UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബൊയ്ക്കോട്ട് സീമാസ് ആഹ്വാനവുമായി തോമസ് ഐസക് എംഎല്‍എ

Avatar

അഴിമുഖം പ്രതിനിധി

സീമാസ് വസ്ത്രസ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് തോമസ് ഐസക് എം എല്‍ എ യുടെ ഫേസ്ബുക് പോസ്റ്റ്. തൊഴിലാളി സമരം നടന്നുവരുന്ന ആലപ്പുഴ സിമാസ് അടച്ചിടാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിനെതിരെയാണ് അവരുടെ എല്ലാ വസ്ത്രസ്ഥാപനങ്ങളും ബഹിഷ്‌കരിക്കാന്‍ എം എല്‍ എയുടെ ആഹ്വാനം. ഫേസ്ബുക്ക് വഴി സീമാസ് ബഹിഷ്‌കരണ സന്ദേശം വ്യാപിപ്പിക്കാനും തോമസ് ഐസക് ആവശ്യപ്പെടുന്നു. മുഖ്യധാര മാധ്യമങ്ങള്‍ ഇത്തരമൊരു നീക്കത്തിന് അനുകൂലമായി നില്‍ക്കില്ലെന്നതിനാലാണ് സാമൂഹ്യമാധ്യമത്തിലൂടെ ഈ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ തയ്യാറാവുന്നതെന്നും അദ്ദേഹം പറയുന്നു.

ആലപ്പുഴയിലെ സ്ഥാപനം പൂട്ടിക്കിടന്നാലും ഒന്നും സംഭവിക്കില്ലെന്ന നിലപാട് മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്. ഇത്തരത്തില്‍ ധാര്‍ഷ്ട്യം കാണിക്കുന്ന സീമാസിന്റെ എല്ലാ സ്ഥാപനങ്ങളും ബഹിഷ്‌കരിച്ചുകൊണ്ട് ആലപ്പുഴയിലെ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും തോമസ് ഐസക് എംഎല്‍എ പറയുന്നു. 

അതേസമയം ആലപ്പുഴയില്‍ സമരം നടത്തുന്ന തൊഴിലാളികളും അവര്‍ക്ക് പിന്തുണ കൊടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു തൊഴില്‍സ്ഥാപനംകൂടി തകര്‍ക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് തോമസ് ഐസക്ക് ഇന്നലെ തന്റെ മറ്റൊരു ഫേസ്ബുക് പോസ്റ്റിലൂടെ മറുപടി പറഞ്ഞിരുന്നു. സമരങ്ങള്‍ മൂലം വ്യവസായങ്ങള്‍ വളരാത്തതെന്നും അടച്ചുപൂട്ടാനെ ഇത് ഉപകരിക്കൂ എന്നും ആ പാരമ്പര്യമാണ് ആലപ്പുഴ സീമാസിന്റെ കാര്യത്തിലും നടക്കുന്നതെന്ന തരത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി തോമസ് ഐസക് എംഎല്‍എ ഇട്ട പോസ്റ്റിന്റെ പൂര്‍ണരൂപം;

ആലപ്പുഴ സീമാസ് സമര പോസ്റ്റുകളുടെ വിമര്‍ശകരില്‍ ഓരോരുത്തരോടായി പ്രതികരിക്കാന്‍ കഴിയില്ല. ആക്ഷേപഹാസ്യക്കാരെ അവഗണിക്കുന്നു. മറ്റുളളവര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളോടു പൊതുവില്‍ സംവദിക്കാന്‍ തയ്യാറാണ്.

ഏറ്റവും അധികം പേരെ അലട്ടുന്നത് സമരംമൂലം സ്ഥാപനങ്ങള്‍ പൂട്ടുന്നതാണ്. ഇതുകൊണ്ടാണ് കേരളത്തില്‍ വ്യവസായങ്ങള്‍ വളരാത്തത്, അടച്ചുപൂട്ടാനേ അറിയൂ, തുറക്കാനറിയില്ല. ഈ പാരമ്പര്യമാണ് ആലപ്പുഴ സീമാസ് സമരത്തിന്റേയും.. ഇങ്ങനെയാണ് വിമര്‍ശനങ്ങളുടെ പൊതുരീതി.

വസ്തുതകള്‍ നോക്കുക. സമരം മൂലവും ലോക്കൗട്ട്മൂലവും നഷ്ടപ്പെട്ടവരുടെ കണക്ക് ഇക്കണോമിക് റിവ്യൂവില്‍ ലഭ്യമാണ്. 2009ല്‍ സമരം മൂലം 1.8 ലക്ഷം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ ലോക്കൗട്ട് മുലം 5.1 ലക്ഷം തൊഴില്‍ദിനങ്ങളാണ് നഷ്ടപ്പെട്ടത്. 2010ല്‍ സമരം മൂലം 1.7 ലക്ഷവും ലോക്കൗട്ടു മൂലം 7.4 ലക്ഷവും തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടു. ഇങ്ങനെ ഓരോ വര്‍ഷവുമെടുത്താല്‍ ലോക്കൗട്ട് മൂലമാണ് കൂടുതല്‍ തൊഴില്‍ദിന നഷ്ടം. സാധാരണഗതിയില്‍ പണിമുടക്കല്ല, ലോക്കൗട്ടാണ് വ്യവസായശാലകളുടെ അടച്ചുപൂട്ടലിലേയ്ക്കു നയിക്കുന്നത്.

ലോക്കൗട്ട് ഒരര്‍ത്ഥത്തില്‍ മുതലാളിമാരുടെ പണിമുടക്കാണ്. ഇതു മിക്കപ്പോഴും തൊഴിലാളികളെ പീഡിപ്പിക്കുക എന്ന ലക്ഷ്യംവെച്ചല്ല എന്നതു സത്യം തന്നെ. ലോക്കൗട്ടിന് മുഖ്യകാരണം സര്‍ക്കാര്‍ നയങ്ങളോ കമ്പോള ഞെരുക്കമോ മൂലം വ്യവസായം നടത്തിക്കൊണ്ടുപോകാനുളള സാഹചര്യം ഇല്ലാതാകുന്നതാണ്. ഇതാണ് അടച്ചുപൂട്ടലിന്റെ മുഖ്യഘടകം. അല്ലാതെ തൊഴില്‍ സമരങ്ങളല്ല.

ജയ്പ്പൂരില്‍ ഗവേഷകനായ എസ് മോഹന്‍കുമാര്‍ എന്റെ കീഴില്‍ രണ്ടു പതിറ്റാണ്ടു മുമ്പ് പണിമുടക്കുകളെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കുകയുണ്ടായി. അതില്‍ എത്തിച്ചേര്‍ന്ന രണ്ടു നിഗമനങ്ങള്‍ ഇവയാണ്. എഴുപതുകളുടെ അവസാനം മുതല്‍ കേരളത്തിലെ പണിമുടക്കുകളേയും അതുമൂലമുളള തൊഴില്‍ദിന നഷ്ടത്തിന്റെയും തോത് അഖിലേന്ത്യാ ശരാശരിയെക്കാള്‍ താഴ്ന്നതാണ്. രണ്ട്, തുടര്‍ന്നുളള കാലത്ത് ഈ വ്യത്യാസം വര്‍ദ്ധിച്ചു വന്നു. ഈ കണക്കുകള്‍ സമകാലീനമാക്കി ഒരു കുറിപ്പെഴുതാന്‍ ഞാന്‍ മോഹന്‍കുമാറിനോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു സംശയവും വേണ്ട, ദേശീയ ശരാശരിയെക്കാള്‍ വളരെ താഴെയായിരിക്കും കേരളത്തിന്റെ പണിമുടക്കു കണക്ക്.

മറ്റൊരു കണക്ക്, കേരളത്തില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ 4.7 ശതമാനം പീഡിത വ്യവസായങ്ങളാണ്. തമിഴ്‌നാട്ടില്‍ ഈ തോത് 9.4 ശതമാനവും. കര്‍ണാടകയില്‍ 7.3 ശതമാനവും ആന്ധ്രയില്‍ 9 ശതമാനമാവുമാണ്. കേരളത്തിനെക്കാള്‍ സമരങ്ങള്‍ കൂടുതല്‍ നടക്കുന്നതുകൊണ്ടാണോ ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ചെറുകിട വ്യവസായങ്ങള്‍ പീഡിത വ്യവസായങ്ങളായി അടച്ചു പൂട്ടലിലേയ്ക്കു പോകുന്നത്?

സമരങ്ങളാണ് വ്യവസായസ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിനു മുഖ്യകാരണം എന്ന വാദം വസ്തുതാപരമായി ശരിയല്ല. എന്നാലും സരമം മൂലം കുറച്ചെങ്കിലും സ്ഥാപനങ്ങള്‍ അടയ്‌ക്കേണ്ടി വരുന്നത് കഷ്ടമല്ലേ? സീമാസിലെ 100 തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെട്ടാല്‍ അതിനുത്തരവാദിത്തം ആരു പറയും? ഇതായിരിക്കും അടുത്ത ചോദ്യം. അപ്പോഴും നിവൃത്തികേടുകൊണ്ട് സ്വയം സമരത്തിനിറങ്ങിയ പാവങ്ങളാണ് തെറ്റുകാര്‍. അവരെ സഹായിക്കുന്ന ഞങ്ങളാണു കുറ്റക്കാര്‍. അടച്ചു പൂട്ടുന്ന മുതലാളി നിസഹായനായ നിരപരാധിയും. 

കട പൂട്ടുമെന്ന് മാനേജ്മെന്‍റ്; പിന്മാറില്ലെന്ന് തൊഴിലാളികള്‍; സീമാസില്‍ നടക്കുന്നത്
സംസാരിച്ചാലും ലിഫ്റ്റില്‍ കയറിയാലും പിഴ; ആലപ്പുഴ സീമാസില്‍ നടക്കുന്ന തൊഴിലാളി പീഢനങ്ങള്‍


തൊഴിലാളികള്‍ തങ്ങളുടെ പരാധീനതയ്ക്ക് എങ്ങനെയാണ് പരിഹാരം കാണേണ്ടത് എന്ന് വമര്‍ശകര്‍ ഒന്നു പറഞ്ഞുതരാമോ? സീമാസ് മുതലാളിയ്ക്ക് നല്ല ലാഭം ഉണ്ടെന്ന് ഓരോവര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ബ്രാഞ്ചുകളുടെ എണ്ണം തന്നെയാണ് തെളിവ്. എന്നിട്ടും തൊഴിലുറപ്പു കൂലി പോലുമില്ലാതെ 10 12 മണിക്കൂര്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശമ്പളം പോകട്ടെ, താമസത്തിനും ഭക്ഷണത്തിനുമുളള സൗകര്യം മെച്ചപ്പെടുത്തണമെന്നു തോന്നുന്നില്ലല്ലോ. ഫൈനടിച്ചു മാസം തോറു 1020 ശതമാനം ശമ്പളം തിരിച്ചുപിടിക്കുകയല്ലേ ചെയ്യുന്നത്? ഇതിനൊക്കെ എന്തു ന്യായീകരണം?

ദീനദയാലുവായ മുതലാളിമാര്‍ അറിഞ്ഞ് എല്ലാം തരും എന്നതിന് എവിടെയെങ്കിലും ഒരു തെളിവ് ചൂണ്ടിക്കാണിക്കാമോ? ഈയൊരു സാഹചര്യമാണ് സമരങ്ങള്‍ അനിവാര്യമാക്കുന്നത്. സമരം ചെയ്താല്‍ അടച്ചുപൂട്ടി പോവുകയൊന്നും വേണ്ട. മാന്യമായ ഒത്തുതീര്‍പ്പുണ്ടാക്കണം.

മനുഷ്യത്വപരമായ ചില ഗുണങ്ങള്‍ ഉണ്ടെങ്കിലേ അങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. സീമാസ് പോലുളള പുത്തന്‍കൂറ്റു മുതലാളിമാര്‍ക്ക് അങ്ങനെയൊരു മനസില്ല. തൊഴിലാളികളെ മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ അവര്‍ തയ്യാറല്ല. തങ്ങള്‍ക്കെതിരെ സംഘടിക്കാനും സമരം ചെയ്യാനും ഈ സ്ത്രീകള്‍ക്കെങ്ങനെ ധൈര്യം വന്നു എന്ന ഭാവമാണ് അവര്‍ക്ക്. ഈ മനോഭാവം തിരുത്താന്‍ തയ്യാറായാല്‍ കട തുറന്ന് ഓണക്കച്ചവടം നടത്താം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍