UPDATES

ട്രെന്‍ഡിങ്ങ്

‘പേരില്ലാത്ത ഭൂമി’; മതം, ജീവിതം, സംസ്കാരം, മൂല്യങ്ങള്‍… സി.ടി അബ്ദുറഹീം ആത്മകഥ എഴുതുമ്പോള്‍

കോഴിക്കോട് ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയും എഴുത്തുകാരനുമാണ് സി.ടി അബ്ദുറഹീം

കോഴിക്കോട് ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയും എഴുത്തുകാരനുമാണ് സി.ടി അബ്ദുറഹീം. സാമുദായികവും മതപരവും സാംസ്കാരികവുമായ വിഷയങ്ങളില്‍ പുരോഗമനാശയങ്ങളുടെ പക്ഷത്ത് നില്‍ക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളിലൊന്നാണ് അദ്ദേഹത്തിന്റേത്. സി.ടി അബ്ദുറഹീമിന്റെ ജീവിതം മലബാറിലെ മുസ്ലീം ജീവിത, സംസ്കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ഉടന്‍ പുറത്തു വരാന്‍ പോകുന്ന ‘പേരില്ലാത്ത ഭൂമി‘ എന്ന ആത്മകഥ കേരള ചരിത്രത്തിന്റെ മറ്റൊരു ഏടിനെ പരിചയപ്പെടുത്തുന്നതാണ്. അതില്‍ നിന്നുള്ള ഏതാനും ഭാഗം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

ഉപ്പയുടെ ഒത്തുപള്ളിക്കുടം

എണ്ണത്താറ്റില്‍ ഉമ്മാച്ചുക്കുട്ടി എന്ന വനിതയായിരുന്നുവത്രെ ഞങ്ങളുടെ നാടായ ചേന്ദമംഗല്ലൂരിലെ ആദ്യത്തെ ഓത്തുപള്ളിക്കൂടം സ്ഥാപിച്ചത്. ആളുകള്‍ മൊല്ലാച്ചി എന്നു വിളിച്ചിരുന്ന ഇവര്‍ തന്നെയാണ് അവിടെ ഓത്തു പഠിപ്പിച്ചിരുന്നതും. ചേടിമണ്ണ് തേച്ച പലകകള്‍ സ്ലേറ്റാക്കി ഉപയോഗിച്ചാണ് അക്കാലത്ത് എഴുത്ത് പഠിപ്പിച്ചിരുന്നതെന്ന് ഉപ്പ പറഞ്ഞുകേട്ടിട്ടുണ്ട്. അവര്‍ക്കുശേഷം 1918-ല്‍ ഗ്രാമത്തില്‍ ഒരു ചെറിയ മതപാഠശാല പ്രവര്‍ത്തിച്ചിരുന്നതായും പറയുന്നുണ്ട്.

ഇന്നത്തെ മലപ്പുറത്തേയും കോഴിക്കോട് ജില്ലയുടെ കിഴക്കുഭാഗത്തേയും അടിയാള കര്‍ഷകരായ മാപ്പിളമാര്‍ കോളനി ഭരണത്തിനും ജന്മിത്വത്തിനും എതിരായി നടത്തിയ കലാപങ്ങള്‍ക്ക് കാരണം വിദ്യാഭ്യാസപരമായ അവരുടെ പിന്നാക്കാവസ്ഥയാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷുകാര്‍ മലബാറില്‍ തുടങ്ങിയ മാപ്പിള സ്‌കൂളുകളില്‍ ഒന്ന് 1921 – ല്‍ ചേന്ദമംഗല്ലൂരിലും സ്ഥാപിക്കുകയുണ്ടായി. ബ്രിട്ടീഷുകാരുണ്ടാക്കിയ സിലബസ് ആണ് ഇവിടെ പഠിപ്പിച്ചിരുന്നത്. മതപഠനം ഈ വ്യവസ്ഥയ്ക്കു പുറത്തായിരുന്നു.

1935 ആഗസ്റ്റ് 19-ന് എന്റെ ഉപ്പ, കോമുക്കുട്ടിയാണ് ചേന്ദമംഗല്ലൂരില്‍ വ്യവസ്ഥാപിതമായ മതപഠനത്തിന് ഓത്തു പള്ളിക്കൂടം തുടങ്ങുന്നത്. (‘കോമുക്കുട്ടിയുടെ ചരിത്രം’ എന്ന പേരില്‍ ഉപ്പ കുറിച്ചുവെച്ചിട്ടുള്ള പുസ്തകത്തില്‍നിന്നു കിട്ടിയതാണ് തീയതി). വീടിനോട് തൊട്ട് ഉപ്പ പണിത ഓലമേഞ്ഞ ഷെഡായിരുന്നു പള്ളിക്കൂടം. ‘കോമുക്കുട്ടിയുടെ ഓത്തുപള്ളിക്കൂടം’ എന്നാണ് ഇത് നാട്ടിലറിയപ്പെട്ടിരുന്നത്. അതൊരു ഏകാധ്യാപക വിദ്യാലയമായിരുന്നു. ഖുര്‍ആന്‍ ഓത്തും മതാനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും ഒപ്പം സ്വല്‍പം മലയാളവും ചരിത്രവും നൂറിലധികം കുട്ടികളെ ഉപ്പ പഠിപ്പിച്ചു. അവിടെയാണ് ഞങ്ങള്‍, മുഹമ്മദ്, അഹമ്മദ് കുട്ടി, അബ്ദുൽ ജബ്ബാർ, അബ്ദുൽ ലത്തീഫ്, ഫാത്തിമ എന്നീ സഹോദരങ്ങളും ഞാനും പഠിച്ചത്.

ഓത്തുപള്ളിക്കൂടങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച ഫീസുകള്‍ ഒന്നുമില്ല. പലപ്പോഴും നെല്ല്, തേങ്ങ, അവില്‍ പോലുള്ള വിഭവങ്ങളോ നാട്ടിലെ അപൂര്‍വ്വം പ്രമാണിമാര്‍ നല്‍കുന്ന സംഭാവനകളോ ഒക്കെയാണ് ഓത്തുപള്ളിക്കൂടങ്ങളുടെ വരുമാനം. പ്രതിഫലമായി യാതൊന്നും കൊടുക്കാനാവാത്ത കുട്ടികളും ഓത്തുപള്ളിക്കൂടങ്ങളില്‍ പതിവായി വന്നു. ഓത്തു പഠിക്കുന്ന കുട്ടികളോട് നാട്ടുകാര്‍ക്ക് നല്ല കാര്യമാണ്. നാട്ടിലെ പ്രായമായ ഉമ്മമാരും മറ്റും അവരുടെ പറമ്പുകളില്‍ കായ്ച്ച ചക്കയും, മാങ്ങയും ഒാത്തു പള്ളിക്കൂടത്തിലെ കൂട്ടികള്‍ക്ക് കൊടുക്കാനായി കൊണ്ട് വരും. ഭക്ഷണം ഗുരുതരപ്രശ്‌നമായിരുന്ന ആ നാളുകളില്‍ കുട്ടികള്‍ക്കത് വലിയൊരാശ്വാസമായിരുന്നിരിക്കണം.

ഓത്തുപള്ളിയിലെ ഒരു ദിവസം

സുബ്ഹ് നമസ്‌കരിക്കുമ്പോള്‍ ഉപ്പ ഓതുന്നതു കേട്ടാണ് ഞാന്‍ എഴുന്നേല്‍ക്കുക. പ്രഭാതനമസ്‌കാരം കഴിഞ്ഞാല്‍ നേരെ ഉപ്പ ഇറങ്ങുന്നത് പള്ളിക്കൂടത്തിലേക്കാണ്. അപ്പോള്‍ ഇരുട്ട് പതിയെ മാറിത്തുടങ്ങുന്നതേയുണ്ടാവൂ. ഓലമേഞ്ഞതാണ് പള്ളിക്കൂടം. അതിന്റെ കാലുകള്‍ മരമാണ്. നിലം മണ്ണും. മരത്തിന്റെ തൂണുകളിലും ഓലകളിലും ബെഞ്ചിന്റേയും ഡെസ്‌ക്കിന്റേയും കാലുകളിലുമൊക്കെ രാത്രിയില്‍ ചിതലുകള്‍ കേറിയിട്ടുണ്ടാവും. അതെല്ലാം തട്ടിവൃത്തിയാക്കുന്നതാണ് ആദ്യത്തെ പണി. പിന്നെ പരിസരം ഒന്നാകെ അടിച്ചുവാരുകയും. ഇതെല്ലാം അദ്ദേഹം ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ബെഞ്ചിന്റേയും ഡസ്‌ക്കിന്റേയും ഇളകിപ്പോയ കാലുകള്‍ ഉറപ്പിക്കും. ഒരുമണിക്കൂര്‍ നേരം അങ്ങനെ വ്യത്തിയാക്കലും മറ്റുമായി പള്ളിക്കൂടത്തില്‍ ഉണ്ടാവും. അതെല്ലാം കഴിഞ്ഞാല്‍പ്പിന്നെ നേരെ വീട്ടിലോട്ടു കയറും, ചായകുടിക്കും; പിഞ്ഞാണത്തിലാണ് അന്ന് ചായകുടി. ശര്‍ക്കരച്ചായയും കാലിച്ചായയുമാണ് വീട്ടില്‍ പതിവ്. കഴിക്കാന്‍ ചെറുപയറോ കപ്പയോ ഉണ്ടാവും. ചെറുപയറിനോടായിരുന്നു പ്രിയം. ഞങ്ങള്‍ കുട്ടികളെല്ലാം അരി വറുത്തതാണ് പലപ്പോഴും കഴിച്ചിരുന്നത്. അരി മണ്‍കലത്തിലിട്ടു വറുത്തെടുത്ത് ചായയോടൊപ്പം കഴിക്കും. അത് ദാരിദ്ര്യത്തിന്റെ അടയാളം കൂടിയായിരുന്നു.

‘കോമുക്കുട്ടിയുടെ ചരിത്രം’ എന്ന പേരില്‍ ലേഖകന്റെ ഉപ്പ കുറിച്ചുവെച്ചിട്ടുള്ള പുസ്തകത്തിലെ മക്കളുടെ ജനനത്തെകുറിക്കുന്ന പേജുകൾ.

അപ്പോഴേക്കും കുട്ടികള്‍ വന്നുതുടങ്ങിയിട്ടുണ്ടാവും. നൂറോളം കുട്ടികള്‍. അവരൊക്കെയും വ്യത്യസ്ത ക്ലാസുകളായാണ് ഇരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഉപ്പ തന്നെയാണ് പഠിപ്പിക്കുന്നത്. അക്ഷരപരിചയം, ഈണത്തിലുള്ള ഖുര്‍ആന്‍ ഓത്ത്, അനുഷ്ഠാനങ്ങള്‍, ചരിത്രം, മലയാള അക്ഷരോച്ചാരണം തുടങ്ങി എല്ലാ വിഷയങ്ങളും ഒറ്റയ്ക്കു പഠിപ്പിച്ചുപോന്നു. ഒമ്പതരവരെയാണ് ക്ലാസുകള്‍. അതുകഴിഞ്ഞാല്‍ സ്‌കൂളിൽ പോവുന്ന കുട്ടികള്‍ സ്‌കൂളിലേക്ക് പോവും.

വെസ്റ്റ് ചേന്ദമംഗല്ലൂരിലെ ഞങ്ങളുടെ വീട്ടില്‍നിന്ന് ചേന്ദമംഗല്ലൂര്‍ അങ്ങാടിയിലെ സ്‌കൂളിലേക്ക് അര കിലോമീറ്ററിലധികമുണ്ട്. പത്തുമണിക്കുതന്നെ തുടങ്ങുന്ന സ്‌കുളില്‍ എത്തണമെങ്കില്‍ ഓടണം. ആളും വാഹനങ്ങളുമൊന്നുമില്ലാത്ത ചെമ്മണ്‍പാതയിലൂടെ ഞങ്ങള്‍, കുട്ടികള്‍ കൂട്ടത്തോടെ ഓടിക്കിതച്ച് സ്‌കൂളില്‍ എത്തുമ്പോള്‍ മിക്ക ദിവസങ്ങളിലും ബെല്ലടിച്ചു കാണും. സ്കൂള്‍ഹെഡ് മൂസ മാഷ് ആണ്. മൂസ മാഷിന് ഉപ്പയെ വലിയ കാര്യമായിരുന്നു. “ഒന്നു നേരത്തെ വിടാന്‍ ഉപ്പയോട് പറയണം” എന്ന് മയത്തില്‍ മൂസ മാഷ് എന്നോട് പ്രത്യേകം പറയും. അത് മിക്ക ദിവസങ്ങളിലും ആവര്‍ത്തിച്ചുപോന്നു. നൂറിലധികം കുട്ടികളെ ഒറ്റയ്ക്ക് പഠിപ്പിച്ചിരുന്ന ഉപ്പയ്ക്ക് പക്ഷെ ഞങ്ങളെ പത്തുമണിക്ക് സ്‌കൂളില്‍ എത്തുന്ന രീതിയില്‍ സമയം ക്രമീകരിക്കുക അത്ര എളുപ്പമായിരുന്നില്ല.

ഉപ്പയുടെ പള്ളിക്കൂടത്തില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന ചിലകാര്യങ്ങള്‍ ഉണ്ടായിരുന്നു: തൊട്ടവീട്ടിലെ ഉമ്മാമയും ആയിപ്പൊറ്റമ്മല്‍ അദൃമാന്‍കുട്ടികാക്കയും (സുഹൃത്ത് അബ്ദുല്ലമാഷിന്റെ പിതാവ്) ഞങ്ങള്‍ക്ക് പഴുത്ത ചക്കച്ചുള ഉരിഞ്ഞിട്ട് കൊട്ടയിലാക്കി കൊണ്ടുവരും. മദ്രസയിലെ കുട്ടികള്‍ക്ക് എന്നുപറഞ്ഞ് നാട്ടിലെ മറ്റുചിലരും പലപ്പോഴായി അങ്ങനെ പലതും കൊണ്ടുവന്നുതന്നു. ചിലര്‍ ഈത്തപ്പഴം കൊണ്ടുവരും. വളരെ അപൂര്‍വ്വമായി ചിലര്‍ പൈസയും നല്‍കിയിരുന്നു. നാട്ടിലെ ചുരുക്കം ചില പ്രമാണിമാരായിരുന്നിരിക്കണം അങ്ങനെ ചെയ്തത്. അവര്‍ ഉപ്പയെ പണം ഏല്‍പ്പിക്കും. ഉപ്പ അത് തുല്യമായി വീതിച്ച് കുട്ടികള്‍ക്കെല്ലാവര്‍ക്കും കൊടുക്കും.

ഉപ്പയെ പരിചരിക്കുന്നതിലാണ് ഉമ്മ ഉമ്മയ്യ പ്രധാനമായും സന്തോഷം കണ്ടെത്തിയത്. ഉപ്പയെ സന്ദര്‍ശിക്കാന്‍ ദിവസവും എത്തുന്ന ശിഷ്യഗണങ്ങളെ (പ്രത്യേകിച്ച് സ്ത്രീകള്‍) സല്‍ക്കരിച്ചു സ്വീകരിക്കാന്‍ കഴിയാതെ അവര്‍ പാടുപെട്ടു. അതിനിടയില്‍ സ്വന്തം മക്കള്‍ക്ക് ആഹാരം നല്‍കാന്‍ പാകത്തില്‍ ഇടവേളകള്‍ കിട്ടാത്ത അനുഭവങ്ങളുമുണ്ട്. ‘ആരെങ്കിലും എത്തുംമുമ്പ് ഉള്ളത് കഴിക്കാനാ’യി ഉമ്മ ധൃതിപ്പെടുന്ന സന്ദര്‍ഭങ്ങള്‍.

ഉപ്പയുടെ പള്ളിക്കൂടത്തിലെ കുട്ടികള്‍ക്ക് മലമൂത്രവിസര്‍ജ്ജനത്തിന് പ്രത്യേക സൗകര്യങ്ങളുണ്ടായിരുന്നില്ല. പഠനത്തിനിടയില്‍ ഇതിന് അവര്‍ കണ്ടത് ഞങ്ങള്‍ ഉപയോഗിച്ചിരുന്ന പ്രത്യേക സ്ഥലങ്ങള്‍ തന്നെയാണ്. കുട്ടികള്‍ പല പ്രായത്തിലും തരത്തിലുംപെട്ടവര്‍. പലപ്പോഴും ഉമ്മയുടെ സാന്നിധ്യവും സഹായവും അവര്‍ക്ക് വേണമായിരുന്നു; ഒരു നഴ്‌സിന്റെ ജോലി എന്ന് ചുരുക്കം. ബുദ്ധിമുട്ടിയാണെങ്കിലും ഈ ദൗത്യം സ്വന്തം മക്കളെപ്പോലെ കരുതി അവര്‍ ചെയ്തുവന്നു. ഒന്നോ രണ്ടോ ദിവസങ്ങളല്ല; വര്‍ഷങ്ങള്‍. ഊഹിക്കാനാവാത്ത ക്ഷമയും സഹനവും സ്‌നേഹപരിചരണവും നിര്‍ബന്ധമായ, ദീര്‍ഘമായ ഈ സന്നദ്ധതയെ ‘ഉമ്മ’ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. തളര്‍ച്ച മുതല്‍ ബോധക്ഷയംവരെ ബാധിച്ച കുട്ടികളെ പരിചരിച്ചും അവരുടെ മലമൂത്രവിസര്‍ജ്ജ്യങ്ങള്‍ വൃത്തിയാക്കിയും സാന്ത്വനപ്പെടുത്തിയും സ്വന്തം മക്കളുടെ കുടുംബഭാരം നെഞ്ചേറ്റിയും ദാരിദ്ര്യത്തിന്റെ ആഴക്കടല്‍ നീന്തിക്കടക്കാനുള്ള ഉമ്മയുടെ മെയ്‌വഴക്കംവരെ അവരുടെ കഥയില്‍ രേഖപ്പെടുത്താനുണ്ട്. ഈ വക കാര്യങ്ങളില്‍ ആരോഗ്യപരമായ പരിമിതിയും സമയക്കുറവുംകൊണ്ട് ഉപ്പയ്ക്ക് വളരെയൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ആ ഭാഗം പൂരിപ്പിച്ചത് ഉമ്മ ഒറ്റയ്ക്കുതന്നെയാണ്.

അന്ന് നല്ല അധ്യാപകന്‍ എന്നാല്‍ നന്നായി അടിക്കുന്നവനായിരുന്നു. രക്ഷിതാവും മക്കളെ അടിക്കും. പാഠശാലകളിലും വീടുകളിലും കുട്ടികളെ നിയന്ത്രിച്ച മുഖ്യ ആയുധം ചൂരലാണ്. അമ്മമാരും ഈ തത്വം അംഗീകരിച്ച മട്ടായിരുന്നു. പക്ഷെ, മക്കള്‍ക്ക് നോവുന്നതില്‍ അവര്‍ക്ക് നോവ് കൂടുമെന്നേയുള്ളു. എത്രയോ രക്ഷിതാക്കള്‍ ഉപ്പയോട് നേരില്‍ വന്നുകണ്ട് ഇങ്ങനെ ആവശ്യപ്പെടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ‘അവന്‍ നന്നാവാത്തത് കോമുക്കുട്ടി നല്ല അടി കൊടുക്കാഞ്ഞിട്ടാണ്’ എന്ന് കുറ്റപ്പെടുത്തി, കോപിച്ച് ഇറങ്ങിപ്പോവുന്നതും കണ്ടിട്ടുണ്ട്.
ഉപ്പ അടിക്കുമായിരുന്നു. അത് പാഠം ചൊല്ലിക്കൊടുക്കുമ്പോള്‍ കുട്ടി ശ്രദ്ധിക്കാതെ അലസമായി മുമ്പിലിരിക്കുമ്പോഴാണെന്ന് ഞാന്‍ മനസ്സിലാക്കി. നൂറോളം കുട്ടികളെ വള്ളിപുള്ളി വ്യത്യാസം കൂടാതെയും ഉച്ചാരണത്തിന്റെ സ്ഥാനംവരെ ചൂണ്ടിക്കാട്ടി അക്ഷരസ്ഫുടതവരുത്തിയും നിര്‍ബന്ധബുദ്ധി പുലര്‍ത്തിയ ഒരു അധ്യാപകന്റെ ഗതികേടുകൊണ്ടാവുമെന്ന് തിരിച്ചറിഞ്ഞത് പക്ഷെ, വളരെ കഴിഞ്ഞാണ്. അരയ്ക്കുതാഴെയുള്ള നേരിയ ചൂരല്‍പ്രയോഗത്തിന്റെ ചൂട് കൂടുമ്പോള്‍ കുട്ടികള്‍ വലിയ വായില്‍ നിലവിളിക്കും. മിക്കപേരും അത് അടവുനയമാക്കിയവരാണ്. കാരണം, 150 മീറ്ററില്‍ അകലെ വീട്ടിനുള്ളില്‍ കൊച്ചുജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഉമ്മ, ഇതുകേള്‍ക്കേണ്ട താമസം ഓടി വരും. ഗുരുവിന്റെ ഭാര്യക്കും ഗുരുസ്ഥാനമെന്നാണല്ലോ ഭാരതദര്‍ശനം. അതോടെ ചൂരല്‍ക്കഷായ പ്രയോഗം തണുക്കും. മറ്റു കുട്ടികള്‍ക്ക് കണ്ടിരിക്കാന്‍ കൗതുകമുള്ള നാടന്‍ ഭാര്യാഭര്‍തൃ അധികാരത്തിന്റെ നാടകാവിഷ്‌കാരം!

ഓത്തുപള്ളിക്കൂടം വിട്ടാല്‍ ഉപ്പ അല്‍പനേരം വീട്ടില്‍ വിശ്രമിക്കും. സമയം പന്ത്രണ്ടുമണിയോടടുക്കുമ്പോള്‍ ഇരുവഴിഞ്ഞിപ്പുഴയിലേക്കായി ഇറങ്ങും. ഒരുമണിക്കൂര്‍ നേരമെങ്കിലും ഇരുവഴിഞ്ഞിയില്‍ കഴിച്ചുകൂട്ടും. കുളിയും അലക്കും ചെരിപ്പുകള്‍ തേച്ചുവൃത്തിയാക്കലും കുപ്പായത്തില്‍ നീലം മുക്കലുമെല്ലാം നടത്തും. വൃത്തിയുടെ കാര്യത്തില്‍ അതീവസൂക്ഷ്മത പുലര്‍ത്തിയിരുന്നു അദ്ദേഹം. ടയറിന്റെ ചെരിപ്പാണ് അന്ന് പൊതുവെ ആണുങ്ങള്‍ ധരിച്ചിരുന്നത്. കറുത്തനീലമാണ് ഉപയോഗിച്ചിരുന്നത്. അതു മുക്കി എടുക്കുന്ന കാര്യത്തിലും നല്ല സൂക്ഷ്മത വേണം. അല്ലെങ്കില്‍ കുപ്പായത്തില്‍ മാപ്പിന്റെ രൂപത്തിലുള്ള പാടുകള്‍ കാണും. അതെല്ലാം പ്രത്യേകം ശ്രദ്ധിക്കുന്ന ഉപ്പയുടെ വൃത്തിയും വെടിപ്പുമൊക്കെ സംസാരവിഷയംതന്നെയായിരുന്നു.

മുല്ല, മുസ്ല്യാര്‍, മൗലവി, ഉസ്താദ് എന്നീ പ്രയോഗങ്ങളുടെ ബന്ധം പാര്‍സി-അറബി ഭാഷകളോടാണ്. ദീര്‍ഘകാലത്തെ മതാധ്യാപനത്തിനുശേഷവും അദ്ദേഹത്തെ ആളുകള്‍ പ്രസ്തുത വാക്കുകള്‍ ചേര്‍ത്തുവിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. സമൂഹത്തില്‍ തന്റെ കുടുംബത്തിനു മുമ്പുണ്ടായിരുന്ന, പൊയ്പ്പോയ സാമ്പത്തികസ്ഥിതിയെപ്പറ്റിയുള്ള പരിഗണനകൊണ്ടോ, മൗലവിമാര്‍ക്ക് കല്‍പിക്കപ്പെട്ടിരുന്ന വേഷത്തിനുപകരം സാധാരണക്കാരന്റെ രൂപവും ഭാവവും സ്വീകരിച്ചതുകൊണ്ടോ? പണ്ഡിതന്മാര്‍ക്ക് ലഭിച്ചിരുന്ന ഔദ്യോഗികമായ ‘പട്ടം’ ലഭിക്കാത്തതുകൊണ്ടോ?… അറിയില്ല.

നാട്ടുകാരുടെ ഇടയിൽ

മതപരമായ അറിവുള്ള മുസ്ല്യാന്മാരാണ് ചെയ്യേണ്ടതെന്ന് ആളുകള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടുകാര്യങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു: കോഴിയെ അറുക്കല്‍, മന്ത്രിച്ചൂതല്‍.

പെരുന്നാള്‍ ദിവസങ്ങളിലെ പ്രഭാതങ്ങളില്‍ ഞാന്‍ ഉണരുന്നത് മുറ്റത്തുനടക്കുന്ന കോഴിക്കുരുതിയിലേക്കായിരുന്നു. കഴുത്തില്‍ മുറിവേറ്റു ചിറകിട്ടടിച്ചു പ്രാണന്‍ പോവുമ്പോഴുള്ള കൂട്ടപ്പിടച്ചിലായിരുന്നു അത്. ആ കാഴ്ച കാണാനാവാതെ ഞാന്‍ വീട്ടിനുള്ളിലേക്ക് വലിയും. കോഴികളുമായി ഉപ്പയെ കാത്തുനില്‍ക്കുന്നവരെ കാണുമ്പോള്‍ ദേഷ്യം തോന്നും. ചിലരോട് ശബ്ദം താഴ്ത്തി ഞാന്‍ ചോദിച്ചിട്ടുണ്ട്: “എന്തേ അറുക്കാന്‍ നിങ്ങള്‍ക്കറിയില്ലേ? അറുക്കുമ്പോള്‍ ഉപാധിയായി നിശ്ചയിച്ചത് ‘ബിസ്മി’ (ദൈവനാമത്തില്‍) ചൊല്ലണമെന്നാണ്. അത് ചൊല്ലാന്‍ നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? എന്റെ ഉപ്പയെക്കൊണ്ട് എന്തിനാണ് ഈ പാപം ചെയ്യിക്കുന്നത്?” എന്നായിരുന്നു ഉള്ളിലൊതുക്കിയ പ്രതിഷേധം. പക്ഷേ, അറവ് ‘കുരുതി’യാവാതിരിക്കാന്‍ നല്ലവരായ ഭക്തന്മാരെക്കൊണ്ട് അത് ചെയ്യിക്കണം എന്നാണ് മുസ്‌ലിംകളുടെ പൊതുവിശ്വാസം. അപ്പോഴേ മാംസം ‘ഹലാല്‍’ (വിശ്വാസപരമായി അനുവദനീയം) ആവൂ. ഉത്തരേന്ത്യയില്‍ അറവ് താണ തൊഴിലാണ്. വെറും കശാപ്പിന്റെ ഭാഗം. കേരളത്തില്‍ പൊതുവിലും മുസ്‌ലിംകളില്‍ വിശേഷിച്ചും ഇത് ജാതിയുമായി ബന്ധപ്പെട്ട തൊഴിലല്ല. മരുഭൂമിയായ അറേബ്യയില്‍ ബലിയുടേയും ദാനശീലത്തിന്റേയും പാരമ്പര്യം തുടരുന്ന പുണ്യകര്‍മ്മമാണ്. മുസ്‌ലിംകള്‍ ഇവിടെയും ഈ കര്‍മ്മത്തെ കാണുന്നത് അങ്ങനെയാണ്. അറബികള്‍ക്ക് മാംസം വിശിഷ്ടാഹാരമാണ്. ദരിദ്രര്‍ക്കിടയില്‍ മാംസം ദാനംചെയ്യുന്നത് പുണ്യവും. ഇവിടെ ഉരുവിന്റെ തൊലിപൊളിച്ചു കഷ്ണമാക്കുക ജാതിയില്‍ താണവരാണ്. അവര്‍ക്ക് കൂലി, ഉപേക്ഷിച്ചുകളയുന്ന കുടല്‍മാലയായിരുന്നെന്ന് കൂട്ടത്തില്‍ ഓര്‍ക്കണം. ഇതൊഴിച്ച് ഉറുമ്പിനെപ്പോലും വേദനിപ്പിക്കാത്ത, ആരെയും ഒരിക്കലും നാക്കുകൊണ്ടോ നോക്കുകൊണ്ടോ നോവിക്കാത്ത ഉപ്പയ്ക്ക് ക്യാന്‍സര്‍ വന്നതെന്തുകൊണ്ട് എന്ന് ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്. അറവായിരിക്കുമോ കാരണം എന്ന് ശാസ്ത്രബോധമില്ലാത്ത കുട്ടിക്കാലത്ത് ഭയപ്പെടുകയും ചെയ്തിട്ടുണ്ട്.

ആളുകള്‍ക്ക് മനസ്സിലാവുന്ന രീതിയിലാണ് ഉപ്പ പെരുമാറിയത്. ദഹനക്കേടുണ്ടാവുന്നത് ‘കൊതികൂടുന്നതു’കൊണ്ടാണെന്നായിരുന്നു പലരും അന്ന് കരുതിയിരുന്നത്. ആഹാരം കഴിക്കുന്നത് കൊതിയോടെ ആരെങ്കിലും നോക്കിനിന്നാല്‍ കൊതികൂടും. ദഹനക്കേടിന് കാരണം അതാണ്. മുഖ്യപരിഹാരമോ? ഏതാനും ചുവന്ന ഉള്ളി തൊലികളഞ്ഞെടുത്ത് അതില്‍ മന്ത്രിച്ചു ഊതി കഴിക്കുക. ചിലര്‍ മുളക് എടുത്ത് കനല്‍ എരിയുന്ന അടുപ്പിലിടും. മുളക് പൊട്ടിത്തെറിക്കുന്നത് കൊതി വിട്ടുപോവുന്ന ലക്ഷണമാണ്. ഉപ്പയുടെ അടുത്ത് മുസ്‌ലിംകളും ഹിന്ദുക്കളും ഉള്ളിയുമായും പല രോഗങ്ങളുടെ ശമനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനായും വരും. അദ്ദേഹം മന്ത്രിച്ചൂതി ഉള്ളി തിരിച്ചുനല്‍കും. രോഗികളുടെ തലയില്‍ കൈവെച്ചു പ്രാര്‍ത്ഥിക്കും. ആളെ മനസ്സിലാക്കി ചിലരുടെ ശരീരത്തില്‍ പതുക്കെ ഊതും. ഇതൊക്കെ മനഃശാസ്ത്രപരമായ ഇടപെടല്‍ ആയേ അദ്ദേഹം കണ്ടുള്ളു എന്നാണ് ഞാന്‍ കരുതുന്നത്. അതിലേറെ പുണ്യവാളന്റെ ചമയങ്ങളൊന്നും അദ്ദേഹത്തിന് വഴങ്ങുമായിരുന്നില്ല. ചുവന്ന ഉള്ളിയുടെ ചികിത്സാപ്രാധാന്യവും മനസ്സമാധാനത്തിന്റെ വഴികളും അദ്ദേഹത്തിന്നറിയാമായിരുന്നു. ഊത്തില്‍ അല്ല, പ്രാര്‍ത്ഥനാവാക്കുകളിലെ പൊരുളിലാണ് കാര്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്റെ രോഗാവസ്ഥയില്‍ അനുഭവംകൊണ്ട് അങ്ങനെയാണ് അദ്ദേഹത്തെ ഞാന്‍ മനസ്സിലാക്കിയത്.

വെറും കുടിലുപോലുള്ള വീടിന്റെ കോലായ രാത്രികാലത്ത് യുവാക്കളുടെ മാപ്പിളപ്പാട്ട് കളരിയായി മാറിയിരുന്നു. സ്വാഭാവികമായും പിതാവിനായിരുന്നു നേതൃത്വം. ഖുര്‍ആന്‍ ഓതിക്കൊടുത്ത ഉപ്പ ഇശലുകളും ചൊല്ലിക്കൊടുത്തു. പാട്ടിന്റെ അര്‍ത്ഥവും ചരിത്രവും വിവരിച്ചു. പാതിരാവുവരെ നീളുന്ന ഈ കളരിയില്‍ ബദ്‌റും ഉഹുദും ഫുത്തൂഹുശ്ശാമും കര്‍ബലയും പാട്ടിന്റെ വീരഗാഥകളായി ഒഴുകി. ഒപ്പം ബദ്‌റുല്‍ മുനീറും ഹുസനുല്‍ ജമാലും തോഴികളും ജിന്നുകളും ഇതില്‍ പങ്കെടുത്തു. രാജ്യവും കുടുംബവുമൊക്കെ വെടിഞ്ഞു സൂഫിയായി അലഞ്ഞുനടന്ന ഇബ്‌റാഹീംഅദ്ഹമും മകനും മക്കാ പുണ്യഭൂമിയില്‍വെച്ചു കണ്ടുമുട്ടി പരസ്പരം കെട്ടിപ്പുണര്‍ന്ന് പൊട്ടിക്കരയുന്നതിന് എല്ലാവരും സാക്ഷികളായി. എന്റെ ജീവിതത്തിലെ അതിമനോഹരമായ രാവുകളായിരുന്നു അത്. കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓര്‍മ്മകള്‍. ചരിത്രത്തിലേക്ക്, ചരിത്ര താല്‍പര്യത്തിന്റെ സുവര്‍ണ്ണകവാടങ്ങള്‍ തുറന്നുതന്ന അനര്‍ഘരാവുകള്‍.

ഉപ്പയ്ക്ക് അറബിമലയാള ഗ്രന്ഥങ്ങളിലും മാപ്പിളപ്പാട്ടിന്റെ ഗാനശാഖകളിലും ഇശല്‍ രീതികളിലും മാലമൗലിദുകളിലുമെല്ലാം നല്ല പരിചയമുണ്ടായിരുന്നു. യൗവ്വനാരംഭത്തില്‍ വീടുകളില്‍ നടന്ന ഇത്തരം സദസ്സുകളില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചുവന്നു. അറബിയില്‍ രചിക്കപ്പെട്ട പ്രവാചക സ്തുതിഗീതങ്ങള്‍ അദ്ദേഹം ‘വഅ്‌ള്’ എന്നറിയപ്പെടുന്ന മതോപദേശഭാഷണങ്ങളുടെ ആമുഖമായി പതിവായി ആലപിക്കാറുണ്ടായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടേയും ചാക്കീരിയുടേയും മറ്റും മാപ്പിളപ്പാട്ടുകള്‍ ഞങ്ങള്‍ക്ക് പാടിത്തരാറുമുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ ഇമാം ബൂസീരിയുടെ പ്രവാചകസ്തുതിയും പെടും.

അത് തുടങ്ങുന്നതിങ്ങനെയാണ്:

‘ദൂസല’ത്തിലെ അയല്‍ക്കാരെക്കുറിച്ചുള്ള ഓര്‍മ്മകളാണോ
കവിള്‍ത്തടങ്ങളിലൂടെ ഒഴുകിയ കണ്ണീരില്‍ രക്തം കലര്‍ത്തിയത്?
അതോ, ‘കാളിമാ’ഭാഗത്തുനിന്ന് കാറ്റടിച്ചതോ?
ഇരുളില്‍ ‘ഇളമി’ല്‍നിന്ന് മിന്നല്‍ തെളിഞ്ഞതോ?
പിഞ്ചുകുഞ്ഞിനെപ്പോലെയാണ് ശരീരം.
നീ വെറുതെ വിട്ടാല്‍ മുലകുടിയോടുള്ള
ആഗ്രഹത്തോടെഅവന്‍ യുവാവായി വളരും!
മുലയൂട്ട് നിര്‍ത്തിക്കഴിഞ്ഞാലോ,
ആ ആഗ്രഹം സ്വയം നിന്നുപോവും.

ഉപ്പയെന്ന അധ്യാപകൻ

ഉപ്പ ആദ്യകാലത്ത് കച്ചവടം ചെയ്തുനോക്കിയിരുന്നതായി കേട്ടിട്ടുണ്ട്. അത് 1917-ല്‍ നിര്‍ത്തി കൊടിയത്തൂര്‍ മദ്രസയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. വാഴക്കാട് ‘ദാറുല്‍ ഉലും’-വിദ്യാലയത്തില്‍വെച്ച് മഹാപണ്ഡിതനും മദ്രസാ പാഠ്യപദ്ധതി പരിഷ്‌കര്‍ത്താവുമായ ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജിയുടെ ശിഷ്യത്വം ലഭിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. കുഞ്ഞഹ്മദ് ഹാജിയെ കേരളത്തിലെ സര്‍സയ്യിദ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. മുഖ്യമായും പള്ളികളുമായി ബന്ധപ്പെട്ടു നടത്തപ്പെട്ട മതപഠനത്തെ സുനിശ്ചിത പാഠ്യപദ്ധതിപ്രകാരമുള്ള വ്യവസ്ഥാപിത കലാലയങ്ങളിലേക്ക് ആനയിച്ചത് കുഞ്ഞഹ്മദ് ഹാജിയുടെ വിദ്യാഭ്യാസ പരിഷ്‌കാരണങ്ങളാണ്. അദ്ദേഹം വാഴക്കാട് നിയോഗിക്കപ്പെട്ടപ്പോള്‍ അവിടെ മതപഠനത്തിന്റെ ഭാഗമായി ഉയര്‍ന്ന പാഠ്യവിഷയങ്ങള്‍ തുടങ്ങുകയും അതിന് ‘ദാറുല്‍ ഉലും’ അറബിക് കോളേജ് എന്ന് പേരിടുകയും ചെയ്തു. മദ്രസകള്‍ക്കായി പ്രത്യേക മാതൃകയില്‍ പാഠപുസ്തകങ്ങള്‍ സ്വയം രചിച്ചു. ആധുനിക മലയാളഭാഷയ്ക്ക് സമാന്തരമായി അറബി മലയാള ലിപി പരിഷ്‌കരിച്ചു. പാര്‍സി, ഉറുദു, തമിഴ്, അറബി, ഇംഗ്‌ളീഷ് തുടങ്ങിയ ഭാഷകള്‍ വഴി ലോകത്തിന്റെ പുതിയ ഉണര്‍വ്വുകള്‍ മനസ്സിലാക്കാനും അത്തരം സന്ദേശങ്ങള്‍ മുസ്ലിം സമുദായത്തിനുള്ളിലേക്കെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മലയാള വ്യാകരണത്തെക്കുറിച്ച് അദ്ദേഹം രചിച്ച ‘ അക്ഷരമാല’ എന്ന ഗ്രന്ഥം പ്രത്യേകം എടുത്തുപറയേണ്ട ഭാഷാ കൃതിയായാണ് പരിഗണിക്കപ്പെടുന്നത്. പത്രവായനയ്ക്കും പെണ്‍കുട്ടികളുടെ കൈയെഴുത്ത് പഠനത്തിനും പൊതുവില്‍ മൗലാനമാര്‍ എതിരായിരുന്നപ്പോള്‍ തന്റെ മകളെ സ്‌കൂളില്‍ ചേര്‍ത്തുകൊണ്ടും ശിഷ്യന്‍മാരെ പത്രവായനയിലൂടെ ലോകവാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചും ആ യാഥാസ്ഥിതികതയോടുള്ള തന്റെ സമീപനം പ്രായോഗികമായിതന്നെ അദ്ദേഹം പ്രകടിപ്പിച്ചു. ആസാദിന്റെ ‘അല്‍ഹിലാലും’ ‘അല്‍ബലാഗും’ കൃത്യമായി വായിക്കാന്‍ ശ്രദ്ധിച്ചു. ഇങ്ങനെ സ്തീകളടക്കം മുസ്ലിം സമുദായത്തെ വിദ്യാഭ്യാസത്തിന്റേയും പുരോഗമനചിന്തയുടെയും വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ കഠിനാദ്ധ്വാനം കേരള മുസ്ലിംകളുടെ വൈജ്ഞാനിക നവോത്ഥാനത്തിന്റെ അടിത്തറയാവുകയുണ്ടായി.

ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജിയുടെ ശിഷ്യത്വം ലഭിച്ചതിനുശേഷം മുസ്‌ലിം ഐക്യസംഘം മുന്നോട്ടുവെച്ച പുരോഗമനാശയങ്ങളോട് ഉപ്പ ആഭിമുഖ്യം കാണിച്ചിരുന്നതായി കാണാം. ഖുര്‍ആന്‍ മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തണം; സ്ത്രീകള്‍ പള്ളിയില്‍ പോകണം തുടങ്ങിയ ആശയങ്ങളെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ച നടന്നിരുന്നോ എന്ന് വ്യക്തമാക്കുന്ന യാതൊന്നും കണ്ടുകിട്ടിയിട്ടില്ല. എന്നാല്‍ ഉമര്‍ മൗലവിയുടെ അറബി മലയാള ഖുര്‍ആന്‍ പരിഭാഷ അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നു. അല്‍മുര്‍ഷിദ്, അല്‍ ഇത്തിഹാദ് തുടങ്ങിയ മുജാഹിദ് മാസികകളും പ്രസിദ്ധീകരണങ്ങളും മുടങ്ങാതെ വായിച്ചിരുന്നു. അവയുടെ കോപ്പികള്‍ ബൈന്റ് ചെയ്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. ഗുരുവായ കുഞ്ഞഹ്മദ് ഹാജിയുടെ ദീനിയ്യാത്, അമലിയ്യാത് തുടങ്ങിയ പാഠപുസ്തകങ്ങളാണ് കുട്ടികളെ പഠിപ്പിച്ചുവന്നത്. എന്നാല്‍ പ്രമാണിമാരുടെ ഇംഗിതങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കുകയോ ആശയസംവാദം സാധ്യമാകാത്ത തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയോ ഒരിക്കലുമുണ്ടായില്ല. അത്തരം സാഹചര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. യാഥാസ്ഥിതിക രീതികളില്‍നിന്ന് അകന്നുനിന്നപ്പോഴും തന്റെ നിലപാടുകളെക്കുറിച്ച് അദ്ദേഹം സ്വന്തം വിദ്യാര്‍ത്ഥികളുടെ മുമ്പില്‍പോലും തുറന്നു സംസാരിച്ചില്ല. തന്റെ ജോലി കുട്ടികളെ ദൈവബോധമുള്ള നല്ല വ്യക്തികളായി വളര്‍ത്താന്‍ സഹായിക്കുക മാത്രമാണെന്ന് തോന്നുംവിധമായിരുന്നു പെരുമാറ്റം.

വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്തുന്നതില്‍ കണിശക്കാരനായിരുന്നു ഉപ്പ. മൗനംകൊണ്ടുതന്നെ മക്കളിലും ആ മാതൃക പതിപ്പിക്കാന്‍ ശ്രദ്ധിച്ചു; ഏതുപട്ടിണിയിലും ആരെയും ആശ്രയിക്കാതിരിക്കാന്‍ പരിശീലിപ്പിച്ചു. ഗ്രാമത്തിന്റെ മതാധ്യാപകനെന്ന ആദരവ് ഭൗതികമായി പ്രയോജനപ്പെടുത്താന്‍ ഒരിക്കലും അദേഹം ഉദ്ദേശിച്ചില്ല. രോഗവും പട്ടിണിയും സ്ഥിരമായി കുടുംബത്തെ പിന്തുടര്‍ന്നിട്ടും ആരെയും ബുദ്ധിമുട്ടിക്കുകയോ ആരോടും പരാതിപ്പെടുകയോ ചെയ്യാതെ എല്ലാം സഹിച്ചു.

ആളുകളുടെ ആഹാരസമയങ്ങളില്‍ അയല്‍വീടുകളില്‍ പോവരുതെന്നത് മക്കള്‍ക്ക് നല്‍കിയ ശാസനയായിരുന്നു. അയല്‍പക്കത്തെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് പോയതിനായിരുന്നു ഉപ്പയില്‍ നിന്ന് എനിക്ക് അടികിട്ടിയതായ് ഓര്‍മ്മയുള്ള അപുര്‍വ്വം അനുഭവങ്ങളിലൊന്ന്.

ഞങ്ങളുടെ അയല്‍വീട്ടില്‍ അന്ന് ആഹാരത്തിന് വലിയ മുട്ടുണ്ടായിരുന്നില്ല. വിശപ്പ് സഹിക്കാഞ്ഞ് ആരും കാണാതെ ഞാന്‍ പതുക്കെ അവിടെച്ചെന്നു. ഉപ്പ കാര്യം പെട്ടെന്ന് മനസ്സിലാക്കി. എന്നെ തിരിച്ചുവിളിച്ചു.

ഉപ്പ: എവിടെ പോയിരുന്നു?

വീടിന്റെ ഇറയത്ത് സൂക്ഷിക്കുന്ന നേരിയ ചൂരല്‍ വടി കൈയില്‍ കണ്ടപ്പോള്‍ പേടിച്ചുവിറച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:

‘അങ്ങേതില്‍’.

‘എന്തിന്?’

പിന്നെ അരയ്ക്ക് കീഴില്‍ പതിക്കുന്ന അടിയുടെ വേദനയില്‍ ഞാന്‍ പിടഞ്ഞു. ആര്‍ത്തു കരഞ്ഞു.

‘ഈ സമയത്ത് ഒരു വീട്ടിലും പോവരുതെന്ന് പറഞ്ഞതല്ലേ?’

ഉമ്മ ഓടിവന്നു.

‘വിശന്നുപൊരിയുന്ന ഈ മക്കളെ തല്ലാന്‍ എങ്ങനെ തോന്നുന്നു?’ ഉമ്മയുടെ ചോദ്യം ഉപ്പയോടായിരുന്നു.

സ്‌നേഹനിധിയായ ആ പിതാവിന്റെ കണ്ണുകള്‍ നനഞ്ഞുവോ?

മരണംവരെ പാലിക്കേണ്ട അതിമഹത്തായ പാഠം പഠിപ്പിച്ച ആ നല്ല മനസ്സ് കണ്ണീരണിഞ്ഞുകൊണ്ട് പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്.

വീട്ടിലെ ഇളയ മകനായ എനിക്ക് ഒരു മാസത്തോളം നിരന്തരമായ കടുത്ത പനി. പന്ത്രണ്ട് വയസ്സുകാണും. പനിയെത്തുടര്‍ന്ന് ശരീരമാകെ തിണര്‍ത്തുവന്നത് കൊടുംവസൂരിയിനത്തിലെ പ്രമാണിയാണെന്ന് ചുറ്റുവട്ടത്താകെ പരന്നു. മെലിഞ്ഞുണങ്ങി തീര്‍ത്തും ശയ്യാവലംബിയായ എനിക്ക് എല്ലാവരും മരണം വിധിച്ചു കാത്തിരിപ്പായി. ആരും വീടിന്റെ പരിസരത്തുപോലും വരാന്‍ ധൈര്യപ്പെട്ടില്ല. പിതാവിന് സുഹൃത്തുക്കളായും പ്രത്യേകിച്ച് ശിഷ്യരായും സന്ദര്‍ശകര്‍ പതിവായിരുന്നു. അവരൊക്കെ സന്ദര്‍ശനം നിര്‍ത്തിവെച്ചു. മരണം മുമ്പില്‍കണ്ടുകൊണ്ട് കഴിച്ചുകൂട്ടിയ ആ നാളുകള്‍. ചികിത്സിക്കാന്‍ ചില്ലിക്കാശില്ല. ഒരുമാസം ദീര്‍ഘമായ ഒരുവര്‍ഷമായി തോന്നിയ ദിവസങ്ങള്‍. ഏതു പിതാവും പതറിപ്പോവുന്ന സന്ദര്‍ഭം. ചികിത്സക്കുവേണ്ടി ആരെയും അദ്ദേഹം സമീപിച്ചില്ല. ആരോടും കടം ചോദിച്ചില്ല. കടംവീട്ടാന്‍ വകകാണാത്തതാവാം കാരണം. വീടിനുമുമ്പില്‍ സ്വയം പണികഴിപ്പിച്ച ഷെഡില്‍ കാലത്തുതന്നെ അധ്യാപനം തുടങ്ങുന്ന അദ്ദേഹം ഇടക്കിടയ്ക്ക് ഓടിവരും. പനിമൂലം പൊള്ളുന്ന നെറ്റിയില്‍ കൈത്തലം അമര്‍ത്തിവെച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കും: “അല്ലാഹുവേ, നീ സുഖപ്പെടുത്തേണമേ, നീയല്ലോ ശമനംനല്‍കുന്നവന്‍. നീയല്ലാതെ സുഖപ്പെടുത്താന്‍ മറ്റാരുണ്ട്? രോഗവും വേദനയും ഒട്ടും അവശേഷിക്കാത്തവിധം നീ പൂര്‍ണ്ണമായും സുഖപ്പെടുത്തേണമേ”.
അറബി ഭാഷയിലാണ് പ്രാര്‍ത്ഥന. ഇതും വിശുദ്ധഖുര്‍ആനില്‍ നിന്നുള്ള ചിലഭാഗങ്ങളും പതുക്കെ ചൊല്ലും. കഴിയുംവിധം അങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാന്‍ പറയും. ആ പ്രാര്‍ത്ഥനയുടെ അറബി ഭാഷ്യം അതിനുവേണ്ടി എന്നെ ചൊല്ലിപഠിപ്പിക്കുകയും ചെയ്തു. ഒരേയൊരു മരുന്ന് അതായിരുന്നു.

ആ കൈത്തലത്തിന്റെ സ്‌നേഹോഷ്മളമായ തണുപ്പ് എന്റെ നെറ്റിയില്‍ ഇന്നും ബാക്കിനില്‍ക്കുന്നു. ഒരനുഭൂതിയെന്നപോലെ ഞാന്‍ അനുഭവിക്കുന്നു. ആകരുത്താണ് ദാരിദ്ര്യവുമായുള്ള നിസ്‌തോഭമായ ലയം എത്ര മഹത്തരമാണെന്ന് എനിക്കുകാണിച്ചുതന്നത്; മരണഭീതിപൂണ്ട ബാലമനസ്സിന് ധൈര്യംപകര്‍ന്നുതന്നത്. കൈവിരലുകളിലൂടെയും പ്രാര്‍ത്ഥനാമന്ത്രങ്ങളിലൂടെയും ആലക്തിക പ്രവാഹംകണക്കെ എന്നിലേക്ക് ആവാഹിച്ചത് അദ്ദേഹത്തിന്റെ മനോബലമായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മതചര്‍ച്ചയില്‍ ചരിത്രവും നാട്ടാചാരങ്ങളുമൊന്നും മാറ്റിനിര്‍ത്തേണ്ടതില്ല – അഭിമുഖം / സി.ടി അബ്ദുറഹീം

സമൂഹം, മാധ്യമങ്ങള്‍, ലൈംഗികതാചര്‍ച്ചകള്‍; നമ്മുടെ നീതിബോധത്തിന്റെ ചുമതലകളെവിടെ?

സി.ടി അബ്ദുറഹിം

സി.ടി അബ്ദുറഹിം

ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയും എഴുത്തുകാരനും

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍