UPDATES

2002-ലെ വാഹനാപകട കേസ്: സല്‍മാന്‍ ഖാനെ വെറുതെവിട്ടു

അഴിമുഖം പ്രതിനിധി

2002 സെപ്തംബറില്‍ മുംബൈ ബാന്ദ്രയില്‍ വഴിയോരത്ത് ഉറങ്ങിക്കിടന്നവരുടെ മേല്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ച കേസില്‍ നടനെ ബോംബേ ഹൈക്കോടതി വെറുതേവിട്ടു. സല്‍മാന്‍ ഖാന് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് എആര്‍ ജോഷി വിധിച്ചു.

കഴിഞ്ഞ മേയില്‍ സല്‍മാനെ അഞ്ചുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവിന് എതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി താരത്തെ വെറുതെ വിട്ടത്. സല്‍മാന്‍ ഖാന് എതിരായ കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിലും പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ അനവധി പേരായ്മകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ആ തെളിവുകള്‍ വച്ച് പ്രതിയെ ശിക്ഷിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

2002 സെപ്തംബര്‍ 28-ന് സല്‍മാന്‍ ഖാന്‍ മദ്യപിച്ച് ഓടിച്ച വാഹനം അഞ്ചുപേര്‍ക്ക് മുകളിലൂടെ കയറിയെന്ന കുറ്റം പ്രോസിക്യൂഷന് കോടതിക്ക് ബോധ്യപ്പെടും വിധം തെളിയിക്കാനായില്ലെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. കേസില്‍ സാക്ഷിയായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴിയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പാട്ടീല്‍ ടിബി ബാധിച്ച് 2007-ല്‍ മരിച്ചിരുന്നു. വാദത്തിനിടെ പാട്ടീല്‍ അനവധി തവണ മൊഴികളില്‍ മാറ്റം വരുത്തിയിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ ഏക സാക്ഷിയും പാട്ടീല്‍ ആയിരുന്നു. കാറില്‍ സല്‍മാന്‍ ഖാനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഗായകനായ കമാല്‍ ഖാനേയും സല്‍മാന്‍ ഖാന്റെ കുടുംബ ഡ്രൈവര്‍ അശോക് സിംഗിനേയും കോടതിയില്‍ വിസ്തരിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു.

അപകട ദിവസം കാര്‍ ഓടിച്ചിരുന്നത് താനാണെന്ന് ഡ്രൈവര്‍ മേയില്‍ സല്‍മാനെ ശിക്ഷിച്ചശേഷം പറഞ്ഞിരുന്നു. 13 വര്‍ഷത്തിനുശേഷം നടത്തിയ ഈ കുമ്പസാരം പ്രോസിക്യൂഷന്‍ തള്ളിക്കളഞ്ഞിരുന്നു. ഈ വാദത്തോട് കോടതി യോജിച്ചില്ല. 2007-വരെ ഇന്ത്യയില്‍ വസിക്കുകയും പിന്നീട് വിദേശത്ത് താമസം ഉറപ്പിക്കുകയും ചെയ്ത കമാല്‍ ഖാനെ വിസ്തരിക്കാത്തതിനേയും കോടതി വിമര്‍ശിച്ചു.

ഹൈക്കോടതി വിധി പഠിച്ചശേഷം കേസിന്റെ തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍