UPDATES

സാംബ- 2014

ഇന്ന് ലാറ്റിന്‍ അമേരിക്കന്‍ പോരാട്ടം- എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

പ്രി-ക്വാര്‍ട്ടര്‍ മത്സരങ്ങളിലേക്ക് ലോകകപ്പ് പോരാട്ടങ്ങള്‍ കടന്നിരിക്കുകയാണ്. കിരീടം മോഹിച്ചെത്തിയവരില്‍ പലരും നാട്ടിലേക്ക് വിമാനം കയറിക്കഴിഞ്ഞു. അവരില്‍ ചിലരെയൊക്കെ നമ്മള്‍ നെഞ്ചിലേറ്റിയിരുന്നു. പോയവരെക്കുറിച്ച് ഇനി പറഞ്ഞിട്ടു കാര്യമില്ല. ഇനി കളത്തിലുള്ളവരെക്കുറിച്ച് പറയാം. കിരീടം ചൂടുന്നത് ഇതിലൊരാളായിരിക്കും.

ആദ്യ പ്രി-ക്വാര്‍ട്ടര്‍ മത്സരം ആതിഥേയരും, ഈ ലോകകപ്പില്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുമായ ബ്രസീലും അത്ഭുത ടീമെന്ന് പേരെടുത്ത ചിലിയും തമ്മിലാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് നടക്കുന്ന ഈ ടൂര്‍ണമെന്റിന്റെ വലിയ പ്രത്യേകത ബാക്കിയാവുന്ന പതിനാറു ടീമില്‍ ഏഴു ടീമുകള്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍ എന്നതു തന്നെയാണ്. അതായത് പല മത്സരങ്ങളും ലാറ്റിന്‍ അമേരിക്കന്‍ ശക്തികളുടെ ഏറ്റുമുട്ടല്‍ ആയിരിക്കും. ബ്രസീല്‍-ചിലി ഏറ്റുമുട്ടല്‍ ആ കൂട്ടത്തില്‍ കൂടുതല്‍ കടുപ്പമേറുന്നു. 

ഫുട്‌ബോള്‍ പണ്ഡിതരും ജ്യോതിഷികളുമൊന്നും ചിലി എന്ന കുഞ്ഞന്‍ ടീമിനെ ലീഗ് മത്സരങ്ങള്‍ക്കപ്പുറം പരിഗണിച്ചിരുന്നില്ല. അവര്‍ക്ക് ആ രാജ്യത്തിനകത്തല്ലാതെ അധികം ആരാധകരും ഉണ്ടായിക്കാണില്ല. എന്നാല്‍ പ്രവചനങ്ങളെയും കണക്കൂകൂട്ടലുകളേയും ചിലി നിഷ്പ്രഭമാക്കിയിരിക്കുന്നു. തങ്ങള്‍ നിസ്സാരക്കാരല്ലെന്ന് കളിച്ചു തെളിയിച്ചു. ലോക ചാമ്പ്യന്‍മാരെന്ന ഗരിമയുമായി വന്ന സ്‌പെയിനെ അവര്‍ നോവിച്ചു വിട്ടു. ഓസ്‌ട്രേലിയയെ നാട്ടിലേക്ക് മടക്കിയയച്ചു. ഹോളണ്ടെന്ന കൊമ്പനെ വീഴ്ത്താനായില്ലെങ്കിലും അവരുടെ മസ്തകത്തില്‍ പ്രഹരമേല്‍പ്പിക്കാന്‍ കഴിഞ്ഞു. ആക്രമണമാണ് ചിലിയുടെ ശക്തി. അടിക്കാനും തിരിച്ചടിക്കാനും കഴിവുള്ളവര്‍. ഒരു താരത്തിന്റെ പ്രതിഭയില്‍ ഭാഗ്യപരീക്ഷണത്തിന് കളത്തിലിറങ്ങുന്നവരായിരുന്നില്ല ചിലി. അവര്‍ ഒരുമിച്ചു നിന്നു പൊരുതി. കളത്തിലുള്ള പതിനൊന്നു പേരും കളത്തിനു പുറത്തു നിന്ന് തന്ത്രം മെനയുന്ന കോച്ചും എതിരാളികളെ ഭയപ്പെടുത്തികൊണ്ടിരുന്നു. അതേ ചിലി ചില്ലറക്കാരല്ല. അത് മറ്റാരേക്കാളും നന്നായി മനസ്സിലാക്കിക്കൊണ്ടായിരിക്കും മഞ്ഞപ്പട ഇന്ന് പന്ത് തട്ടി തുടങ്ങുക.

ബ്രസീല്‍ ഇപ്പോള്‍ അവരുടെ നിലാവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. എന്താണോ ലോകം അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത് ആ പ്രതീക്ഷകളിലേക്ക് കാനറികള്‍ ചിറകുവിരിച്ചിരിക്കുന്നു. ആദ്യ രണ്ടു മത്സരങ്ങളില്‍ കണ്ട ബ്രസീല്‍ ടീമായിരുന്നില്ല കാമറൂണിനെതിരെ കളിച്ചത്. ഒരു ടീമെന്ന നിലയില്‍ ഒത്തിണങ്ങി കഴിഞ്ഞു. ആത്മവിശ്വാസവും വര്‍ദ്ധിച്ചു. നെയ്മര്‍ ഈ ലോകകപ്പിന്റെ താരമായിരിക്കുന്നു. ആദ്യലോകകപ്പ് ആണ് ആയാള്‍ കളിക്കുന്നതെന്ന് വിശ്വസിക്കാന്‍ ആവുന്നില്ല. നാലു ഗോളുകളുമായി ടോപ് സ്‌കോറര്‍ ആയിരിക്കുന്നു(മെസിക്കൊപ്പം). ഓരോ കളികഴിയുമ്പോഴും കൂടുതല്‍ അപകടകാരിയാകുന്ന നെയ്മര്‍ തന്നെയായിരിക്കും ബ്രസീലിന്റെ ലോകകപ്പ് മോഹം സ്വാര്‍ത്ഥകമാക്കുന്നത്. നെയ്മറിനൊപ്പം തന്നെ മറ്റു കളിക്കാരും ഫോമിലേക്ക് ഉയര്‍ന്നത് സ്‌കൊളാരിയെ സന്തോഷിപ്പിക്കുന്നുണ്ട്.

ബ്രസീല്‍ കരുത്തരായി എന്ന് പറയുമ്പോഴും ഇന്ന് ചിലിയുമായി മത്സരത്തിനിറങ്ങുമ്പോള്‍ അവര്‍ക്ക് ആശങ്കകളില്ലാതെയില്ല. ബ്രസീലിനെക്കാള്‍ കൂടുതല്‍ ആക്രമണസ്വഭാവം കാണിക്കുന്നത് ചിലിയാണ്. എതിരാളിയുടെ ഗോള്‍മുഖത്തേക്ക് കുതിക്കുന്നതുപോലെ സ്വന്തം ഗോള്‍വല പ്രതിരോധിക്കാനും ചിലിക്കാര്‍ക്ക് അറിയാം. അര്‍ദ്ധാവസരങ്ങള്‍പോലും ഗോളാക്കുന്നവര്‍ക്കായിരിക്കും ഇന്ന് വിജയം. സെറ്റ്പീസുകള്‍ ഫലപ്രദമാക്കുന്നതില്‍ ബ്രസീലിനൊപ്പം കേമന്മാരാണ് ചിലിയും. എത്ര നന്നായി കളിച്ചാലും ഭാഗ്യംകൂടി കൂട്ടിനുവേണം. ഘാനയ്‌ക്കെതിരേ പതിമൂന്നു പ്രാവിശ്യമാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ലക്ഷ്യം കണ്ടത് ഒരു തവണ.നിര്‍ഭാഗ്യം കൂടി എതിര്‍ ടീമിന്റെ ഒപ്പം ചേര്‍ന്ന് പോരാടാന്‍ വന്നാല്‍ ഏതു കൊമ്പനും അടിതെറ്റാം. ഒന്നു പറയാം- ഈ മത്സരം ഒരിക്കലും ഏകകപക്ഷീയമാവില്ല.

രണ്ടാം പ്രി-ക്വാര്‍ട്ടര്‍ മത്സരം കൊളംബിയയും ഉറുഗ്വെയും തമ്മിലാണ്. ഈ മത്സരത്തെ കുറിച്ച് പറയുന്നതിനു മുമ്പ് സുവാരസിനെക്കുറിച്ച് ചിലതു പറയുകയാണ്. അയാള്‍ ചെയ്തത് തെറ്റാണ്. പ്രതിഭയുള്ള ആ കളിക്കാരനെ ന്യായീകരിക്കാന്‍ ഒരുഫുട്ബോളര്‍ എന്ന നിലയ്ക്ക് എനിക്കാവുന്നില്ല. ഒരു പ്രാവിശ്യം സംഭവിക്കുന്ന തെറ്റിനെ നമുക്ക് പൊറുക്കാം. എന്നാല്‍ അതേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചാല്‍? ഇത് മൂന്നാമത്തെ തവണയാണ് കടി വിവാദത്തില്‍ സുവാരസ് അകപ്പെടുന്നത്. കളിക്കളത്തില്‍ ഏതൊരു താരവും സമ്മര്‍ദ്ദത്തില്‍പ്പെടുന്നത് സ്വാഭാവികം. എന്നാല്‍ അതിന്റെ പരിണാമം ഇത്തരത്തില്‍ ആകരുത്. ബോഡി കോണ്ടാക്റ്റ് ഉള്ള കായിക ഇനമാണ് ഫുട്‌ബോള്‍. ഫൗള്‍ ഉണ്ടാവുക സാധാരണം. എന്നാല്‍ ചില്ലീനിയുടെ ഭാഗത്തു നിന്നും യാതൊരു വിധ പ്രകോപനവും ഉണ്ടാവാതെ തന്നെയാണ് സുവാരസ് അയാളെ കടിച്ചത്. എന്ത് മാനസികാവസ്ഥയാണ് അയാളെക്കൊണ്ട് ഈ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്? ഒമ്പത് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് സുവാരസിന് വിലക്ക് നേരിടുകയാണ്. അടുത്ത ലോകകപ്പിലും അയാള്‍ക്ക് കളിക്കാനാവുമോ? ഉറുഗ്വേ ഫൈനലില്‍ എത്തിയാല്‍ പോലും അയാള്‍ക്ക് കളിക്കാന്‍ കഴിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ അയാളുടെ കരിയര്‍ തന്നെ അവതാളത്തിലായിരിക്കുന്നു.

സുവാരസ് ഇല്ലാത്ത ഉറുഗ്വേ എത്രകണ്ട് ശക്തമാണെന്ന് ഇന്നത്തെ കളി കണ്ടറിയണം. സുവാരസ് ഇല്ലാതെ കോസ്റ്ററിക്കയോട് അവര്‍ തോറ്റിരുന്നു. ഇനിയവരുടെ പഴയ പടക്കുതിര ഫോര്‍ലാന്‍ തന്റെ പ്രതാപം വീണ്ടെടുക്കണം. എന്തായാലും ഒരൊറ്റ മത്സരം കൊണ്ട് ഹീറോ ആയ ഒരു കളിക്കാരന്‍ അടുത്ത മത്സരം കൊണ്ട് വെറും സീറോ ആയപ്പോള്‍ ആ പാപഭാരം ഏല്‍ക്കേണ്ടി വരിക ഒരു രാജ്യത്തിനാകരുതേ എന്ന് പ്രാര്‍ത്ഥിക്കാം.

സാംബ-2014

ചരിത്രത്തെ കീറിമുറിച്ച 20 ഗോളുകള്‍
മുദ്രാവാക്യങ്ങളിലെ ഉഷാര്‍ കളിയില്‍ കാണുമോ?
നായകന്‍ നെയ്മര്‍ തന്നെ; വിപണി കളി തുടങ്ങിക്കഴിഞ്ഞു
എപ്പോഴും ആരെങ്കിലുമൊക്കെ കളിച്ചുകൊണ്ടിരിക്കുന്ന ബ്രസീല്‍
ലോകകപ്പ് ഞങ്ങളുടെ അരവയർപട്ടിണിയെ മുഴുപ്പട്ടിണിയാക്കും – പറയുന്നത് റൊമാരിയോയാണ്

ഉറുഗ്വെയുടെ സമ്മര്‍ദ്ദം മുതലെടുക്കാനായിരിക്കും കൊളംബിയ ശ്രമിക്കുക. ചിലിയുടെ കാര്യം പറഞ്ഞപ്പോലെ ആരും അത്ര കണ്ടൊന്നും ശ്രദ്ധിക്കാതിരുന്ന ടീമായിരുന്നു കൊളംബിയയും. എന്നാല്‍ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അവര്‍ പ്രി-ക്വാര്‍ട്ടറിലെത്തിയിരിക്കുന്നു. അതും അവരുടെ സ്റ്റാര്‍ പ്ലയര്‍ ഫാല്‍ക്കോവ ഇല്ലാതെ തന്നെ. പൊതുവെ എളുപ്പമുള്ള ഗ്രൂപ്പില്‍ നിന്നാണെങ്കില്‍പ്പോലും അവരുടെ വിജയത്തെ ഒട്ടും കുറച്ച് കാണുന്നില്ല. ലോകകപ്പിന്റെ രക്തസാക്ഷിയായ ആന്ദ്രെ എസ്‌കോബാറിന്റെ പിന്‍ഗാമികള്‍ വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പില്‍ ചലനമുണ്ടാക്കുന്നത്. ഒരോ ചുവടും അവര്‍ മുന്നോട്ടു പോകുമ്പോള്‍ അത് എസ്‌കോബാറിനുള്ള അവരുടെ കടംവീട്ടല്‍ കൂടിയായിരിക്കും.

(ഇന്ത്യന്‍ ടീമിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. എസ് ബി ടിയിലൂടെ പ്രൊഫെഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച പ്രദീപ് 2005ല്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007ലും 2009ലും നെഹ്റു കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി.  നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായിരുന്നു പ്രദീപ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍