UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചില അഗ്രഹാരങ്ങള്‍ ചേരികള്‍ക്ക് സമാനമായ അവസ്ഥയിലെന്ന് കോടിയേരി ബാലകൃഷ്ണന്‍; അവരെ സഹായിക്കാന്‍ അഞ്ച് ലക്ഷം രൂപയുടെയെങ്കിലും പദ്ധതി നടപ്പിലാക്കണം

ഗൃഹസന്ദര്‍ശനത്തിന് ശേഷമാണ് സിപിഎം സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് ജനഹിതമറിയുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം നേതാക്കള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ ഗൃഹ സന്ദര്‍ശനം നടത്തി, ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു നടപടി. ഗൃഹസന്ദര്‍ശനത്തിനിടെ ജനങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിശദമാക്കി. തിരുവനന്തപുരത്തായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഗൃഹസന്ദര്‍ശനം.

തെറ്റിദ്ധാരണകളുടെ പുറത്താണ് നേരത്തെ ഇടതുപക്ഷത്തിന് വോട്ടു ചെയ്ത പലരും ഇത്തവണ എതിരാളികളെ തെരഞ്ഞെടുത്തതെന്ന് ജനമനസ്സിലൂടെ എന്ന ലേഖനത്തില്‍ അദ്ദേഹം എഴുതുന്നു. വിരോധം കൊണ്ടല്ലെങ്കിലും മനപൂര്‍വം തന്നെ ഇടതുപക്ഷത്തിന് വോട്ടുചെയ്തില്ലെന്ന് പറഞ്ഞവരുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു. ചിലര്‍ രാഹുല്‍ പ്രധാനമന്ത്രി ആകുമെന്ന് കരുതി വോട്ട് മറിച്ചു ചെയ്തു. ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് തിരുത്തി മുന്നോട്ടു പോകുമെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് പാര്‍ട്ടിയെന്നും അദ്ദേഹം എഴുതുന്നു. തിരുവനന്തപുരത്തെ ചില അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ച കഥ അദ്ദേഹം തന്റെ ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്.

തിരുവനന്തപുരത്തെ ഒരു അഗ്രഹാരത്തെരുവിലെത്തിയപ്പോള്‍ പലവിധ പരാതികള്‍ കേട്ടു. അതിലൊന്ന് തങ്ങളെ ‘സവര്‍ണഹിന്ദു’ക്കളെന്ന് വിശേഷിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നായിരുന്നു വെന്ന് കോടിയേരി എഴുതുന്നു.

ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണ്. അതുകൊണ്ടാണ് പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന നിര്‍ദേശം സിപിഎം നേരത്തെ മുന്നോട്ടുവെച്ചതാണെന്നും കോടിയേരി വ്യക്തമാക്കി. ഈ അഗ്രഹാരത്തില്‍ പട്ടിണിക്കാരായ കുടുംബങ്ങളെ കാട്ടിത്തരാം. അവര്‍ക്ക് രക്ഷനല്‍കാന്‍ നിങ്ങളെന്തെങ്കിലും ചെയ്യണമെന്നതായിരുന്നു താന്‍ സന്ദര്‍ശിച്ച ഒരു ബ്രാഹ്മണന്റെ ആവശ്യം എന്ന് കോടിയേരി തന്റെ ലേഖനത്തില്‍ എഴുതി. തുടര്‍ന്ന് ഈ ആവശ്യം ന്യായമാണെന്നും അ്‌ദ്ദേഹം പറഞ്ഞു. ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയിലാണ് പല അഗ്രഹാരങ്ങളുമെന്ന് കോടിയേരി പറഞ്ഞു. ‘ഇത് പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും തുടര്‍നടപടിയെടുപ്പിക്കാമെന്നും ഉറപ്പുനല്‍കി. ‘ കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

മറ്റ് മത നേതാക്കളെ കണ്ടകാര്യവും കോടിയേരി ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Read More: കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍