UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: മദ്രാസ് ഡേയും ബോസ്‌വര്‍ത്ത് യുദ്ധവും

Avatar

1485 ആഗസ്ത് 22
ബോസ്‌വര്‍ത്ത് യുദ്ധം

റോസാപൂക്കളുടെ യുദ്ധപരമ്പരയിലെ അവസാനഭാഗമെന്ന നിലയില്‍ നടന്ന ബോസ്‌വര്‍ത്ത് യുദ്ധത്തില്‍ റിച്ചാര്‍ഡ് മൂന്നാമന്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ വിജയം നേടിയ റിച്ച്മണ്ടിലെ പ്രഭു ഹെന്റി ട്യൂഡോര്‍ രാജകീരിടം റിച്ചാര്‍ഡ് മൂന്നാമനില്‍ നിന്ന് തന്റെതാക്കി. 1603 ല്‍ എലിസബത്ത് രാജ്ഞിയുടെ അന്ത്യം വരെ ഹെന്റി ട്യൂഡോര്‍ ഹെന്റി ഏഴാമന്‍ എന്ന നാമം സ്വീകരിച്ച് ഇംഗ്ലണ്ട് ഭരിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിലെ രണ്ട് രാജകുടുംബങ്ങളായ ലങ്കാഷെയറും യോര്‍ക്കും തമ്മില്‍ നടന്ന അധികാര പോരാട്ടമാണ് റോസാപൂക്കളുടെ യുദ്ധം എന്നറിയപ്പെട്ടത്. ലങ്കാഷെയര്‍ ചുവന്ന റോസാപ്പൂ തങ്ങളുടെ ചിഹ്നമാക്കിയപ്പോള്‍ യോര്‍ക്ക് വെള്ള റോസാപ്പൂ തങ്ങളുടെ ചിഹ്നമാക്കി. ഇതില്‍ നിന്നാണ് റോസാപ്പൂക്കളുടെ യുദ്ധം എന്ന പേര് വരുന്നത്. 1450 കളില്‍ ഫ്രാന്‍സുമായി നടന്ന വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ തോല്‍ക്കാനുള്ള പ്രധാനകാരണം ഈ രാജകീയകലഹമായിരുന്നു.
ഈ രണ്ട് രാജകുടുംബങ്ങളും തമ്മിലുള്ള ഐക്യത്തിന് കാരണമായി 1486 ല്‍ ഹെന്റി ഏഴാമന്‍ എഡ്വേര്‍ഡ് നാലാമന്റെ മകള്‍ എലിസബത്തിനെ വിവാഹം കഴിച്ചു. ഇതോടെ റോസാപ്പൂക്കളുടെ യുദ്ധത്തിനും പരിസമാപ്തി ആയി.

1639 ആഗസ്ത് 22
മദ്രാസ് ഡേ

1639 ആഗസ്ത് 22, നായക്മാര്‍ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന രജതദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായ ഫ്രാന്‍സീസ് ഡേയ്ക്ക് കൈമാറി. പ്രാദേശികഭരണാധികാരികളായ നായക്മാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി നടത്തിയ ഈ ഭൂമിയിടപാടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായി മാറിയ മദ്രാസിന്റെ പിറവിക്ക് കാരണമാകുന്നത്. പ്രശസ്തമായ സെന്റ്. ജോര്‍ജ് കോട്ട സ്ഥിതി ചെയ്യുന്നത് അന്ന് കൈമാറിയ ആ ഭൂപ്രദേശത്താണ്. ആഗസ്ത് 22 എന്ന തീയതി അങ്ങിനെ മദ്രാസ് ദിനം എന്ന് അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ മദ്രാസ് ദിനം ആഘോഷിക്കാന്‍ തുടങ്ങിയത് 2004 ല്‍ മാത്രമാണ്.
1996 ല്‍ മദ്രാസ് ചെന്നൈ എന്ന് പുനഃര്‍നാമകരണം ചെയ്യപ്പെട്ടു. സെന്റ്. ജോര്‍ജ് കോട്ടയ്ക്ക് സമീപമുള്ള ചെറിയ പട്ടണമായ ചെന്നൈപ്പട്ടണത്തില്‍ നിന്നാണ് ചെന്നൈ എന്ന പേര് രൂപപ്പെടുന്നത്. നെല്ലൂരിലെ പെന്നാര്‍ നദിക്കും കൂടല്ലൂരിലെ പെന്നാര്‍ നദിക്കും ഇടയിലുള്ള തോണ്ടൈമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന മദ്രാസ്പ്പട്ടണമാണ് പിന്നീട് ചെന്നൈ പട്ടണമായതും.

ഈസ്റ്റ് ഇന്ത്യ കമ്പനി ഈ പ്രദേശം സ്വന്തമാക്കുന്നതിനു മുമ്പു മറ്റു യൂറോപ്യന്‍രാജ്യങ്ങളും ഇവിടെ വ്യാപാരം നടത്തിയിരുന്നു. 1522 ല്‍ എത്തിയ പോര്‍ച്ചുഗീസുകാരാണ് ആദ്യസ്ഥാനക്കാര്‍. പോര്‍ച്ചുഗീസുകാര്‍ ഇവിടെ ഒരു തുറമുഖം സ്ഥാപിച്ചിരുന്നു. സാവോ ടോം. പിന്നീട് ഇത് സെന്റ്.തോമസ് തുറമുഖം എന്ന് അറിയപ്പെടാന്‍ തുടങ്ങി. പോര്‍ചുഗീസുകാര്‍ക്ക് പിന്നാലെ ഡച്ചുകാരും അതിനുശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഇവിടെ വ്യാപാരത്തിനെത്തി. സെന്റ്.ജോര്‍ജ് കോട്ടയാണ് ഇംഗ്ലീഷുകാര്‍ മദ്രാസിലെ തങ്ങളുടെ ആസ്ഥാനകേന്ദ്രമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍