UPDATES

വായന/സംസ്കാരം

ചേന്ദമംഗല്ലൂര്‍ എന്ന അടിയാളഗ്രാമം: ചെറുമര്‍, നമ്പൂതിരി, സുന്നികള്‍, മുജാഹിദ് ഒടുവില്‍ ജമാഅത്തെ ഇസ്ലാമി; ‘പേരില്ലാത്ത ഭൂമി’- ഭാഗം 3

ചേന്ദമംഗല്ലൂരിനെക്കുറിച്ചുള്ള ചരിത്രാന്വേഷണത്തില്‍ ശ്രദ്ധേയമായ ഒരുകാര്യം നമ്പൂതിരി മേധാവിത്വത്തിന്‍റെ പതനമാണ്

കോഴിക്കോട് ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയും എഴുത്തുകാരനുമാണ് സി.ടി അബ്ദുറഹീം. സാമുദായികവും മതപരവും സാംസ്കാരികവുമായ വിഷയങ്ങളില്‍ പുരോഗമനാശയങ്ങളുടെ പക്ഷത്ത് നില്‍ക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളിലൊന്നാണ് അദ്ദേഹത്തിന്റേത്. സി.ടി അബ്ദുറഹീമിന്റെ ജീവിതം മലബാറിലെ മുസ്ലീം ജീവിത, സംസ്കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ഉടന്‍ പുറത്തു വരാന്‍ പോകുന്ന ‘പേരില്ലാത്ത ഭൂമി‘ എന്ന ആത്മകഥ കേരള ചരിത്രത്തിന്റെ മറ്റൊരു ഏടിനെ പരിചയപ്പെടുത്തുന്നതാണ്. അതില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ആദ്യ രണ്ടുഭാഗങ്ങള്‍ ഇവിടെ വായിക്കാം

[ഭാഗം – 2 ചേന്ദമംഗല്ലൂരിന്റെ കഥാപാത്രങ്ങള്‍; ‘പേരില്ലാത്ത ഭൂമി’ എന്ന ആത്മകഥ പറയുന്നത്

ഭാഗം – 1 ‘പേരില്ലാത്ത ഭൂമി’; മതം, ജീവിതം, സംസ്കാരം, മൂല്യങ്ങള്‍… സി.ടി അബ്ദുറഹീം ആത്മകഥ എഴുതുമ്പോള്‍]

ഭാഗം – 3

ചേന്ദമംഗല്ലൂര്‍ എന്ന കാര്‍ഷികഗ്രാമത്തെ ഒരു അടിയാളഗ്രാമം എന്നുവിളിക്കാന്‍ കാരണം ഞാന്‍ കാണുന്ന കാലത്ത് ആ ഗ്രാമത്തിൽ അവിടുത്തുകാരായ വലിയ ജന്മിമാർ ഉണ്ടായിരുന്നില്ല എന്നതാണ്. കേവലം 2.73 ചതുരശ്ര കിലോമീറ്റർ മാത്രം ചുറ്റളവുണ്ടായിരുന്ന ഈ സാധുഗ്രാമത്തിലെ ഭൂമിക്കും അതിന്‍റെ കഥയുണ്ട്. ആദ്യമേ പറയട്ടെ, അടിയാളഗ്രാമം എന്ന് പറയുന്നതിൽ എന്തെങ്കിലും കുറവോ മോശമോ ഞാൻ ഒട്ടും കാണുന്നില്ല. ഇത് പറയേണ്ടിവരുന്നത് എങ്ങനെയെങ്കിലും കുറച്ചു കാശുണ്ടായാൽ തറവാടിത്തം അങ്ങനെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങൾ കാണാറുള്ളതുകൊണ്ടാണ്. ദാരിദ്ര്യത്തിലും അടിയാളത്തരത്തിലും ‘കീഴ്ജാതി’യെന്നു വിളിക്കപ്പെട്ടിരുന്നതിലും മറച്ചു വെക്കുകയോ അപമാനം തോന്നുകയോ ചെയ്യേണ്ടതായി ഒന്നുമില്ല എന്ന രാഷ്ട്രീയബോധ്യത്തോടെ തന്നെയാണ് പിറന്ന നാടിനെ ഞാൻ ‘അടിയാളഗ്രാമ’മെന്നു വിളിക്കുന്നത്.

നാട്ടിന്‍റെ മണ്ണവകാശം

ചേന്ദമംഗല്ലൂര്‍ എന്നപേരിൽ ദേശമായി അറിയപ്പെടുന്നതിനുമുമ്പ് ‘ചേന്ദമംഗല്ലൂർ തറ’ ആയിരുന്നത്രേ ഇവിടം. 1890-ല്‍ മണാശ്ശേരി അംശത്തിലെ ദേശമായിരുന്നു ഇത്. താഴെക്കോട്, കച്ചേരി, മണാശ്ശേരി എന്നിവയായിരുന്നു അംശത്തിലെ മറ്റു ദേശങ്ങള്‍. ചേന്ദമംഗല്ലൂരിന്‍റെ വിസ്തീര്‍ണ്ണം 692 ഏക്കർ 80 സെന്‍റ്. 114 സര്‍വ്വെ നമ്പ്രുകളിലായി 250ൽപ്പരം വസ്തുഖണ്ഡങ്ങൾ. 1924-ലെ ചില കണക്കുകളില്‍ മണാശ്ശേരി അംശത്തില്‍ മണാശ്ശേരിയും ചേന്ദമംഗല്ലൂരും മാത്രമേയുള്ളു. 1971-ലെ സെന്‍സെസിൽ റൂറല്‍ വില്ലേജുകളുടെ കൂട്ടത്തിൽ ചേന്ദമംഗല്ലൂരിന്‍റെ പേരില്ല. എന്നാല്‍ മുക്കം ടൗണായി പ്രഖ്യാപിച്ചിട്ടുണ്ട്. ചേന്ദമംഗല്ലൂര്‍ ഈ ടൗണിലെ 55, 56, 57, 58 എന്നിങ്ങനെ നാലുവാര്‍ഡുകളായി മാറുകയും ചെയ്തു. 114 സര്‍വ്വെ നമ്പറുകളിൽ 250ല്‍പ്പരം വസ്തുഖണ്ഡങ്ങളുടെ അവകാശികൾ നമ്പൂതിരിമാരും ദേവസ്വങ്ങളും. സാമൂതിരികോവിലകം, തൃക്കഴിപ്പറ്റ ദേവസ്വം, മണ്ണിലേടം, അള്ളിലേടം നായന്മാര്‍ എന്നിവരുടേതു കഴിച്ചാല്‍ അവര്‍ണ്ണമുസ്‌ലിംകളാദികള്‍ക്ക് ബാക്കിയായത് ഇരുപതോളം വസ്തുഖണ്ഡങ്ങള്‍. ചുരുക്കത്തില്‍ ബ്രാഹ്മണാധിവാസത്തിന്‍റെ കേന്ദ്രമായിരുന്നു ഈ പ്രദേശമെന്നര്‍ത്ഥം. ചേന്ദമംഗല്ലൂര്‍, ഉദയമംഗലം, മംഗലശ്ശേരി, ചേന്നംകുന്ന്, വാഴന, അമ്പലപ്പറമ്പ്, മഠത്തില്‍, അമ്പലത്തിങ്ങൽ, തിരുവാലൂർ, ഇല്ലക്കണ്ടി, തൃക്കഴം, തൃക്കമ്പറ്റ തുടങ്ങിയ പേരുകള്‍ക്ക് ബ്രാഹ്മണകുടുംബങ്ങളുമായാണ് ബന്ധം. ഈ ഗ്രാമത്തിന്‍റെപേരുമായി ബന്ധപ്പെട്ട ഇത്രയും വസ്തുതകള്‍ ശ്രീ എന്‍.എം നമ്പൂതിരിയുടെ സ്ഥലനാമഗവേഷണങ്ങളില്‍നിന്ന് ഉദ്ധരിച്ചതാണ്.

കാരശ്ശേരിയിലെ തിരുവാലൂര്‍ ഇല്ലക്കാരുടെ മുന്‍തലമുറ ചേന്ദമംഗല്ലൂരിലെ തിരുവാലൂരില്‍നിന്ന് കുടിയേറിയവരാണ്. 1921-ലെ ലഹളക്കാലത്ത് അന്തര്‍ജനത്തിന്‍റെ ജന്മസ്ഥലമായ ചെറുവായൂരിലേക്ക് താമസമാക്കുകയായിരുന്നു അവര്‍. അവിടെനിന്നാണ് കാരശ്ശേരിയിലെ നാഗേരിപറമ്പിലേക്ക് പിന്നെ താമസം മാറ്റിയതെന്നാണു പറയപ്പെടുന്നത്. ഈ ഇല്ലത്തെ വലിയൊരു വിഭാഗം, ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ സ്ഥിരതാമസമാക്കിയെങ്കിലും ഇന്നും ഏതാനുംപേർ അയൽഗ്രാമമായ കാരശ്ശേരിയില്‍ തുടരുന്നു. ചേന്ദമംഗല്ലൂരിലെ കരിങ്കാളികാവ് ഇവരുടെ കുടുംബക്ഷേത്രമാണത്രെ. വര്‍ഷംതോറും ചെറിയതോതിൽ അവിടെ ഉത്സവം നടന്നുവരുന്നതായാണ് അറിവ്. കരിങ്കാളികാവ് എന്നപേര് കീഴാളവിഭാഗത്തിന്‍റെ അടയാളമായിരിക്കെ നമ്പൂതിരികുടുംബവുമായി എങ്ങനെ ബന്ധപ്പെടുമെന്ന ചോദ്യം കൂടുതല്‍ പഠനമാവശ്യപ്പെടുന്നു.

നമ്പൂതിരിമാര്‍ ജന്മികളായി അകലെനില്‍ക്കുമ്പോൾ അവരുടെ ഭൂമി കൃഷിയോഗ്യമാക്കാൻ പണിയെടുത്തതും വിളകള്‍ ഉത്പാദിപ്പിക്കാൻ അദ്ധ്വാനിച്ചതും താഴെത്തട്ടുകളിലെ കുടികിടപ്പുകാരും പാട്ടക്കാരുമാണ്. സ്വന്തം ഭൂമി ഒരുനോക്കുപോലും കാണാത്തവരായിരുന്നു മഹാഭൂരിഭാഗം ഭൂവുടമകളും. കര്‍ഷകരുടെയും അവരുടെ അദ്ധ്വാനഫലത്തിന്‍റെയും മേലധികാരികള്‍ അവരായിരുന്നു.

ചേന്ദമംഗല്ലൂരിനെക്കുറിച്ചുള്ള ചരിത്രാന്വേഷണത്തില്‍ ശ്രദ്ധേയമായ ഒരുകാര്യം നമ്പൂതിരി മേധാവിത്വത്തിന്‍റെ പതനമാണ്. നമ്പൂതിരിമാര്‍ ഹിന്ദുസമുദായത്തിൽ ആത്മീയാചാര്യരായി വേറിട്ടുനില്‍ക്കാനാണ് എക്കാലത്തും ശ്രദ്ധിച്ചിരുന്നത്. അവരില്‍ ലയിച്ചുചേരാനായിരുന്നില്ല. ജാതിവ്യവസ്ഥയില്‍ അത് സ്വാഭാവികം. ആഭ്യന്തരയുദ്ധാവസ്ഥയും പുറമെനിന്നുള്ള ആക്രമണവും മറ്റൊരു കാരണമാണ്. ഭൂമിയും അതിലെ വരുമാനവും നമ്പൂതിരിമാര്‍ സ്വന്തമാക്കിവെക്കുന്ന സമ്പ്രദായത്തിനും ഇതിൽ പങ്കുണ്ട്. ബ്രാഹ്മണാധിനിവേശത്തിനൊപ്പം ക്ഷേത്രങ്ങള്‍ നിലവില്‍വരികയും അഭിവൃദ്ധിപ്പെടുകയും ചെയ്തു. അവരുടെ പലായനത്തിനും ഒഴിഞ്ഞുപോക്കിനുമനുസരിച്ച് അവ ക്ഷയിച്ച് ഇല്ലാതാവുകയും ചെയ്തു. (“നമ്പൂതിരിമാർ ഒരു പ്രദേശത്തു നിന്ന് പരിമിതമായ കാലയളവിനിടയ്ക്ക് ആ ജന്മപ്രദേശത്തോട് അന്ത്യയാത്ര പറഞ്ഞു കൊണ്ട്- ആ ജന്മപ്രദേശത്തെ ശപിച്ചുകൊണ്ട് – സകുടുംബം പറ്റമായി പലായനം ചെയ്തുപോന്ന ഒരു പ്രത്യേക വിഭാഗമാണെന്നു കാര്യങ്ങൾ സൂക്ഷ്മമായി പഠിക്കുന്നയാൾ പറയേണ്ടിവരികയും ചെയ്യും” എന്ന് പി കെ ബാലകൃഷ്ണൻ ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന പുസ്തകത്തിൽ-പുറം 302 – എഴുതിയതും സ്ഥലം ഉപേക്ഷിച്ചുപോവുന്നതുമായി കൂട്ടിവായിക്കാവുന്നതാണ്). ചേന്ദമംഗല്ലൂരിലെ മുമ്പെന്നോ ഉപേക്ഷിക്കപ്പെട്ടുപോയ അമ്പലത്തിന്‍റെ കല്ലുകള്‍ വീട് നിര്‍മ്മാണത്തിന് എടുത്തുവെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

പുസ്തകങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ചേന്ദമംഗല്ലൂരിന്‍റെ ചരിത്രം നമ്പൂതിരി ജന്മിത്വത്തിന്‍റേതാണ്. ഇതിനുശേഷം ലഭ്യമായത് ഞങ്ങളുടെ ചെറുപ്പകാലത്തെ അനുഭവത്തിൽനിന്നാണ് എഴുതുന്നത്.

ചേന്ദമംഗല്ലൂരുകാരുടെ സിംഹഭാഗം ഭൂമിയും ചേന്ദമംഗല്ലൂരുകാരുടെ കൈവശം അല്ല. അയൽഗ്രാമങ്ങളായ കാരശ്ശേരിയിലെ എന്‍.സി കോയക്കുട്ടി ഹാജിയുടേയും മുക്കത്തെ വയലില്‍ മമ്മദ് ഹാജിയുടേയും മലബാറിലുടനീളം ധാരാളം വനഭൂമികളുണ്ടായിരുന്ന കൊയപ്പത്തൊടി മമ്മദ് കുട്ടി ഹാജിയുടെയും കൊടിയത്തൂരിലെ അരീപ്പറ്റമണ്ണിൽ കുടുംബക്കാരുടെയും കൈയിലാണ് ഭൂരിഭാഗം ഭൂമിയും വന്നുചേര്‍ന്നത്.

ചേന്ദമംഗല്ലൂർ എന്ന ഞങ്ങളുടെ നാടുൾപ്പെട്ട കോഴിക്കോടിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ ജാത്യാ നമ്പൂതിരിമാരല്ലാത്തവർക്ക്‌ ഭൂമിയുടെ മുകളിലുള്ള അവകാശം മൂന്നുവഴിക്കാണ് കിട്ടിയതെന്ന് സാമാന്യമായി പറയാം.

ബ്രിട്ടീഷുകാരുമായിചേർന്ന് കച്ചവടം നടത്തിയവരാണ് ആദ്യത്തെ വിഭാഗം. വാഴക്കാട്ടെ കൊയപ്പത്തൊടി എന്ന കുടുംബം ഇങ്ങനെ ധനികരായവരാണ്. ആ കുടുംബത്തിൽപ്പെട്ട മമ്മദ് കുട്ടി ഹാജി അധികാരി ഖാൻ സാഹിബ് പട്ടം കിട്ടിയ ആളായിരുന്നു.

കോഴിക്കോടുനിന്ന് കൊടിയത്തൂർ എന്ന സമീപഗ്രാമത്തിൽ വന്നുകൂടിയ കുട്ടിഹസ്സൻ എന്നയാളുടെ പിന്മുറക്കാരാണ് അരീപ്പറ്റ മണ്ണിൽ കുടുംബം. (കോഴിക്കോട് തീരത്തെവിടെയോനിന്ന് കുട്ടിഹസ്സൻ ഉൾനാട്ടിലേക്കു വന്നു എന്നാണു കുടുംബപുരാണം). ഏതായാലും ഇദ്ദേഹത്തിന്‍റെ മകൻ ഔസ്‌ലാൻ ഹാജി എന്നുപേരുള്ള അബ്ദുസ്സലാം ഹാജി പണമുണ്ടാക്കുകയും ധാരാളം ഭൂമി വാങ്ങുകയും ചെയ്തു. നാട് നടത്താൻ ഏല്പിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് സർക്കാറിന്‍റെ അധികാരി ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ മകൻ വലിയകുട്ടിഹസ്സൻ എന്‍റെ ചെറുപ്പകാലത്ത് അധികാരിയായിരുന്നു.

മംഗലാപുരത്തും വയനാട്ടിലും മലകൾ വാങ്ങിച്ച് കൂപ്പുനടത്തി മരക്കച്ചവടത്തിലൂടെ വലിയ സമ്പന്നനായിത്തീര്‍ന്ന വ്യക്തിയാണ് എൻ.സി കോയക്കുട്ടി ഹാജി.

സാമൂതിരിയില്‍നിന്നുതന്നെ ഭൂമികിട്ടിയതായി പറയുന്ന വയലിൽ കുടുംബത്തിലെ മോയിഹാജിയുടെ സഹോദരനാണ് മമ്മദ് ഹാജി. ചേന്ദമംഗല്ലൂരിലെ ചാലക്കൽ കുടുംബവുമായുള്ള കെട്ടുബന്ധത്തിലൂടെ ലഭിച്ച ഭൂമിക്കുപുറമെ സ്വന്തം നിലയ്ക്ക് വില കൊടുത്തും അദ്ദേഹം ചേന്ദമംഗല്ലൂരിലെ വലിയ ഭൂവുടമയായി.

ഇവർ നാലുകൂട്ടരായിരുന്നു ചേന്ദമംഗല്ലുരിലെ ഭൂമിയുടെ വലിയ ഭാഗത്തിന്‍റെ ഉടമകൾ.

കോയക്കുട്ടി ഹാജിയും കുഞ്ഞഹമ്മദ് ഹാജിയും തമ്മില്‍ വസ്തുസംബന്ധമായി വലിയതര്‍ക്കം നിലനിന്നിരുന്നു. ആ തര്‍ക്കം തീര്‍ന്നത് കോയക്കുട്ടി ഹാജിയുടെ മകളെ കുഞ്ഞഹമ്മദ് ഹാജിയുടെ മകന് കെട്ടിച്ചുകൊടുത്തുകൊണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. ആ കൈമാറ്റങ്ങളിൽ ചേന്ദമംഗല്ലൂരിന്‍റെ മണ്ണിന് ബന്ധങ്ങളുടെ സാമ്പത്തികമാനവും ഉണ്ടായിരുന്നു.

പല കാരണങ്ങളാല്‍ നാശോന്മുഖമായ സവർണജന്മിത്തത്തിന്‍റേയും ബ്രിട്ടീഷ് രാഷ്ട്രീയാധികാരത്തിന്‍റേയും ഇടയില്‍ വളർന്നുവന്ന സമ്പന്നർക്ക് നിക്ഷേപഭൂമിയായി പുറത്തുനിന്നു നോക്കിനടത്താനുള്ള സ്ഥലമായി മാറി ഈ ഗ്രാമം.

ഇതൊന്നും കൂടാതെ കച്ചവടത്തിലൂടെയും കൃഷിയിലൂടെയും മുന്നോട്ടുവന്ന ചില കുടുംബങ്ങളും ചേന്ദമംഗല്ലൂരിൽ ഉണ്ടായിരുന്നു. ഇവരാരും പുറമെനിന്നുവന്നവരോട് കിടപിടിക്കാൻമാത്രം അന്ന് ധനസ്ഥിതി ഉള്ളവരായിരുന്നില്ല.

കൊയപ്പത്തൊടി മമ്മദ് കുട്ടി ഹാജിയുടെ ജോലിക്കാരനായാണ്, പിന്നീട് കച്ചവടത്തിലൂടെ ചേന്ദമംഗല്ലൂരിലെ സമ്പന്നനായി മാറിയ കൊയ്യപ്പുറത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ തുടക്കം. കൊയപ്പത്തൊടിയുടെ ഭൂസ്വത്ത് ജന്മമനാടായ വാഴക്കാടിനുപുറത്തായിരുന്നു. അദ്ദേഹത്തിന്‍റെ കീഴിൽ ആനക്കാംപൊയിലിൽ മരപ്പണിക്കാരായ തൊഴിലാളികളുടെ ഊട്ടുപുരയില്‍, മുക്കത്തുനിന്ന് തലച്ചുമടായി അരിസാധനങ്ങൾ എത്തിക്കുന്ന സാധാരണ ജോലിക്കാരനായാണ് കുഞ്ഞഹമ്മദ് ഹാജി നിയമിക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ സത്യസന്ധത കണ്ടറിഞ്ഞ തൊഴിലുടമ കണക്കെഴുത്തുകാരനായി സ്ഥാനക്കയറ്റം നല്‍കി. ഈ ജോലിക്കിടെ കാട്ടിലെ ഓടകളുടെ (ഈറ്റ) കച്ചവടസാധ്യത മനസ്സിലാക്കി അദ്ദേഹം തൊഴിലുടമയില്‍നിന്നുതന്നെ വന്‍തോതിൽ ഓട വാങ്ങി പുഴവഴി കൊണ്ടുവന്നു വില്‍പന നടത്തി. തുടര്‍ന്നു മരക്കച്ചവടത്തിലേക്ക് പ്രവേശിച്ച അദ്ദേഹം മണ്ണിലിടം നായന്മാരുടെ ചക്കനാരിപ്പറ്റ്, നമ്പിപ്പറ്റ് മലവാരങ്ങളിലെ മരം വാങ്ങി പുഴമാര്‍ഗ്ഗം വാഴക്കാട്ടെത്തിച്ചു കൊയപ്പത്തൊടി ഹാജിക്ക് വിറ്റുവന്നു. മണ്ണിലിടം നായര്‍ കുടുംബവുമായുള്ള ബന്ധമാണ് കഠിനാദ്ധ്വാനിയും സൗമ്യനും പരസഹായമനസ്സുമുള്ള കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യമായും ഭൂവുടമയാക്കിയതെന്നുപറയാം.

മരക്കച്ചവടത്തിലൂടെ ധനം ആർജിച്ചവരാണ് തട്ടാരത്തൊടികയിൽ സ്ഥലം വാങ്ങി വീടുവെച്ച വെളുത്തേടത്തു ഉമ്മർ ഹാജിയും തെയ്യത്തുംകടവത്ത് ഉണ്ണിമോയി ഹാജിയും. മറ്റൊരു പ്രമുഖ കുടുംബമായിരുന്നു ഒരുകാലത്ത് 40 തോണി സ്വന്തമായുണ്ടായിരുന്ന കാഞ്ഞിരത്തൊടികയിൽ കുടുംബം. ഇവർ കൃഷിക്കാരായിരുന്നു എന്നല്ലാതെ വിശദമായി അറിയില്ല.

ഇക്കൂട്ടത്തിൽ എനിക്ക് മനസ്സിലാകാത്ത കാര്യമാണ് എന്‍റെ ഉപ്പയുടെ ഉപ്പ (പിതാമഹന്‍)യുടെ ഭൂസ്ഥിതി. കണ്ടുകിട്ടിയ ഒരു ഭാഗപത്രത്തിലെ രേഖപ്രകാരംതന്നെ അദ്ദേഹത്തിന്‍റെ ഭൂസ്വത്ത് 19 ഏക്കർ 36.29 സെന്റ്‌ ആണ്. ഈ സാമ്പത്തികസ്ഥിതിയിലേക്ക് അദ്ദേഹം എത്തിയതെങ്ങനെ? എന്‍റെ ഉപ്പയുടെ ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിന്‍റെ ഉപ്പ മരിച്ചു പോയിരുന്നു. പിന്നീട് സ്വത്തൊക്കെ നഷ്ടപ്പെട്ട ഉപ്പയും ഞങ്ങളും വല്ലാത്ത ദാരിദ്ര്യത്തിലാണ് ജീവിച്ചത്. തീരദേശങ്ങളിൽ നിന്നോ അയല്‍സംസ്ഥാനങ്ങളിൽനിന്നോ വന്നുകൂടിയതാണോ വല്യാപ്പയുടെ പൂർവികർ? കച്ചവടമോ കൃഷിയോ എന്താണ് സ്വത്തിന്‍റെ അടിസ്ഥാനം? രേഖകളില്ല.

ഭൂവുടമകളുടെയും സമ്പന്നരുടെയും പണിക്കാരോ അവർക്കുവേണ്ട അവശ്യവസ്തുക്കള്‍ ഉണ്ടാക്കിക്കൊടുക്കുകയും ബാക്കി വില്ക്കുകയും ചെയ്യുന്നവരായിരുന്നു തദ്ദേശിയർ. ഉദാഹരണമായി പണിയായുധങ്ങളുണ്ടാക്കുന്ന പെരുംകൊല്ലന്മാർ, മണ്‍പാത്രങ്ങള്‍ നിർമിക്കുന്ന കുശവന്മാർ, എണ്ണയാട്ടുന്ന ചക്കാലന്മാർ, മീൻപിടുത്തക്കാർ മുതലായവർ.

നമ്മുടെ ചരിത്രരചനയിലെ പരിമിതി കൊണ്ടാണ് ചേന്ദമംഗല്ലുരിലെ നായർ ഭൂവുടമസ്ഥതയെപ്പറ്റി കൃത്യമായി ഒന്നും പറയാൻ കഴിയാത്തത്. അത് ബ്രിട്ടീഷ് കാലത്തുള്ള പുസ്തകങ്ങളിലില്ല. ഇപ്പോഴത്തെ പ്രായമായ ആളുകളുടെ ഓർമയിലും ഇല്ല. അതിനാല്‍ ഗ്രാമചരിത്രം രേഖപ്പെടുത്തുമ്പോൾ ഇതൊരു തമോഗർത്തമായി മാറുന്നു.

ജാതിയിലെ മതവും മതത്തിലെ ജാതിയും

1890-ല്‍ ചേന്ദമംഗല്ലൂരിലെ ജനസംഖ്യ 807 ആയിരുന്നു. 1900-ല്‍ അത് 743 ആയി കുറഞ്ഞു. 1971-ല്‍ 2.73 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള ഈ ഗ്രാമത്തിൽ അത് 2614 ആയി വര്‍ദ്ധിച്ചു 1890-ലെ സംഖ്യയുടെ മൂന്നിരട്ടി. 40 ശതമാനം കൃഷിഭൂമി; 320 ഉഴവുപാടങ്ങള്‍. ഇന്നും ഗ്രാമത്തിലെ ജനസംഖ്യ 7520 ആയിട്ടേയുള്ളൂ.

മലബാറിലെ മുസ്‌ലിംകള്‍ക്കിടയിൽ സാമാന്യമായി രണ്ടുതരക്കാരുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അറബിക്കച്ചവടക്കാരുമായുള്ള വൈവാഹികബന്ധങ്ങളിലൂടെ മുസ്‌ലീമായ തീരദേശത്തെ വരേണ്യവിഭാഗം. കോഴിക്കോട്, പൊന്നാനി, തലശ്ശേരി എന്നിവിടങ്ങളില്‍ ഇവരെ കാണാം. ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ഉള്‍നാടൻ കീഴാളമുസ്‌ലിംകൾ; മാപ്പിളമാര്‍ എന്നാണ് ഈ കീഴാളമുസ്‌ലിംകൾ അറിയപ്പെട്ടിരുന്നത്. മലബാറിലെ മുസ്‌ലിംകളിൽ ആളെണ്ണംകൊണ്ട് ഭൂരിപക്ഷവും മതംമാറിയ ഈ കീഴാളമുസ്ലിംകളാണ്. കോഴിക്കോട് ജില്ലയുടെ കിഴക്ക് ഉൾഭാഗത്തു കിടക്കുന്ന ചേന്ദമംഗല്ലൂരിലെ മുസ്ലിംകൾ രണ്ടാമതുപറഞ്ഞ കൂട്ടത്തിൽ പെട്ടവരാണെന്ന് അനുമാനിക്കാവുന്നതാണ്.

ചെറുമര്‍ എന്ന ജാതിയില്‍നിന്ന് മതപരിവര്‍ത്തനം വന്‍തോതിൽ നടന്നതായി മലബാർ മാന്വല്‍ എടുത്തുകാട്ടുന്നുണ്ട്: “അടിയാളവര്‍ഗത്തെ അവരുടെ മുന്‍കാല സാമൂഹ്യബന്ധങ്ങളില്‍നിന്ന് വിടര്‍ത്തിയെടുക്കുന്ന കാര്യത്തിൽ ഇസ്‌ലാം മതത്തിലേക്കുള്ള അവരുടെ കൂട്ടംകൂട്ടമായ പരിവര്‍ത്തനം വഹിച്ച പങ്ക് ഒട്ടും നിസ്സാരമല്ല. മതംമാറ്റംനടത്തുന്ന ചെറുമന്‍ സമൂഹതലത്തിൽ രായ്ക്കുരാമാനം അസ്പൃശ്യനല്ലാതാവുന്നു” (വില്യം ലോഗൻ – മലബാർ മാന്വൽ – മാതൃഭൂമി ഒൻപതാം പതിപ്പ്. പേജ് 118)

ലോഗന്‍റെ വാക്കുകളില്‍ മുസല്‍മാന്മാർ വര്‍ദ്ധിക്കാനുള്ള പ്രധാനകാരണം ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാരുടെ മതപരിവര്‍ത്തനമാണ്. അത്തരം മതംമാറ്റം അനുവദിക്കപ്പെട്ടിരുന്നെന്നുമാത്രമല്ല, പലപ്പോഴും സാമൂതിരി രാജാക്കന്മാരുടെ ശാസന അനുസരിച്ചാണ് നടന്നുവന്നത്. നാവികരായി പ്രവര്‍ത്തിക്കുന്നതിന് (അറബികളുടെ കൂടെ) സാമൂതിരി രാജാക്കന്മാര്‍ ഹിന്ദു-മുക്കുവ ജാതിയിലെ ഓരോ കുടുംബത്തിലേയും ഒന്നോ ഒന്നിലധികമോ അംഗങ്ങളെ മുഹമ്മദീയരാക്കി വളര്‍ത്തണമെന്നു കല്‍പ്പന കൊടുത്തിരുന്നു. ഇത് രാജാവിന്‍റെ നാവികമേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനു പറ്റിയ ആളുകളെ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടിയായിരുന്നു.

ലോഗനിൽ നിന്നും മറ്റൊരു ഖണ്ഡിക ഇങ്ങനെയാണ്: “1871 നും 1881 നും ഇടയിൽ മലബാറിലെ മുസ്‌ലിം ജനസംഖ്യയിൽ ഉണ്ടായ വര്‍ദ്ധനസംബന്ധിച്ച് പ്രസിഡന്‍സി കാനേഷുമാരി (1881) റിപ്പോര്‍ട്ടിൽ ഖണ്ഡിക 151 ൽ ഇങ്ങനെ കാണുന്നു. അധ:മസ്ഥിതിയും അപമാനകരമായ അവശതയും ഏറ്റവും പ്രകടമായി അനുഭവിക്കുന്ന ഒരു വിഭാഗമാണ് ചെറുമര്‍. 1871 ലെ കാനേഷുമാരിയിൽ മലബാറിൽ അവരുടെ ജനസംഖ്യ 99,009 ആയിരുന്നത് പത്തുവര്‍ഷം കഴിഞ്ഞപ്പോൾ 1881 ലെ കണക്കില്‍ 64,715 ആയി ചുരുങ്ങി. ജില്ലയില്‍ പൊതുവെ ഈ കാലയളവിൽ ഉണ്ടായ ജനസംഖ്യാവര്‍ദ്ധന 5.71 ശതമാനമായിരുന്നു. ചെറുമരെ സംബന്ധിച്ചിടത്തോളം ഈ കാലയളവില്‍ ജനസംഖ്യ 34.63 ശതമാനംകണ്ട് ചുരുങ്ങുകയാണുണ്ടായത്. മറ്റു വിഭാഗക്കാരുടെ അനുപാതമനുസരിച്ച് 1881 ൽ 40,000 ചെറുമർ കൂടുതൽ ഉണ്ടാവേണ്ടതായിരുന്നു. അത്രയുംപേര്‍ ഇല്ലാതായെന്നു സാരം. ഇസ്‌ലാം മതത്തിലേക്കുള്ള കൂട്ടംകൂട്ടമായ പരിവര്‍ത്തനമാണ് ഇതിനുപിന്നിലുള്ള അസ്വാസ്ഥ്യജനകമായ കാരണമെന്ന് ജില്ലാ ഓഫീസര്‍ക്കറിയാം. ഒരു ചെറുമന്‍റെ അല്ലെങ്കില്‍ കീഴ്ജാതിക്കാരിൽ ഒരാളിന്‍റെമേൽ ചാര്‍ത്തുന്ന ‘ഇസ്‌ലാമിന്‍റെ മഹത്വം’ ആ വ്യക്തിയെ ഒരൊറ്റ ചാട്ടത്തിന് സമൂഹത്തിന്‍റെ ഉന്നതപടവുകളിലേക്ക് എത്തിക്കുന്നു. കീഴ്ജാതിയില്‍ ജനിച്ചുപോയതുകൊണ്ട് അന്നോളം അനുഭവിച്ച സാമൂഹ്യമായ അവശതകളും അവമതികളും മതംമാറുന്നതോടെ അയാള്‍ക്കു പിന്‍തള്ളാൻ സാധിക്കുന്നു. സമൂഹമാന്യത നേരിടുന്നതിന് ചെറുമരും മറ്റു അധഃകൃതഹിന്ദുക്കളുമായ 50,000 പേര്‍ ജില്ലയില്‍ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്” (വില്യം ലോഗൻ -മലബാർ മാന്വൽ- മാതൃഭൂമി ഒൻപതാംപതിപ്പ് പേജ് 153)

എന്‍റെ കുട്ടിക്കാലത്തും ഇത്തരം അനുഭവങ്ങള്‍ ഞാൻ കണ്ടിട്ടുണ്ട്.

മതപരിവര്‍ത്തനത്തിന് സ്വന്തം സമൂഹവും കുടുംബവും പ്രോത്സാഹനം നല്‍കിയ പല അനുഭവങ്ങളും ഉണ്ട്. ചിലത് ഇങ്ങനെ: ദളിത്‌വിഭാഗത്തില്‍പെട്ട പൊക്കന്‍ (പേരുകള്‍ സാങ്കല്‍പികം) എന്‍റെ അയല്‍പ്പക്കത്ത് കൂരയിലാണ് താമസം. കറുത്ത് കരുത്തുറ്റ ശരീരം. പൊതുവെ മൗനി. ഏതുജോലിക്കും നാട്ടുകാര്‍ക്ക് ഇദ്ദേഹം നിര്‍ബന്ധമാണ്. എല്ലുമുറിയെ പണിചെയ്യും. വയറുനിറച്ച് ഉണ്ണും- അതായിരുന്നു അയാളുടെ പ്രത്യേകത. കുണ്ടന്‍റെ മകള്‍ ചീരു പ്രായമായപ്പോൾ ചിലരാൽ വശീകരിക്കപ്പെട്ടു. അവള്‍ മതം മാറി മുസ്‌ലിമായി. ഇതില്‍ അച്ഛന് ഒരു മനഃപ്രയാസവും കണ്ടില്ല. “അവളെങ്കിലും പോയി രക്ഷപ്പെടട്ടെ”- അതായിരുന്നു അയാളുടെ പ്രതികരണം. ആ വാക്കുകള്‍ ഇന്നും എന്‍റെ കാതില്‍ മുഴങ്ങുന്നു. ഖദീജയായി മാറിയ ചീരുവിനെ ഒരു മുസ്ലിം യുവാവ് വിവാഹംചെയ്തു. യൗവ്വനത്തില്‍തന്നെ അവൾ മരിച്ചു. കണ്ണന്‍, അഹമ്മദായും കീരൻ, മുഹമ്മദായും കണ്ടന്‍, ആലിയായും കണ്ടന്‍റെ പെങ്ങൾ ആമിനയായും മാറി. പുരുഷന്മാര്‍ മതംമാറി പള്ളിയില്‍ ആദ്യമായി വന്നത് ഞാനോര്‍ക്കുന്നു. തൂവെള്ളക്കുപ്പായവും തുണിയും തലേക്കെട്ടും. മുഖത്ത് പുതിയ ജന്മംകിട്ടിയ സന്തോഷത്തിന്‍റെ പ്രസാദം. നല്ല വരവേല്‍പ്പ്. മുസ്‌ലിം യുവതിയെ ആലി വിവാഹം കഴിച്ചു. ശാന്തശീലനും വിശ്വസ്തനുമായി അറിയപ്പെട്ട അദ്ദേഹം സമര്‍ത്ഥരായ മക്കളും ഭാര്യയുമൊപ്പം പല സജീവരംഗങ്ങളിലും സ്ഥാനം നേടുകയുണ്ടായി.

മനുഷ്യവര്‍ഗ്ഗത്തെ സമഭാവനയോടെ മാത്രം കാണണമെന്നു പഠിപ്പിക്കുന്ന ഇസ്‌ലാമിന്‍റെ അനുയായികളോടുപോലും താണജാതിക്കാരന് സാഹോദര്യഭാവത്തിന്‍റെ സ്വാതന്ത്ര്യമെടുക്കാന്‍ മതംമാറേണ്ടിവന്ന അവസ്ഥയായിരുന്നു അത്. ഇസ്‌ലാമിലേക്കുവന്നാല്‍മാത്രം തുല്യത; അല്ലെങ്കില്‍ ജാതിവ്യവസ്ഥയുടെ ഹീനമായ അംഗം എന്ന സങ്കല്‍പം മുസ്‌ലിംകളെക്കൂടി കീഴ്‌പ്പെടുത്താന്‍ മാത്രം ജാതിചിന്ത ഇവിടെ ശക്തമായിരുന്നു. എത്രമാത്രം പരിതാപകരമായ അവസ്ഥ! മുസ്‌ലിംകള്‍ കൂടി ജാതിവ്യവസ്ഥയുടെ തമ്പ്രാക്കള്‍ക്ക് കുടചൂടുകയായിരുന്നു എന്നും ‘ഹീനജാതി’കളുടെ സങ്കടപ്പാടുകള്‍ തിരിച്ചറിഞ്ഞ് അവരുടെ മോചനത്തിനുവേണ്ടി പൊരുതുകയായിരുന്നില്ല എന്നുമുള്ള ശക്തമായ വിമര്‍ശനം എനിക്കുണ്ട്. ജാതി ആചരിക്കുന്നതും ജാതിക്ക് കുടചൂടുന്നതും തമ്മിലുള്ള അന്തരം ദളിതര്‍ക്ക് മനസ്സിലാക്കാൻ കഴിയാതെപോയതും അങ്ങനെയാണ്. അത്രയുംനേര്‍ത്ത രേഖയാണ് ആ വ്യത്യാസം. മാത്രവുമല്ല, സമുദായത്തിലെ ജാതിയെക്കുറിച്ചു സംസാരിക്കാൻ പോലും ഭൂരിപക്ഷം മുസ്ലിംകളും തയാറല്ല.

രാഷ്ട്രീയവും സാമൂഹികവുമായ അധികാരമുണ്ടായിട്ടും എന്തുകൊണ്ടാണ് നമ്പൂതിരിമാര്‍ മതപരിവര്‍ത്തനത്തിന് തടയിടാൻ ശ്രമിക്കാതിരുന്നത്? രണ്ടുസാധ്യതകളുണ്ട് : ഒന്ന്, ചെറുമക്കളേയും പുലയരേയും ഹിന്ദുക്കളായിത്തന്നെ നമ്പൂതിരിമാര്‍ കണ്ടിരുന്നില്ല. അതുകൊണ്ട് അവരുടെ ഇസ്‌ലാംമതസ്വീകാരം മതപരിവര്‍ത്തനമായിപ്പോലും അവര്‍ക്കാര്‍ക്കും തോന്നിയിട്ടുണ്ടാകില്ല. രണ്ട്, ഹിന്ദുമതമെന്ന ഒന്ന് നിലവിലില്ലാത്തകാലത്ത് പുതിയൊരു മതപ്രമാണവും രീതികളും അടിയാന്മാരുടെ ശ്രദ്ധ തിരിക്കാനുള്ള പ്രത്യയശാസ്ത്ര ഉപകരണമായി മതംമാറ്റത്തെ അവർ കണ്ടിരിക്കാം. സാമൂതിരി മീന്‍പിടുത്തക്കാരുടെ മക്കളെ മുസ്‌ലിംകളാക്കി വളര്‍ത്താം എന്നു പറഞ്ഞത് കച്ചവടത്തിലൂടെ തന്‍റെ സമ്പത്തിന് കാരണക്കാരായിരുന്ന അറബികളോടുള്ള ബന്ധത്തിന്‍റെ ഭാഗമായിരുന്നു എന്നു വാദിച്ചാല്‍തന്നെ നമ്പൂതിരിമാർ അതിനെ എന്തിനു വകവെച്ചുകൊടുത്തു എന്നും പ്രോത്സാഹിപ്പിച്ചു എന്നും വിശദീകരിക്കാന്‍ പ്രയാസമാണ്. മതം മാറിയപ്പോഴും അവരുടെ സാമൂഹ്യ, സാമ്പത്തികസ്ഥിതി അടിയാന്മാരുടേതായി തുടര്‍ന്നു എന്നത് ഓര്‍മ്മിക്കേണ്ടതാണ്. ആ അവസ്ഥ മാറുന്നത് ഗള്‍ഫ് കുടിയേറ്റത്തോടെ മാത്രമാണ്.

തിരുവിതാംകൂറില്‍നിന്നാണ് മലബാറിന്‍റെ പലഭാഗങ്ങളിലേക്കും ക്രിസ്ത്യൻ കുടിയേറ്റം ഉണ്ടായത്. അത് ഒട്ടും ചേന്ദമംഗല്ലൂരിൽ നടന്നില്ല. അതുകൊണ്ട് ക്രിസ്ത്യാനികളില്ലാത്ത നാടായി ഞങ്ങളുടേത്.

ആ അര്‍ത്ഥത്തിൽ ജാതിയും മതവും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ ഉദാഹരിക്കുന്നുണ്ട് ചേന്ദമംഗല്ലൂര്‍ എന്നു വിചാരിക്കാൻ ന്യായമുണ്ട്.

സംഘടനകളും ചേന്ദമംഗല്ലൂരും

ജന്മിത്തവും പിന്നീട് മുതലാളിമാരും കണ്ടപോലെ തങ്ങളുടെ പേരിൽ അറ്റാച്ച് ചെയ്യാനുള്ള ഭൂമി ആയിട്ടല്ല ചേന്ദമംഗല്ലൂരിനെ യുവാക്കളായ മതപണ്ഡിതരും സംഘടനകളും കണ്ടത്. വന്‍മുതലാളിമാരുടെ കണ്‍വെട്ടത്തിനുപുറത്ത് പുതിയ ആശയങ്ങള്‍ക്ക് വേരോടാനുള്ള മണ്ണായി ചേന്ദമംഗല്ലൂര്‍.

ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലെ മുസ്‌ലിംസമൂഹം മറ്റേതു ഗ്രാമവുംപോലെ സുന്നിപൈതൃകത്തില്‍ രമിക്കുന്നവരായിരുന്നു. പക്ഷേ, ഞങ്ങളുടെ തലമുറയ്ക്ക് ആ വഴക്കങ്ങളോ അനുഷ്ഠാനങ്ങളോ പരിചയിക്കാൻ അവസരമുണ്ടായില്ല. അതിനുമുമ്പുതന്നെ പരിഷ്‌കരണവാദികളായറിയപ്പെട്ട മുജാഹിദുകൾ മേല്‍ക്കൈ നേടിയതാണ് കാരണം. ഗ്രാമം ഒന്നിച്ചുള്ള ചുവടുമാറ്റമായിരുന്നു ഇതെന്നുപറയാം. അതുകൊണ്ട് താരതമ്യേന എളുപ്പമായാണ് മാറ്റം നടന്നത്-മര്‍ദ്ദനമോ രക്തസാക്ഷിത്വമോ കൂടാതെ നടന്ന പരിവര്‍ത്തനം. നാട്ടുമുഖ്യരായ എ.എം കുട്ടിഹസന്‍ അധികാരിയും മകന്‍ അബ്ദുസ്സലാം അധികാരിയും പരിഷ്‌കരണപക്ഷത്തായതും ഗ്രാമത്തിലെ ഒരേയൊരു പള്ളിയിലെ ഖാസിയായ മുഹമ്മദ്‌ സഗീര്‍ മൗലവിയുമായി അബ്ദുസ്സലാം അധികാരി കൈകോര്‍ത്തതുമാണ് മാറ്റം എളുപ്പമാക്കിയതെന്ന് കരുതണം. അധികാരസ്ഥാനങ്ങള്‍ക്ക് ഭീഷണിയാവുന്ന മാറ്റങ്ങളാണ് അടിച്ചമര്‍ത്തലുകൾ നേരിടേണ്ടിവരിക. ഇവിടെ ആ മട്ടിലുള്ള മാറ്റങ്ങള്‍ ഞങ്ങളുടെ തലമുറക്ക് കാണാനായില്ല.

സുന്നി പൈതൃകത്തിന്‍റെ പ്രധാനഘടകം വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളുടെ നിരന്തരമായ ആവര്‍ത്തനമാണ്. ആഴ്ചയിലും മാസത്തിലും വര്‍ഷത്തിലുമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ അനുഷ്ഠാനങ്ങൾ വേരൂന്നിയ മനസ്സാണ് സുന്നിസത്തിന്‍റെ ആധാരം. പുണ്യം ലഭിക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍, പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുമെന്നുറച്ചു വിശ്വസിക്കുന്ന ചിലരാവുകള്‍, ഐച്ഛിക നമസ്‌കാരങ്ങൾ, ജപമന്ത്രങ്ങൾ, സ്വലാത്തുകൾ, പുണ്യഗ്രന്ഥപാരായണം, മാലമൗലിദുകള്‍, നേര്‍ച്ചകൾ, അന്നദാനം, പുണ്യാത്മാക്കളുടെ ഖബര്‍ സന്ദര്‍ശനങ്ങൾ, രാക്കാലമതോപദേശങ്ങൾ, ജനനവും മരണവും വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ പ്രാര്‍ത്ഥനാസന്ദര്‍ഭങ്ങൾ തുടങ്ങിയവ ഉദാഹരണം. സ്വയംപ്രത്യയനംകൊണ്ടെന്നപോലെയുള്ള ഒരുതരം മാനസികപരിശീലനം സാധ്യമാക്കുന്ന ആചാരങ്ങളാണിവ. ഖുര്‍ആനും നബിചര്യക്കുമൊപ്പം സുന്നിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന ഘടകങ്ങളാണിത്. ജന്മിത്വത്തോടും ജന്മിത്വത്തിന്‍റെ ശീലങ്ങളുണ്ടായിരുന്ന പുതുമുതലാളിത്തത്തോടും ഒത്തുചേർന്നാണ് പാരമ്പര്യസുന്നിസം നിലനിന്നത്.

പരിഷ്കരണാശയക്കാരെന്നോ പുത്തൻവാദക്കാരെന്നോ വിളിക്കപ്പെട്ടിരുന്ന മുജാഹിദുകൾ ആധുനികവിദ്യാഭ്യാസം നേടുക, സ്ത്രീകൾക്ക് പള്ളിപ്രവേശനം നൽകുക, ഖുർആൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക തുടങ്ങിയ സാമൂഹികാശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളീയനവോത്ഥാനത്തിന്‍റെ വഴികളിലൂടെയാണ് വളർന്നുവന്നത്. (മുസ്ലിംകൾ നമ്പൂതിരി സമുദായത്തിലെ ചെറുപ്പക്കാരുടെ പരിഷ്കരണാശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നു വക്കം മൗലവി ദീപികയുടെ സമാഹൃതവാള്യത്തിൽ -പേജ് 239 ൽ എഴുതിയിട്ടുണ്ട്). ഈ ആലോചനയുടെ മേധാവിത്വകാലം ചേന്ദമംഗല്ലൂരിൽ കുറവായിരുന്നു. പെട്ടെന്നുതന്നെ മുജാഹിദ് മാറി ജമാ അത്തെ ഇസ്ലാമി സംഘടനാതലത്തിൽ ആഴത്തിൽ വേരൂന്നി. ചേന്ദമംഗല്ലൂരിൽ കൊളോണിയൽ അധികാരവുമായി ബന്ധമുള്ള അധികാരി കുടുംബവും പൗരോഹിത്യതലത്തിലുണ്ടായ ആലോചനകളിലെ മാറ്റവുമാണ് ഇത് സാധ്യമാക്കിയത് .

ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും തമ്മിലുള്ള സാദൃശ്യങ്ങൾ മുജാഹിദ് പ്രസ്ഥാനം ഉണ്ടാക്കിയ മണ്ണിൽ സ്വന്തം മത-രാഷ്ട്രീയ പദ്ധതി വളർത്താൻ ജമാഅത്തെ ഇസ്ലാമിയിലെ ചെറുപ്പക്കാർക്ക് ശേഷി നൽകി എന്നതാണെന്‍റെ വിലയിരുത്തൽ.

ജമാഅത്തുവത്ക്കരണത്തിന്‍റെ ആദ്യകാലത്ത് മുജാഹിദ് പക്ഷത്തുനിന്ന് വാദപ്രതിവാദപരമായ ചില പ്രഭാഷണങ്ങളല്ലാതെ കാര്യമായ ചെറുത്തുനില്‍പുണ്ടായില്ല. അരീക്കോട്ടുകാരനായ എൻ.വി. അബ്ദുസ്സലാംമൗലവിയുടെ നേതൃത്വത്തില്‍ മതരാഷ്ട്രവാദത്തിനെതിരെ ചേന്ദമംഗല്ലൂരില്‍ നടന്ന പ്രസംഗപരമ്പര പോലെയുള്ള, ആരും ഓർക്കാത്ത ചില നീക്കങ്ങളൊഴികെ.

പൊതുവേ മുജാഹിദുകള്‍ ജമാഅത്തിനുനേരെ അയഞ്ഞ നിലപാടാണ് സ്വീകരിച്ചിരുന്നത്. രണ്ടുസംഘടനകളും ആചാരങ്ങളിലെ പരിഷ്‌കരണാശയം പങ്കുവെക്കുന്നതിനാല്‍ സുന്നികളായിരുന്നു അന്ന് പൊതുശത്രുക്കള്‍. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജിന്‍റെ പ്രിന്‍സിപ്പലായി അബ്ദുല്ലത്വീഫ് മൌലവിയും അദ്ധ്യാപകനായി അബുസ്വലാഹ് മൌലവിയും നിയമിക്കപ്പെട്ടിട്ടുണ്ട്. രണ്ടുപേരും പ്രസിദ്ധരായ മുജാഹിദ് നേതാക്കളായിരുന്നു. മതരാഷ്ട്രപ്രത്യയശാസ്ത്രമായ ജമാഅത്തെ ഇസ്‌ലാമിയും രാഷ്ട്രീയലക്ഷ്യങ്ങളില്ലാത്ത മതസംഘടനയായ മുജാഹിദും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ മുജാഹിദ് നേതൃത്വം ആദ്യകാലത്തു ശ്രദ്ധിച്ചതേയില്ല എന്നാണു വിചാരിക്കേണ്ടത്. അത് ശ്രദ്ധയിൽ വരുമ്പോഴേക്ക് ഗ്രാമത്തിൽ ജമാഅത്തെ ഇസ്ലാമി വേരാഴ്ത്തിക്കഴിഞ്ഞിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ തുടക്കത്തിൽ ഏറ്റവും സഹായകമായത് കെ.ടി.കെ ഹസന്‍, കെ.ടി.സി ബീരാന്‍, യു.കെ ഇബ്രാഹീം മൗലവി, സഗീര്‍ മൗലവി , കെ.ടി മുഹമ്മദ് മൌലവി എന്നീ ആദ്യകാല പ്രവർത്തകരുടെ പ്രയത്‌നവും ഒപ്പം സജീവമായി നിന്ന നാട്ടിലെ യുവാക്കളുടെ സഹകരണവും സംഘടനയുടെ പ്രാസ്ഥാനികപ്രവര്‍ത്തനങ്ങളുമായിരുന്നു.

ആദ്യകാലപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കമായ സമീപനവും ആളുകളില്‍ മതിപ്പുളവാക്കുകതന്നെ ചെയ്തിട്ടുണ്ട്. ആശയപരമായ മേന്മയെക്കുറിച്ചുള്ള തിരിച്ചറിവിലേറെ ഈ പെരുമാറ്റമാണ് അവരെ ആകര്‍ഷിച്ചത്.

സന്നദ്ധസേവനത്തിനു തയാറായിവന്ന കുറച്ചു ചെറുപ്പക്കാർ ദുർബലമായും മടിച്ചും നിന്നിരുന്ന നാടിനെ ചലനാത്മകമാക്കി. ചേന്ദമംഗല്ലുരില്‍ ഹൈസ്കൂൾ സ്ഥാപിച്ചെടുക്കാനും റോഡുണ്ടാക്കാനും ഉമ്മർ ഹാജി കാണിച്ച മിടുക്കും നാട്ടുകാരുടെ സന്നദ്ധതയും ജമാഅത്ത് പ്രസ്ഥാനത്തെ ഏറെ സഹായിച്ചിട്ടുണ്ട് (പിന്നീട് ഇദ്ദേഹം സ്കൂൾ സമിതിയിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു). മതരംഗത്തല്ലാത്ത പൊതുവിദ്യാഭ്യാസത്തെ ഒഴിവാക്കണം എന്ന നയം ജമാഅത്തെ ഇസ്ലാമി ഉയർത്തിപ്പിടിക്കുന്ന കാലത്താണ് ഈ സ്കൂൾ നടക്കുന്നത് എന്നും ഓർക്കണം.

കെ.സി അബ്ദുല്ല മൗലവി (കേരള ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍അമീര്‍) കൊടിയത്തൂരില്‍ നിന്ന് ചേന്ദമംഗല്ലൂരിലേക്ക് താമസം മാറ്റിയതോടെ സംഘടനയ്ക്ക് ആജ്ഞാശക്തിയുള്ള ഒരു പണ്ഡിതനേതൃത്വം കൈവന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സ്ഥാപനം ഇസ്‌ലാഹിയാകോളേജായി ഉയര്‍ത്തപ്പെട്ടു. അകന്നപ്രദേശങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികൾ ചേന്ദമംഗല്ലൂരിൽ താമസിച്ച് പഠിക്കാനെത്തി. അതോടെ ചേന്ദമംഗല്ലൂര്‍ ജമാഅത്ത്ഗ്രാമമായി അറിയപ്പെട്ടുതുടങ്ങി.

ഇതേ ചേന്ദമംഗല്ലൂരില്‍ ജമാഅത്തിന്‍റെ മേല്‍ക്കോയ്മക്കെതിരിൽ ആദ്യത്തെ പൊട്ടിത്തെറി 1969-ൽ തന്നെ സംഭവിച്ചിട്ടുണ്ട്. കിഴക്കെമുറി, പടിഞ്ഞാറെമുറി എന്നിങ്ങനെ രണ്ടുമേഖലകളായിട്ടാണ് ഗ്രാമം അറിയപ്പെട്ടിരുന്നത്. പ്രധാനപള്ളി, അപ്പര്‍ പ്രൈമറിസ്‌കൂൾ, തപാലാപ്പീസ്, അറബികോളേജ്, പൊതുശ്മശാനം എന്നിവയും അങ്ങാടിയും കിഴക്കെമുറിയിലായിരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും താരതമ്യേന മെച്ചപ്പെട്ട ഭാഗം. പടിഞ്ഞാറെമുറിയില്‍ പുരോഗതിയുടെ അടയാളമൊന്നുമില്ല. പ്ലാവിലവെട്ട്, മരംമുറി, കന്നുപൂട്ട്, വയല്‍പണി, കൃഷിപ്പണി, ചുമട്ടുതൊഴില്‍, മത്സ്യക്കച്ചവടം തുടങ്ങിയവയായിരുന്നു ജോലികൾ. എല്ലുമുറിയെ അധ്വാനിക്കുന്ന യുവാക്കളും കൂലിത്തൊഴിലാളികളും. അവരുടെനേരെ തെല്ലൊരു പുച്ഛഭാവം കിഴക്കെമുറിക്കാരില്‍ നിലനിന്നു. എന്നാല്‍ അധ്വാനശീലത്തില്‍ പടിഞ്ഞാറെമുറിക്കാരായിരുന്നു മുന്നില്‍.

ഈ സാഹചര്യത്തിലാണ് ചേന്ദമംഗല്ലൂരിനുചുറ്റുമുള്ള നാല്‍പതോളം ‘മഹല്ലു’ (പള്ളി കേന്ദ്രമാക്കിയുള്ള പ്രാദേശിക മുസ്‌ലിം കൂട്ടായ്മ)കളില്‍നിന്നുള്ള പ്രധാനികൾ വെസ്റ്റ് ചേന്ദമംഗല്ലൂരില്‍ സുന്നിപ്പള്ളി സ്ഥാപിക്കാനും അതിന്‍റെ മുന്നോടിയായി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണം നടത്താനും തീരുമാനിച്ചത്.

ജമാഅത്തിന്‍റെ ആസ്ഥാനത്തുവെച്ചുള്ള ഈ പരിപാടി വെല്ലുവിളിയായി ജമാഅത്ത് പ്രവര്‍ത്തകർ കണ്ടു. സ്വാഭാവികമായും അവര്‍ക്ക് രസിച്ചില്ല. സുന്നികള്‍ തയ്യാറെടുത്തുതന്നെയാണുവന്നത്. അവരുടെ ഒന്നിച്ചുള്ള സാന്നിധ്യവും പ്രഭാഷണങ്ങളും അത് തെളിയിച്ചു. പ്രഭാഷണപരമ്പര മുടക്കാന്‍ മറുപക്ഷത്തുനിന്ന് പ്രത്യക്ഷനടപടികളൊന്നുമുണ്ടായില്ല. ഇടയ്ക്കിടെ വൈദ്യുതിവിതരണം മുടക്കുക, ബഹളംവെയ്ക്കുക തുടങ്ങിയ ശല്യപ്പെടുത്തലുകളുണ്ടായിക്കൊണ്ടിരുന്നു. ഇതിന് ഏല്‍പ്പിക്കപ്പെട്ടത് അങ്ങാടിയിലെ ചില ‘പോക്കിരി’കളായിരുന്നു. അതേവരെ സമൂഹം പരിഗണന നല്‍കാതെ അകറ്റിനിര്‍ത്തിയ അവര്‍ക്ക് ആദ്യമായിക്കിട്ടിയ അംഗീകാരം. അവര്‍ ‘ഹീറോ’കളായി മാറി. സംഘടനാപരമായി പിന്‍ബലമില്ലെങ്കിലും ചില ജമാഅത്ത്പ്രവര്‍ത്തകരുടെ പ്രോത്സാഹനം അവര്‍ക്കുണ്ടായിരുന്നു. വലിയ ധനാഢ്യനായ എന്‍.സി. കോയക്കുട്ടി ഹാജിയുടെയും മുക്കത്തെ പ്രമുഖരുടെയും ശ്രമഫലമായി സുന്നികളുടെ പദ്ധതി എല്ലാം വിജയിച്ചു. പടിഞ്ഞാറെമുറിയില്‍ അവർ സുന്നിപള്ളി സ്ഥാപിച്ചു. എതിര്‍വിമര്‍ശനങ്ങളും പ്രചാരണങ്ങളും നിഷ്ഫലമായി. ‘ദ്രോഹത്തിന്‍റെ പള്ളി’ എന്ന അര്‍ത്ഥത്തിൽ ‘മസ്ജിദുള്ളിറാര്‍’ (നബിക്കെതിരെയുള്ള താവളമായി കപടവിശ്വാസികൾ മദീനത്തുണ്ടാക്കിയ ആദ്യകാലപള്ളി. മുസ്‌ലിംകൾ അത് പൊളിച്ചുമാറ്റുകയായിരുന്നു) എന്നാണ് പുതിയപള്ളിയെ ജമാഅത്തുപക്ഷത്തുള്ള പലരും അധിക്ഷേപിച്ചിരുന്നത്.

ഇതുപോലെത്തന്നെ വളരെ ശക്തമായ ജമാഅത്ത് വിരുദ്ധ നീക്കങ്ങൾ മുജാഹിദ്, സുന്നികൾ, സെക്കുലറിസ്റ്റുകൾ എന്നിങ്ങനെ പലരിൽ നിന്നും പല കാലത്തും ഉണ്ടായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ-സ്ഥാപന സമ്പ്രദായങ്ങൾ ഒരു ഭൂരിപക്ഷതാവാദത്തിന്‍റെ സ്വഭാവം ആർജിച്ചതിനോടുള്ള പ്രതികരണങ്ങൾ ആയിരുന്നു ഇവ.

സ്വതന്ത്രകേരളത്തിലെ രാഷ്ട്രീയ രംഗത്ത് ചേന്ദമംഗല്ലൂർ എന്ന ഗ്രാമം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലായിരുന്നു അന്ന്. അതിനുമുമ്പ് മുഹമ്മദ് അബ്ദുറഹിമാന്റെ സ്വാധീനത്തിൽ കോണ്‍ഗ്രസ് ആയ ചില പ്രമാണിമാരും (അന്ന് മുസ്ലിം സമ്പന്നർ പൊതുവിൽ കോൺഗ്രസ്സും അടിയാളർ കോൺഗ്രസ് വിരുദ്ധ ലീഗുമാണ്) കമ്മ്യൂണിസ്റ്റ് ഒറ്റയാന്മാരും ഉണ്ടായിട്ടില്ലെന്നല്ല. (പൊറ്റശ്ശേരി വെച്ചാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മരിക്കുന്നത്) പക്ഷെ മതസംഘടനകളുടെ കാര്യത്തിലുണ്ടായപോലെ ഒരു നീക്കം രാഷ്ട്രീയ രംഗത്ത് ഉണ്ടായില്ല. ഗ്രാമത്തിന്‍റെ ആലോചന രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിരുന്ന ജമാഅത്തെ ഇസ്ലാമി 1977 വരെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതടക്കം എല്ലാ രാഷ്ട്രീയപ്രക്രിയകളെയും തള്ളിക്കളയാനാണ് നാട്ടുകാരെ പ്രേരിപ്പിച്ചത്.

ആദ്യകാലത്തെ ഊഷ്മളത സംഘടനാപക്ഷപാതത്തിനും ശക്തിപ്രകടനത്തിനും വഴിമാറുകയും അതിനു ഫണ്ട് രൂപീകരിക്കാൻ പ്രവാസിസഹായം കിട്ടാൻ തുടങ്ങുകയും ചെയ്തതോടെ, (ചേന്ദമംഗല്ലൂർ ഇന്നൊരു ഗൾഫ് ഗ്രാമമാണ്) ധാരാളിത്തത്തിന്‍റെ വല്ലാത്ത ഒരു പ്രകടനമാണ് നാട്ടിലെ പൊതുരംഗത്തും കാണുന്നത്.

ഗ്രാമത്തില്‍ സമീപകാലത്തായി പള്ളികൾ പലതും സ്ഥാപിക്കപ്പെട്ടു. പതിമൂന്നോളം പള്ളികള്‍! സംഘടനകള്‍ തമ്മിലുള്ള മത്സരങ്ങളും തര്‍ക്കങ്ങളുമാണ് പള്ളികളുണ്ടാക്കുന്നതിന്‍റെ അടിസ്ഥാനം. പള്ളികളില്‍നിന്നുയരുന്ന ആത്മീയതയുടേയും ഐക്യസന്ദേശത്തിന്‍റേയും ഉണര്‍ത്തുനാദമായ ബാങ്ക് വിളികളുടെ അര്‍ത്ഥം നഷ്ടപ്പെട്ടു. ഉച്ചഭാഷിണി ഉപയോഗിച്ച് പരമാവധി ഉച്ചത്തില്‍ ബാങ്ക്‌വിളിക്കുന്നവനാണ് വിജയി എന്നമട്ടിലാണ് മത്സരം. പ്രവാചകസ്‌നേഹത്താൽ തൊണ്ടയിടറി അദ്ദേഹത്തിന്‍റെ പേര് ആവര്‍ത്തിക്കുന്ന വരികൾ പൂര്‍ത്തിയാക്കാനാവാതെ പാതിക്കുനിര്‍ത്തിയ നബിശിഷ്യന്‍ ബിലാലിന്‍റെ പിന്‍ഗാമികളുടെ സ്ഥിതിയാണിത്! സ്‌നേഹവും സൗഹൃദവും സഹായവും ഗ്രൂപ്പിസത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുത്തി എഴുതപ്പെട്ടു.

വ്യത്യസ്ത അധികാരശക്തികളുടെ ഇഷ്ടാനുസാരം പലപുതുമകള്‍ക്കും തലമൊരുക്കിയ ചേന്ദമംഗല്ലൂരിന്റെ മണ്ണ്, മനസ്സ് നഷ്ടപ്പെട്ട് കക്ഷിബലം നിര്‍ണ്ണയിക്കുന്ന മുറയ്ക്ക് നന്മതിന്മകളെ വരിക്കുന്ന ദുര്‍ബ്ബലഭൂമിയായി മാറി. തങ്ങളുടെ സംഘടനയ്ക്ക് ഗുണമോ ദോഷമോ എന്ന കേവലാന്വേഷണത്തിലേക്ക് വഴിമാറി. ആത്മീയാന്വേഷണങ്ങള്‍ ഉച്ചഭാഷിണിയിലൂടെയുള്ള അലറലുകളായി. ഏതുകൃത്യത്തിനും പേരോ അധികാരമോ ഉണ്ടാക്കുന്നതില്‍ എന്ത് ഗുണംചെയ്യാന്‍ കഴിയുമെന്നായി.

അങ്ങനെ പുതിയൊരു തരം വാർദ്ധക്യത്തിലേക്ക് ഞങ്ങളുടെ ഗ്രാമം തള്ളിയിടപ്പെട്ടതുപോലെയായി. അറിവിന്‍റേയും അന്വേഷണത്തിന്‍റേയും സേവനത്തിന്‍റേയും യുവ ഊർജ്ജത്തിന്‍റേയും ഭൂമി അവകാശപ്പെടാൻ ആരുമില്ലാതെ കാടുമൂടിക്കിടക്കുന്നു-പലപ്പോഴും വിളിക്കാന്‍ ഒരുപേരുമില്ലാതെ.

(തെയ്യത്തുംകടവ് പാലം- ഫോട്ടോ കടപ്പാട്: ഹിഷാം ക്രിയേഷന്‍സ്)

ചേന്ദമംഗല്ലൂരിന്റെ കഥാപാത്രങ്ങള്‍; ‘പേരില്ലാത്ത ഭൂമി’ എന്ന ആത്മകഥ പറയുന്നത്

‘പേരില്ലാത്ത ഭൂമി’; മതം, ജീവിതം, സംസ്കാരം, മൂല്യങ്ങള്‍… സി.ടി അബ്ദുറഹീം ആത്മകഥ എഴുതുമ്പോള്‍

സി.ടി അബ്ദുറഹിം

സി.ടി അബ്ദുറഹിം

ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയും എഴുത്തുകാരനും

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍