UPDATES

കായികം

പൗളീഞ്ഞോയുടെ ഹാട്രിക്കിലേറി ബ്രസീല്‍; ഉറുഗ്വെ തകര്‍ന്നു; ഗോളുകള്‍ കാണാം

ബ്രസീലിനെതിരെ നിറയൊഴിച്ചു കൊണ്ട് ഉറുഗ്വേയാണ് ആദ്യം അക്കൗണ്ട് തുറന്നത്

പൗളീഞ്ഞോയുടെ ഹാട്രിക്. അതായിരുന്നു ആ മത്സരത്തിന്റെ സവിശേഷത. ഉറുഗ്വയ്‌ക്കെതിരെ അവരുടെ മണ്ണില്‍ നേടിയ അത്യുഗ്രന്‍ ജയത്തോടെ ബ്രസീല്‍ 2018-ലെ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വരവറിയിച്ചു. 4-1-നാണ് ബ്രസീല്‍ ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഉറുഗ്വയെ തകര്‍ത്തത്. ബ്രസീലിന് ഇതോടെ 13 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുമായി ബ്രസീല്‍ കുതിക്കുകയാണ്.

യോഗ്യതാ റൗണ്ടില്‍ ഇനി അഞ്ചു മത്സരങ്ങള്‍ കൂടി ശേഷിക്കേ ആരൊക്കെ പുറത്തു പോകുമെന്നതാണ് ഇനി അറിയാനുള്ളത്. 13 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഉറുഗ്വേ രണ്ടാം സ്ഥാനത്തുണ്ട്. 22 പോയിന്റുമായി അര്‍ജന്റീന മൂന്നാം സ്ഥാനത്തും 21 പോയിന്റുമായി കൊളംബിയ നാലാം സ്ഥാനത്തും തുടരുന്നു. യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ ആറാം ജയമായിരുന്നു ഇന്നലെ ബ്രസീല്‍ നേടിയത്. 2001-നു ശേഷം ഉറുഗ്വേയ്ക്ക് ഇതുവരെ സ്വന്തം നാട്ടില്‍ ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മിന്നും താരം ലൂയി സുവരസ് സസ്‌പെന്‍ഷനിലായതിനാല്‍ ഇന്നലെ ഉറുഗ്വേയ്ക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയില്ല.

ബ്രസീലിനെതിരെ നിറയൊഴിച്ചു കൊണ്ട് ഉറുഗ്വേയാണ് ആദ്യം അക്കൗണ്ട് തുറന്നത്. എഡിസണ്‍ കവാനിയെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ അലിസണ്‍ വീഴ്ത്തിയതോടെ കിക്കെടുത്ത കവാനി യാതൊരു പിഴവും കൂടാതെ ബോള്‍ വലയുടെ വലതു മൂലയിലേക്ക് അടിച്ചു കയറ്റി.

എന്നാല്‍ ഉറുഗ്വേയുടെ സന്തോഷത്തിന് അല്‍പ്പ നേരത്തെ ആയുസു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പത്തു മിനിറ്റിനുള്ളില്‍ അത്യുഗ്രന്‍ ഗോളിലൂടെ പൗളീഞ്ഞോ സ്‌കോര്‍ തുല്യമാക്കി. നെയ്മറില്‍ നിന്ന് മധ്യവരയ്ക്ക് കുറച്ചു മുമ്പിലായി ബോള്‍ ലഭിച്ച പൗളീഞ്ഞോയുടെ മിന്നും ഷോട്ട് ഗോളിയെ കീഴ്‌പ്പെടുത്തി വല നിറച്ചു.

രണ്ടാം പകുതിയുടെ 52-ാം മിനിറ്റിലും കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെയുമായിരുന്നു പൗളീഞ്ഞോയുടെ മറ്റു ഗോളുകള്‍. 74-ാം മിനിറ്റില്‍ നെയ്മറും സ്വന്തം പേരില്‍ ഗോള്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍