാറ്റ കരാര്‍ പ്രകാരം സലിമിനെതിരായ ചില കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ 2013 ഓഗസ്റ്റ് 13ന് സിബിഐയ്ക്ക് ടാഡ കോടതി അനുമതി നല്‍കി. 26 വയസുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അപേക്ഷ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

മുസ്തഫ ദോസ: 1993 സ്‌ഫോടന പരമ്പരയിലെ സൂത്രധാരന്മാരില്‍ ഒരാളായ മുസ്തഫ ദോസ വെടിക്കോപ്പുകളും വെടിയുണ്ടകളും സ്‌ഫോടകവസ്തുക്കളും ഗ്രനേഡുകളും ആര്‍ഡിഎക്‌സ് പോലെയുള്ള ഉഗ്രസ്‌ഫോടക വസ്തുക്കളും കള്ളക്കടത്തു നടത്തി. സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ടൈഗര്‍ മേമനോടും ഛോട്ട ഷക്കീലിനോടും ഒപ്പം ഇന്ത്യയിലും പാകിസ്ഥാനിലും പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങി. ആയുധപരിശീലനത്തിലായി ഇന്ത്യയില്‍ നിന്നും ദുബായ് വഴി പാകിസ്ഥാനിലേക്ക് ആളുകളെ അയയ്ക്കുകയും നിരവധി ഗൂഢാലോചന യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

താഹിര്‍ മെര്‍ച്ചന്റെ അഥവാ താഹെര്‍: ദുബായില്‍ ഗൂഢാലോചന യോഗങ്ങള്‍ സംഘടിപ്പിക്കുകയും ആളുകളെ ആക്രമണത്തിന് പ്രചോദിപ്പിക്കുകയും സായുധ പരിശീലനത്തിനായി മുംബെയില്‍ നിന്നും പാകിസ്ഥാനിലേക്ക് ആളുകളെ അയയ്ക്കുന്നതിന് സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. ആയുധങ്ങള്‍ ശേഖരിക്കുന്നതിന് ധനസഹായം സ്വീകരിക്കുകയും ഇന്ത്യയില്‍ അനധികൃത ആയുധ നിര്‍മ്മാണശാല തുടങ്ങുന്നതിനുള്ള ആസൂത്രണങ്ങള്‍ ചെയ്യുകയും ചെയ്തു.

റിയാസ് സിദ്ദിഖി: ബറൗച്ചില്‍ നിന്നും മുംബെയിലേക്ക് ഒമ്പത് എകെ-56 തോക്കുകളും 100 ഗ്രനേഡുകളും വെടിയുണ്ടകളും കടത്തുന്നതിനായി രഹസ്യ അറകളുള്ള പ്രത്യേക വാന്‍ സംഘടിപ്പിച്ചു നല്‍കി.

ഫിറോസ് അബ്ദുള്‍ റഷീദ് ഖാന്‍: സ്‌ഫോടനം നടക്കുന്നതിന് രണ്ട് മാസം മുമ്പ് അതായത് 1993 ജനുവരി എട്ടിന്, പിറ്റേദിവസം വരാനിരിക്കുന്ന സ്‌ഫോടക വസ്തുക്കളെ കുറിച്ച് കസ്റ്റംസ് അധികൃതര്‍ക്കും ഏജന്റുമാര്‍ക്കും വിവരങ്ങള്‍ നല്‍കുന്നതിനായി അലിബാഗിലേക്കും മഹ്‌സലയിലേക്കും ഫിറോസ് അബ്ദുള്‍ റഷീദ് ഖാനെയും മറ്റൊരു പ്രതിയേയും മുഹമ്മദ് ദോസ (മുസ്തഫ ദോസയുടെ ഒളിവിലുള്ള സഹോദരന്‍) അയച്ചു. ഗൂഢാലോചന യോഗങ്ങളിലും റഷീദ് ഖാന്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന വിചാരണയുടെ അന്ത്യത്തില്‍ ഇയാള്‍ മാപ്പുസാക്ഷിയായി മാറിയിരുന്നു. എന്നാല്‍, പ്രതികള്‍ക്കെതിരെ ആവശ്യത്തിന് തെളിവുകളുണ്ടെന്നും അതിനാല്‍ മാപ്പുസാക്ഷിയുടെ ആവശ്യമില്ലെന്നും സിബിഐ കോടതിയെ അറിയച്ചതിനെ തുടര്‍ന്ന് ഈ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.

കരീമുള്ള ഖാന്‍: ഗൂഢാലോചനയില്‍ പങ്കെടുത്തു. സ്‌ഫോടന പരമ്പരയ്ക്ക് മുമ്പ് മഹരാഷ്ട്രയിലെ റെയ്ഗഡില്‍ ആയുധങ്ങള്‍ എത്തിക്കുന്നതില്‍ സജീവമായി പങ്കുവഹിച്ചു. ആയുധങ്ങള്‍ സംഘടിപ്പിക്കുന്നതിനായി താന്‍ ദുബായ് വഴി പാകിസ്ഥാനിലേക്ക് പോവുകയായണെന്ന് മറ്റൊരു പ്രതിയോട് കരീമുള്ള പറഞ്ഞിരുന്നു.

തെളിവുകളുടെ അഭാവത്തില്‍ മറ്റൊരു പ്രതിയായ അബ്ദുള്‍ ഖയ്യാമിനെ കോടതി വെറുതെ വിട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍