UPDATES

ട്രെന്‍ഡിങ്ങ്

പുതുവൈപ്പിനില്‍ മുതിര്‍ന്നവരെ പോലീസ് തല്ലിച്ചതച്ചപ്പോള്‍ കുട്ടികളുടെ സമരം; ഫോട്ടോ വൈറലാകുന്നു

വൈപ്പിനിലെ കുട്ടികള്‍ നടത്തുന്ന സമരത്തിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരം പോലീസ് തല്ലിയൊതുക്കിയിട്ട് ദിവസങ്ങളാകുന്നു. സമരക്കാരെ തല്ലിച്ചതച്ചത് കാടത്തമാണെന്നും എല്‍ഡിഎഫ് നയത്തിന് എതിരാണെന്നും സ്ഥലം എംഎല്‍എ എസ് ശര്‍മ്മ തന്നെ പറയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനത്തിന് മുന്നോടിയായാണ് സമരക്കാരെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത് ഒഴിവാക്കിയതെന്ന ആരോപണവും ശക്തമാണ്.

ഇന്നലെ രാവിലെയാണ് ഹൈക്കോടതി ജംഗ്ഷനില്‍ സ്ത്രീകളും കുട്ടികളും അടക്കം സമരത്തില്‍ പങ്കെടുക്കാനെത്തിയ 316 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മറൈന്‍ ഡ്രൈവില്‍ വച്ച് തന്നെ തടഞ്ഞ പോലീസ് ബോള്‍ഗാട്ടി ജംഗ്ഷന് സമീപവും സമരത്തിനെത്തിവരെ തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ക്ക് നേരെ ലാത്തി വീശുകയും ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്തവരില്‍ നാല് പേരൊഴികെയുള്ളവരെ വിട്ടയച്ചിട്ടുണ്ട്. ഇവരെ പോലീസിനെ ആക്രമിച്ചുവെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം സര്‍ക്കാര്‍ ഇടപെട്ട് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ ഇന്ന് സമരമില്ലെന്ന് സമര പ്രവര്‍ത്തകന്‍ അജയഘോഷ് അഴിമുഖത്തോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരഭൂമിയിലെത്തും. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കാനും പരാതികള്‍ പറയാനും ജനങ്ങള്‍ ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.

എന്നാല്‍ മുതിര്‍ന്നവരെ പോലീസ് അടിച്ചോടിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ പുതുവൈപ്പിനിലെ കുട്ടികള്‍ സമരം ഏറ്റെടുത്തിരിക്കുകയാണ്. വൈപ്പിനിലെ കുട്ടികള്‍ നടത്തുന്ന സമരത്തിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വൈപ്പിനില്‍ സമരക്കാരെ തടയാനും നിയന്ത്രിക്കാനുമായി നിരന്നു നില്‍ക്കുന്ന പോലീസുകാര്‍ക്ക് മുന്നിലൂടെ നിര്‍ഭയം കൈകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന കുട്ടികളെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. പോലീസുകാര്‍ ഇവരെ കൗതുകത്തോടെ നോക്കുന്നുമുണ്ട്. ഈമാസം 14ന് സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന സമരപ്പന്തല്‍ രാവിലെ പോലീസ് പൊളിച്ചതില്‍ കുട്ടികളുടെ ജാഗ്രത സമിതി വൈകിട്ട് നാല് മണിക്ക് നടത്തിയ പ്രതിഷേധത്തില്‍ നിന്നാണ് ഈ ചിത്രം. ജലപീരങ്കി പ്രവര്‍ത്തിച്ച് കാണിച്ച് കുട്ടികളെ ഭയപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ പ്രകടനം നടത്തിയത്.

ഇന്നലെ അറസ്റ്റ് ചെയ്തവരെ സ്‌റ്റേഷനുകളിലായാണ് കസ്റ്റഡിയില്‍ വച്ചിരുന്നത്. പോലീസ് ആക്രണത്തില്‍ സിപിഐ നേതാവ് ഫ്രാന്‍സിസിന്റെ വൃഷണം തകര്‍ന്നിരുന്നു. ഇയാളുടെ വൃഷണത്തില്‍ ഞെക്കിയാണ് പോലീസ് ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തെയും പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചിട്ടില്ല. 13 വയസ്സിനും ആറ് വയസ്സിനും ഇടയില്‍ പ്രായമുള്ള ഏഴ് കുട്ടികളും പോലീസ് ആക്രമണത്തെ തുടര്‍ന്ന് മാലിപ്പുറം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെയിലാണ് കുട്ടികളുടെ സമരത്തിന്റെ ചിത്രം പുറത്തുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍