UPDATES

സയന്‍സ്/ടെക്നോളജി

ഒക്‌സ്‌ഫോര്‍ഡിന്റെ സ്വന്തം ഹരിതഭൂമി

Avatar

ഫ്രാന്‍സ് സ്‌റ്റെഡ് സെല്ലെഴ്‌സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു ഭീമന്‍ ചെഞ്ചീരയ്ക്കും (rhubarb) വെള്ള മള്‍ബറി മരത്തിനുമിടയില്‍ ഞങ്ങളുടെ വഴികാട്ടി നിന്നു. പിന്നെ അയാള്‍ അവിടെക്കണ്ട കൊടിത്തൂവയുടെ ഗുണങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി. ‘മറ്റെവിടെയായാലും ഒരു പാഴ്‌ച്ചെടി, പക്ഷേ ഇവിടെ അതിനെ വളര്‍ത്തുകയാണ്. വളരെ പോഷകമൂല്യമുള്ള ഒരു ചെടിയാണ്. രുചിയില്‍ ചെഞ്ചീര പോലിരിക്കും. അതിന്റെ നാര് ചണനാര് പോലെയാണ്. നല്ല മഞ്ഞ നിറം ഉണ്ടാക്കാനും പറ്റും. ഫോസ്‌ഫേറ്റും നൈട്രജനും കൂടുതലുള്ള മണ്ണില്‍ ഇത് തഴച്ചുവളരും. ശ്മശാനങ്ങളിലാണ് ഇത് കൂടുതല്‍ കാണാറ്. അതുകൊണ്ടുതന്നെ ഇത്തിരി കുറ്റാന്വേഷണവും ഇതുവെച്ചു പതിവുണ്ട്: കൊടിത്തൂവ കൂട്ടമായി നില്‍ക്കുന്നത് കൊല്ലപ്പെട്ടയാളുടെ ശവം മറവ് ചെയ്ത സ്ഥലത്തിന്റെ അടയാളമാണ്.’

ഇതൊരു സാധാരണ ഉദ്യാന സഞ്ചാരമല്ല, എന്തെന്നാല്‍ ഇതൊരു സാധാരണ ഉദ്യാനമല്ല. ഒക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ, ബ്രിട്ടനിലെതന്നെ ഏറ്റവും പഴക്കമുള്ള സസ്യോദ്യാനം. ഏതാണ്ട് 400 കൊല്ലം മുമ്പ് ഡാന്‍ബിയിലെ പ്രഭു സംഭാവന നല്കിയ 5000 പൗണ്ട് ഉപയോഗിച്ചാണ് വൈദ്യവൃത്തി പ്രോത്സാഹിപ്പിക്കാന്‍ ഈ സസ്യോദ്യാനം തുടങ്ങിയത്. സ്തനാര്‍ബുദത്തിനും ഗര്‍ഭാശയ അര്‍ബുദത്തിനുമുള്ള മരുന്നുണ്ടാക്കാന്‍ ഇന്നുപയോഗിക്കുന്ന ‘ഇംഗ്ലീഷ് യോ’ എന്ന ഒരു മരം അന്ന് വെച്ചുപിടിപ്പിച്ചത് ഇന്നും ആ ഉദ്യാനത്തിലുണ്ട്.

ശാസ്ത്രീയാന്വേഷണത്തിനുള്ള പ്രതിബദ്ധതയോടൊപ്പം തികഞ്ഞ സൗന്ദര്യബോധത്തോടെയാണ് ഈ ഉദ്യാനം പരിരക്ഷിക്കപ്പെടുന്നത്. അഞ്ചേക്കറില്‍ താഴെവരുന്ന സ്ഥലത്തു ഏതാണ്ട് 5000 ത്തിലേറെ തരം സസ്യങ്ങള്‍. ലോകത്തെതന്നെ ഏറ്റവും ജൈവ്യവൈവിധ്യമുള്ള പ്രദേശങ്ങളിലൊന്ന്. വീട്ടുമുറ്റത്ത് പൂന്തോട്ടമുണ്ടാക്കേണ്ടവര്‍ക്കും, അല്ല കുറച്ചുകൂടി പ്രായോഗികമായി പച്ചക്കറിത്തോട്ടം ഉണ്ടാക്കണമെന്നുള്ളവര്‍ക്കും ഈ ഉദ്യാനം ഒരുപോലെ പ്രചോദനം നല്കും. ഒരു കൊച്ചുകുട്ടിയുടെ ഭാരം താങ്ങാന്‍ വരെ കഴിയുന്ന വെള്ളാമ്പല്‍ മുതല്‍ കണ്ണുതള്ളിക്കുന്ന പുഴുതീറ്റക്കാര്‍ വരെയുണ്ട് ചെടികളുടെ കൂട്ടത്തില്‍.

17 ആം നൂറ്റാണ്ടിലെ ഈ ഉദ്യാനമതില്‍ക്കെട്ടിനകത്ത് ദീര്‍ഘചതുരാകൃതിയില്‍ ഒരുക്കിയ ചെടിത്തട്ടുകളാണ് പ്രധാന ആകര്‍ഷണം. ഓരോ തട്ടും, ചെടികള്‍ ഏത് കുടുംബത്തില്‍ പെട്ടതാണ്, അവയുടെ ഉത്ഭവ പ്രദേശം, ഉപയോഗം, ഏതുതരം മരുന്നിനും രോഗത്തിനും ഉപയോഗിക്കുന്നു, തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് തരംതിരിച്ചിരിക്കുന്നത്.

എങ്ങനെ വേണമെങ്കിലും ഈ ഉദ്യാനം ആസ്വദിക്കാം. ഒന്നുകില്‍ ഇവിടെയാകെ ചുറ്റിക്കറങ്ങാം, അല്ലെങ്കില്‍ ജലധാരക്കടുത്തുള്ള ഈ തടിബഞ്ചില്‍ ഇരുന്നു ഒരു പുസ്തകം വായിക്കാം അങ്ങനെ പല രീതിയിലും. അതുമല്ലെങ്കില്‍ ഒരു ശബ്ദവിവരണം ഒപ്പം നല്‍കുന്ന സഞ്ചാരം തെരഞ്ഞെടുക്കാം. കുട്ടികള്‍ക്ക് കളിക്കാനുള്ള വകയൊരുക്കിയ ഒരു സഞ്ചി കടംവാങ്ങുകയുമാകാം.

ഇതൊന്നുമല്ലെങ്കില്‍ ഒരു വഴികാട്ടിയുമൊത്തുള്ള യാത്ര തെരഞ്ഞെടുക്കാം. അങ്ങനെയാണ് ഞങ്ങള്‍ 10 പേരെ സര്‍വ്വകലാശാലയുടെ സസ്യശേഖരത്തിന്റെ മേല്‍നോട്ടക്കാരനായ സ്റ്റീഫന്‍ ഹാരിസ് ആ ഉദ്യാനത്തിലൂടെ നയിച്ചത്. ചെടികളുടെ ഘടനയും പ്രത്യുത്പാദന രീതികളും മാത്രം പറയുകയല്ല ഹാരിസ്, അവ മനുഷ്യ നാഗരികതയില്‍ ചെലുത്തിയ സ്വാധീനവും അയാള്‍ വിശദീകരിക്കുന്നു. ഉദാഹരണത്തിന് 19 ആം നൂറ്റാണ്ടില്‍ മള്‍ബറി കൃഷി വടക്കേ അമേരിക്കയില്‍ വ്യാപകമായതും പിന്നെ പട്ടിന്റെ രാജാക്കന്മാരാകാന്‍ കൊതിച്ച പലരും തുടര്‍ന്നുള്ള സാമ്പത്തികതകര്‍ച്ചയില്‍ ഇല്ലാതായതും മറ്റും. പിന്നെ ചെടികള്‍ നടുന്നതിന്റെ യുക്തി ഹാരിസ് പറഞ്ഞുതന്നു. ആദ്യമൊക്കെ അവയുടെ രൂപമനുസരിച്ചായിരുന്നു തരംതിരിച്ചിരുന്നത്. ഇപ്പോള്‍ ഡി എന്‍ എ ഘടന വേര്‍തിരിക്കാവുന്നതോടെ അതനുസരിച്ചാണ് തരംതിരിക്കുന്നത്.

ഒക്‌സ്‌ഫോര്‍ഡിലെ മഗ്ദലെന്‍ കോളേജിലെ 15 ആം നൂറ്റാണ്ടിലെ പ്രസിദ്ധമായ ഗോപുരത്തിന് തൊട്ടുള്ള പാതയ്ക്കപ്പുറമാണ് പച്ചപ്പിന്റെ ഈ കൊച്ചുതുരുത്ത്, നഗരത്തിലെ പഴയ ജൂത ശ്മശാനത്തിന് മേലുള്ള പനിനീര്‍ പൂന്തോട്ടത്തിന് പിറകില്‍. ജെ ആര്‍ ആര്‍ ടോല്കീനും, ലൂയീ കരോളുമടക്കമുള്ള നിരവധി സാഹിത്യപ്രതിഭകളുടെ സന്ദര്‍ശനകേന്ദ്രമായിരുന്നു ഇത്. ഹാരിസിനെ പോലുള്ള സസ്യ ശാസ്ത്രജ്ഞര്‍ക്ക് ഇത് കാള്‍ ലിനസിനെപ്പോലുള്ള മഹാന്മാരായ സസ്യ ശാസ്ത്രജ്ഞരുടെ ആശയങ്ങളുടെ പ്രതീകമാണ്. ഹാരിസ് സര്‍വ്വകലാശാലയിലെ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ സര്‍വ്വകലാശാലയിലെ സസ്യമാതൃകകളുടെ ശേഖരകേന്ദ്രത്തിലാണ് അദ്ദേഹം ഏറെസമയവും ചെലവിടുന്നത്.

ജീവനുള്ളവക്കിടയില്‍ നില്‍ക്കുന്നത് ഒരു പുതുമയാണ് എന്നു ഹാരിസ് പറയുന്നു. തീര്‍ച്ചയായും അപ്പറഞ്ഞത് ചെടികളെക്കുറിച്ചാണ്, ആളുകളെക്കുറിച്ചല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍