UPDATES

വായന/സംസ്കാരം

മഷ്‌റൂം Cats എന്ന സിനിമാറ്റിക്ക് നോവലിന്റെ ടീസറെഴുത്ത്

വ്യവസ്ഥാപിതമായ നോവല്‍ ചട്ടക്കൂടിനെ മഷ്റൂം Cats നിരാകരിക്കുകയും, അതൊരു ചലചിത്രത്തിന്റെ പകര്‍ത്തിയെഴുത്തുപോലെ അനുഭവപ്പെടുത്തുകയും ചെയ്യുന്നു

A French drug dealer living in Tokyo is betrayed by his best friend and killed in a drug deal. His soul, observing the repercussions of his death, seeks resurrection.

Gaspar Noé എന്ന വിഖ്യാതനായ ചലച്ചിത്രകാരന്റെ Enter the Void എന്ന ചലച്ചിത്രത്തിന്റെ മൂലകഥയാണ് മേല്‍വരിയില്‍. ഈ ചലച്ചിത്രം കാണുന്ന പ്രേക്ഷകന്റെ മാനസികാവസ്ഥയിലൂടെ മാത്രം വായിക്കേണ്ട നോവലാണ് ആഷ് അഷിതയുടേത്. മരണത്തെ കുറിച്ച് പറഞ്ഞാണ് ആഷ് അഷിത തുടങ്ങുന്നത്, ‘മരിച്ചവരെ കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ല. കാരണം നിങ്ങള്‍ ജീവിതക്കാഴ്ചകളാല്‍ കണ്‍കെട്ടപ്പെട്ടവരാണ്.’

കള്ളക്കടത്തുകാരന്‍ പയ്യന്റെ ആത്മാവിന്റെ കാഴ്ചയില്‍ നിന്നും മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുന്ന ആഖ്യാന പാടവം സിനിമയില്‍ എപ്രകാരമാണോ Gaspar Noé, കൊരുത്തത് അപ്രകാരം കഥ ആരംഭിക്കുകയാണ് ആഷ് അഷിത. ‘നിങ്ങള്‍ ഇന്നലെ കൊന്നത് ഒരു പൂച്ചയെ ആയിരിക്കാം, അതിന്റെ പേര് മാവു എന്നായിരിക്കാം, അത് ഞാനായിരിക്കാം…’

കറുത്ത ഒരു പേജില്‍ പൂച്ചയുടെ കണ്ണുകള്‍ മാത്രം തിളങ്ങുന്നു. കൊല്ലപ്പെട്ട ഒരു പൂച്ചയുടെ ആത്മാവിന്റെ Point of view Shotല്‍ ആഷ് അഷിത കഥ ആരംഭിക്കുകയായി. പെറ്റ്‌ലി പീറ്റര്‍ എന്ന കള്ളക്കടത്തുകാരന്‍, ഒരു ബിസിനസ് പാര്‍ട്ടിയ്ക്കിടയ്ക്ക് വെച്ച് തന്റെ വളര്‍ത്തുപൂച്ചയെ കൊന്ന് വിരുന്നൊരുക്കുന്നു. അതൊരു കറുത്ത പൂച്ചയായിരുന്നൂ, മാവു. മരണത്തിന്റെ അറിയിപ്പുമായി തനിക്ക് ചുറ്റും നടന്നിരുന്ന കറുത്ത പൂച്ചയെ അയാള്‍ വെറുക്കുന്നെങ്കിലും കൂടെ കൂട്ടുകയും ചെയ്യുന്നുണ്ട്. പെറ്റ്‌ലി പീറ്റര്‍ തന്നെ മോഷ്ടിച്ചെടുത്തതാണെന്ന് പൂച്ചയൊരിടത്ത് ഓര്‍ക്കുന്നുണ്ട്. മഷ്റൂം Cats എന്ന നോവല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ കാണികള്‍ക്കുള്ള മുന്നറിയിപ്പ് രചയിതാവ് നല്‍കുന്നുണ്ട്; ‘ഉള്ളിലൊരുത്തിക്ക്, ഒറ്റയ്ക്ക് അലയാന്‍ വിടുന്ന കൂട്ടിന്, കൂടെ നിന്നവര്‍ക്ക്, പുക രുചിച്ചവര്‍ക്ക്’. മഷ്റൂം Cats എന്ന സിനിമാറ്റിക്ക് നോവലിന്റെ ആകെ തുകയെ, സിനിമാ ടീസറിലെ മോണോലോഗ് പോലെ പറഞ്ഞുവെച്ചാണ് നോവലിലേക്ക്, ആഷ് അഷിത കാണികളെ ക്ഷണിക്കുന്നത്!

സീന്‍ 1, നനഞ്ഞവളുടെ ഉടുപ്പ്; നഗരത്തിന്റെ നഗ്‌നത.
ഒരു തിരക്കഥയിലെന്ന പോലെ നായികയായ പെണ്‍കുട്ടിയുടെ നിലവിലെ അവസ്ഥയെ വിവരണത്താല്‍ ചിത്രീകരിച്ചു കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. പെറ്റ്‌ലി പീറ്റര്‍ എന്ന അധോലോകനായകന്റെ കയ്യിലകപ്പെട്ട ലോക്കല്‍ പെഡ്ലറായൊരു പെണ്‍കുട്ടിയും, അവളുടെ ബാബയും അടങ്ങുന്ന ഓര്‍മ്മകളിലൂടെ കഥ പറച്ചിലുകാരിയായ പൂച്ച നോവലിനെ മുന്നോട്ട് കൊണ്ടുപോകുന്നു. ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും, ഏഴ് ജന്മങ്ങളുള്ളൊരു പൂച്ചയുടെ ആത്മാവ് നോക്കിക്കാണുന്നതിന്റെ കൗതുകം പിന്നീട് ഓരോ അദ്ധ്യായത്തിലും എഴുത്തുകാരി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

ചലച്ചിത്രത്തില്‍ അകപ്പെട്ടുപോയൊരു അനുഭവമാണ് നോവല്‍ പിന്നീട് തരുന്നത്. കട്ട വയലന്‍സുള്ളൊരു റിയലിസ്റ്റിക് സിനിമയുടെ ബാക്ക്ഡ്രോപ്പില്‍ കുറച്ച് ആളുകളെ നമുക്ക് മുന്നിലേക്ക് നിരത്തപ്പെടുകയാണ്. എല്ലാവരും വളര്‍ത്തുമൃഗങ്ങളെ പോലെ കൊല്ലപ്പെടാന്‍ തുല്ല്യസാധ്യതയുള്ളവര്‍. Enter the Void ലെ നായകനെപ്പോലെ ആഷ് അഷിതയുടെ നോവലിലെ നായകനും കള്ളക്കടത്തുകാരനാണ്. ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിന് അവര്‍ക്ക് അനുസരിച്ച് മാത്രമാണ് ലഹരികളെല്ലാം വഴങ്ങിക്കൊടുക്കുന്നത്. വയലന്‍സുകള്‍ നിറഞ്ഞു നില്‍ക്കുന്ന സാമൂഹ്യാന്തരീക്ഷത്തിലെ ഒരു ഇന്ത്യന്‍ നഗരം. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട നഗരമെന്ന് തന്നെ കരുതിക്കോളൂ. മഷ്റൂം Cats ലെ നായികയുടെ ഓര്‍മ്മയില്‍ ആഷ് അഷിത കുറിക്കുന്നത് ഇങ്ങനെയാണ്; ‘കഴിഞ്ഞ രാത്രി ഈ സമയത്താണ് കുറച്ചപ്പുറത്ത് ഒരു പത്രപ്രവര്‍ത്തകയെ ആരൊക്കെയോ വെടിവെച്ചിട്ടത്.’

ഇത്തരത്തില്‍ ക്രൈം നടക്കുന്നൊരു നഗരപശ്ചാത്തലത്തില്‍, അവിടുത്തെ ദാരിദ്ര്യവും പോലീസും സൃഷ്ടിക്കുന്ന അരക്ഷിത ജീവിതങ്ങളാല്‍ ക്രമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്ന പെറ്റ്‌ലി പീറ്റര്‍ എന്ന മനുഷ്യന്റെയും, അയാള്‍ തടവിലാക്കിയൊരു പെണ്‍കുട്ടിയുടേയും അവരുടെ ചുറ്റുപാടുകളുടേയും സിനിമാറ്റിക് അവതരണമെന്നോ, ഡ്രഗ് പെഡ്‌ലേഴ്സിന്റെ നിത്യജീവിതത്തിലെ വൈകാരികതകളുടെ അടയാളപ്പെടുത്തലെന്നോ ആഷ് അഷിതയുടെ നോവലിനെ വിലയിരുത്താവുന്നതാണ്. എന്നാല്‍, വ്യവസ്ഥാപിതമായ നോവല്‍ ചട്ടക്കൂടിനെ മഷ്റൂം Cats നിരാകരിക്കുകയും, അതൊരു ചലചിത്രത്തിന്റെ പകര്‍ത്തിയെഴുത്തുപോലെ അനുഭവപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വാക്കുകളെ ഫ്രെയിമിലാക്കി പറയുകയാണ്, മഷ്റൂം Cats.

തെരുവില്‍ നിന്നും വൃദ്ധനായ ബാബയ്ക്ക് കിട്ടിയ നായികയുടെ അവതരണ സീനിന് ശേഷം, കഥ പുരോഗമിക്കുമ്പോള്‍ Kim Ki-duk (South Korean filmmaker) ന്റെ Bad Guy എന്ന ചലച്ചിത്രത്തിന്റെ സ്വഭാവത്തിലേക്ക് നോവല്‍ കൂടുമാറുന്നു. (A gangster (Jo Jae-hyeon) meets a college student (Seo Weon) who is desperate for money and forces her into prostitution.) ബലാത്സംഗത്തിന് ഇരയാവുന്ന Bad Guy ലെ നായികയ്ക്ക് അതിജീവനത്തിന്റെ ഭാഗമായെന്നോണം അയാളോട് തോന്നുന്ന വൈകാരികമായ സഞ്ചാരങ്ങളുടെ തുടര്‍ച്ച കാഴ്ച വെക്കുകയാണ് പിന്നീട് നോവലിലെ നായകനും നായികയും.  ഇന്ത്യന്‍ നഗരത്തിലെ ഒരു മഴക്കാലത്തെ ക്രൈം മണക്കുന്ന സിനിമാറ്റിക്ക് ഫ്രെയിമില്‍ നിന്നുകൊണ്ട്, കൊല്ലപ്പെടാന്‍ സാധ്യതയുള്ള നായികയെ വായനക്കാരന് മുന്നിലിട്ടു കൊടുക്കുന്നുണ്ട്.

സീന്‍ 2ലേക്ക് കടക്കുമ്പോള്‍, നോവല്‍ ബാബാജിയെന്ന വൃദ്ധനും പെറ്റ്‌ലി പീറ്ററെന്ന ചെറുക്കനും കണ്ടുമുട്ടിയ flashback രംഗങ്ങളിലൂടേയും, അതിവേഗം പെറ്റ്‌ലി പീറ്റര്‍ എങ്ങനെ ആ നഗരത്തിന്റെ അധോലോക നായകനായെന്നും വിവരിക്കുന്നു. ‘മണങ്ങളുടെ രാജ്യത്ത് നിങ്ങള്‍ പുകയൂതാന്‍ വിധിക്കപ്പെട്ട അടിമയാണ്’ എന്ന ടാഗ് ലൈനോടെയാണ്, ബാബാജി എന്ന കഥാപാത്രത്തെ ആഷ് അഷിത പരിചയപ്പെടുത്തുന്നത്. ഒന്നിലും ഇടപെടാത്ത, നിസ്സഹായനായ ദൈവത്തെ പോലെ അല്ലെങ്കില്‍ ദൈവസ്നേഹം പോലെയാണ് നായികയ്ക്ക് ബാബാജി എന്ന വൃദ്ധന്‍, മഷ്റൂം Cats ല്‍.

‘ഈ ലോകത്തെ കാര്യങ്ങളൊക്കെ ദൈവം വിചാരിക്കുന്ന മുറയ്ക്കാണ് നടക്കുന്നതെങ്കില്‍ തന്റെ ജീവിതം ചുവരിലെ ചിത്രപ്പെണ്ണിനെ പോലെ തിളങ്ങുമായിരുന്നു എന്ന് പെണ്‍കുട്ടിയ്ക്ക് ഒരു നിമിഷം അത്യാഗ്രഹമുണ്ടായി.’ പെണ്‍കുട്ടിയുടെ ഓര്‍മ്മയില്‍ ബാബാജിയും ദൈവവും ഒരേ സാധ്യതയും സമാനതയും അടയാളപ്പെടുത്തുന്നുണ്ട്. തെരുവ്തെണ്ടിയുടെ പേപ്പര്‍പുതപ്പിനകത്തേക്ക് വലിഞ്ഞുകയറിയ രണ്ടുവയസുകാരിയ്ക്ക് ദൈവവും സ്നേഹവും എല്ലാം ബാബാജിയെന്ന വൃദ്ധനാണ്. എന്നാല്‍, അവളെ പെറ്റ്‌ലി പീറ്റര്‍ കവര്‍ന്നെടുക്കുമ്പോള്‍ ബാബാജിയും ദൈവവും ഒരേ പോലെ മൗനത്തിലാണെന്നത് ശ്രദ്ധേയമാണ്. ഇത്തരമൊരു വായനയിലൂടെ കടന്നുപോകുമ്പോള്‍, ബാബാജിയെന്ന വൃദ്ധനേക്കാള്‍ നിസ്സഹായനായൊരു കിളവനാണ് ദൈവമെന്ന് തോന്നിപ്പോകും. ദൈവത്തിന്റേയും മനുഷ്യന്റേയും നിസ്സഹായതയെ ജൈവികമായി സമീപിക്കാന്‍, ആഷ് അഷിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പെറ്റ്‌ലി പീറ്റര്‍ എന്ന കള്ളക്കടത്തുകാരന്‍ തടവിലിട്ട പെണ്‍കുട്ടിയുടേയും അയാളുടെ വളര്‍ത്തുപൂച്ചയുടേയും ഓര്‍മ്മകളെ ഒരു നോണ്‍ലീനിയര്‍ സിനിമയുടെ തിരക്കഥാശരീരത്തില്‍ തുന്നിയെടുത്ത് കഥപറഞ്ഞു തുടങ്ങിയ ആഷ് അഷിത, രസകരമായൊരു ഇടവേള കഥയ്ക്ക് നല്‍കുന്നുണ്ട്. വളര്‍ത്തുപൂച്ചയും പെണ്‍കുട്ടിയും പെറ്റ്‌ലി പീറ്ററിനാല്‍ കൊല്ലപ്പെട്ടവരാണെന്ന് വ്യക്തമാകുന്ന നോവല്‍ ഭാഗത്തോടെ, മഷ്റൂം Cats എന്ന സിനിമാറ്റിക്ക് നോവലിന്റെ തിരശീലയില്‍ ഇടവേള എന്ന് എഴുതിക്കാണിക്കാവുന്നതാണ്. ഇടവേളയ്ക്ക് ശേഷം, നോവലില്‍ ചരിത്രപുസ്തകങ്ങള്‍ കരണ്ടുതിന്നിരുന്നൊരു ഭ്രാന്തന്‍ പ്രൊഫസറും, അയാളുടെ ഭാര്യയും ആഖ്യാനത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് പ്രതിഷ്ഠിക്കപ്പെടുന്നു.

‘ഏഴ് ജന്മങ്ങള്‍ ജനിച്ചതിന്റെ അല്ലെങ്കില്‍ ഏഴ് മരണങ്ങള്‍ ജനിച്ചതിന്റെ കനമില്ലായ്മ ഞാന്‍ അറിഞ്ഞിട്ടുണ്ട്’ എന്ന് പറഞ്ഞുകൊണ്ട്, തന്റെ മുന്‍ജന്മത്തിലെ യജമാനനായ പ്രൊഫസറെ ഓര്‍ക്കുകയാണ്, പെറ്റ്‌ലി പീറ്ററിനാല്‍ കൊല്ലപ്പെട്ട അയാളുടെ വളര്‍ത്തുപൂച്ച. പ്രൊഫസറുടെ പൂച്ചയായി ജന്മമെടുക്കുന്നതിന് മുമ്പ്, ഒന്നാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത പിട്ടൌച്ചി എന്ന പൂച്ചയായിരുന്നു താന്‍ എന്നും മാവു ഓര്‍ക്കുന്നുണ്ട്. പൂച്ചകള്‍ നയിച്ച യുദ്ധങ്ങളെ കുറിച്ചും പൂച്ച ദൈവമായിരുന്ന, ഈജിപ്ത്യന്‍ പൗരാണികതയെ കുറിച്ചും ജന്മങ്ങള്‍ക്കിപ്പുറം നിന്ന് കൊല്ലപ്പെട്ടൊരു പൂച്ച ഓര്‍ക്കുന്നതിന്റെ ഫാന്റസി ഒരു ഹോളിവുഡ് ഹൊറര്‍ സിനിമയുടെ പശ്ചാത്തലമൊരുക്കുന്നുണ്ട്. പ്രൊഫസറും ഭാര്യ സെലിനും പിരിഞ്ഞതിന് ശേഷം, തന്റെ യജമാനനോട് പൂച്ചയ്ക്ക് തോന്നുന്ന നീരസവും പ്രൊഫസറുടെ മരണവും ഒരു ഹോളിവുഡ് ഹൊറര്‍ സിനിമയുടെ രസക്കൂട്ടിനാല്‍ സമ്പന്നമാണ്. പിട്ടൌച്ചി, എന്ന പൂച്ചയുടെ കഥ ഹോളിവുഡ് war movieകളെ അനുസ്മരിപ്പിക്കുകയും ചെയ്യും.

പൂച്ച ദൈവമായിരുന്ന ഈജിപ്ത്യന്‍ മിത്തിലെ പൂച്ചക്കഥയെ ഒരു കാര്‍ട്ടൂണ്‍ സിനിമയുടെ ലാഘവത്തോടെ വായിച്ചുപോകാവുന്നതാണ്. മനുഷ്യനുമായൊരിക്കലും സന്ധിചെയ്യാത്ത വേട്ടക്കാരായ പൂച്ചയെ മിത്തിലൂടേയും ചരിത്രത്തിലൂടേയും പറഞ്ഞുവെക്കുകയും മനുഷ്യകുലത്തോളം പോരാട്ടങ്ങളുടെ ചരിത്രം പൂച്ചകള്‍ക്കുമുണ്ടെന്നും സ്ഥാപിക്കുന്നതോടെയാണ്, മഷ്റൂം Cats എന്ന നോവലിന്റെ നാലാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

‘പൂച്ചയെ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷ മരണമായിരുന്നു’, എന്ന വാക്യം ഈജിപ്ത്യന്‍ പൗരാണികതയിലുണ്ടായിരുന്നെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നിന്നൊരു പൂച്ച പറയുമ്പോള്‍, വഴിയിലിറങ്ങി നിന്ന് ഹിന്ദുത്വ ഭരണകാലത്ത് ജീവിക്കുന്ന പശുക്കളോട് അവര്‍ അനുഭവിക്കുന്ന പ്രിവിലേജിനെ കുറിച്ച് ചോദിക്കാന്‍ തോന്നുകയും, വംശഹത്യകളില്‍ അഭിരമിക്കുന്ന, ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാളും ദളിതരേക്കാളും പ്രിവിലേജ്ഡ് ആയ പശുക്കളെ ഓര്‍മ്മ വരികയും ചെയ്തു. ഫാസിസ്റ്റ് രാജ്യങ്ങളിലെ നിയമങ്ങളുടെ അര്‍ത്ഥശൂന്യതയുടെ അധികാരച്ചിരിയെ ഓര്‍മ്മപ്പെടുത്തിയ ‘The Official Joke Book’ എന്ന ഹ്രസ്വചിത്രത്തിന്റെ (സംവിധാനം: വി.ജി. ബാബുരാജ്, ക്യാമറ: രാജീവ് രവി) നിലപാടുകളെ മഷ്റൂം Cats പിന്‍തുടരുന്നു. മനുഷ്യരെ കൊന്നതിനാലല്ല, പൂച്ചയെ കൊന്നതിനാലാണ് അവര്‍ മരണത്തിനര്‍ഹര്‍ എന്ന, ഔദ്യോഗിക തമാശനിയമങ്ങളിലെ സ്റ്റേറ്റിന്റെ ഹിംസാത്മകമായ തമാശകളെ കളിയാക്കാന്‍, ഏറിയും കുറഞ്ഞും മഷ്റൂം Cats ശ്രമം നടത്തുന്നുണ്ട്.

‘എനിക്കറിയാവുന്ന സത്യം പറയട്ടെ, യഥാര്‍ത്ഥത്തില്‍ ചില മനുഷ്യര്‍ക്ക് കുറ്റങ്ങള്‍ ചെയ്യണമെന്നു തന്നെയില്ല, ചെയ്തെന്ന തോന്നല്‍ ആരെങ്കിലും അവരില്‍ ജനിപ്പിച്ചാല്‍ മതി. ജീവിതം മുഴുവന്‍ കുറ്റബോധത്തിന്റെ വഴികളില്‍ ആണ്ടു പോവാന്‍. അത്രയ്ക്കും സ്വയം വിശ്വാസമില്ലാത്ത ജീവികളാണ് മനുഷ്യര്‍’ എന്ന് കുറിച്ചതിന് ശേഷം എഴുത്തുകാരി മരിച്ചുപോയ മനുഷ്യരുടെ ഹൃദയത്തെക്കുറിച്ച് വാചാലയാവുകയാണ്. മരിച്ചവരുടെ ഹൃദയം തൂക്കിനോക്കുന്ന ചടങ്ങ് ഉള്ളതായി മഷ്റൂം Catsല്‍ രേഖപ്പെടുത്തുന്നുണ്ട്. ‘മരിച്ചവരുടെ കര്‍മ്മങ്ങളുടെ വിശദാംശങ്ങള്‍, ശ്വാസകോശത്തില്‍ പുകയിലക്കറ എന്ന പോലെ ഹൃദയത്തില്‍ അടിഞ്ഞുകൂടിയിട്ടുണ്ടാവും. മരിച്ചവന്റെ ഹൃദയത്തിന് മത്സരിക്കാനുള്ളത് നീതിയുടേയും സത്യത്തിന്റേയും ദേവതയായ മായെറ്റ് എന്ന സുന്ദരിയുടെ തൂവലിനോടാണ്. പാപഭാരമൊഴിഞ്ഞ് ഹൃദയം തൂവല്‍ക്കനത്തില്‍ ആയിട്ടില്ലെങ്കില്‍ ആത്മാവിനെ ഭക്ഷിക്കാന്‍ സിംഹത്തിന്റേയും ഹിപ്പോപ്പൊട്ടാമസിന്റെയും മുതലയുടേയും ശരീരഭാഗങ്ങള്‍ ഉള്ള അമ്മുത്ത് എന്ന പെണ്‍ദേവത തയ്യാറായി നില്‍ക്കുന്നുണ്ടാവും.’

നോണ്‍ലീനിയര്‍ സിനിമയുടെ സമകാലിക പ്രയോക്താക്കളില്‍ പ്രമുഖനായ ഇനാരിറ്റുവിന്റെ ബാബേല്‍, 21 Grams എന്നീ സിനിമകളുടെ ആഖ്യാനഘടനയോട് സാദൃശ്യം ചിലപ്പോള്‍ മഷ്റൂം Cats പുലര്‍ത്തുന്നുണ്ട്. ഇനാരിറ്റുവിന്റ (Alejandro González Iñárritu) 21 Grams എന്ന സിനിമയുടെ അന്ത്യത്തില്‍ ഹൃദയത്തെക്കുറിച്ചും ഹൃദയഭാരത്തെക്കുറിച്ചുമുള്ളൊരു വാചകം എഴുതിക്കാണിക്കുന്നുണ്ട്. ‘ They say we all lose 21 grams… at the exact moment of our death. Everyone. And how much fits into 21 grams? How much is lost? When do we lose 21 grams? … How much is gained? Twenty-one grams. The weight of a stack of five nickels. The weight of a hummingbird. A chocolate bar. How much did 21 grams weigh? ‘

ഹൃദയഭാരത്തെക്കുറിച്ച് ഇനാരിറ്റു പുലര്‍ത്തുന്ന അതേ വേദന മറ്റൊരു തരത്തില്‍, ആഷ് അഷിതയും പേറുന്നുണ്ട്. അരക്ഷിതരാക്കപ്പെട്ട ബാബാജിയും പെണ്‍കുട്ടിയും പൂച്ചയും പെറ്റ്‌ലിപീറ്ററും 21ഗ്രാം മാത്രം തൂക്കമുള്ള ഹൃദയത്തിന്റെ ഭാരവും മിടിപ്പും പേറുന്നവരാണ്, അവരിലെ ശരികളും തെറ്റുകളും സമൂഹത്താല്‍ രൂപപ്പെടുത്തിയതാണെന്നും നിലവിലെ അവരുടെ ജീവിത്തിന് കാരണം സ്റ്റേറ്റ് സൃഷ്ടിച്ച ദാരിദ്ര്യവും ചൂഷണവുമാണെന്നും വ്യക്തമാക്കപ്പെടുന്നു. ഈയൊരു സാഹചര്യത്തില്‍ മായെറ്റ് എന്ന സുന്ദരിയുടെ തൂവലിനോളം കനംകുറഞ്ഞതോ പാപഭാരമൊഴിവാക്കാനായി മത്സരിക്കേണ്ടതോ ആയ ഹൃദയമല്ല തന്റെ കഥാപാത്രങ്ങള്‍ക്കുള്ളതെന്ന്, വായനക്കാരെ ബോധ്യപ്പെടുത്താന്‍ മഷ്റൂം Castല്‍ എഴുത്തുകാരി ശ്രമിക്കുന്നുണ്ട്.

വിദേശ സിനിമകളുടെ ഫ്രെയിംപാറ്റേണ്‍ രംഗവിവരണം കടമെടുത്ത് വേഗമാര്‍ജിക്കുന്ന നോവല്‍ പിന്നീടൊരു, ഹോളീവുഡ് ‘taboo’ സിനിമയുടെ പരിസരത്തിലേക്ക് നീങ്ങിക്കൊണ്ടാണ് അന്ത്യത്തിലേക്ക് അടുക്കുന്നത്. സെദ്രിക് എന്ന നൈജീരിയക്കാരന്‍ ഡ്രഗ് പെഡ്‌ലറുടേയും അയാളുടെ കാമുകി ചെറിയുടേയും കഥ വിവരിക്കുന്നത്, പോണ്‍മൂവിയുടെ ഫ്ളേവര്‍ നല്‍കിക്കൊണ്ടാണ്. ചേട്ടത്തിയും കാമുകിയുമായ ചെറിയ്ക്ക് വേണ്ടി, ചേട്ടന്‍ പാട്രിക്കിനെ ഡ്രഗ് മ്യൂളാക്കുന്നതും പോലീസിന് ഒറ്റുകൊടുത്ത് അയാളെ കൊല്ലിക്കുന്നതുമായ സെദ്രിക്കിന്റെ അനുഭവം, അയാള്‍ പെറ്റ്‌ലി പീറ്ററിനോട് എറ്റുപറയുന്നതോടെ നോവല്‍ ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. പെറ്റ്‌ലി പീറ്ററിനോടും അയാളുടെ കൊല്ലപ്പെട്ട പൂച്ചയോടുമായി, ലഹരിയുടെ ഉന്മാദത്തില്‍ സെദ്രിക് കുമ്പസരിച്ച് തീരുന്നതോടെ അതേ ഉന്മാദത്തിന്റെ തുടര്‍ച്ചയെന്നോണം, പീറ്റര്‍ സെദ്രിക്കിനെ കൊലപ്പെടുത്തുന്നു. സെദ്രിക്കിനെ കൊലപ്പെടുത്തിയതിന് പിന്നിലും, എന്തിനേറെ താന്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയിലും എല്ലായിടത്തും എല്ലാത്തിലും തന്റെ വളര്‍ത്തുപൂച്ച മാവുവിനെ പീറ്റര്‍ ദര്‍ശിക്കുന്നു. ഏഴ് ജന്മങ്ങളുള്ളൊരു മഷ്റൂം Cat തന്നോട് പ്രതികാരം ചെയ്യാനെത്തുന്നതായി ഭയക്കുന്ന പെറ്റ്‌ലി പീറ്റര്‍ എന്ന അധോലോക നായകന്റെ പേടിയുടേയും അനിശ്ചിതത്വത്തിന്റേയും അനാഥത്വത്തിന്റേയും കഥകൂടിയായി കീഴ്മേല്‍ മറിച്ചുകൊണ്ട്, വേട്ടക്കാരനായ പുരുഷനില്‍, ഒരു ഇരയെ കൂടി കാണിച്ചുതന്നാണ് ആഷ് അഷിത മഷ്റൂം Cats അവസാനിപ്പിക്കുന്നത്.

വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കണ്ടുമറന്ന ഒരുപാട് സിനിമകളെ മഷ്റൂം Cats ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സിനിമാറ്റിക് ഭാഷയാല്‍ നെയ്തെടുത്തൊരു അധോലോക സിനിമാക്കഥ പോലെ തോന്നിപ്പിക്കും ആഷ് അഷിതയുടെ മഷ്റൂം Cat എന്ന നോവല്‍. സിനിമകളെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ മഷ്റൂം Cats നെ ഗൗരവത്തോടെ വായിക്കുകയും, ഹൃദയത്തോട് ചേര്‍ക്കുകയും ചെയ്യുമെന്ന പ്രത്യാശയോടെ ആഷ് അഷിതയുടെ മഷ്റൂം Cats എന്ന സിനിമാറ്റിക്ക് നോവലിന്റെ ടീസറെഴുത്ത് ചുരുക്കുന്നു.

ജിംഷാര്‍ പി

ജിംഷാര്‍ പി

എഴുത്തുകാരന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍.... ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍, പടച്ചോന്‍റെ ചിത്ര പ്രദര്‍ശനം എന്നിവ കൃതികള്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍