UPDATES

വായന/സംസ്കാരം

ചേന്ദമംഗല്ലൂരിന്റെ കഥാപാത്രങ്ങള്‍; ‘പേരില്ലാത്ത ഭൂമി’ എന്ന ആത്മകഥ പറയുന്നത്

മാപ്പിളലഹളയെന്നും കര്‍ഷകസമരമെന്നും ബ്രിട്ടീഷ്‌വിരുദ്ധപോരാട്ടമെന്നും പല വീക്ഷണങ്ങളില്‍ വിശേഷിപ്പിക്കപ്പെടുമ്പോഴും 1921 ലെ കലാപം ഈ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നതാണ് വാസ്തവം

കോഴിക്കോട് ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയും എഴുത്തുകാരനുമാണ് സി.ടി അബ്ദുറഹീം. സാമുദായികവും മതപരവും സാംസ്കാരികവുമായ വിഷയങ്ങളില്‍ പുരോഗമനാശയങ്ങളുടെ പക്ഷത്ത് നില്‍ക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളിലൊന്നാണ് അദ്ദേഹത്തിന്റേത്. സി.ടി അബ്ദുറഹീമിന്റെ ജീവിതം മലബാറിലെ മുസ്ലീം ജീവിത, സംസ്കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ഉടന്‍ പുറത്തു വരാന്‍ പോകുന്ന ‘പേരില്ലാത്ത ഭൂമി‘ എന്ന ആത്മകഥ കേരള ചരിത്രത്തിന്റെ മറ്റൊരു ഏടിനെ പരിചയപ്പെടുത്തുന്നതാണ്. അതില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ആദ്യ ഭാഗം ഇവിടെ വായിക്കാം: ‘പേരില്ലാത്ത ഭൂമി’; മതം, ജീവിതം, സംസ്കാരം, മൂല്യങ്ങള്‍… സി.ടി അബ്ദുറഹീം ആത്മകഥ എഴുതുമ്പോള്‍

ചേന്ദമംഗല്ലൂരിന്റെ കഥാപാത്രങ്ങള്‍

പുലര്‍ക്കാലത്ത് മഞ്ഞില്‍ തെളിയുന്ന ചെമ്മണ്‍പാത. പാതയുടെ രണ്ടുവശങ്ങളിലും കുറ്റിക്കാടുകള്‍. ഇടയില്‍ തഴച്ചുനില്‍ക്കുന്ന തണല്‍മരങ്ങള്‍. കരിയും നുകവും തോളിലേറ്റി കാളകള്‍ക്ക് പിന്നാലെ, ആ മിണ്ടാപ്രാണികളോട് മിണ്ടിയും പറഞ്ഞും നീങ്ങുന്ന കര്‍ഷകര്‍. തലയില്‍ പാളത്തൊപ്പിയോ തൊപ്പിക്കുടയോ. ഇടയില്‍ മുഷിഞ്ഞ അലക്കുകെട്ടും ചുരുട്ടി മടക്കിയ പനയോലപ്പായകളുമായി തമ്മില്‍ കൂട്ടംപറഞ്ഞ് ഇരുവഴിഞ്ഞിപ്പുഴയിലേക്ക് നടന്നുനീങ്ങുന്ന പെണ്ണുങ്ങള്‍. ചൂടുകാപ്പിയില്‍നിന്നെന്നപോലെ ആവിപൊങ്ങുന്ന ഇരുവഴിഞ്ഞിപ്പുഴ തണുപ്പകറ്റാന്‍ അവരെ കാത്തുകിടക്കുന്നപോലെ. ചിരിച്ചും കളിച്ചും ബഹളംകൂട്ടിയും ഓത്തുപള്ളിയിലേക്ക് ഓടുന്ന കൊച്ചുകുട്ടികള്‍. വേലികെട്ടി വേര്‍തിരിച്ച അതിര്‍ത്തിക്കപ്പുറം പുല്ലുകപ്പി അലഞ്ഞുനടക്കുന്ന പൈക്കള്‍. മണിക്കൂറുകള്‍ കഴിയുന്നതിന്നനുസരിച്ച് ചിത്രങ്ങള്‍ മാറിവരുന്ന ഗ്രാമത്തിന്റെ മുഖം. കര്‍ട്ടന്‍ താഴ്ന്നുപൊങ്ങുന്ന സ്റ്റേജ്‌പോലെ. തിരക്കഥയും നടീനടന്മാരും കാണികളും ഒന്ന്.

ഈ ഗ്രാമീണചിത്രത്തിന്റെ വാര്‍പ്പുമാതൃകകളില്‍ യോജിക്കാത്തതെന്നുതോന്നാവുന്ന മൂന്നുപേരെക്കുറിച്ചു പറഞ്ഞുകൊണ്ട് ഈ കുറിപ്പാരംഭിക്കാം.

നാട്ടുസായ്പന്മാര്‍

ഞങ്ങളുടെ ചെറുപ്പകാലത്ത് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ളവരായി എനിക്കറിയാവുന്നവര്‍ മൂന്നുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കോഴിക്കോട് കലക്ടറേറ്റില്‍ ക്ലെറിക്കല്‍ വിഭാഗത്തില്‍ ഇംഗ്ലീഷുകാരോടൊപ്പം ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത മമ്മുക്ക, ടെലിഫോണ്‍ സര്‍വ്വീസില്‍ ഓഫീസര്‍ പദവിയിലിരുന്ന തേവര്‍മണ്ണില്‍ മമ്മി, മണാശ്ശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.എം കുഞ്ഞുമുഹമ്മദ് എന്നിവര്‍. ഇതില്‍ മമ്മുക്ക വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു. കോഴിക്കോട്ടുകാരനായ അദ്ദേഹം ചേന്ദമംഗല്ലൂരിലെ പ്രഗത്ഭരായ കാഞ്ഞിരത്തൊടി കുടുംബത്തില്‍നിന്ന് വിവാഹംകഴിച്ച് ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഭാര്യ ഫാത്തിമ. എന്‍.കെ. ദസ്തഗീര്‍ മാസ്റ്ററുടെയും അനുജന്‍ ഉമര്‍കോയ മാസ്റ്ററുടെയും മാതാവ്. ജീവിതശൈലികൊണ്ടും പെരുമാറ്റരീതിയിലും പൂര്‍ണ്ണ ഇംഗ്ലീഷുകാരന്‍. കഴുത്തിനുചുറ്റും മഫ്‌ളര്‍, പ്രത്യേകതരം വാക്കിംഗ്സ്റ്റിക്, കൂടെ കൂട്ടിനുവലിയൊരു നായ. കോലായിലെ ചാരുകസേരയില്‍ പത്രം വായിച്ചുകൊണ്ട് കണ്ണടക്കിടയിലൂടെ പുറംലോകം വീക്ഷിക്കുന്ന മമ്മുക്കയെ ഭയത്തോടെ അകലെനിന്ന് ഞാന്‍ നോക്കിനിന്നിട്ടുണ്ട്. ഞങ്ങളുടെ നാട്ടുംപ്രദേശത്ത് ഈ മനുഷ്യന്‍ എങ്ങനെയാവാം വന്നുപെട്ടത് എന്ന അത്ഭുതത്തോടെ. ഇംഗ്ലീഷ് അധ്യാപകനായും അദ്ദേഹം ജോലിചെയ്തിരുന്നു. ഒരുപക്ഷെ ഈ നാട്ടിലെ ആദ്യ ഇംഗ്ലീഷ് അധ്യാപകന്‍.

മമ്മിസാഹിബ് ജോലിചെയ്തത് അധികവും മദ്രാസ് സ്റ്റേറ്റിലെ ഈരോട് പ്രദേശത്താണെന്നാണ് അറിവ്. കണ്ണടയും സിഗരറ്റും ഇടുങ്ങിയ ടീഷര്‍ട്ടും. സംസാരത്തില്‍ അറിയാതെ കടന്നുവരുന്ന ഇംഗ്ലീഷ്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ഇണങ്ങുന്ന ഗൗരവഭാവം കലര്‍ന്ന നാടന്‍ ലാളിത്യം.

എ.എം കുഞ്ഞുമുഹമ്മദ് രണ്ടുപേരില്‍നിന്നും വ്യത്യസ്തനാണ്. ഇംഗ്ലീഷുകാരനെന്ന് തോന്നിക്കുന്ന ആകാരഭംഗിയുടെ യൗവ്വനം. നല്ല ഇംഗ്ലീഷ്; സംസാരത്തില്‍ മലയാള കവിതയും. പ്രത്യേക ഈണത്തില്‍ ചങ്ങമ്പുഴയുടെ ‘മനസ്വിനി’യും ‘രമണ’നും മറ്റും ആലപിച്ചുകൊണ്ട് രോഗത്തോടൊപ്പംതന്നെ ജീവിതം ഒരനുഭവമാണെന്നുതിരിച്ചറിഞ്ഞ സ്വതന്ത്രമനുഷ്യന്‍. ഒഴിഞ്ഞിരിക്കുമ്പോഴൊക്കെയും ആരുടെയും കൂട്ട് സ്വീകരിക്കുന്ന വിനീത പ്രകൃതം. കുട്ടികളും യുവാക്കളുമായി കളിപറഞ്ഞു രസിക്കുവാന്‍ എപ്പോഴും അദ്ദേഹം സമയംകണ്ടു. ആവശ്യക്കാരെ കൈയയഞ്ഞു സഹായിച്ചു. തന്റെ കുടുംബത്തില്‍ ഭാവംകൊണ്ട് യുക്തിവാദിയാണെന്ന് തോന്നിക്കുന്ന ഒറ്റയാന്‍. എന്റെ ഉപ്പയെ ചതിയില്‍പെടുത്തിയ ഒരുകഥ അദ്ദേഹം എന്നോട് പറഞ്ഞതോര്‍ക്കുന്നു: ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടുപേരും മൈസൂരില്‍ ഒന്നിച്ചെത്തിയ സന്ദര്‍ഭം. ഉപ്പ സ്വാഭാവികമായും സിനിമയോ സിനിമാശാലയോ ഒരിക്കലും കണ്ടിട്ടില്ല. ഉപ്പയോട് സ്‌നേഹവും നല്ല ആദരവുമായിരുന്നുവെങ്കിലും ഒരു തമാശയാവട്ടെയെന്നുതീരുമാനിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അടുത്ത് നല്ലൊരു ഹോട്ടലുണ്ട്. ഉച്ചഭക്ഷണം നമുക്ക് അവിടെയാവാം. നിര്‍ബന്ധത്തിന് വഴങ്ങി ഉപ്പയും ജ്യേഷ്ഠന്‍ അബ്ദുല്‍ ജബ്ബാറും കൂടെച്ചെന്നു. മൂന്നുപേരും ചെന്നുകയറിയത് സിനിമാഹാളില്‍. ഉപ്പ അത് മനസ്സിലാക്കുന്നത് തിരശ്ശീലയില്‍ ചിത്രം തെളിയുമ്പോള്‍. വിയര്‍ത്തുപോയെങ്കിലും ആ കുസൃതി അദ്ദേഹത്തിന് ബോധിച്ചു. മൂവരും നന്നായി ചിരിച്ചു. നാട്ടിലെത്തി ഈ കഥ കേട്ടവരെല്ലാം ചിരിപങ്കിട്ടു. ചില സുഹൃത്തുക്കള്‍ ഉപ്പയോട് ഈ സംഭവം ഉണര്‍ത്തുമ്പോള്‍ ചെറുപുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ പുതിയ ലോകത്തിന്റെ അത്ഭുതകാഴ്ചയിലേക്ക് ഒരു കിളിവാതില്‍ ഉപ്പക്ക് മുമ്പാകെ ആ രസികന്‍ തുറന്നുകൊടുത്തു.

പെണ്ണുങ്ങളുടെ കഥകള്‍

പ്രസവം പേടിപ്പെടുത്തുന്ന ഒന്നായിരുന്നു അന്ന്. ഒരോ ജന്മത്തിനുപിന്നിലും ഒരു ഗ്രാമത്തിലെ ആള്‍ക്കൂട്ടത്തിന്റെ പെടാപ്പാടുകളുടെയും നെട്ടോട്ടങ്ങളുടെയും ഭീതിയുടേയും കഥകള്‍ കാണും. വയറ്റാട്ടികളുടെ കുടിലുകളെ ലക്ഷ്യമാക്കി കത്തുന്ന ചൂട്ടുകള്‍ മിന്നിച്ച് ആളുകള്‍ ധൃതിവെച്ച് പാഞ്ഞിരുന്ന കാലം. വഴുതുന്ന വയല്‍വരമ്പുകളിലൂടെ, ചളിയില്‍ പുതഞ്ഞ ഊടുവഴികളിലൂടെ മഴക്കാലത്തും വേനല്‍ക്കാലത്തും വ്യത്യാസമില്ലാതെ. ആ കഥകള്‍ നാടിന്റെയും നാട്ടുകാരുടേയും കഥകളായി കാലങ്ങളോളം നിലനില്‍ക്കും.

അയല്‍പക്കത്തെ വിധവയായ ആയിശാബീയുടെ കഥ അതാണ്. ഏകമകള്‍ ഫാത്തിമയുടെ മരണം ഇന്നും പഴമക്കാര്‍ മറന്നുകാണില്ല. അവള്‍ ഉമ്മയുടെ കരളായിരുന്നു. കളിക്കൂട്ടുകാരായ ഞങ്ങളോടൊപ്പം വീട്ടുമുറ്റത്ത് ‘കൊത്തംകല്ലും’ ‘കൊക്ക’യും കളിച്ച് ഓടിനടക്കുന്നതിനിടെ വളര്‍ന്നതും വിവാഹം കഴിഞ്ഞതുമെല്ലാം ഞൊടിയിടകൊണ്ട്. ഗര്‍ഭിണിയായി; പ്രസവത്തിനിടെ മരിച്ചു. എല്ലാം പെട്ടെന്നുനടന്നപോലെ. ആ മരണം ത്രിസന്ധ്യകളുടെ ഹൃദയഭേദകമായ നിലവിളിയായി ഏറെക്കാലം ബാക്കിനിന്നു. അയല്‍വീടുകളുടെ ദുഃഖമായി; ഇരുട്ടുപരത്തിയ ദുരന്തമായി. സായാഹ്നത്തെ ഇരുള്‍ വന്നുമൂടുന്ന എല്ലാ സന്ധ്യാസമയങ്ങളിലും ആയിശാബീയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ ഗ്രാമത്തിന്റെ കണ്ണുനീരായി അന്തരീക്ഷത്തില്‍ പരന്നൊഴുകി. നീണ്ടുനിന്ന ‘കുറുക്കയെടുക്കല്‍’. അപസ്മാര ബാധയാണത്രെ; പേടിപ്പെടുത്തുന്ന ഒരുതരം കൂക്കിവിളി. ദുഃഖം സഹിക്കാനാവാതെ വരുമ്പോള്‍ പല സ്ത്രീകളും ഇങ്ങനെ ‘ശൈത്താനിളകി’ കൂക്കിവിളിക്കുക അന്ന് പതിവായിരുന്നു.

ശൈത്താന്‍ബാധ ഒഴിപ്പിക്കുന്നതില്‍ വിദഗ്ദനായിരുന്നു കൊടക്കാട്ട് ഹാജി. ഞാന്‍ അദ്ദേഹത്തെ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്: അദ്ദേഹം തുടരെ കണ്ണുചിമ്മിത്തുറന്നുകൊണ്ടിരുന്നു. ഒരല്‍പം കൊഞ്ഞോടെയുള്ള സംസാരം. നീണ്ട തലമുടി; മൂര്‍ദ്ധാവ് പുറത്തുകാണുംവിധം വട്ടത്തില്‍ തലേക്കെട്ട്. കൈയില്‍ നേരിയ ചൂരല്‍വടി. അദ്ദേഹത്തെ കാണുമ്പോള്‍ ഉള്ളില്‍ ഒരാന്തല്‍പേടികലര്‍ന്ന ആദരവ്. മരണം സംഭവിക്കുമ്പോഴും അപകടങ്ങളില്‍പെടുമ്പോഴും തമ്മില്‍ കലഹിക്കുമ്പോഴുമൊക്കെ സംഭവിക്കുന്ന ഈ ശൈത്താനിളക്കം പിന്നെ പിന്നെ തീരെ കേള്‍ക്കാതായി. കാലം കാറ്റെടുത്തുപോയ വിശേഷപ്പെട്ട ഒരു ഗ്രാമീണസ്ത്രീരോദനം! പൊട്ടിച്ചൂട്ട്, എതിര്‍പോക്ക് തുടങ്ങി ആ കാലം പേടിയോടെ ഓര്‍മ്മയില്‍ കൊണ്ടുനടന്ന പല പ്രേതപ്രകൃതികളും പഴങ്കഥകളായി മാറി.

എന്റെ കുട്ടിക്കാലത്ത് നടന്ന പ്രമാദമായ പ്രേമകഥ ഒരു മുസ്‌ലിം യുവാവ് ഹിന്ദുയുവതിയുമായി ഒളിച്ചോടിയ സംഭവമാണ്. രണ്ടുപേരേയും ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഒരു അത്ഭുതവാര്‍ത്ത എന്നതില്‍കവിഞ്ഞ് ഗ്രാമം ഇതിന് പ്രാധാന്യം കല്‍പ്പിച്ചില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത. അവിഹിതവേഴ്ചകളുടെ പേരുപറഞ്ഞ് രാത്രികളില്‍ ഒന്നോരണ്ടോ വീടുകള്‍ വളഞ്ഞ് കുടുംബക്കാര്‍ നടത്തിയ ചില ബഹളങ്ങള്‍ കേട്ടതും ഓര്‍മ്മയിലുണ്ട്. പക്ഷേ, ദുരഭിമാനകൊലകള്‍ ഗ്രാമത്തില്‍ നടന്നതായി അറിവില്ല. താന്‍ സ്‌നേഹിക്കുന്ന പെണ്ണിനെ ഒരു സാഹസികന്‍ അവളുടെ കുടുംബമറിയാതെ കൂട്ടിക്കൊണ്ടുവന്നതും സഹോദരന്മാര്‍ അവരെ പിന്തുടര്‍ന്നതും മറ്റൊരു കഥയാണ്. രക്ഷപ്പെടാന്‍ അയാള്‍ കണ്ട വഴി സമീപത്തെ വലിയൊരു കരിയിലക്കൂനയില്‍ പെണ്ണിനെ ഒളിപ്പിക്കുകയായിരുന്നു. ഒന്നും സംഭവിച്ചില്ല. ദിവസങ്ങള്‍ക്കകം അവര്‍ തമ്മിലുള്ള വിവാഹം ആചാരപ്രകാരംതന്നെ നടന്നു. മരണംവരെ മക്കളോടൊപ്പം സുഖമായി ജീവിച്ചു.

മറ്റൊരു കഥ ഇങ്ങനെ: താന്‍ ആഗ്രഹിക്കുന്ന യുവതികളെ നിര്‍ബ്ബന്ധിച്ച് വിവാഹംചെയ്യുകയും താമസിയാതെ പറഞ്ഞുവിടുകയുംചെയ്യുന്ന ഒരു പ്രധാനി! അതിലൊരു ധീരവനിത ഉള്‍പ്പെട്ടു. ഗര്‍ഭവതിയായ അവള്‍ പ്രസവശേഷം തന്റെ മാനംകവര്‍ന്ന ഭര്‍ത്താവിന്റെ വീട്ടുകോലായില്‍ ശിശുവിനെ കൊണ്ടുചെന്നു കിടത്തി. “കുട്ടിയെ നോക്കിക്കൊള്ളണം. ഞാന്‍ പോവുന്നു”, എന്നു പറഞ്ഞ് ഇറങ്ങിനടന്നു. ആ കുട്ടി വളര്‍ന്നു ഗ്രാമത്തില്‍ പ്രസിദ്ധനായി. യുവതി പിന്നീട് വിവാഹംകഴിക്കാതെ മരണംവരെ ഒറ്റയ്ക്കു താമസിച്ചു.

ആഘോഷങ്ങളും പരിപാടികളും

ചേന്ദമംഗല്ലൂര്‍, കൊടിയത്തൂര്‍ ഗ്രാമങ്ങളുടെ അരികുചേര്‍ന്നൊഴുകുന്ന പ്രിയപ്പെട്ട ഇരുവഴിഞ്ഞിപ്പുഴ. രണ്ട് ഗ്രാമങ്ങളിലെ കുട്ടികളെ ബന്ധിപ്പിച്ചിരുന്ന നദി. ഒഴിവുദിനങ്ങളിലും വേനല്‍ അവധിയിലും നേരം പുലരുംമുതല്‍ ഇരുട്ടുംവരെ മുങ്ങാംകുഴിയിട്ടും ചൂണ്ടയിട്ടും വള്ളം തുഴഞ്ഞും ലീലാവിനോദങ്ങള്‍ക്ക് അരങ്ങൊരുക്കി കുട്ടികള്‍ക്കൊപ്പം രസിച്ചുല്ലസിച്ച പുഴ. മരങ്ങള്‍ നീളത്തിലും വീതിയിലും കൂട്ടിക്കെട്ടിയുണ്ടാക്കിയ വലിയ തെരപ്പങ്ങള്‍; ഗ്രാമത്തിലെ വിളവുകള്‍ തേങ്ങ മുതല്‍ കശുമാങ്ങവരെ നിറച്ച ‘ബെപ്പ്‌തോണി’കള്‍. അകലെ കല്ലായിപ്പുഴയുടെ തീരത്തെ പാതാറാണ് ലക്ഷ്യം. അവിടെ വില്‍ക്കണം. ഗ്രാമത്തിന്റെ അങ്ങാടിയിലേക്ക് അരിമുതല്‍ ഉപ്പുവരെ നിറയെകയറ്റി ഒഴുക്കിനെതിരെ കഴുക്കോലൂന്നി തിരിച്ചെത്തണം. വേനല്‍കാലത്തും, കാറ്റും കോളും കലിതുള്ളുന്ന ഭീകരമായ വര്‍ഷകാലത്തും അതാണ് സ്ഥിതി.

കോഴിക്കോട്ടുനിന്ന് തിരിച്ചെത്താന്‍ ചിലപ്പോള്‍ രണ്ടുംമൂന്നും, അതിലേറെയും ദിവസങ്ങള്‍ വേണ്ടിവരും. പുഴയിലെ ഒഴുക്കിനോട് മല്ലിട്ടെത്തുന്ന ‘നാവികരു’ടെ വരവോര്‍ത്ത് ഗ്രാമമൊന്നാകെ വേവലാതിപ്പെട്ടു കാത്തിരിക്കുന്നതും പതിവ്. ശക്തമായ ഒഴുക്കും അഗാധമായ ചുഴിയും അതിജീവിക്കാന്‍ തഴക്കവും വഴക്കവും ആവശ്യമാണ്. മഴക്കാലത്ത് ബെപ്പ്‌തോണിയുമായി ‘പടിഞ്ഞാട്ട്’ പോവുന്നവര്‍ ഒന്നോ രണ്ടോ പേര്‍ മാത്രം. മൊടവന്‍കുന്നത്ത് കുട്ടിയാമുകാക്ക പേരുകേട്ട അമരക്കാരനായിരുന്നു. ആഴ്ചകളോളംനീണ്ട വെള്ളപ്പൊക്കത്തില്‍ അയാളുടെ ബെപ്പുതോണിയുടെ സാഹസിക മടക്കത്തെക്കുറിച്ചുള്ള സംസാരം അങ്ങാടിയില്‍ മാത്രമല്ല, വീടുകളിലും സാധാരണമായിരുന്നു.

ഞങ്ങള്‍ കുട്ടികള്‍ക്കും, ഒരളവോളം മുതിര്‍ന്നവര്‍ക്കും സ്ത്രീപുരുഷഭേദമില്ലാതെ സന്തോഷം നല്‍കിയ മറ്റൊരു ആഘോഷമാണ് ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂളിന്റേയും ഇസ്ലാഹിയാ കോളേജിന്റേയും (തുടക്കത്തില്‍ അല്‍ മദ്രസതുല്‍ ഇസ്ലാമിയ) വാര്‍ഷികാഘോഷങ്ങള്‍. ആഴ്ചകള്‍ക്കുമുമ്പ് ചില പരിപാടികളില്‍ പരിശീലനം നല്‍കി നാട്ടുകാരുടെ മുമ്പാകെ അവതരിപ്പിക്കുന്ന പാട്ടുകള്‍, പ്രസംഗങ്ങള്‍, ചോദ്യോത്തരരൂപത്തിലുള്ള ഗാനങ്ങള്‍, കര്‍ശനമായ വേഷനിയന്ത്രണമുള്ള കൊച്ചുകൊച്ചു പരിപാടികള്‍. സ്ത്രീകളും പുരുഷന്മാരും വേഷപ്പകര്‍ച്ചയോടെ അഭിനയിക്കുന്ന നാടകങ്ങളോ സംഗീതത്തിന്റെ അകമ്പടിയോ അതുപോലെയുള്ള കഥാവതരണമോ ഒഴിവാക്കപ്പെട്ടു എന്നുതന്നെ പറയാം. സിനിമയും നാടകവും സംഗീതവും സ്ത്രീയും പുരുഷനും അരങ്ങില്‍വന്നുള്ള നടനവുമെല്ലാം വിശ്വാസത്തിനെതിരാണെന്ന ധാരണ അപ്പോഴും ബാക്കിനിന്നു. നാടകം ഹറാമാണ് എന്നും അല്ലെന്നും തര്‍ക്കമുണ്ടായി. അനുവദനീയമാണെന്ന അഭിപ്രായത്തിന് തെളിവായി അന്നത്തെ പ്രസിദ്ധ മുജാഹിദ് പണ്ഡിതനായ ഇ.കെ മൗലവി ‘അല്‍മുര്‍ഷിദ്’ എന്ന അറബിമലയാള മാസികയില്‍ എഴുതിയ ലേഖനം വായിച്ചതായി ഞാന്‍ ഓര്‍ക്കുന്നു. ജിബ്രീല്‍ എന്ന മലക്ക് നബിയുടെ അനുചരന്മാരെ മതതത്വങ്ങള്‍ പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ മനുഷ്യരൂപം ധരിച്ചു നബിയുടെ മുമ്പാകെവന്നു, ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. അഭിനയത്തിന് തെളിവായി ഇത് ഉന്നയിക്കപ്പെട്ടിട്ടുണ്ട്. നാടകം പാടില്ലെന്നാണ് പല പണ്ഡിതന്മാരും വാദിച്ചത്. സിനിമയുടെ കഥ പിന്നെ പറയേണ്ടതില്ലല്ലോ.

യു.കെ. ഇബ്രാഹീം മൗലവിയുടെ സാന്നിധ്യമായിരുന്നു ഇസ്‌ലാഹിയാ വാര്‍ഷികാഘോഷങ്ങളുടെ ആകര്‍ഷണം. മാപ്പിളപ്പാട്ടുകളുടെ ഇഴചേര്‍ത്ത് അദ്ദേഹം രൂപപ്പെടുത്തിയ പാട്ടുകള്‍ ആളുകളെ ഹരംകൊള്ളിച്ചു. മൂസാനബിയും ഫിര്‍ഔനും, മറിയക്കുട്ടി തുടങ്ങിയ ചിത്രീകരണങ്ങളും

“മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം
വിണ്ണിലിരുന്നു വികൃതി കളിക്കും താരങ്ങള്‍
മന്നിതിന്‍മീതെ ദീപാലംകൃതമായൊരു മംഗല പന്തല്‍
തന്നില്‍ കെടാതെ തിളങ്ങി വിളങ്ങും ഗോളങ്ങള്‍” എന്നും ‘റോട്ടിനരികത്ത് വിധി നടന്നപ്പോള്‍ ഉയര്‍ന്നു വന്നൊരു സ്ഥാപനം’ എന്നും മറ്റുമുള്ള ഗാനങ്ങള്‍ ഇന്നും പഴയ ആളുകള്‍ മൂളുന്നു.

ഈ കലാപ്രകടനങ്ങളെപോലെ കുട്ടികളെ ആകര്‍ഷിച്ച മറ്റൊന്ന് അയല്‍നാടുകളില്‍നിന്ന് കച്ചവടത്തിനായി എത്തുന്ന വിഭവങ്ങളായിരുന്നു. ജിലേബി, പൊരി, കടല, കടലമിഠായി, കോലുമിഠായി, ലോസഞ്ചര്‍, ബലൂണ്‍ തുടങ്ങി അപൂര്‍വ്വമായി മാത്രം കാണാന്‍കിട്ടുന്ന പലഹാരങ്ങളും കളിക്കോപ്പുകളും. അത് നോക്കിനില്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറും. രക്ഷിതാക്കളെ ശല്യംചെയ്ത് ഇല്ലാത്ത ‘മുക്കാലു’കൊണ്ട് ആ വിഭവങ്ങള്‍ വാങ്ങി നുണയുമ്പോഴുള്ള രുചി മറക്കാനാവാത്തതാണ്.

മറ്റൊരു ആഘോഷം, ‘കുരിക്കന്മാരു’ടെ കളിയാണ്. അവര്‍ ഗ്രാമത്തിലെത്തിയാല്‍ കാലത്തുതന്നെ ചെണ്ടകൊട്ടി സാന്നിധ്യം വിളംബരപ്പെടുത്തും. അതുകേട്ടാല്‍ വൈകുന്നേരം അങ്ങാടിയിലെ ചെമ്മണ്‍റോഡില്‍ ചാക്കുവിരിച്ചു വിശേഷപ്പെട്ട അത്ഭുതപ്രകടനമുണ്ടാവുമെന്ന് തീര്‍ച്ച. ഉച്ചക്കഞ്ഞിക്കായി വീട്ടിലെത്തി മടങ്ങുമ്പോള്‍ രക്ഷിതാക്കളെ പിഴിഞ്ഞുകിട്ടുന്ന ചില്ലറ നാണയത്തുട്ടുകള്‍ തരപ്പെടുത്തിയിരിക്കും. സ്‌കൂള്‍ വിട്ടയുടന്‍ ഓടി ആഹ്ലാദപൂര്‍വ്വം അങ്ങാടിയിലെ ഏതെങ്കിലും പീടികമുകളില്‍ സ്ഥലംപിടിക്കും. മിക്കവാറും രണ്ടുപേരായിരിക്കും കളിക്കാനുണ്ടാവുക. ഇറുകിയ കാലുറയും ശരീരത്തില്‍ ഒട്ടിനില്‍ക്കുന്ന ബനിയനും ധരിച്ച് ചെണ്ടകൊട്ടിയും അന്യോന്യം ചോദ്യോത്തരം നടത്തിയും കളി തുടങ്ങും. മലക്കംമറിഞ്ഞുകൊണ്ടാണ് തുടക്കം. പിന്നെ ചെറിയ വളയങ്ങളില്‍ ശരീരം ചുരുട്ടി ഒതുക്കി സുരക്ഷിതമായി പുറത്തുവരും. ‘കൊയ്യിമ്മ കൊയ്യു’ എന്ന പേരില്‍ രണ്ടുപേരും ഒറ്റത്തടിയെന്നപോലെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ മറിയും. രണ്ട് സ്റ്റാന്റില്‍ കെട്ടിയ കമ്പിയിലൂടെ ഒരു നീണ്ട വടിയുടെ ബാലന്‍സില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു കാഴ്ചക്കാരെ അമ്പരപ്പിക്കും. ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ് കുട്ടികള്‍ ഈ സാഹസികത കാണുക. ഇരുമ്പുകമ്പി ഒരറ്റം നിലത്ത് ഊന്നി മറ്റെ അറ്റം തൊണ്ടയില്‍വെച്ചു വളക്കുന്നതാണ് മറ്റൊരിനം. എല്ലാം കഴിയുമ്പോള്‍ കാണികള്‍ക്ക് ആശ്വാസമായി. കൈവശമുള്ളതെല്ലാം ഓരോരുത്തരും ‘കുരുക്കന്മാര്‍’ നീട്ടുന്ന പാത്രത്തിലേക്ക് എറിഞ്ഞുകൊടുക്കും. പിന്നെ സംതൃപ്തിയോടെ വീട്ടിലേക്ക്. വീട്ടിലെത്തിയാലുടന്‍ കണ്ട വിശേഷത്തിന്റെ അത്ഭുതം മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും അതിശയോക്തിയോടെ വിവരിച്ചുകേള്‍പ്പിക്കും.

ചേന്ദമംഗല്ലൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം മുഖ്യമായും സമീപഗ്രാമങ്ങളായ മുക്കത്തെ വയലില്‍ മമ്മദ് ഹാജിയുടേയും കാരശ്ശേരിയിലെ എന്‍.സി. കോയക്കുട്ടി ഹാജിയുടേയും കയ്യിലായിരുന്നു.

കോയക്കുട്ടി ഹാജിയെന്ന കാരശ്ശേരിയിലെ മുതലാളിയെ ഗ്രാമത്തിലെ ദരിദ്രകൂട്ടം വരവേല്‍ക്കുന്ന ദിവസമാണ് റമളാന്‍ മാസത്തിലെ 17, 23 രാവുകള്‍. സ്ഥലത്തെ പ്രധാന ധനികനായ കോയക്കുട്ടി ഹാജി പാവങ്ങളുടെയും ബന്ധുക്കളുടെയും വലിയ പട്ടികയുമായി സകാത്ത് നല്‍കാന്‍ തന്റെ വീട്ടിലെത്തുന്നത് റമളാന്‍ അവസാനത്തെ പത്തിലെ അവസാന ദിവസങ്ങളിലാണ്. മുസ്‌ലിം സമൂഹം പൊതുവെ വലിയപ്രാധാന്യം കല്‍പിക്കുന്ന രാവുകളാണ് അത്. ആയിരം രാത്രിയേക്കാള്‍ ഉത്തമമായ ‘ലൈലത്തുല്‍ ഖദ്ര്‍’ (വിധിനിര്‍ണ്ണയ രാത്രി) റമളാന്‍ മാസത്തിലെ അവസാനത്തെ പാതിയിലാണെന്നാണ് വിശ്വാസം. ഏതാണ് ആ രാത്രി എന്ന് പക്ഷെ വ്യക്തമാക്കപ്പെട്ടിട്ടില്ല. അതിനാല്‍ പുണ്യമാസമായ റമളാനില്‍ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതായി മുസ്‌ലിംകള്‍ ആധികാരികമായി വിശ്വസിക്കുന്ന ‘ലൈലത്തുല്‍ ഖദറി’ല്‍ ആരാധനയിലും ദാനധര്‍മ്മങ്ങളിലും പരമാവധി അവര്‍ വ്യാപൃതരാവുന്നു. ദരിദ്രസേവയുടെ പ്രതീകമായ ‘സകാതി’ന് (നിര്‍ബന്ധദാനം) പുറമെ ‘സദഖ’ (ഐഛികദാനം) കൂടി ധാരാളമായി നല്‍കുന്നു.

സകാത്ത് വാങ്ങാനുള്ള അര്‍ഹതയോടൊപ്പം താനുമായുള്ള ബന്ധവുമനുസരിച്ച് കോയക്കുട്ടി ഹാജി മുന്‍കൂട്ടി പട്ടിക തയാറാക്കും. അതിനുപുറമെ അറിഞ്ഞെത്തുന്നവര്‍ക്ക് വേറെയും. ഇങ്ങനെ കിട്ടുന്ന ഒന്നും രണ്ടും അഞ്ചും രൂപ പെരുന്നാള്‍ കഴിക്കാന്‍ വലിയ സഹായമായിരുന്നു. ആളുകള്‍ അന്ന് ബംഗ്ലാവിന് മുമ്പിലേക്ക് പാഞ്ഞെത്തും. എല്ലാവരും വരിയായി നില്‍ക്കണം. ഔദാര്യമായി കിട്ടുന്ന ആ തുക തന്റെ അവകാശമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടും കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും അന്നും ഇന്നും ബോധ്യം വന്നിട്ടില്ല.

നോമ്പുകാലം അന്ന് മാപ്പിളസ്‌കൂളുകള്‍ക്ക് ഒഴിവാണ്. നോമ്പിന്റെ രാവുകളില്‍ കുട്ടികളും വാശിയോടെ നോമ്പെടുക്കും. എത്ര നോമ്പെടുത്തു എന്ന പൊതുചോദ്യത്തിന് ഉത്തരം നല്‍കേണ്ടിവരുന്നത് പതിവായതുകൊണ്ടായിരുന്നു ഈ വാശി. നോമ്പ് എടുക്കുന്നതും തുറക്കുന്നതും വെടിയൊച്ച കേട്ടുകൊണ്ടാണ്. അറബിപ്പണത്തിന്റെ ഒഴുക്ക് തുടങ്ങാത്തതിനാല്‍ അന്ന് വളവിലും തിരിവിലും പള്ളികള്‍ ഉണ്ടായിരുന്നില്ല. വാച്ച് പ്രചാരത്തില്‍ വരാന്‍ തുടങ്ങിയ കാലമായിരുന്നു. പച്ചവെള്ളം കുടിച്ച് നോമ്പ് പിടിക്കുകയും പച്ചവെള്ളംകൊണ്ട് നോമ്പ് തുറക്കുകയും ചെയ്യുന്ന ചില ദിവസങ്ങള്‍ പല വീടുകളിലും അനുഭവമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ദിവസത്തിന്റെ നല്ലൊരു ഭാഗം ഇരുവഴിഞ്ഞിപ്പുഴയില്‍ ‘അപ്പുട്ടിപ്പുട്ട്’ കളിച്ചും ചൂണ്ടയില്‍ മീന്‍ പിടിച്ചും തഞ്ചം കിട്ടിയാല്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോവാന്‍ തോണിയില്‍ നിറച്ചുവെച്ച മാങ്ങയെടുത്ത് വെള്ളത്തില്‍ മുങ്ങി കടിച്ചുതിന്നും ചെലവഴിച്ചു. ബാക്കി സമയം പള്ളിയില്‍ ഖുര്‍ആന്‍ ഓതിയും ‘വഅള്’ (മതോപദേശം) കേട്ടുകൊണ്ട് കിടന്നുറങ്ങിയും ചെലവിട്ടു. ഖുര്‍ആന്‍ മുഴുവന്‍ ഒരുവട്ടം തീര്‍ന്നാല്‍ ഒരു ‘കത്തം’ തീര്‍ത്തു എന്ന് കൂട്ടുകാരോട് വീമ്പ് പറയാം. ‘എത്ര കത്തം തീര്‍ത്തു’ എന്ന ചോദ്യം വീട്ടിലും മദ്രസയിലും പതിവായിരുന്നു. തരംപോലെ കളവ്‌സഹിതമായിരിക്കും എണ്ണത്തെക്കുറിച്ചുള്ള ഉത്തരം. രാത്രിയില്‍ ‘തറാവീഹ്’ നമസ്‌കാരത്തിനും വലിയ പ്രാധാന്യമുണ്ട്. ദീര്‍ഘമായ ഖുര്‍ആന്‍ പാരായണമാണ് ഈ നമസ്‌കാരത്തിന്റെ പ്രത്യേകത. ദൈര്‍ഘ്യംകൊണ്ട് കാല് കഴക്കും. അതുകൊണ്ടുതന്നെ കഴിയുന്നതും രക്ഷപ്പെടാനുള്ള വിദ്യകള്‍ പയറ്റുന്ന വിരുതന്മാര്‍ ഞങ്ങളില്‍ കുറവായിരുന്നില്ല.

ഒറ്റയാന്മാര്‍

എന്റെ ഉപ്പയുടെ ഉപ്പ ചെറുപ്പത്തിൽ മരിച്ചു പോയതാണ്. പിന്നീട് ഉമ്മയെ ഉപ്പയുടെ അനുജൻ വിവാഹം കഴിക്കുകയായിരുന്നു. പഠനത്തിന്റെ മാര്‍ഗത്തിലേക്കാണ് ഉപ്പ തിരിഞ്ഞത്. വായനയുടെയും മാപ്പിളപ്പാട്ടിന്റെയും മതഗ്രന്ഥങ്ങളുടെയും മാര്‍ഗത്തിലേക്ക് അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത് നിതാന്തമായ ഏകാന്തതയും കുടുംബാന്തരീക്ഷവും തന്നെയാവാം.

കുട്ടിയായ ഉപ്പയുടെ അനുജന്‍ അലക്ഷ്യമായി അലഞ്ഞുനടന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ആദ്യാക്ഷരമോ മതപഠനത്തിന്റെ ‘അലിഫ്ബാതാ’യോ അറിയാതെ. വീടിന്റെ മുറ്റത്തെ ആലയില്‍ നിറഞ്ഞുനിന്ന പൈക്കളെ മേക്കാന്‍ കാലത്ത് പുല്‍മേടുകളിലേക്ക് കൊണ്ടുപോവണം. വൈകുന്നേരം അവയെ ആട്ടിത്തെളിച്ച് ആലയില്‍ കൊണ്ടുവന്നു പിടിച്ചുകെട്ടണം. അങ്ങനെ പകല്‍ മുഴുവന്‍ അയാള്‍ സംരക്ഷണമില്ലാതെ അലഞ്ഞുനടന്നു.

“ഞാന്‍ ഞമ്മളെ തേങ്ങ വലിച്ചുതിന്ന് ശരീരം നന്നാക്കി. എന്റെ തടി നോക്ക്. നിയ്യ് മര്യാദക്കാരനായി; പട്ടിണി കെടന്നു, ദീനം പിടിച്ച് അവശനായി. ഞാന്‍ കുരുത്തംകെട്ടുപോയെങ്കില്‍ ന്റെ കുറ്റാണോ? അല്ലാ… പൈക്കളെ മേക്കാന്‍ നേരം വെളുക്കുമ്പം കുന്നത്ത് കൊണ്ടുപോണം. അതാ എളാപ്പന്റെ ഓഡര്‍. ല്ലെങ്കിലോ; നല്ല പെട. മടങ്ങിയെത്തുമ്പം നേരം വൈകും. അപ്പോഴോ? മൊല്ലാക്കാന്റെ തല്ലും. ഞാന്‍ കാട് കയറ്യത് അങ്ങനേ. പിന്നെ പൈക്കുമ്പം കട്ടുതിന്നും. അല്ലാതെന്താ ചെയ്യാ? ഞമ്മളെ മൊതല് തന്നെയാണ്‌ട്ടോ എടുത്തത്. കുണ്ടന്‍ (വിളിപ്പേര്) പിന്നെ എങ്ങനെയാ കേട് വരാതിരിക്കാ?”

മെലിഞ്ഞു ദുര്‍ബ്ബലനായ ഉപ്പയോട് തമാശകലര്‍ന്ന പരിഹാസത്തോടെ ഉപ്പയുടെ അനുജന്‍ ഇങ്ങനെ പറയുന്നത് കുട്ടിയായ ഞാന്‍ പലതവണ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞതൊക്കെ ന്യായമായിരുന്നു. ഉപ്പ ഒരക്ഷരം ഉരിയാടാതെ എല്ലാം കേട്ടുകൊണ്ട് തന്റെ ജോലി തുടരും.

നല്ല ആരോഗ്യവാനും വാചാലനും നിര്‍ഭയനുമായിരുന്നു അദ്ദേഹം. മതത്തിലോ ആചാരങ്ങളിലോ വിശ്വാസമില്ലാത്ത സര്‍വ്വതന്ത്ര സ്വതന്ത്രന്‍. ഒരിക്കല്‍ അദ്ദേഹത്തോട് പട്ടിണിക്കാരനായ ഒരാള്‍ സഹായം ചോദിച്ചു. നല്‍കിയതില്‍ നന്ദിയെന്നോണം അയാള്‍ പറഞ്ഞു: ‘മോനേ; അന്നെ പടച്ചോന്‍ നന്നാക്കട്ടെ.’ മറുപടി ഇതായിരുന്നു: ‘തേട്ടമൊന്നും മാണ്ട. അന്റെ തേട്ടം പടച്ചോന്‍ സ്വീകരിക്കെങ്കില് യ്യ്ങ്ങനെ തെണ്ടേണ്ടീര്‌ന്നോ? വേഗം വിട്ടോ.’ തമാശച്ചിരിയോടെയായിരുന്നു ചോദ്യം. രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സുകാരന്‍; നിത്യ വ്യവഹാരി. ജീവിതത്തിന്റെ കാഠിന്യങ്ങളെ കൈയടക്കത്തോടെ നേരിട്ട എളാപ്പ.

സഖാവ് രായന്‍മുഹമ്മദിന്റെ വിസ്മരിക്കപ്പെട്ട കഥ

മാപ്പിളലഹളയെന്നും കര്‍ഷകസമരമെന്നും ബ്രിട്ടീഷ്‌വിരുദ്ധപോരാട്ടമെന്നും പല വീക്ഷണങ്ങളില്‍ വിശേഷിപ്പിക്കപ്പെടുമ്പോഴും 1921 ലെ കലാപം ഈ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നതാണ് വാസ്തവം. പ്രകടമായ സാമാന്യമുഖം ബ്രിട്ടീഷ്ഭരണവിരുദ്ധതയും വൈദേശികമേധാവിത്വത്തിനെതിരിലുള്ള പോരാട്ടവികാരവുമാണ്. ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ ഈ വികാരത്തിന്റെ കൊടിയടയാളമായി കാണപ്പെട്ടത് ദേശത്തെ പ്രമുഖ കുടുംബാംഗങ്ങളായ കാഞ്ഞിരത്തൊടി തറവാട്ടിലെ സഖാവ് രായന്‍ മുഹമ്മദും പിതാവ് ഇത്താലുട്ടിയുമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതിന്റെപേരില്‍ സര്‍ക്കാര്‍ ഇത്താലുട്ടിയെ ജയിലിലടച്ചു പീഡിപ്പിച്ചു. ഇത്താലുട്ടിയുടെ പിതാവിന്റെ പേര് രായന്‍മമ്മദ് എന്നായിരുന്നു. പ്രദേശത്തെ പ്രധാനസമ്പന്നനായിരുന്നു അദ്ദേഹം. ആനകളും തോണികളുമായിരുന്നു അക്കാലത്ത് സമ്പന്നതയുടെ മുഖമുദ്ര. ഇത്താലുട്ടിയുടെ പിതാവ് രായന്‍ മമ്മദിന് രണ്ടും ഉണ്ടായിരുന്നു; ഒപ്പം ഭൂസ്വത്തും. ബ്രിട്ടീഷുകാരന്റെ ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ നിരവധി പോരാളികള്‍ കഷ്ടപ്പെട്ടപ്പോള്‍ ഇത്താലുട്ടി വെളിച്ചംകണ്ടത് സമ്പന്നതയുടെ കരുത്ത് കാരണമാണ്. അതിനായി മലപ്പുറം തുക്കിടിയുടെ ആപ്പീസില്‍ 50000 രൂപ അദ്ദേഹം പിഴയൊടുക്കുകയുണ്ടായി. ഇതിനുവേണ്ട പണംകണ്ടെത്തിയത് നടുക്കണ്ടിയിലെ തന്റെ വീടും പറമ്പും വിറ്റാണത്രെ.

പിതാവില്‍നിന്ന് പകര്‍ന്നുകിട്ടിയ ബ്രിട്ടീഷ് സാമ്രാജ്യത്വവിരോധം മകന്‍ രായന്‍ മുഹമ്മദില്‍ കൂടുതല്‍ ശക്തിയോടെ ജ്വലിച്ചുനിന്നു. കോണ്‍ഗ്രസ്സിനൊപ്പവും വിപ്ലവം പോരാഞ്ഞ്, 1940 കളില്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് ഫോറത്തോടൊപ്പവും അദ്ദേഹം അണിചേര്‍ന്നു. ഇ.എം.എസ്, എ.കെ.ജി, മുഹമ്മദ് അബ്ദുറഹിമാന്‍ എന്നീ പ്രഗത്ഭരോടു ചേര്‍ന്നുപ്രവര്‍ത്തിച്ച അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ കമ്മ്യൂണിസ്റ്റായി. സഖാവ് രായന്‍ മുഹമ്മദ് ‘നിഷേധി’-യായും ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിന്റെ ബൂര്‍ഷ്വാവിരുദ്ധശബ്ദമായും തലമുറപ്പകര്‍ച്ചകള്‍ക്കതീതനായി ബാക്കിനില്‍ക്കുന്നു.

മുതലാളിത്തത്തിന്റെ കെടുതികള്‍ക്കെതിരെ ദരിദ്രപക്ഷത്തിനുവേണ്ടി മുഴങ്ങിയ ഒറ്റപ്പെട്ട സിംഹഗര്‍ജ്ജനം! ഗ്രാമത്തിലും പുറത്തും നിലനിന്ന നിയമവ്യവസ്ഥകള്‍ക്കും അധികാരത്തിന്റെ ധിക്കാരസ്ഥാനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടു. കാലിപ്പെട്ടിക്കു മുകളില്‍ കയറിനിന്ന് രായന്‍ മുഹമ്മദ് നടത്തിയ പ്രഭാഷണങ്ങളുടെ കഥകള്‍ കവലകളില്‍ അദ്ദേഹം നട്ടുപിടിപ്പിച്ച ചീനിമരങ്ങള്‍ ഇന്നും അയവിറക്കുന്നുണ്ട്. ഏത് നിഷേധിക്കുമെന്നപോലെ രായന്‍ മുഹമ്മദിനും അനിവാര്യമായ ശിക്ഷ സമ്മാനിക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസത്തിന്റെയും കണക്കുകളില്‍ അദ്ദേഹം അതേറ്റു വാങ്ങി. ജയിലുകള്‍ അദ്ദേഹത്തെ പുറത്തേക്കുവിടുംമുമ്പുതന്നെ അകത്തേക്കു മാടിവിളിച്ചു. കൊണ്ടോട്ടിയില്‍നിന്ന് തന്റെ ഇണയെ സ്വീകരിച്ച ശേഷം അദ്ദേഹം അവിടേക്ക് താമസംമാറ്റി. കൊണ്ടോട്ടിയുടെ മണ്ണ് ആ വിപ്ലവവീര്യം ഏറ്റുവാങ്ങി. രായന്‍ മുഹമ്മദ് നടന്നുനീങ്ങിയ കനല്‍വഴികളില്‍ ചെമ്പട്ടുപരവതാനികള്‍ വിരിക്കപ്പെടുന്ന കാലമാണിത്. സ്വീകരണം ഏറ്റുവാങ്ങുന്ന ബഹുജനമേളകളില്‍ രായന്‍ മുഹമ്മദ് മുഴക്കിയ വിപ്ലവമുദ്രാവാക്യങ്ങള്‍ പക്ഷെ, അനുസ്മരിക്കപ്പെടുന്നില്ലെന്നുതന്നെ പറയാം. ചേന്ദമംഗല്ലൂരിലും അതെ. വിപ്ലവപ്രസ്ഥാനത്തിന്റെ ഭൂപടത്തില്‍ തെളിഞ്ഞുകാണുംവിധം ആപേര് അടയാളപ്പെടുത്താത്തതെന്തുകൊണ്ട്? ചേന്ദമംഗല്ലൂരിന്റെ പഴയകാലകഥകള്‍ പറഞ്ഞു കടന്നുപോവുന്ന ഇളം കാറ്റില്‍ ഏതായാലും ഈ ചോദ്യം ഇന്നും മുഴങ്ങുന്നത് കേള്‍ക്കാനാവും.

ജന്മനാട്ടില്‍ രായന്‍ മുഹമ്മദിന് അനുയോജ്യമായ ഒരു പിന്തുടര്‍ച്ച ഉണ്ടാവാതെപോയതിന്റെ വിശദീകരണവും ആരായേണ്ടതുണ്ട്. അദ്ദേഹം കൊണ്ടോട്ടിയിലേക്ക് കുടിയേറിയ സാഹചര്യവുമായി ഇതിനു വല്ല ബന്ധവുമുണ്ടോ? ഈ ഗ്രാമത്തിന്റെ ചരിത്രത്തില്‍ പൊതുവെ ഒറ്റയാന്മാരെ കാണുക പ്രയാസം. ഒരു പക്ഷെ ജനമനസ്സില്‍ ആ സ്ഥാനത്ത് അദ്ദേഹം മാത്രമായിരിക്കും. ഇവിടെ മാറ്റങ്ങള്‍ നിശ്ശബ്ദവും മന്ദഗതിയിലുമായത് അതുകൊണ്ടാവാം. വടവൃക്ഷങ്ങള്‍ കടപുഴകി വീഴാതെ; കൊടുങ്കാറ്റും ഇടിമുഴക്കവും കൂടാതെ. മുന്നില്‍ നടക്കുന്നവരെ സ്വപ്നാടനത്തിലെന്നപോലെ പിന്തുടരുന്ന ഒരുതരം അനുയാത്ര! അത്രക്ക് ദരിദ്രവിനീതരും പാവങ്ങളുമായിരുന്നുവോ ഈ നാട്ടുകാര്‍? അറിയില്ല. ആലോചിക്കേണ്ടിയിരിക്കുന്നു.

1921-ഉം ചേന്ദമംഗല്ലൂരും

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തുടങ്ങിയ ഖിലാഫത്ത് പ്രക്ഷോഭം പലയിടത്തും കലാപമായി മാറി. കലാപം അമര്‍ച്ചചെയ്യാന്‍ വെള്ളക്കാര്‍ പട്ടാളത്തെ നിയോഗിച്ചു. വിവേചനമില്ലാതെ മാപ്പിളമാരെയും സ്വാതന്ത്ര്യപോരാളികളെയും ക്രൂരമായി മര്‍ദ്ദിക്കാന്‍ ഭരണകൂടം പട്ടാളത്തെ കയറൂരിവിട്ടു. നാട്ടിലാകെ വ്യാപകമായ പടയോട്ടം നടന്നു. ചേന്ദമംഗല്ലൂരിലൂടെയും ഗൂര്‍ഖാപട്ടാളം കടന്നുപോയി. ഇന്ന് ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ നില്‍ക്കുന്ന കുന്നിന്‍മുകളിലായിരുന്നുവത്രെ അവര്‍ താല്‍ക്കാലികമായി തമ്പടിച്ചത്. പട്ടാളത്തിന്റെ വരവറിഞ്ഞ നാട്ടുകാര്‍ ഒന്നടങ്കം നാടൊഴിഞ്ഞുപോയി. അകലെ കരിങ്കൊറ്റി എന്നമലയിലാണ് അവര്‍ അഭയംകണ്ടെത്തിയത്. അതുകൊണ്ട് ആള്‍നാശമുണ്ടായില്ല. എങ്കിലും പല വീടുകളും അവര്‍ അഗ്നിക്കിരയാക്കി. ഞങ്ങളുടെ വീടും അക്കൂട്ടത്തില്‍പെടുന്നു. ബാക്കിയായത് അഴികള്‍ കത്തിക്കരിഞ്ഞ ജനലുകളും വാതില്‍പടികളും. നാടിനെ നടുക്കിയ ആ കലാപത്തിന്റെ ഓര്‍മ്മയെന്നോണം പുനര്‍നിര്‍മ്മിച്ച ആ അവശിഷ്ടങ്ങള്‍ ഞങ്ങളുടെ കുടിലിന്റെഭാഗമായി ഏറെക്കാലം പിന്നെയും ബാക്കിയായി.

ലഹളയുടെ പൊരുളറിയാത്ത, അതിന്റെ ലഹരി ബാധിക്കാത്ത ഗ്രാമമാണ് ചേന്ദമംഗല്ലൂര്‍. എങ്കിലും ദുരന്തം പങ്കിട്ടെടുക്കേണ്ടിവന്നു. ഹിന്ദുവും മുസ്‌ലിമും രമ്യതയില്‍ കഴിഞ്ഞുവന്ന ഒരുമയുടെ നാട്. കലാപകാരികളുടെ വീരകൃത്യങ്ങള്‍ പറയാനില്ലാതിരുന്ന കൊച്ചുസമൂഹം. അന്നത്തെ ദുരിതം അതിന് സാക്ഷികളായ വൃദ്ധജനങ്ങള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. കൊല്ലാന്‍ നടക്കുന്ന ബ്രിട്ടീഷ് പട്ടാളത്തിന് മാപ്പിളമാരെ ആവശ്യമായിരുന്നു. അവര്‍ക്ക് അപരാധികളും നിരപരാധികളും വേര്‍തിരിച്ച് കാണണ്ട ആവശ്യമുണ്ടായിരുന്നില്ല. അവരുടെ വെടിവെയ്പില്‍ ഒന്നുരണ്ടുപേര്‍ ഇവിടെയും മരിച്ചുവീണു.

ഒരാള്‍ ചെട്ട്യാന്‍തൊടിക കുടുംബത്തിന്റെ നായകനായിരുന്നു. പേര് കോമുക്കുട്ടി. എന്റെ പിതാവിന്റെ പിതാമഹന്‍. അദ്ദേഹത്തിന് നാടുവിടാന്‍ കഴിഞ്ഞില്ല. പുരക്കകത്ത് ഒറ്റക്കായിരുന്നു. പട്ടാളം അദ്ദേഹത്തെ വെടിവെച്ചുകൊന്നു. യുവാക്കളെ കിട്ടാത്തതിന്റെ രോഷം തീര്‍ത്തതാവണം. ഇത് ഒളിഞ്ഞുനിന്ന് കണ്ട അമ്പലത്തിങ്ങല്‍ അഹ്മദ് എന്ന യുവാവ് പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് ചോരയൊലിക്കുന്ന മൃതശരീരം പുരക്ക് തൊട്ടുള്ള സ്ഥലത്ത് ചെറിയൊരു കുഴിവെട്ടി ധൃതിയില്‍ മറവുചെയ്തുവെന്നാണ് പറഞ്ഞുകേട്ടത്. കുളിപ്പിച്ചില്ല; മൂന്ന് കഷ്ണം കോടിമുണ്ടില്‍ പൊതിഞ്ഞില്ല; മയ്യത്ത് നമസ്‌കരിച്ചില്ല. ഒന്നിനും കഴിയാത്ത ഭീകരാന്തരീക്ഷത്തില്‍ ആ ഹൃദയാലു മൃതദേഹം ഒറ്റക്കു മറവുചെയ്തത് വിലമതിക്കാനാവാത്ത സേവനം; മഹാത്യാഗം. 1921 ല്‍ മലബാറില്‍നടന്ന ഭ്രാന്തമായ ലഹളക്കും വെള്ളപ്പട്ടാളത്തിന്റെ നരനായാട്ടിനും ചേന്ദമംഗല്ലൂര്‍ നല്‍കിയ വീരരക്തസാക്ഷ്യം. ആ കുഴിമാടം എന്റെ ജ്യേഷ്ഠന്‍ മുഹമ്മദിന്റെ മകന്‍ അബ്ദുര്‍റഊഫ് താമസിക്കുന്ന വീടിന് പിറകില്‍ ഇന്നും കാണാം.

കുഞ്ഞാലന്‍ എന്ന ഒരു നാട്ടുകാരന്റെ കഥയും പറഞ്ഞുകേട്ടിട്ടുണ്ട്. അദ്ദേഹം ഇരുവഴിഞ്ഞിപ്പുഴയുടെ (വേലന്‍കടവ് ഭാഗം) മറുകരയില്‍ ഒരുമരത്തിന്റെ മറവില്‍ പട്ടാളത്തെ ഒളിഞ്ഞുനോക്കിയതും വെടിപൊട്ടി; മരിച്ചു. പിന്നെയോ? ആരും പറഞ്ഞുകേട്ടിട്ടില്ല. പറയാന്‍ അക്കാലക്കാര്‍ ആരും ഇന്ന് ബാക്കിയില്ല. രേഖകള്‍ കിട്ടാനുമില്ല. എഴുത്തറിയാവുന്നവര്‍ അപൂര്‍വ്വമായിരുന്നു. അറിയുന്നവര്‍ ആരും കാര്യമായി ഒന്നും കുറിച്ചുവെച്ചതായി കണ്ടുകിട്ടിയിട്ടില്ല.

1921നുശേഷം സ്വാതന്ത്ര്യം കിട്ടുന്ന 1947 വരെയുള്ള നീണ്ടകാലത്തെ ഫ്യൂഡല്‍ വ്യവസ്ഥയെക്കുറിച്ചും മലബാര്‍ അനുഭവിച്ച പീഡനങ്ങളെുറിച്ചും പഠനം നടത്തിയാല്‍ നിജസ്ഥിതി മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും. ചേന്ദമംഗല്ലൂരില്‍ ആമുസൂപ്രണ്ട് എന്ന ബ്രിട്ടീഷ് പോലീസ് മേധാവി വീരപുരുഷനായിവാണ കാലംകൂടിയായിരുന്നു അത്. മലബാറിലെ മാപ്പിളമാര്‍ അന്തമാനിലേക്കും ജയിലറകളിലേക്കും തള്ളപ്പെട്ട കാലം. അനാഥകളായ പിഞ്ചുകുട്ടികള്‍ വഴിയാധാരമായിനടന്ന ദുരന്തഘട്ടം. ആ കുട്ടികളുടെ കരളലിയിക്കുന്ന കഥ നേരിട്ടുകണ്ട മനുഷ്യസ്‌നേഹത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന സ്മാരകമാണ് വെള്ളിമാടുകുന്നിലെ ജെ.ഡി.റ്റി അനാഥശാല. പഞ്ചാബ്കാരായ ഖസൂരീ സഹോദരന്മാരുടെ അലിവ് നിറഞ്ഞ മനസ്സിന്റെ ഓര്‍മ്മ.

ചേന്ദമംഗല്ലൂര്‍, കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ മാപ്പിളലഹള കാര്യമായി ബാധിച്ചില്ല. ലഹളയില്‍ പങ്കെടുത്തതായി ആരോപിക്കപ്പെട്ടവരും വിരളമായിരുന്നു. ഇത്താലുട്ടിയുടെയും ഒടമ്പന്‍കമ്മദിന്റെയും പേരാണ് ചേന്ദമംഗല്ലൂരില്‍നിന്ന് ഇക്കൂട്ടത്തില്‍ പറഞ്ഞുകേള്‍ക്കുന്നത്. കൊടിയത്തൂരില്‍ അദ്ദേഹത്തിന്റെ ജാമാതാവ് കോട്ടമ്മല്‍ അഹമ്മദ് ഹാജി കലാപകാരികളെ സഹായിച്ചു എന്ന പരാതിപ്രകാരം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന വ്യക്തിയാണ്. ഒടമ്പന്‍ കമ്മദിനെ വിരോധികള്‍ ചൂണ്ടിക്കൊടുത്തതുകൊണ്ട് പട്ടാളം പിടിച്ചു ജയിലിലടച്ചതായി മകന്‍ കുട്ടിഹസ്സന്‍ പറഞ്ഞു. 10 കൊല്ലത്തെ ജയില്‍വാസത്തിനുശേഷം മോചിതനായി നാട്ടില്‍ തിരിച്ചെത്തിയ പിതാവ് തന്നെ കുടുക്കിയ വിരോധിയെ കാണാനാണ് നേരെ പോയതെന്നും ഏറെനാളത്തെ ശ്രമംകൊണ്ട് പെന്‍ഷന്‍ കിട്ടിയതായും മാതാവ് പറഞ്ഞുകേട്ടതനുസരിച്ച് വിശദീകരിച്ചു. മുള്ളന്‍മട ബിച്ചാലി, പാലക്കാടന്‍ ഉണ്ണിമോയിന്‍കുട്ടി എന്നിവര്‍ ലഹളയില്‍ താല്‍പര്യം കാണിച്ചതായും പേക്കാടന്‍ ആലി, കൊടിയത്തൂര്‍ മണ്ണില്‍ പക്കര്‍, വേലന്‍കടവത്ത് കുഞ്ഞഹമ്മദ് എന്നിവരെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയതായും ‘കൊടിയത്തൂരിന്റെ കഥ’ (ഗ്രന്ഥകര്‍ത്താവ് എ.എം. അബ്ദുല്‍വഹാബ്) യില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഇങ്ങനെയുള്ള കുറെ കഥാപാത്രങ്ങളുടെ ഓർമയും പേറിയാണ് 1971 മാർച്ച് 4-ന് ചേന്ദമംഗല്ലൂരിൽ നിന്ന് ആദ്യമായി ഉപരിപഠനത്തിനായി ഞാൻ ഖത്തറിലേക്ക് കപ്പൽ കയറുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘പേരില്ലാത്ത ഭൂമി’; മതം, ജീവിതം, സംസ്കാരം, മൂല്യങ്ങള്‍… സി.ടി അബ്ദുറഹീം ആത്മകഥ എഴുതുമ്പോള്‍

സി.ടി അബ്ദുറഹിം

സി.ടി അബ്ദുറഹിം

ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയും എഴുത്തുകാരനും

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍