UPDATES

പ്രവാസം

മേഘങ്ങള്‍ക്കിടയില്‍ മലയാളി യുവതിക്ക് സുഖപ്രസവം

തങ്ങളുടെ ഫ്‌ളൈറ്റില്‍ ജനിച്ച ആദ്യ കുഞ്ഞ് എന്ന നിലയില്‍ നവജാത ശിശുവിന് ആജീവനാന്തകാലം സൗജന്യ യാത്ര ജെറ്റ് എയര്‍വെയ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട്

ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ കയറുമ്പോള്‍ കൊച്ചി സ്വദേശി സിസിമോള്‍ ജോസ് ഒരിക്കലും ചിന്തിച്ചിരിക്കില്ല താന്‍ ഈ വാമാനത്തില്‍ നിന്നും ഇറങ്ങുന്നത് തന്റെ കുഞ്ഞിനെയുമായാകുമെന്ന്. പ്രസവ തിയതി അടുത്തതിനാല്‍ ദമാമില്‍ നിന്നും നാട്ടിലേക്ക് തിരിച്ച ഈ യുവതി കൊച്ചിയിലെത്തി പ്രസവിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു. ഡോക്ടര്‍മാരുടെ കണക്കു കൂട്ടലും അതു തന്നെയായിരുന്നു.

എന്നാല്‍ ഇന്ത്യയോടടുത്തപ്പോള്‍ 35,000 അടി ഉയരത്തില്‍ വച്ച് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയും പ്രസവം നടക്കുകയുമായിരുന്നു. ജെറ്റ് എയര്‍വെയ്‌സിന്റെ 9ഡബ്ല്യൂ-569 വിമാനത്തിലാണ് കുഞ്ഞ് ജനിച്ചത്. യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മുംബൈയില്‍ ഇറക്കുകയാണെന്നാണ് ജീവനക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് യാത്രക്കാരില്‍ ആരെങ്കിലും ഡോക്ടര്‍മാരുണ്ടോയെന്ന് അവര്‍ അന്വേഷിച്ചു. മലയാളിയും ദമാമില്‍ പാരമെഡിക് നഴ്‌സുമായ മിസ്. വില്‍സണ്‍ മുന്നോട്ട് വന്നതോടെ യുവതിയ്ക്ക് മേഘങ്ങള്‍ക്കിടയില്‍ സുഖപ്രസവം ലഭിച്ചു.

മാസം തികയുന്നതിന് മുമ്പാണ് സിസിമോള്‍ പ്രസവിച്ചിരിക്കുന്നത്. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ യുവതിയെയും ആണ്‍കുഞ്ഞിനെയും കാത്തുനിന്ന ആംബുലന്‍സില്‍ അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലെത്തിച്ചു. ദമാമില്‍ ജോലി ചെയ്യുന്ന സിസിമോള്‍ ഇന്നലെ പുലര്‍ച്ചെ 3.10നാണ് നാട്ടിലേക്ക് തിരിച്ചത്. 30 ആഴ്ച ഗര്‍ഭിണിയായിരുന്നു ഇവര്‍. ഇതൊരു അപ്രതീക്ഷിത സാഹചര്യമായിരുന്നെന്നും ജെറ്റ് എയര്‍വെയ്‌സില്‍ ആദ്യമായാണ് ഇത്തരത്തിലൊന്ന് സംഭവിക്കുന്നതെന്നും വക്താവ് അറിയിച്ചു.

മുഹമ്മദ് താജ് ഹയാത്, ദെബൊറ ടവേരസ്, ഇഷ ജയകര്‍, സുഷ്മിത ഡേവിഡ്, കാതറിന്‍ ലെപ്ച, തേജസ് ചവാന്‍ എന്നീ എയര്‍ലൈന്‍ ജീവനക്കാരും വില്‍സണെ സഹായിച്ചു. തങ്ങളുടെ ഫ്‌ളൈറ്റില്‍ ജനിച്ച ആദ്യ കുഞ്ഞ് എന്ന നിലയില്‍ നവജാത ശിശുവിന് ആജീവനാന്തകാലം സൗജന്യ യാത്ര ജെറ്റ് എയര്‍വെയ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

രണ്ടര മണിക്കൂര്‍ വൈകിയാണ് വിമാനം കൊച്ചിയിലെത്തിയത്. 35 ആഴ്ച വരെ ഗര്‍ഭിണികളായവര്‍ക്കാണ് വിമാനത്തില്‍ യാത്ര അനുവദിച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍