UPDATES

സിനിമ

ചില്ലിട്ട ചിത്രം; ബാബുക്കയെ ഓര്‍ക്കുന്ന ബോംബെ എസ് കമാല്‍

Avatar

ജിതേഷ് ദാമോദര്‍

ഇത് ബോംബെ എസ് കമാല്‍ പറഞ്ഞ കണ്ണീരിന്റെ കഥയാണ് .
അദ്ദേഹം നമ്മെ വിട്ടു പോയി. എന്റെ ‘ഛായാപടങ്ങള്‍ ‘ എന്ന പുസ്തകത്തിന് വേണ്ടി മുടവന്‍ മുകളിലെ കമാലിന്റെ വീട്ടില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ പോയപ്പോള്‍, അദ്ദേഹം മുടവന്‍ മുകളില്‍ എത്തിപ്പെടാനുണ്ടായ കഥ പറഞ്ഞു. ഒരു കണ്ണീരിന്റെ കഥ. പുസ്തകത്തിലെ ഒരു അദ്ധ്യായത്തില്‍ നിന്ന്…

പാതിരാവില്‍ എപ്പോഴോ ഉറക്കത്തില്‍ ഞാന്‍ കട്ടിലില്‍ തിരിഞ്ഞു കിടന്നപ്പോള്‍ താഴേക്കു ഊര്‍ന്നു പോയ കയ്യില്‍ നനവ് തട്ടിയ പോലെ. ഞെട്ടി ഉണര്‍ന്നു. വീടിന് അകത്തു വെള്ളം മുട്ടോളം എത്തി നില്‍ക്കുന്നു. പുറത്ത് ഇടതടവില്ലാതെ മഴ.വെള്ളം പൊങ്ങി വരികയാണ്. വെപ്രാളപ്പെട്ടു മൂന്ന് മക്കളെയും ഒക്കത്ത് എടുത്തു കട്ടിലിനോട് കസേര അടുപ്പിച്ചിട്ട് അതില്‍ കിടത്തി. മെല്ലെ മുറ്റത്തേക്ക് ഇറങ്ങി. കടല് പോലെ വെള്ളം ഇരച്ചു പൊങ്ങുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പതിറ്റാണ്ടുകളായി ഈ വെള്ളപ്പൊക്കം ഒരു ശാപമായി എന്നെ പിന്തുടരാന്‍ തുടങ്ങിയിട്ട്. എന്റെ ജീവിതത്തില്‍ ഒരു ദുരന്തമായി പിടികൂടിയ വെള്ളപ്പൊക്കം ബോംബയിലൊ ഗുജറാത്തിലൊ ഒന്നുമല്ല. തിരുവനന്തപുരത്തെ തമ്പാനൂരില്‍. 1964 മുതല്‍ ഞാന്‍ അനുഭവിക്കുകയാണ്. അരിസ്‌റ്റൊ ജംഗ്ഷനില്‍ ഉള്ള വീട് താഴ്ന്ന പ്രദേശത്താണ്. ഏത് ചെറിയ വെള്ളപ്പൊക്കവും ഞങ്ങളെ ബാധിക്കും. പല രാത്രികളിലും മൂന്ന് മക്കളെയും ചുമലില്‍ ഏറ്റി അടുത്തുള്ള ലോഡ്ജുകളിലേക്ക് കുടിയേറും. ചിലപ്പോള്‍ കയ്യില്‍ ചില്ലിക്കാശുണ്ടാവില്ല എന്നാലും അവര്‍ എനിക്ക് അന്തിയുറങ്ങാന്‍ ഇടം തരും. പെണ്‍മക്കളെയും കൊണ്ട് അവിടങ്ങളില്‍ എത്ര കാലം….

മഴക്കാലം എന്നെ സങ്കടപ്പെടുത്തും. വെള്ളപ്പൊക്കം എന്നെ പേടിപ്പെടുത്തും. ഇവിടത്തെ രാഷ്ട്രീയക്കാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നിട്ട് പോലും ഒരു പരിഹാരവും കണ്ടില്ല. മനം മടുത്തും ജീവഹാനി ഭയന്നും തമ്പാനൂരില്‍ നിന്ന് കുടുംബവും ഒത്തു ഞാന്‍ പൂജപ്പുര മുടവന്മുകളിലേക്കു പലായനം ചെയ്തു. തറ നിരപ്പില്‍ നിന്ന് 8 മീറ്റര്‍ ഉയരത്തിലാണ് ഇപ്പോള്‍ എന്റെ വീട്. മനസ്സമാധാനം ഉണ്ട്. ഇപ്പോള്‍ എനിക്ക് വെള്ളപ്പൊക്കത്തിന്റെ ഇരമ്പലിനെ പേടിയില്ല. പക്ഷെ വെള്ളപൊക്കം എനിക്ക് കുറേ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. നിധിപോലെ സൂക്ഷിച്ച പലതും കൈവിട്ടുപോയി. അതിനെക്കുറിച്ച് പറയുന്നതിന് മുമ്പേ എന്റെ പഴയ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കേണ്ടതുണ്ട്. 

‘ഏയ് കമാല്‍ ഭായ്’ എന്ന് നീട്ടി വിളിച്ചു എനിക്ക് മുന്നില്‍ ഹാര്‍മോണിയവുമായി ബാബുക്ക. എന്നെ പാട്ട് ചിട്ടപ്പെടുത്താന്‍ പഠിപ്പിച്ച എം. എസ്. ബാബുരാജ് എന്ന ബാബുക്ക. 1956ല്‍ ബോംബയില്‍ ഒരു സുഹൃത്ത് വഴി ഞാന്‍ പരിചയപ്പെട്ടു. ഒരു പരിപാടിയില്‍ എന്നെക്കൊണ്ട് റഫിയുടെ പാട്ട് പാടിച്ചു. സ്‌റ്റേജിലേക്ക് വന്ന് ഒരു ആരാധകന്‍ എനിക്ക് 40 രൂപ തന്നു. ആ പ്രസന്റേഷന്‍ ബാബുക്ക എനിക്ക് തന്നെ തരികയും ചെയ്തു. കൂടെ ഒരു വാഗ്ദാനവും. കോഴിക്കോട് വന്നു കൂടെ നിന്നാല്‍ പാട്ട് തരാം. അങ്ങനെ ബാബുക്കയോടൊപ്പം കൂടി. 

എങ്ങനെ കമ്പോസ് ചെയ്യാമെന്ന് എന്നെ പഠിപ്പിച്ചു. സംഗീതം ചിട്ടപ്പെടുത്തുന്ന മേഖലയിലേക്ക് ഞാന്‍ പിച്ചവച്ചു കയറി. 1986ല്‍ ‘അടുക്കള’ എന്ന സിനിമയ്ക്കായി ഞാന്‍ ആദ്യമായി ട്യുണ്‍ ചെയ്തു. ‘പാടാം ഞാന്‍ പാടാം ഒരു സാന്ത്വനം’ എന്ന് തുടങ്ങുന്ന ഗാനം യേശുദാസ് ആണ് പാടിയത്. പിന്നീടു കുറേയേറെ പാട്ടുകള്‍. ഇല്ലില്ലം കാട്, നനഞ്ഞ ചിറകുള്ള പക്ഷി, ശീര്‍ഷകം, അക്ഷരാര്‍ഥം, ശാന്തി നിലയം, പെണ്‍ കുതിര, ഹലോ സിറ്റി പോലിസ്, പോലിസ് ഡയറി , ശാന്തി തീരങ്ങളില്‍, സ്വാമി വിവേകാനന്ദന്‍, അലയുന്ന ആത്മാവ്, വെള്ളാരം കിളികള്‍ എന്നീ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. 

ഞാന്‍ മലയാള ഗാനങ്ങള്‍ അതേ ട്യൂണില്‍ ഹിന്ദിയില്‍ പാടി സ്‌റ്റേജില്‍ അവതരിപ്പിക്കും.

‘കാക്ക കുയിലേ ചൊല്ലൂ കൈ നോക്കാന്‍ അറിയാമോ? എന്നതിന് ഹംദം മേരെ ദില്‍ കീ ആവസോം മേ ചാഹ്‌തോം…’ ചെമ്മീനിലെ കടലിനക്കരെ പോണോരെ എന്നതിന് തേരീ നസര് ബോലേറെ സാര ഭരം ഖോലേറെ എന്നും ഈണത്തില്‍ പാടുമ്പോള്‍ കാണികള്‍ കൈയടിക്കും. 1971 ല്‍ തലശ്ശേരി കേരള നിലയത്തില്‍ സ്ഥിരം മ്യൂസിക് ഡയറക്ടര്‍ ആയി. നിശാപുഷ്പം, മനുഷ്യപുത്രന്‍, ദി ഡെവിള്‍ അങ്ങനെ നിരവധി നാടകങ്ങള്‍.

ഒരു ദിവസം നിശാപുഷ്പത്തിന്റെ അരങ്ങേറ്റം കാണാന്‍ ബാബുക്ക എത്തി. ഞാന്‍ കോരിത്തരിച്ചു പോയി. പാടു ചിട്ടപ്പെടുത്തിയത് കണ്ടു അനുഗ്രഹിച്ചു.’ ഞാന്‍ പഠിപ്പിച്ചത് നീ വിജയിപ്പിച്ചു. നന്നായി വരും’ അദ്ദേഹം സ്‌റ്റേജിലേക്ക് കയറി വന്നു. ഫോട്ടോ ഗ്രാഫറെ വിളിച്ചു ബാബുക്കയുടെ കൂടെ കുറെയേറെ ഫോട്ടോകള്‍.

ആ ചിത്രങ്ങള്‍ ഒക്കെ ഒരു നിധി പോലെ ഞാന്‍ ചില്ലിട്ടു സൂക്ഷിച്ചു. ആ സംഗീത സാമ്രാട്ടിന്റെ കൂടെയുള്ള ചിത്രം നശിച്ച വെള്ളപ്പൊക്കത്തില്‍ എനിക്ക് നഷ്ടപ്പെട്ടു. ഒന്ന് മാത്രം അല്ല ഒരുപാട് എണ്ണം. 

ഒരു തവണ കഴുത്തോളം വെള്ളം മുങ്ങിയപ്പോള്‍ മക്കളെയും ചുമലിലെടുത്ത് പോകുമ്പോഴാണ് ബാബുക്കയുടെ ചിത്രങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ അലകളില്‍ ഒഴുകിപ്പോയത്. അപ്പോള്‍ എന്റെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളികള്‍ ചിതറിതെറിച്ചത് ആരും കണ്ടതേയില്ല. 

എന്റെ രണ്ടു കൈയും മക്കളുടെ ആറ് കൈകള്‍ കൊണ്ട് ബന്ധിച്ചപ്പോള്‍ വെള്ളത്തിന്റെ ഒഴുക്കില്‍ ബാബുക്കയുടെ ചിത്രം മൂന്നുവട്ടം കറങ്ങി എങ്ങോ താഴ്ന്നു പോയി.

(കേരള കൌമുദിയില്‍ ഫോട്ടോജേര്‍ണലിസ്റ്റായിജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഫ്രീ ലാന്‍സ് ഫോട്ടോഗ്രാഫര്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍