UPDATES

വായന/സംസ്കാരം

ഭയോളജി വായിക്കുമ്പോള്‍ തെളിയുന്നത്

ജയദേവ് അടുത്ത് നില്‍ക്കുന്നത്, ജോണ്‍ അബ്രഹാം എഴുതിയ നേര്‍ച്ചക്കോഴി എന്ന സമാഹാരത്തിലെ കഥകളോടാണ്

ജോണി എം.എൽ

ജോണി എം.എൽ

സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്കുള്ള സാഹിത്യയാത്രകളാണ് ചെറുകഥകള്‍. വലിയൊരു ഉറുമ്പിന്‍ പുറ്റിനു മുന്നില്‍ കുറെ നേരം നിന്നശേഷം ഒരുറുമ്പിനെ പിടിച്ചു ഉള്ളം കയ്യില്‍ വെച്ച് അതിന്റെ ചലനങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നതു പോലെയോ ഒരു ഉറുമ്പ് അത് യദൃശ്ചയാ വീണു പോയ വെള്ളത്തില്‍ നിന്ന് കരകേറാന്‍ ശ്രമിക്കുന്നത് നോക്കിക്കൊണ്ടിരിക്കുന്നത് പോലെയോ ഉള്ള ഒരു വികാരമാണ് ചെറുകഥാപാരായണങ്ങള്‍ സൃഷ്ടിക്കുക. ആധുനികതയുടെ ഒരു സാഹിത്യോത്പന്നമെന്ന നിലയില്‍ വളര്‍ന്ന ഗദ്യത്തിന്റെ പൂര്‍ത്തീകരണങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടത് നോവലിലും ചെറുകഥയിലും ആണെങ്കിലും അവ തമ്മില്‍ പരസ്പരാശ്രിതത്വം ഉണ്ടെന്നു പറയുക വയ്യ. പാടിനീട്ടിയാല്‍ ഗുരുക്കളാകുന്ന ചെറുകഥകളല്ല നോവലുകള്‍, സംക്ഷേപിച്ചാല്‍ ചെറുതാകുന്ന നോവലുകളുമല്ല ചെറുകഥകള്‍. കഥ പോലും പറയുന്ന ഒന്നല്ല ചെറുകഥകള്‍ ഇന്ന്. കെട്ടിലും മട്ടിലും ആഖ്യാന സ്ഥാനങ്ങളിലും ഒക്കെത്തന്നെ കഥകള്‍ മാറിപ്പോയിരിക്കുന്നു. പണ്ടൊരിടത്ത് എന്ന് തുടങ്ങുന്ന ഒരു ഭൂമികയോ ഉദ്ദേശിച്ച സമയക്രമത്തിനുള്ളില്‍ തീരുന്ന ഒരു ആഖ്യാന ഉറപ്പോ ഇന്ന് ചെറുകഥകള്‍ക്കില്ല. എന്തിന്റെയൊക്കയോ അടയാളപ്പെടുത്തലുകളായി അവ നില്‍ക്കുന്നു. ഉപേക്ഷിക്കപ്പെട്ട ശില്പങ്ങളെപ്പോലെയും പൂര്‍ത്തീകരിക്കാത്ത ചിത്രങ്ങളെപ്പോലെയും തുടക്കത്തിലേയ്ക്കും ഒടുക്കത്തിലേയ്ക്കും സന്നിഗ്ധതകള്‍ ബാക്കിവെച്ച് ഒരു മിയാസാക്കി സിനിമയുടെ അവസാനരംഗം പോലെ അത് കടലാസുകളില്‍ നിന്ന് അല്പം ഇളകി മാറി നില്‍ക്കുന്നു.

ഇന്ന് എഴുതപ്പെടുന്ന എല്ലാ മലയാള കഥകളുടെയും ലോക കഥകളുടെയും ഒരു പൊതു സ്വഭാവമാണോ ഇപ്പറഞ്ഞതെന്നു പറയുവാന്‍ ഞാനാളല്ല. എന്നാല്‍ ഒരു പാട് കഥാകാരന്മാര്‍ ഇത്തരത്തില്‍ ഇന്ന് കഥകള്‍ എഴുതുന്നുണ്ടെന്നു മാത്രം പറയാം. അവരില്‍ ഒരാളാണ് വി. ജയദേവ്. അദ്ദേഹം കവിയും പത്രപ്രവര്‍ത്തകനും കൂടിയാണ്. ഇത് രണ്ടുമല്ലെങ്കിലും അദ്ദേഹം കഥാകൃത്താണെന്നു തെളിയിക്കാന്‍ ‘ഭയോളജി’ എന്ന ഒറ്റക്കഥാസമാഹാരം മാത്രം മതി. പേരിന്റെ പൂര്‍വഭാഗം സൂചിപ്പിക്കുന്നത് പോലെ ഇത് ഭയത്തിന്റെ മാത്രം കഥകളല്ല. ഉത്തരാര്‍ത്ഥം പറയുന്നത് പോലെ ഇതൊരു ശാസ്ത്രകഥാ സമാഹാരമോ, ആലങ്കാരികാര്‍ത്ഥത്തിലുള്ള വ്യംഗ്യസ്വാരസ്യത്തിന്റെ കഥകളോ അല്ല. എന്നാല്‍ ഇക്കഥകളില്‍ പണ്ട് എം പി പോള്‍ ബഷീറിന്റെ ബാല്യകാലസഖിയെ അവതരിപ്പിച്ചു പറഞ്ഞതിനെ പിന്‍പറ്റി പറഞ്ഞാല്‍ ഭയത്തിന്റെ രക്തം പുരണ്ടിരിക്കുന്നു. ഭയം എന്നത് ഒരു തരാം ആത്മീയാനുഭവമാണ്. അതിനു രക്തവുമായി നേരിട്ട് ബന്ധമില്ല. ഭയത്തിന്റെ ഉപോത്പന്നങ്ങളാണ് രക്തവും ഇതര ശരീര സ്രവങ്ങളും. ഭയം അതിന്റെ അടിസ്ഥാനഭാവത്തില്‍ എടുത്താല്‍ വളരെ വരണ്ടതും സ്ഥാനരഹിതമായതും സ്ഥിതപ്രജ്ഞനെക്കൂടി ചലിപ്പിക്കുന്നതും സംശയത്തിന്റെ ലൂതകളെ നെയ്‌തെടുക്കാന്‍ കഴിവുള്ളതുമായ അരൂപവും അപാരവുമായ ഒരു വികാരമാണ്. അതിനെ എങ്ങിനെ വേണമെങ്കിലും നമുക്ക് പ്രകടിപ്പിക്കാം- നിലവിളിച്ചു കൊണ്ട്, ബോധം കേട്ട് വീണുകൊണ്ട്, പിടഞ്ഞു കൊണ്ട്, തിരിഞ്ഞു നോക്കാതെ ഓടിക്കൊണ്ട്. ഇല്ലെങ്കില്‍ ഒളിച്ചിരുന്ന് കൊണ്ട്.

ഇതൊന്നുമല്ലാതെ തന്നെ ഭയത്തെ നേരിടാന്‍ കഴിയും അല്ലെങ്കില്‍ അനുഭവിക്കാനാകും എന്നാണു ജയദേവന്റെ കഥകള്‍ പറയുന്നത്. അത് വലിയൊരു തിരിച്ചറിവുകൂടിയാണ് (അറിയുന്നതിനിനെ അറിയാതിരിക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തുന്നതിലൂടെ ആ അറിവിനെ അംഗീകരിക്കുന്നതിനെക്കൂടി നാം തിരിച്ചറിവ് എന്ന് പറയുന്നുണ്ടല്ലോ. ആ അര്‍ത്ഥത്തിലാണ് നമുക്കറിയാത്തതൊന്നും നാം അറിയുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല എന്ന് പറയുന്നത്). ആ തിരിച്ചറിവാണ് ഭയത്തിന്റെ നേരിട്ട് കൊണ്ട് ജീവിക്കുക എന്നത്. ദൈനംദിനമായി അനുഭവിക്കുന്നതെന്തും ഒരു വേള പഴക്കമേറുന്നതു കൊണ്ടാകാം സ്വാഭാവികമായി തോന്നുന്നത്. അതിനാല്‍ എന്നും ഭയത്തിനെ നേരിടുന്ന നാം ഭയത്തെ ഭയമായല്ല കാണുന്നത്. അത് നമ്മിലേല്‍പ്പിക്കുന്ന സംത്രാസങ്ങളും രോഗങ്ങളും എല്ലാം തന്നെ നാം ജീവിതശൈലീജന്യങ്ങളായി കണക്കാക്കി സ്വാഭാവികതയെയും സാധാരണത്വത്തെയും വീണ്ടെടുക്കുന്നു. കഥാകാരന്‍ കാട്ടിത്തരുമ്പോഴാണ്, ഒറ്റയ്ക്കിരുന്നു വായിക്കുമ്പോഴാണ്, അല്ലെങ്കില്‍ ഓഫീസിലേയ്‌ക്കോ മറ്റെവിടേക്കെങ്കിലുമോ ഉള്ള യാത്രയ്ക്കിടയില്‍ വായിക്കുമ്പോഴോ ആണ് നാം ഈ ഭയത്തിനെ നേരിടുന്നത്. ഈ സാധാരണത്വങ്ങളെല്ലാം വേഷം മാറിനില്‍ക്കുന്ന ഭീകരതകള്‍ ആണെന്ന് നാമറിയുന്നു. അപ്പോള്‍ ഉണ്ടാകുന്ന പ്രധാന ചോദ്യം ഇതാണ്, എന്താണ് ഭയത്തിനും അപ്പുറത്തു നില്‍ക്കുന്ന സ്വാഭാവികത? എന്താണ് മനുഷ്യരുടെ ആദിമ നിഷ്‌കളങ്കത? അതെന്നെങ്കിലും മനുഷ്യന് ഇനി തിരിച്ചറിയാന്‍ കഴിയുമോ? ഈ ചോദ്യങ്ങളിലേക്കാണ് ജയദേവന്റെ കഥകള്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ആ ഏദന്‍ തോട്ടം സാധ്യമാണ്, പക്ഷെ ‘അതിനു നാം വില കൊടുക്കേണ്ടി വരും’ കാരണം ഒരു സാധാരണ മനുഷ്യന്റെ ഉള്ളില്‍ ഇത്രയും ഭീതി നിറഞ്ഞിരിക്കുന്നു.

സംശയജന്യ രോഗമാണ് ഭയം. ജയദേവന്റെ കഥകള്‍ മനുഷ്യന്റെ ഭയത്തെക്കുറിച്ചുള്ളതാകുമ്പോള്‍ തന്നെ സംശയത്തെ കുറിച്ചുള്ളത് കൂടിയാകുന്നു. അവനിലേയ്ക്കും അവളിലേയ്ക്കും സംശയമുള്ള മനുഷ്യന്‍ ചുരുങ്ങിപ്പോകുന്നു. പുറകില്‍ ഒരു കത്തി പിടിച്ചു കൊണ്ട് അവര്‍ മുന്നില്‍ സ്‌നേഹം നടിക്കുന്നു. അകാരണമായി എന്തോ തന്നെ പിന്തുടരുന്നതായി ഓരോ മനുഷ്യനും ശങ്കിക്കുന്നു. സ്വയം ഒരു കോട്ടയായി മാറുകയും അതിനുള്ളിലിരുന്നു തന്നിലേയ്ക്കുള്ള പടനീക്കങ്ങള്‍ ശ്രദ്ധിക്കുകയുമാണ് മനുഷ്യര്‍. എന്നാല്‍ എല്ലാം സ്വാഭാവികമാണെന്ന് കരുതാന്‍ അവന്‍ നിരന്തരം ശ്രമിക്കുന്നു. എന്തായിരിക്കാം ഈ സംശയങ്ങള്‍ക്കും ഭയങ്ങള്‍ക്കും കാരണം? നമ്മിലേക്ക് സുരക്ഷിതത്വത്തിന്റെയും സുഖത്തിന്റെയും അനുഭവങ്ങളാണ്, നമ്മുടെ സ്വകാര്യ-പൊതു ഇടങ്ങളെ നിര്‍ണ്ണയിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളും വാര്‍ത്താമാധ്യമങ്ങളും പരസ്യ-വാര്‍ത്താ-ചര്‍ച്ചാ-വിനോദ രൂപങ്ങളില്‍ തന്നു കൊണ്ടിരിക്കുന്നത്. അതിനിടയില്‍ എവിടെയാണ് സംശയത്തിനും ഭയത്തിനും ഇടം? അപ്പോഴാണ് നാം ഈ കഥകള്‍ക്കെല്ലാം പിന്നില്‍ കുടികൊള്ളുന്ന കാലത്തെക്കുറിച്ചു ബോധമുള്ളവരാകുന്നത്. ഭൗതികമായ ഏതൊരു സുഖത്തിനും സുഖാന്വേഷണത്തിനും പിന്നില്‍ കാലം ഒളിഞ്ഞിരിക്കുന്നു. ആ കാലത്തിന്റെ സ്വാധീനം തന്നെയാണ് മനുഷ്യനെ സംശയത്തിന്റെയും ഭയത്തിന്റെയും പരകോടിയില്‍ കൊണ്ട് ചെന്ന് നിറുത്തുന്നത്. കാലത്തില്‍ നിന്ന് വിമുക്തമായി മനുഷ്യജീവിതം നിര്‍ണ്ണയിക്കപ്പെടുന്നില്ല എന്ന ശാസ്ത്രീയമായ തീര്‍പ്പാണ് ജയദേവന്റെ കഥകളിലെ ഭയമുള്‍പ്പെടെയുള്ള ഓരോ വികാരത്തെയും നിയന്ത്രിക്കുന്നത്. അത് മനുഷ്യനിലെ ഹിംസാത്മകതയെ പുറത്തു കൊണ്ട് വരുന്നു. നന്മ-തിന്മകളുടെ സാംഗത്യം എന്തെന്ന് ചോദ്യം ഉയര്‍ത്തുന്നു. പുതിയ നൂറ്റാണ്ടിലെ പ്രധാന ചോദ്യങ്ങളില്‍ ഒന്നായി മാറിയേയ്ക്കാവുന്ന, ഒരു മനുഷ്യന് ഒരേ സമയം നന്മയും തിന്മയും ഉള്ളവന്‍/ഉള്ളവള്‍ ആകാന്‍ കഴിയുമോ എന്ന ചോദ്യം പ്രത്യക്ഷമായിട്ടല്ലെങ്കിലും ഈ കഥകളില്‍ വന്നു കൊണ്ടേയിരിക്കുന്നു.

രണ്ടായിരത്തി പത്തു മുതല്‍ പതിനാറു വരെയുള്ള വര്‍ഷങ്ങളില്‍ ജയദേവ് എഴുതിയതും വിവിധ മാസികകളില്‍ അടിച്ചു വന്നതുമായ പത്തു കഥകളുടെ സമാഹാരമാണ് ഭയോളജി. നമ്മുടെ രാജ്യത്ത് ഇന്ന് പേര് പറയാന്‍ നാം മടിക്കുന്ന ഒരുതരം ഭീതി പടര്‍ന്നു പിടിച്ചിരിക്കുന്നു. അപരസ്വത്വങ്ങളെ നിരന്തരം നിര്‍വചിച്ചുകൊണ്ട് രാജ്യസ്‌നേഹം വളര്‍ത്തുന്ന അസഹിഷ്ണുതാശാലികളായ, മുഖമില്ലാത്ത മനുഷ്യര്‍ നയിക്കുന്ന ആള്‍ക്കൂട്ടങ്ങളാണ് നമ്മുടെ രാജ്യത്തില്‍ ഇന്ന് മേല്‍ക്കോയ്മ നേടിയിരിക്കുന്നത്. അതിനു മൗനാനുവാദം നല്‍കുന്ന ഒരു ഭരണകൂടം. ചിലപ്പോള്‍ അധികാരികള്‍ തന്നെ പുറത്തു വരികയും ശത്രുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടു പിന്‍വാങ്ങുകയും ചെയ്യുന്നു. നമ്മുടെ സ്വാതന്ത്ര്യം ഉണ്ടാക്കിയ മുറിവ് ഉണങ്ങുന്നതിനു പുതിയ മുറിവുകള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. മുടി വളര്‍ത്തുന്നതും പ്രണയിക്കുന്നതും ചുംബിക്കുന്നതും എന്തിനു രതി ക്രിയയില്‍ ഏര്‍പ്പെടുന്നത് പോലും രാജ്യസ്‌നേഹവും രാജ്യദ്രോഹവുമായി കണക്കാക്കപ്പെടാന്‍ സാധ്യതയുള്ള ഒരു കാലം വന്നു ചേര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആരാണ് ബന്ധു ആരാണ് ശത്രു എന്ന് തിരിച്ചറിയാതെ പോകുന്നു. ഇതൊരു ആശയക്കുഴപ്പത്തില്‍ രാജ്യത്തെ ജനങ്ങളെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു. ആ കാലത്ത് എഴുതപ്പെടുന്ന കഥകള്‍ ഭയത്തെയും സംശയത്തെയും അവയുടെ കാതല്‍ ആക്കാതെ ഇരിക്കില്ല. ജയദേവ് ആ കാലത്തെ ഉള്ളം കയ്യില്‍ എടുത്തു വെച്ച് നോക്കുകയാണ്.

പത്തു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. എന്നാല്‍ അവയില്‍ പലതും ഇത്തരമൊരു കാലം കൃത്യമായി തിരിച്ചറിയപ്പെടും മുന്‍പ് എഴുതിയവയാണ്. പ്രത്യേകിച്ചും ‘ഒരു കത്തിയ്ക്കു വേണ്ട ഏറ്റവും കുറഞ്ഞ മൂര്‍ച്ച’ എന്ന കഥ. രേണുക-പ്രസാദ് ദമ്പതികള്‍ കത്തിയുടെ മൂര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചയില്‍ എത്തിപ്പെടുന്നതും, അഭയം തേടി ഓടിയെത്തുന്ന പെണ്‍കുട്ടിയുമായുള്ള സംവാദത്തിനൊടുവില്‍ പരസ്പരം കുത്തുന്നതുമാണ് കഥ. പക്ഷെ കഥ വിവിധ സംശയങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. തുടക്കത്തില്‍ ഞാന്‍ പറഞ്ഞത് പോലെ, യാദൃശ്ചികം എന്ന് തോന്നുന്ന പലതും യാദൃശ്ചികം അല്ലാതാകുന്നു. സംശയങ്ങള്‍ മനസ്സിനെ കടന്നാക്രമിക്കുന്ന. അതോടെ ശരി-തെറ്റുകള്‍ മായും വിധം വിദ്യാസമ്പന്നരായ മനുഷ്യര്‍ പോലും മുഖമില്ലാത്ത ഒരു ആള്‍ക്കൂട്ടമായി മാറുന്നു. സത്യത്തില്‍ ഈ കഥയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ പിന്തുടരുന്നവര്‍ രംഗത്തു വരുന്നത് പോലുമില്ല. എന്നാല്‍ അതിന്റെ ആസുരത മുഴുവന്‍, നന്മയുടെ നിറകുടങ്ങള്‍ എന്ന് കരുതാവുന്ന ദമ്പതികളില്‍ സംക്രമിക്കുകയാണ്. ഇതിനോട് തന്നെ ചേര്‍ത്ത് വെച്ച് വായിക്കാവുന്ന കഥയാണ് ‘ഭയോളജി’. സുകേശന്‍ എന്ന കൊല്ലന്‍ രാജ്യം മുഴുവന്‍ ശത്രുക്കളെ പേടിച്ചു വേഷം മാറി ജീവിക്കാന്‍ തുടങ്ങുമ്പോള്‍, വേഷം മാറാതെ ഭാര്യയ്ക്ക് ഒരു കത്തി ഉണ്ടാക്കിക്കൊടുക്കാന്‍ തീരുമാനിക്കുന്നു. അയാളെ രാജ്യദ്രോഹിയാക്കാന്‍ ആ ഒരൊറ്റ കുറ്റം മതി. ‘ധനസഹായം ബാര്‍’ എന്ന കഥയിലാകട്ടെ, മനുഷ്യന്റെ ഹിംസാത്മകത അവനെ ക്രൂരതയുടെ ഭ്രമണപഥത്തിലേയ്ക്ക് തിരിച്ചു വരാന്‍ കഴിയാത്ത വിധം പ്രക്ഷേപിക്കുന്നതിന്റെ കഥ പറയുന്നു. മൂന്നു കുടിയന്മാര്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായി കുടിക്കാന്‍ വേണ്ടി ഒരു കൊലപാതകം, ഒരു ആക്രമണം, ഒരു മാനഭംഗം എന്നിങ്ങനെ മൂന്നു പണികള്‍ ബാറുടമയ്ക്കു വേണ്ടി ഏറ്റെടുക്കുകയാണ് ഇക്കഥയില്‍. സമകാലിക ബാങ്കിങ് മുതല്‍ ബുദ്ധിജീവികളുടെ നിസംഗ ജീവിതം വരെ വന്നു പോകുന്ന ബാറില്‍ നമ്മുടെ ആസുരകാലത്തിന്റെ നേര്‍ചിത്രം കാണാം.

സംശയങ്ങള്‍ മനസ്സില്‍ വന്നു കയറിയാല്‍ പിന്നെ ഭയം പിന്നാലെയെത്തും എന്ന് പറയേണ്ടല്ലോ. അത് ഒരു ദമ്പതികളുടെ ആത്മഹത്യയിലേക്കു തന്നെ നയിക്കുന്ന കഥയാണ് ‘എന്‍ മകനെ’ പറയുന്നത്. രവിയും ശൈലജയും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ പോവുകയാണ്. ശൈലജയുടെ മനസ്സില്‍ അവള്‍ എങ്ങോ കണ്ട ഒരു ചിത്രം വരുന്നു. തലവീര്‍ത്തു എല്ലുകള്‍ അലിഞ്ഞു ഒരു പുഴുവിനെ പോലെയായി അവളുടെ കണ്ണന്‍. എന്‍ഡോസള്‍ഫാന്‍ എന്നൊരു വാക്കു പോലും ഉച്ചരിക്കാതെ ജയദേവ് അതിന്റെ ഒരു ഇരയുടെ ചിത്രം കണ്ട ഒരു യുവതിയുടെ മനസ്സില്‍ ഉടലെടുക്കുന്ന സംശയത്തെയും ഭയത്തെയും അവതരിപ്പിക്കുന്നു. ഒടുവില്‍ ഗര്‍ഭം അലസിപ്പിക്കുകയും, എന്നാല്‍ അതൊരു സമൂഹ വിഷയമായി മാറി ആ ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. സംശയം തുടരുകയാണ് ‘മാലാഖയന്ത്രം’, ‘ലക്ഷ്മണരേഖ; എന്നീ കഥകളില്‍. അച്ഛന്‍ എവിടെ പോകുന്നു എന്നറിയാന്‍ ഒരു ലൈ ഡിറ്റക്ടര്‍ വാങ്ങുകയാണ് കുടുംബം. എന്നാല്‍ ക്രമേണ ഗൃഹനാഥന്‍ ഒഴികെ മറ്റാരുടെയും നുണകള്‍ യന്ത്രം കണ്ടെത്തുന്നില്ല. അത് അയാളെ ഭീതിയുടെ ലോകത്തേയ്ക്ക് പ്രക്ഷേപിക്കുന്നു. ലക്ഷ്മണരേഖയില്‍ സ്വയം വരച്ച നിയമങ്ങളില്‍ കണിശമായി ജീവിക്കുന്ന ഒരു മനുഷ്യന് ലോകത്തോട് തോന്നുന്ന സംശയങ്ങളും ഒടുവില്‍ മരണം വരുന്നത് അയാള്‍ അറിയാതെ അറിയുന്നതുമാണ്.

കഥകളില്‍ തെളിയുന്നത് മാജിക്കല്‍ റീയലിസമാണ്. നമുക്കറിയാവുന്നതും എന്നാല്‍ അറിയാത്തതുമായ ഇടങ്ങളിലാണ് കഥകള്‍ നടക്കുന്നത്. എല്ലാറ്റിനെയും അനുകരിക്കാന്‍ കഴിയുന്ന പ്രഗത്ഭനായ ഒരു മിമിക്രി കലാകാരന് ഒരു ദിനം കേള്‍വി നഷ്ടപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി? അയാളുടെ ആത്മ നാശം തന്നെ. അതാണ് ‘മിമിക്രിയ’ എന്ന കഥ പറയുന്നത്. പക്ഷെ, അത് പുഷ്പാംഗദന്‍ എന്ന മിമിക്രി ആര്‍ട്ടിസ്റ്റിന്റെ മാത്രം പ്രശ്‌നമല്ല. നമ്മുടെ എല്ലാവരുടെയും പ്രശ്‌നമായി അത് വളരുകയാണ്. എല്ലാറ്റിനെയും അതേപടി അനുകരിക്കാന്‍ നാമോരോരുത്തരും ശ്രമിച്ചു കൊണ്ടിരിക്കെ ഒരു ദിനം നമുക്ക് കേള്‍വി നഷ്ടപ്പെടുകയും നാം എന്താണ് പറയുന്നതെന്ന് നമുക്ക് പോലും കേള്‍ക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചു ഒന്നാലോചിച്ചു നോക്കൂ. എല്ലാം ചുളുവിന് കിട്ടും എന്ന് കരുതുന്ന നമ്മുടെ പ്രതിനിധി തന്നെയാണ് ‘കാലയോനി’ എന്ന കഥയിലെ ജയകൃഷ്ണന്‍. ജയകൃഷ്ണന് താന്‍ അറിയാത്ത ഒരു തമ്പുരാനില്‍ നിന്ന് ഒസ്യത്തായി വലിയൊരു മാളിക ലഭിക്കുകയാണ്; ഒപ്പം അവിടത്തെ ജംഗമ-സ്ഥാവരങ്ങളെല്ലാം.അതില്‍ നളിനി എന്ന പെണ്ണ് കൂടി ഉള്‍പ്പെടുന്നു. ഒടുവില്‍ അവള്‍ കാട്ടിക്കൊടുക്കുന്ന തുരംഗങ്ങളില്‍ ഒന്നിലൂടെ ജയകൃഷ്ണന്‍ മരണത്തിന്റെ തീരത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്നു. ‘പ്രേതപുരസ്സരം’ എന്ന കഥയാണ് ഈ സമാഹാരത്തിലെ ക്‌ളാസ്സിക് എന്ന് പറയാം. രമണിയും മുരളിയും ദമ്പതികള്‍. അവരെടുക്കുന്ന വാടക വീടാകട്ടെ ഒരു ശ്മാശാനത്തിനു തൊട്ടടുത്ത്. ആദ്യം ഭയക്കുന്ന രമണി ക്രമേണ ശ്മാശാനവും പ്രേതങ്ങളുമായും സഹഭാവം കൈക്കൊള്ളുന്നു. ഓരോ ദിവസവും അധികൃതമായും അനധികൃതമായും ദഹിക്കപെടുന്ന ജഡങ്ങളുമായി അവള്‍ പ്രണയത്തിലാകുന്നു എന്ന് തന്നെ പറയാം-മുരളിയുടെ മരണം പോലും, മുരളി കാണെ അവള്‍ കണ്ടു നില്‍ക്കുന്നു.

വി ജയദേവ്‌

യാഥാര്‍ഥ്യത്തിനും ഭ്രമാത്മകതയ്ക്കും ഇടയില്‍ നില്‍ക്കുന്ന ലോകമാണ് ജയദേവ് എഴുതിയിടുന്നത്. എന്നാല്‍ കഥയില്‍ ഇത് പുതിയൊരു സങ്കേതമല്ല. ഗോപീകൃഷ്ണന്റെ കഥാസമാഹാരത്തില്‍ ഈയൊരു ലോകം കാണാം. എന്നാല്‍ ജയദേവ് അടുത്ത് നില്‍ക്കുന്നത്, ജോണ്‍ അബ്രഹാം എഴുതിയ നേര്‍ച്ചക്കോഴി എന്ന സമാഹാരത്തിലെ കഥകളോടാണ്. ‘പ്ലാസ്റ്റിക്ക് കണ്ണുകളുള്ള അള്‍സേഷ്യന്‍ പട്ടി’, ‘ഒരു കഴുതയുടെ തലയോട് തേടി’, ‘രാമന്‍’, ‘എത്ര മത്തായി’ എന്നൊക്കെയുള്ള കഥകളിലെ ഒരു സെന്‍സിബിലിറ്റിയാണ് ജയദേവന്റെ കഥകളിലും കാണുന്നത്. ഗോപീകൃഷ്ണനും ജോണ്‍ അബ്രഹാമും കൈകാര്യം ചെയ്യുന്നത് വൈയക്തികഭീതികളും സംശയങ്ങളുമാണെങ്കില്‍, ജയദേവ് സമകാലത്തിന്റെ പൊതു ഭീതികളെയാണ് തന്റെ കഥകളില്‍ വരച്ചിടുന്നത്. മുകുന്ദന്റെ പഴയൊരു കഥയില്‍ മൈതാന മധ്യത്തു വെച്ച് ഒരു പെണ്‍കുട്ടി മാനഭംഗം ചെയ്യപ്പെടുന്നത് ഒരു ഫ്‌ളാറ്റിലെ ജാലകത്തില്‍ നിന്ന് നോക്കിനില്‍ക്കുന്ന രണ്ടു സുഹൃത്തുക്കളിലൂടെ നിര്‍വികാരമായ ഒരു ലോകം വിടര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ജയദേവന്റെ കഥകളില്‍ ഉപ്പു പോലെ നാമെല്ലാം എന്നും രുചിക്കുന്ന ഭയത്തിന്റെ പകര്‍പ്പുകളാണ് നാം കാണുന്നത്. വെറുതെ തുടങ്ങുന്ന കൗതുകം മത്തായിയില്‍ ഒരു ഒബ്‌സെഷന്‍ ആകുന്നത് അയാളുടെ തന്നെ സ്വഭാവം അത്തരത്തില്‍ ഒബ്‌സെസ്സിവ് ആയതുകൊണ്ടാണ്. എന്നാല്‍ ജയദേവന്റെ കഥകളില്‍ വെറുതെയിരിക്കുന്ന മനുഷ്യരെ അവര്‍ ജീവിക്കുന്ന കാലം സവിശേഷമായ ഒരു മാനസികാവസ്ഥയിലേക്ക് കൊണ്ട് പോകുന്നു. ജോണും ഗോപീകൃഷ്ണനുമായുള്ള സാദൃശ്യം ശില്പതലത്തില്‍ മാത്രമാണ്. അതൊരു കുറവാണെന്നു കരുതേണ്ടതില്ല; കഥയുടെ ഒരു ശില്പരീതിയെ ജയദേവും ഇഷ്ടപ്പെടുന്നുവെന്നേ അതിനര്ഥമുള്ളൂ. പത്തു കഥകളുള്ള ഈ സമാഹാരത്തിലെ ‘ഓര്‍മ്മ കൊണ്ട് മുറിഞ്ഞവന്‍’ എന്ന കഥ ഞാന്‍ രണ്ടു പ്രാവശ്യം വായിക്കാന്‍ ഞാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ആ കഥ ഈ സമാഹാരത്തിനു ആവശ്യമില്ലായിരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാന്‍ വിരമിക്കട്ടെ.

ജോണി എം.എൽ

ജോണി എം.എൽ

കലാ, സാംസ്‌കാരിക നിരൂപകന്‍, ക്യുറേറ്റര്‍. സാംസ്കാരിക രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ സംസ്കാരം, മാറുന്ന ജീവിത പരിസരങ്ങൾ എന്നിവയെ ഉത്തരേന്ത്യൻ കാഴ്ചയിൽ നിന്ന് കൊണ്ടുള്ള വിശകലനങ്ങളാകും ഈ കോളത്തില്‍ ഉണ്ടാവുക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍