UPDATES

വിദേശം

എനിക്ക് തെറ്റുപറ്റിയിട്ടുണ്ടാകാം. പക്ഷേ ഞാന്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ല; ദില്‍മ റൗസെഫ്

Avatar

നിക്ക് മിറോഫ്, ഡോം ഫിലിപ്‌സ്
(വാഷിങ്ണ്‍ പോസ്റ്റ്)

പ്രസിഡന്റ് ദില്‍മ റൗസെഫിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ച് വ്യാഴാഴ്ച നടന്ന സെനറ്റര്‍മാരുടെ വോട്ടെടുപ്പ് പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു. അവരുടെ ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 13 വര്‍ഷത്തെ ഭരണത്തിനാണ് ഇതോടെ അവസാനമാകുന്നത്.

സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നു കടമെടുത്ത കോടിക്കണക്കിനു ഡോളര്‍ വഴിവിട്ടു ചെലവിട്ട് ബജറ്റ് കമ്മി നികത്തുകയും ജനപ്രിയ സാമൂഹിക പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു എന്നതാണ് റൗസെഫിനെതിരെയുള്ള ആരോപണം. എന്നാല്‍ 80 വര്‍ഷത്തിനുള്ളില്‍ ബ്രസീല്‍ കണ്ട ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിക്കും രാജ്യത്തെ ഉന്നത രാഷ്ട്രീയനേതൃത്വത്തില്‍ മിക്കവരും ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങള്‍ക്കും എതിരെയുള്ള അഭിപ്രായമായാണ് വോട്ടെടുപ്പിനെ കണക്കാക്കുന്നത്. കൂടുതല്‍ രാഷ്ട്രീയ ഭൂചലനങ്ങള്‍ ഇനിയുമുണ്ടാകുമെന്നു കരുതപ്പെടുന്നു.

രാജ്യത്തിന്റെ ആദ്യ വനിത പ്രസിഡന്റായ റൗസെഫ് താന്‍ തിരിച്ചുവരുമെന്നു പ്രഖ്യാപിച്ചു. ഇംപീച്ച്‌മെന്റ് നീക്കത്തെ ‘വൃത്തികെട്ടതും വഞ്ചനാപരവും അട്ടിമറിയും’ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

മുന്‍ ഇടതു തീവ്രവാദിയായ റൗസഫ് ബ്രസീലിലെ പട്ടാളഭരണകാലത്ത് ജയിലില്‍ പീഡനത്തിനിരയായിട്ടുണ്ട്. അന്നത്തെ പീഡനങ്ങളെക്കാള്‍ മുറിവേല്‍പ്പിക്കുന്ന അനീതിയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍ എന്നായിരുന്നു അവരുടെ പ്രതികരണം.

ലഭ്യമായ എല്ലാ നിയമസംവിധാനങ്ങളും ഉപയോഗിച്ച് ഇതിനെതിരെ പൊരുതുമെന്നും ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. ‘എനിക്ക് തെറ്റുപറ്റിയിട്ടുണ്ടാകാം. പക്ഷേ ഞാന്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ല.’

റൗസെഫ് തിരിച്ചുവരാനുള്ള സാദ്ധ്യത വിരളമാണ്. രാത്രിമുഴുവന്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്കുശേഷം 81 സെനറ്റര്‍മാരില്‍ 55 പേരാണ് അവരുടെ കുറ്റവിചാരണയെ അനുകൂലിച്ച് വോട്ട് ചെയ്തത്. വിചാരണക്കാലത്ത് 180 ദിവസം വരെ സസ്‌പെന്‍ഷനിലായിരിക്കുമെന്നാണ് ബ്രസീലിലെ നിയമം.

ഈ വേനല്‍ക്കാലത്ത് ബ്രസീല്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കെയാണ് റൗസെഫിന്റെ പുറത്താകലും തിരിച്ചുപൊരുതുമെന്ന മറുപടിയും. റിയോ ഡി ജനീറോയില്‍ ഒളിംപിക്‌സിനു മൂന്നുമാസം മാത്രം ശേഷിക്കെ ബ്രസീലിലെ രാഷ്ട്രീയപ്രശ്‌നങ്ങള്‍ ഉടനെയൊന്നും അവസാനിക്കില്ലെന്നുറപ്പാണ്.

2014ല്‍ തിരഞ്ഞെടുപ്പുവിജയം ലക്ഷ്യമിട്ട് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളില്‍നിന്നും നിയമനിര്‍മാതാക്കളില്‍നിന്നും മറച്ചുവച്ചെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. വോട്ടെടുപ്പിനുശേഷവും താന്‍ കുറ്റക്കാരിയല്ലെന്നും മുന്‍ഗാമികളും ഇതേ കണക്കു കാണിക്കല്‍ രീതിയാണു പിന്തുടര്‍ന്നതെന്നും റൗസെഫ് പറഞ്ഞു. ‘അവരുടെ കാലത്ത് അത് കുറ്റമായിരുന്നില്ല. എന്റെ കാലത്തും അത് കുറ്റമല്ല’.

എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ തുകകളിലാണ് റൗസെഫ് കണക്കുകൊണ്ടുള്ള കളി നടത്തിയതെന്നാണ് എതിരാളികളുടെ ആരോപണം. അവരുടെ പ്രവൃത്തി ‘ഉത്തരവാദിത്തമെന്ന കുറ്റം’ കലര്‍ന്നതാണോ എന്ന് ഇനി സെനറ്റര്‍മാര്‍ തീരുമാനിക്കും.

വ്യാഴാഴ്ച രാവിലെ നടന്ന വോട്ടെടുപ്പ് പല ജനാധിപത്യ രാജ്യങ്ങളിലെയും ഇംപീച്ച്‌മെന്റിനു തുല്യമായിരുന്നു. എന്നാല്‍ ബ്രസീലില്‍ കുറ്റം തെളിഞ്ഞാല്‍ മാത്രമേ ഒരാള്‍ ഇംപീച്ച് ചെയ്യപ്പെട്ടതായി കണക്കാക്കൂ.

രാഷ്ട്രീയ പദാവലി എന്തായാലും ഒരിക്കലും ജനപ്രിയയായിരുന്ന റൗസെഫിന്റെ രാഷ്ട്രീയ തകര്‍ച്ചയാണ് വോട്ട് കാണിക്കുന്നത്. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ അവരെ സ്ഥിരമായി നീക്കാന്‍ ആവശ്യമായത്ര വോട്ട് ലഭിച്ചിട്ടുണ്ട്. മൂന്നില്‍ രണ്ട്.

അവസാനം സഭയില്‍ സംസാരിച്ച സെനറ്റര്‍ റോമെറോ ജുക റൗസെഫിന്റെ സര്‍ക്കാരിനെ ടൈറ്റാനിക്കിനോട് ഉപമിച്ചു. ‘ പൊയ്‌ക്കൊണ്ടിരിക്കുന്ന ദിശയില്‍ തുടര്‍ന്നാല്‍ ടൈറ്റാനിക് മുങ്ങുമെന്ന് നമുക്കറിയാം.’

റൗസെഫിന്റെ ഇംപീച്ച്‌മെന്റ് അവരുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ സംബന്ധിച്ച് ചിന്തിക്കാനാകാത്തതാണ്.  സമ്പന്നതയുടെയും ശക്തമായ സാമൂഹിക ക്ഷേമ പദ്ധതികളുടെയും വര്‍ഷങ്ങളിലൂടെ 30 മില്യണ്‍ ബ്രസീലുകാരെ ദാരിദ്ര്യരേഖയ്ക്കു മുകളിലേക്കു കൊണ്ടുവന്നത് പാര്‍ട്ടി ഭരണകാലത്താണ്. ഇന്ന് ബ്രസീലിന്റെ പതനത്തിന്റെ ഫലമാണ് റൗസെഫും പാര്‍ട്ടിയും അനുഭവിക്കുന്നത്.

മാസങ്ങളായി റൗസെഫും എതിരാളികളും നടത്തിവന്ന രാഷ്ട്രീയ, നിയമ ചരടുവലികളുടെ പര്യവസാനവുമാണിത്. ഇവ സാധാരണ ബ്രസീലുകാരെ ആശയക്കുഴപ്പത്തിലും നിരാശയിലുമാക്കിയിരുന്നു. ദീര്‍ഘകാലം രാജ്യത്ത് പ്രവര്‍ത്തന സ്തംഭനമുണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു.

കഴിഞ്ഞ മാസം ലോവര്‍ ഹൗസ് റൗസെഫിനെ ഇംപീച്ച് ചെയ്യാനായി വോട്ട് ചെയ്തപ്പോള്‍ ഉണ്ടായ ആഘോഷമൊന്നും വ്യാഴാഴ്ച ഉണ്ടായില്ല. പ്രതികരണങ്ങള്‍ തണുപ്പനായിരുന്നു.

അറുപത്തെട്ടുകാരിയായ റൗസെഫ് അഴിമതി, കൈക്കൂലി ആരോപണങ്ങള്‍ നേരിടാത്ത ബ്രസീലിയന്‍ രാഷ്ട്രീയക്കാരില്‍ ഒരാളാണ്. അവരുടെ പാര്‍ട്ടിയെപ്പറ്റി ഇത്തരം ആരോപണങ്ങളുണ്ടെങ്കിലും. ആ വ്യത്യാസം റൗസെഫിന്റെ പിന്‍ഗാമികള്‍ക്കു ധൈര്യം പകരുകയും രാജ്യാന്തര നിരീക്ഷകരില്‍ റൗസെഫിന്റെ ഇംപീച്ച്‌മെന്റ് നടപടികളുടെ നിയമസാധുതയില്‍ അവിശ്വാസം ജനിപ്പിക്കുകയും ചെയ്യുന്നു. രണ്ടു ദശകങ്ങളോളം പട്ടാളഭരണത്തിന്‍ കീഴിലായിരുന്ന ബ്രസീലിന്റെ രാഷ്ട്രീയ അപക്വതയുടെ സൂചനയായാണ് ഇംപീച്ച്‌മെന്റിനെ സ്വതന്ത്രനിരീക്ഷകര്‍ കാണുന്നത്. ജനപ്രീതിയില്‍ പിന്നിലായ നേതാവിനെ നീക്കാനുള്ള തന്ത്രമാണ് നീക്കമെന്ന് റൗസെഫിന്റെ അനുയായികളും നിരീക്ഷകരും കരുതുന്നു.

റൗസെഫിന്റെ പ്രതിരോധം നയിക്കുന്ന അറ്റോര്‍ണി ജനറല്‍ ജോസ് കാര്‍ഡോസോയുടെ അഭിപ്രായത്തില്‍ നിയമ നിര്‍മാതാക്കള്‍ ‘സത്യസന്ധയും നിഷ്‌കളങ്ക’യുമായ ഒരാളെയാണ് നിന്ദിക്കുന്നത്.

‘മുന്‍ പ്രസിഡന്റുമാരെല്ലാം ഇതേ കാര്യമാണു ചെയ്തത്’, ബജറ്റ് നിയമ ലംഘനമെന്ന ആരോപണത്തെപ്പറ്റി കാര്‍ഡോസോ പറഞ്ഞു.

സെനറ്റിന്റെ തീരുമാനത്തെപ്പറ്റിയുള്ള ഔദ്യോഗിക അറിയിപ്പ് സ്ഥാനമൊഴിയാന്‍ റൗസെഫിനെ നിര്‍ബന്ധിതയാക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് മിഷേല്‍ ടെമറാണ് ഇടക്കാല പ്രസിഡന്റ്. റൗസെഫ് കുറ്റക്കാരിയെന്നു തെളിഞ്ഞാല്‍ ടെമറായിരിക്കും കാലാവധി പൂര്‍ത്തിയാക്കുക.


ഇടക്കാല പ്രസിഡന്‍റ്  മിഷേല്‍ ടെമര്‍

ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റുമാരുടെ കൂടെയാകും ഇനി റൗസെഫിന്റെ സ്ഥാനം. 1998ല്‍ ഇംപീച്ച് ചെയ്യപ്പെട്ട യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഇതില്‍ ഉള്‍പ്പെടും. പിന്നീട് സെനറ്റിന്റെ വിചാരണ ക്ലിന്റനെ കുറ്റവിമുക്തയാക്കിയിരുന്നു.

ബ്രീസലുകാര്‍ക്ക് ഇത് അപരിചിതമല്ല. 1992ല്‍ അന്നത്തെ പ്രസിഡന്റ് ഫെര്‍നാണ്ടോ കോളോര്‍ ഡെ മെല്ലോ അഴിമതി ആരോപണത്തെത്തുടര്‍ന്ന് സെനറ്റ് വിചാരണയില്‍ രാജിവച്ചു. പിന്നീട് രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയ ഡെമെല്ലോ സെനറ്ററായി. റൗസെഫിന്റെ സര്‍ക്കാര്‍ നാശത്തിലാണെന്ന് ഡെമെല്ലോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ബ്രസീലിനെ ബാധിച്ചിരിക്കുന്ന അണുബാധയെന്നാണ് ഒരു എതിരാളി റൗസെഫിന്റെ സര്‍ക്കാരിനെ വിശേഷിപ്പിച്ചത്. ‘കാല്‍ മുറിച്ചുകളഞ്ഞാല്‍ ശരീരത്തെ രക്ഷിക്കാം,’ സെനറ്റര്‍ മാഗ്നോ മാള്‍ട്ട പറഞ്ഞു.

2014ല്‍ നേരിയ ഭൂരിപക്ഷത്തിനു വിജയിച്ച റൗസെഫിന്റെ ജനപ്രീതി ഇപ്പോള്‍ 10 ശതമാനം മാത്രമാണെന്ന് അടുത്തിടെ നടന്ന അഭിപ്രായ സര്‍വേകള്‍ കാണിക്കുന്നു. അവരുടെ പ്രവര്‍ത്തനശൈലി ഒരിക്കല്‍ സഖ്യകക്ഷികളായിരുന്നവരെപ്പോലും ശത്രുക്കളാക്കിയെന്നു വിമര്‍ശകര്‍ പറയുന്നു.

സെനറ്റില്‍ ചര്‍ച്ച തുടങ്ങിയ ബുധനാഴ്ച റൗസെഫ് പൊതുപ്രസ്താവനകളോ പ്രസംഗമോ നടത്തിയില്ല. ദക്ഷിണ അമേരിക്കയില്‍ കാണപ്പെടുന്ന റിയ എന്ന പക്ഷികള്‍ക്കൊപ്പം വ്യായാമ വേഷത്തിലാണ് അവര്‍ പ്രസിഡന്റിന്റെ കൊട്ടാരവളപ്പില്‍ പ്രത്യക്ഷപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍