UPDATES

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കി

അഴിമുഖം പ്രതിനിധി

ബ്രസീലിന്റെ ആദ്യ വനിത പ്രസിഡന്റ് എന്ന ചരിത്രം പേറിയ ദില്‍മ റൂസഫിനെ പുറത്താക്കി. ദേശീയ ബജറ്റുമായി ബന്ധപ്പെട്ട ക്രമക്കേടാണ് ദില്‍മയുടെ പതനത്തിനു വഴിയൊരുക്കിയത്. 

വനിത പ്രസിഡന്റിനെതിരെ ഉണ്ടായ ആരോപണത്തെ തുടര്‍ന്നു സെനറ്റില്‍ നടന്ന ഇംപീച്ച്‌മെന്റില്‍ 81 സെനറ്റര്‍മാരില്‍ 61 പേരും ദില്‍മയ്‌ക്കെതിരായാണു വോട്ട് ചെയ്തത്.

പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള അനുമതി കിട്ടിയ കഴിഞ്ഞ മേയ് മുതല്‍ ദില്‍മ സസ്‌പെന്‍ഷനിലായിരുന്നു. ഇംപീച്‌മെന്റ് നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദില്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അവിടെയും ഈ 68 കാരിക്ക് അനുകൂലമായി ഒന്നും സംഭവിച്ചില്ല.

ഇടതുപക്ഷ സംഘടനയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രതിനിധിയായ ദില്‍മയുടെ പടിയിറക്കം രാജ്യത്ത് 13 വര്‍ഷമായി തുടര്‍ന്നുവന്ന ഇടതു ഭരണത്തിനുകൂടിയാണ് അവസാനം കുറിച്ചിരിക്കുന്നത്.

ദില്‍മ സസ്‌പെന്‍ഷനിലായിരുന്ന കാലം തൊട്ട് ഇടക്കാല പ്രസിഡന്റിന്റെ ചുമതല വഹിച്ചുപോന്നിരുന്ന മൈക്കല്‍ ടെമര്‍ പുതിയ പ്രസിന്റായി നിയമിതനാകുമെന്നാണ് അറിയുന്നത്.

2014 ല്‍ ബ്രസീല്‍ ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ വീണപ്പോള്‍ നിയമവിരുദ്ധമായ വായ്പകളുപയോഗിച്ചു ദേശീയ ബജറ്റിലെ ക്രമക്കേടുകള്‍ മറച്ചുവച്ചുവെന്നതാണ് ദില്‍മയുടെ കുറ്റം.

2011 ലാണ് ദില്‍മ റൂസഫ് ബ്രസീലിന്റെ പ്രസിഡന്റ് പദവിയില്‍ എത്തുന്നത്. അടുത്ത ദിവസം ചേരുന്ന സെനറ്റില്‍ തീരുമാനം വീണ്ടും ദില്‍മയ്ക്ക് എതിരാണെങ്കില്‍ അവര്‍ക്ക് എട്ടുവര്‍ഷത്തേക്ക് പൊതുപ്രവര്‍ത്തനം നടത്തുന്നതിനും വിലക്കു വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍