UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘രണ്ടാംകിട’ പുസ്തക വില്‍പ്പനക്കാരുടെ കഥ

Avatar

രാകേഷ് നായര്‍

ഒരു പിണക്കത്തിന്റെ കഥയിങ്ങനെയാണ്- ബാല്യകാലം മുതല്‍ സുഹൃത്തുക്കളായിരുന്ന രണ്ടു പേര്‍. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ അവരിലൊരാള്‍ ടോള്‍സ്‌റ്റോയിയുടെ ‘അന്ന കരിനിന’ വാങ്ങി. സൗഹൃദ മര്യാദയനുസരിച്ച്  വായിച്ച ശേഷം നോവല്‍ അയാള്‍ ആത്മാര്‍ത്ഥ സുഹൃത്തിനും കൊടുത്തു. ദിവവസങ്ങള്‍ക്കുശേഷം ആ സുഹൃത്ത് നോവല്‍ മടക്കി കൊടുക്കുകയും ചെയ്തു. എന്നാല്‍ തിരികെ കിട്ടിയ പുസ്തകത്തിന്‍റെ പുറം ചട്ട കീറിയ നിലയിലായിരുന്നു. ആ കീറല്‍ അവരുടെ സൗഹൃദത്തിനുമേലെയും വീണു.’ ദിവസങ്ങളോളം എന്റെ ഉറക്കം നഷ്ടപ്പെട്ടു. പല രാത്രിയിലും ഉറക്കത്തില്‍ ഞെട്ടിയെഴുന്നേറ്റ് ഞാന്‍ ‘അന്ന കരീനീന’യുടെ പുറം കവര്‍ നോക്കും. കൈത്തണ്ടയിലെ ഞരമ്പിന്റെ ആകൃതിയില്‍ ഒരു കീറല്‍; അതു കാണുമ്പോള്‍ എനിക്ക് കരച്ചില്‍ നിയന്ത്രിക്കാനാവാതെ വരും.   സൌഹൃദത്തില്‍ നിന്ന് എന്നന്നേക്കുമായി അടര്‍ത്തിമാറ്റിക്കൊണ്ടായിരുന്നു അവനോട് ഞാന്‍ പ്രതികാരം വീട്ടിയത്. വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു. ഇപ്പോഴും അവനെനിക്ക് ശത്രു തന്നെയാണ്’- ഒരു സുഹൃത്തിനും മേലെ പുസ്തകങ്ങളെ സ്‌നേഹിക്കുന്ന അസഹിഷ്ണുവാണ് പലപ്പോഴും വായനക്കാരനെന്ന് ഈ കഥ പറഞ്ഞയാള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. 

ഈ’അസഹിഷ്ണുവായ’ വായനക്കാരനെ കണ്ടുമുട്ടുന്നതും സംസാരിക്കുന്നതും തിരുവനന്തപുരത്ത് പാളയത്തിലുള്ള വഴിയോര പുസ്തക കച്ചവട കേന്ദ്രത്തിലെ ഒരു സ്റ്റാളില്‍ വച്ചാണ്. “അന്ന കരീനിന പിന്നെ ഞാന്‍ വാങ്ങുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേപോലെ പുസ്തകങ്ങള്‍ വഴിയോരത്ത് വില്‍ക്കുന്നവരില്‍ നിന്നാണ്. അതെന്റെ വായനാ ജീവിതത്തിന്റെ മറ്റൊരു തുടക്കം കൂടിയായിരുന്നു. പ്രിന്റ് വിലയിലും പകുതിയിലേറെ കുറച്ച് എനിക്കന്ന് ആ നോവല്‍ വാങ്ങാന്‍ പറ്റി. വായനക്കാരനെ സംബന്ധിച്ച് ഒരു ലാഭചന്തയാണ് ഇത്തരം പുസ്തക കച്ചവടക്കാര്‍.”

ആ മനുഷ്യന്‍ പറഞ്ഞത് വളരെ ശരിയാണ്. വായനക്കാരനെ സംബന്ധിച്ച് ഈ കച്ചവടക്കാര്‍ ഒരു ലാഭചന്തയാണ്. മലയാളിയുടെ സാംസ്‌കാരിക നടപ്പാതയുടെ വശം ചേര്‍ന്ന് ഇവര്‍ നിലയുറപ്പിച്ചിട്ട് കാലങ്ങളായിരിക്കുന്നു. ലോക ക്ലാസിക്കുകള്‍ തൊട്ട് പാഠപുസ്തക ഗൈഡുകള്‍ വരെ ഇവരില്‍ നിന്ന് വിലപേശി വാങ്ങിയവര്‍ നിരവധിയാണ്. ടോള്‍സ്‌റ്റോയി, ചാള്‍സ് ഡിക്കന്‍സ്, വിക്ടര്‍ യൂഗോ, മാര്‍ക്വേസ്, കൊയ്‌ലോ, എംടി, മാധവിക്കുട്ടി, ബഷീര്‍; എന്നിവരെയൊക്കെ നമ്മള്‍ പാതിവിലയില്‍ സ്വന്തമാക്കിയത് ഇവരുടെ പക്കല്‍ നിന്നാണ്. എന്നാല്‍ ഈ കച്ചവടക്കാര്‍ അധികാരികള്‍ക്ക്  പലപ്പോഴും സ്ഥലം മെനക്കെടുത്തുന്നവരാണ്. തിരുവനന്തപുരത്ത് പാളയത്തിനടുത്തായി മുപ്പതോളം സെക്കന്‍ഡ് സെയില്‍ പുസ്തക സ്റ്റാളുകളുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവരിവിടെത്തന്നെയാണ്. ഈ സ്ഥലം ഒഴിയണമെന്നാണ് ഇപ്പോള്‍ കളക്ടറുടെ ഉത്തവ്. നടപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഈ കുടിയൊഴിപ്പിക്കല്‍. ഈ പശ്ചാത്തലത്തിലാണ് ഇത്തരം വഴിയോര കച്ചവടക്കാരെക്കുറിച്ച് ചിന്തിക്കാനിടവരുന്നത്.

ആശിഷ്, തിരുവനന്തപുരത്തുള്ള ഒരു എക്സ്പോര്‍ടിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. തിരക്കുള്ള ജോലിയും ജീവിതവും. എങ്കിലും മാസത്തിലൊരു സായാഹ്നത്തില്‍, ടര്‍പോളിന്‍ കൊണ്ട് മേല്‍പ്പുറം മറച്ച ഈ ബുക്ക് ഷോപ്പുകളില്‍ കയറിയിറങ്ങാന്‍ സമയം കണ്ടെത്തും. “നമുക്കാവിശ്യമുള്ള പുസ്തകങ്ങള്‍ പകുതി വിലയ്ക്ക് ഇവിടെ നിന്ന് കിട്ടുന്നു. കുറച്ച് പഴക്കം ഉണ്ടായേക്കാം”, ഈ പുസ്തകശാലകളെ ആശിഷ് ആശ്രയിക്കുന്നതിന്റെ കാരണമാണിത്. ഈ വ്യക്തിയെപ്പോലെ എത്രയോ പേര്‍. ഭക്ഷണം കഴിക്കാനും പുസ്തകം വാങ്ങാനും പിശുക്കു കാണിക്കാത്തവരാണ് മലയാളി. എങ്കിലും 500ന് മുകളില്‍ വിലയുള്ള ഒരു ലോകക്ലാസിക് 200ന് കിട്ടുമ്പോള്‍, അതവന്റെ ലുബ്ദതയല്ല, മറിച്ച് ഒരു ഓപ്പര്‍ച്യൂണിറ്റി പ്രയോജനപ്പെടുത്തലാണ്. വായനക്കാരനെ അവന്റെ ബൗദ്ധികനിലവാരം വച്ച് വേര്‍തിരിക്കാമെങ്കിലും സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കാറ്റഗറൈസ് ചെയ്യപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് കാശുള്ളവനാണോ കാശില്ലാത്താവനാണോ വഴിവാണിഭക്കാരില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങുന്നതെന്ന ചോദ്യത്തിലര്‍ത്ഥമില്ല. ആയിരത്തിയഞ്ഞൂറു രൂപ ചെലവാക്കേണ്ടി വരുമായിരുന്ന നാലു ഫിക്ഷനുകള്‍ 400 രൂപയ്ക്ക് സ്വന്തമാക്കിയപ്പോള്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്- “ആയിരത്തിയഞ്ഞൂറു രൂപ മുടക്കാന്‍ കഴിവില്ലാഞ്ഞിട്ടല്ല. എന്നാല്‍ ഈ പുസ്തകങ്ങള്‍ ഇവിടെ നിന്ന് 400 രൂപ മുടക്കി  വാങ്ങിക്കാമെന്നുള്ളപ്പോള്‍ എന്തിന് വേണ്ടെന്ന് വയ്ക്കണം? നാളെ ആരും എന്നോട് ഈ പുസ്തകങ്ങള്‍ എവിടെ നിന്നു വാങ്ങി എന്ന് ചോദിക്കില്ല. ചോദിച്ചാല്‍ പറയാനും ഒരു മടിയുമില്ല. എല്ലാ പുസ്തക പ്രേമികളുടെ ഷെല്‍ഫുകളിലും ഇവരുടെ പക്കല്‍ നിന്ന് വാങ്ങിയ ഒരു ബുക്ക് എങ്കിലും ഉണ്ടായിരിക്കും.” ഇതൊരു പൊതുവികാരമാണ്. നമ്മള്‍ എത്രമാത്രം റോഡരികുകളിലെ പുസ്തകകൂട്ടങ്ങളെ ആശ്രയിക്കുന്നുവെന്നതിന്റെ ഉദാഹരണവും.

പാളയത്തെ ഈ പുസ്തക കച്ചവടക്കാര്‍ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. “എതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണകൊണ്ടുണ്ടാക്കിയതോ, സമരം നടത്താനോ ഒന്നുമല്ല. ഞങ്ങളിവിടെ പത്തറുപതോളം പേരുണ്ട്. എല്ലാവരേയും ഐക്യത്തോടെ കൊണ്ടുപോകാന്‍ വേണ്ടിയാണ് ഈ സംഘടന”, ഓള്‍ഡ് ബുക്‌സ് മര്‍ച്ചന്റ് അസോസിയേഷന്റെ സെക്രട്ടറി ജയന്‍ പറഞ്ഞു. “പണ്ടുകാലത്തെപ്പോലെയല്ല, ആളുകള്‍ ഇങ്ങോട്ട് തിരക്കി വരികയാണ്. കൂടുതലും പഠിക്കുന്ന പിള്ളേരാണ്. നോവലും മറ്റും വാങ്ങാന്‍ വരുന്നവരും കുറവല്ല. പാതിവിലയ്ക്ക് ബുക്ക് കിട്ടണത് ലാഭമല്ലേ? അതുകൊണ്ട് എല്ലാവര്‍ക്കും ഞങ്ങളോട് കാര്യമാണ്. ഇവിടെ നിന്ന് മാറണമെന്ന് കളക്ടര്‍ ഉത്തരവിട്ടെന്ന വാര്‍ത്ത അറിഞ്ഞയെല്ലാവരും പറഞ്ഞ് നിങ്ങളിവിടെ നിന്ന് പോകരുതെന്നാണ്. ഇതിപ്പോള്‍ ഞങ്ങള്‍ക്കും വാങ്ങാന്‍ വരുന്നവര്‍ക്കും സൗകര്യമായൊരു സ്ഥലമാണ്. ഇതുവരെ ഞങ്ങളുടെ കച്ചവടം കാരണം വാഹനങ്ങള്‍ക്കോ, കാല്‍നടക്കാര്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. തല്‍ക്കാലം ഇവിടെ നിന്ന് മാറണ്ടെന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും, എത്രകാലംവരെ എന്നറിയില്ല. ഫൂട്പാത്ത് കെട്ടിക്കഴിഞ്ഞാലും മിച്ചം സ്ഥലമുണ്ട്. അതുകൊണ്ട് ഇവിടെ തന്നെ ഇരിക്കാന്‍ ഞങ്ങളെ അനുവദിക്കണം. സ്ഥലവാടക കൊടുക്കണമെങ്കില്‍ അതിനും തയ്യാറാണ്. നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നൊരു കര്‍മ്മമല്ലേ ഈ കച്ചവടക്കാര്‍ ചെയ്യണത്, ഇതുകൊണ്ട് ഞങ്ങളുടെയെല്ലാം കുടുംബവും കഴിഞ്ഞുപോകുന്നുണ്ട്”- അത് മുടക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ജയന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി ചോദിച്ച ബുക്ക് എടുക്കാനായി തിരിഞ്ഞു.

ഇനി ഷരീഫിനെ പരിചയപ്പെടാം. പതിനഞ്ചു വര്‍ഷത്തിനു മുകളിലായി പുസ്തക കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരന്‍. ഷരീഫ് പറയുകയാണ്- എന്റെ ഇക്ക ഈ പരിപാടി തുടങ്ങിയിട്ട് പത്തിരുപത്തിനാല് വര്‍ഷങ്ങളായി. ഇക്കാന്റെ കൂടെക്കൂടിയാണ് ഞാനും ഇതിലേക്ക് എത്തുന്നത്. ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഒരു തൊഴിലാണ് ഞങ്ങളെല്ലാം ചെയ്യുന്നത്. പകുതി വിലയ്ക്ക് നിങ്ങള്‍ക്കാവിശ്യമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ കഴിയുകയെന്നത് വലിയ ഉപകാരമല്ലേ! ദിവസേന ആയിരത്തിനടുത്ത് ആള്‍ക്കാര്‍, കൂടുതലും വിദ്യാര്‍ത്ഥികള്‍  ഇവിടെ വരാറുണ്ട്. ഇവിടെ തന്നെ 30 സ്റ്റാളുകളുണ്ട്. ആളുകള്‍ക്ക് ആവശ്യമുള്ള ബുക്ക് അതിലേതെങ്കിലും ഒരു സ്റ്റാളില്‍ നിന്ന് വാങ്ങാന്‍ പറ്റും. മറ്റു വലിയ ബുക്ക് സ്റ്റാളുകളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ പകുതി വിലയില്‍ ഇവിടെ നിന്ന് അവര്‍ക്ക് കിട്ടുന്നുണ്ട്. അവര്‍ ഹാപ്പിയാണ്; ഞങ്ങളും.

വിദ്യാര്‍ത്ഥികളാണ് ഞങ്ങളുടെ കസ്റ്റമേഴ്‌സില്‍ കൂടുതലും. ആയിരവും രണ്ടായിരവും വില വരുന്ന സ്റ്റഡി ബുക്കുകള്‍ 500 രൂപയ്ക്കാണ് ഇവിടെ നിന്നവര്‍ വാങ്ങുന്നത്. എല്ലാ കുട്ടികളും സാമ്പത്തികമുള്ള വീടുകളില്‍ നിന്നാവില്ലല്ലോ. അവര്‍ക്കൊക്കെ ഞങ്ങളുടെ സ്റ്റാളുകള്‍ വലിയ ആശ്വാസമാണ്. മെഡിസിനും എഞ്ചിനീയറിംഗിനും പഠിക്കുന്ന കുട്ടികളാണ് കൂടുതലും വരുന്നത്. അഞ്ഞൂറിനും ആയിരത്തിനും മുകളിലാണ് അവരുടെ പാഠപുസ്തകങ്ങളുടെ വില. കോളേജില്‍ നിന്നായാലും മറ്റു ബുക്ക് ഷോപ്പുകളില്‍ നിന്നായാലും ആ തുക കൊടുക്കണം. അതുകൊണ്ട് അവര്‍ നേരെ ഇങ്ങോട്ട് വരുന്നു. പാതി വിലയില്‍ ഇവിടെ നിന്നും ബുക്കു വാങ്ങിപ്പോകാം. കുട്ടികള്‍ മാത്രമല്ല, മാതാപിതാക്കളും വരാറുണ്ട്. അവരൊക്കെ പറയാറുണ്ട്, കച്ചവടം മാത്രമല്ല, ഒരു സേവനം കൂടിയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന്.

സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളാണ് ഞങ്ങള്‍ വില്‍ക്കുന്നത്. ഒന്നാം വര്‍ഷം പഠിക്കുന്ന ഒരു കുട്ടി രണ്ടാം വര്‍ഷം ആകുമ്പോള്‍ ആദ്യം ഉപയോഗിച്ച പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് വില്‍ക്കുന്നു. ഒരു ആക്രിക്കച്ചവടക്കാരനില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ ന്യായമായ വില കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാകുന്നുണ്ട്. ഇങ്ങിനെ കിട്ടുന്ന പുസ്തകങ്ങള്‍ തേടി അടുത്ത ഒന്നാം വര്‍ഷക്കാരനെത്തുന്നു. ബാക്കിയുള്ളവ കോയമ്പത്തൂരും മധുരയിലും തൃശ്ശിനാപ്പള്ളിയിലുമൊക്കെപ്പോയി ഞങ്ങള്‍ ശേഖരിക്കും. അവിടെയും ഇതുപോലെ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന വലിയ സ്റ്റാളുകളുണ്ട്. ഞങ്ങള്‍ക്ക് മാത്രമായി ഈ കച്ചവടത്തില്‍ ലാഭമില്ല. വാങ്ങുന്നവനും വില്‍ക്കുന്നവനും ഒരുപോലെ ലാഭമാണ്.

പിന്നെ ഇത് ഞങ്ങളുടെ ഉപജീവന മാര്‍ഗ്ഗമാണ്. ഇവിടെയുള്ള മുപ്പത് സ്റ്റാളുകളിലായി 60-65 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം കുടുംബം കഴിയുന്നത് ഈ വരുമാനം കൊണ്ടാണ്. ഞങ്ങളെപ്പോലെ കേരളത്തിന്റെ എത്രയെത്ര സ്ഥലങ്ങളില്‍ ഈ കച്ചവടം കൊണ്ട് ജീവിതം കഴിക്കുന്നവരുണ്ടാകും. പക്ഷേ, എല്ലായിടത്തും, തിരുവനന്തപുരത്ത് മാത്രമല്ല, കൊച്ചിയിലായാലും കോഴിക്കോടായാലുമൊക്കെ അധികാരികള്‍ ഞങ്ങളോട് പലപ്പോഴും മനഃസാക്ഷിയില്ലാതെ പെരുമാറുന്നുണ്ട്.  ആദ്യം ഞങ്ങള്‍ ഇരുന്നത് ഫൈന്‍ ആര്‍ട്‌സ് കോളേജിന് അടുത്താണ്(ഇപ്പോള്‍ കല്യാണ്‍ സില്‍ക്‌സ് നില്‍ക്കുന്ന സ്ഥലം). അവിടെ ന്നിന്നും മാറിപ്പോകാന്‍ പറഞ്ഞു. അടുത്തത് യൂണിവേഴ്‌സിറ്റി കോളേജിനു മുമ്പിലായിരുന്നു. അവിടെ നിന്നും ഓടിച്ചപ്പോള്‍ സെനറ്റ് ഹാളിനു സമീപത്തെത്തി. അത് പിന്നെ സാഫല്യം കോംപ്ലക്‌സിനടുത്തേക്കു മാറ്റി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവിടെ തന്നെയായിരുന്നു. ഇവിടെ നിന്നും ഇറങ്ങാനുള്ള ഉത്തരവ് വന്നിരിക്കുകയാണ്.

ഒരു വികസനത്തിനും എതിരു നില്‍ക്കുന്നില്ല ഞങ്ങള്‍. റോഡ് വികസിക്കട്ടെ, ഫൂട് പാത്ത് കെട്ടട്ടെ. അതില്‍ നിന്നെല്ലാം ഒഴിഞ്ഞ്, ആര്‍ക്കും ശല്യമില്ലാതെയാണ്, ആരെയും ശല്യപ്പെടുത്താതെയുമാണ് ഈ കച്ചവടക്കാര്‍ ഇരിക്കുന്നത്. ഇതൊരു സാംസ്‌കാരിക വിഷയമായി കണ്ട് ഗവണ്‍മെന്‍റിന് ഞങ്ങളെ സഹായിച്ചുകൂടെ?

മറ്റു സംസ്ഥാനങ്ങളില്‍ പുസ്തകങ്ങളെടുക്കാന്‍ പോകുന്നവരാണ് ഞങ്ങള്‍. കോയമ്പത്തൂരായാലും മധുരയിലായാലും അവിടെയെല്ലം സര്‍ക്കാര്‍ തന്നെ ഇത്തരം കച്ചവടക്കാര്‍ക്ക് സ്ഥലം കണ്ടെത്തി കൊടുത്തിട്ടുണ്ട്.  നാളെ എല്ലാം വാരിക്കെട്ടിക്കൊണ്ട് മറ്റൊരിടത്തേക്ക് ഓടണമെന്നോര്‍ത്ത് അവര്‍ക്ക് പേടിക്കേണ്ട ആവശ്യമില്ല. ഒരു ചെറിയ സ്ഥലവാടക ആ കച്ചവടക്കാരില്‍ നിന്ന് ഈടാക്കുന്നുമുണ്ട്. ഇവിടെ ഞങ്ങളും അതിന് തയ്യാറാണ്. ഏതെങ്കിലും ഒരു ഏരിയായില്‍ ഞങ്ങളെ ഇരിക്കാന്‍ അനുവദിക്കുക. അതിന് കപ്പം തരാനും തയ്യാര്‍. ഒന്നരാടം വച്ച് ഇറക്കി വിടാതിരുന്നാല്‍ മതി.

“രണ്ടു തരത്തിലാണ് ഇവരെക്കൊണ്ട്  ഞങ്ങള്‍ സ്റ്റുഡന്റ്‌സിന് ഹെല്‍പ്പ്. ഒന്ന്, ഞങ്ങള്‍ക്ക് ആവശ്യം കഴിഞ്ഞ ബുക്‌സ് ഇവിടെ കൊണ്ടുവന്ന് വില്‍ക്കാം, ന്യായമായ വിലകിട്ടും. രണ്ട്, ഞങ്ങള്‍ക്ക് ആവശ്യമായ ബുക്‌സ് ഇവിടെ നിന്ന് പാതി വിലയില്‍ വാങ്ങാം. അതിനാല്‍ ഇത്തരം സ്ട്രീറ്റ് ബുക്‌സ് മര്‍ച്ചന്റ്‌സ് ടൗണില്‍ ഉണ്ടാവേണ്ടത് വലിയൊരു ആവിശ്യം തന്നെയാണ്. അല്ലെങ്കില്‍ പ്രോപ്പറായ മറ്റൊരു പ്ലേസ് പെര്‍മനന്റ് ആയി ഇവര്‍ക്ക്  കൊടുക്കണം. ഗവണ്‍മെന്റിനോട് ഞങ്ങള്‍ക്ക് റിക്വസ്റ്റ് ചെയ്യാനുള്ളതാണ് ഇതാണ്.” ശ്രീഷ സിറിയക് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ വാക്കുകളാണിത്. 

വായന ഒരു ബൌദ്ധികാലങ്കാരമായി കൊണ്ടുനടക്കുന്ന മലയാളി ഈ വഴിയോര പുസ്തക വില്‍പ്പനക്കാരുടെ കാര്യത്തില്‍ അനുകൂല നിലപാടെടുക്കും എന്ന് വിശ്വസിക്കാം. കാരണം; നിരന്നിരിക്കുന്ന ആ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് ഓരോന്നും കൈയിലെടുത്ത് മറിച്ചുനോക്കുമ്പോള്‍ കിട്ടുന്നൊരു ലഹരിയുണ്ടല്ലോ! അത് നഷ്ടപ്പെടുത്താന്‍ ആരും തയ്യാറാകുമെന്നു തോന്നുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍