UPDATES

സാംബ- 2014

സാംബ നിലച്ചു

Avatar

ടീം അഴിമുഖം

ബെല്ലോ ഹൊറിസോണ്ടയിലെ പുല്‍മൈതാനിയില്‍ ഈ കളി നടക്കാതിരുന്നെങ്കില്‍ എന്ന് ലൂയി ഫിലിപ്പ് സ്‌കൊളാരിയും സംഘവും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരിക്കണം. ആമസോണ്‍ കാടുകളുടെ വന്യതയില്‍ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ അവര്‍ക്ക് ഒളിയിടങ്ങള്‍ ഉണ്ടാകുമായിരുന്നു. ജര്‍മ്മനിയുടെ വന്യമായ ആക്രമണത്തില്‍ പതറി ഒളിയിടങ്ങള്‍ അന്വേഷിക്കുകയായിരുന്നു നെയ്മറിന്റെയും തിയാഗോ സില്‍വയുടെയും അസാന്നിധ്യത്തില്‍ ഈ ബ്രസീല്‍ ടീം. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ജര്‍മ്മനിയോട് തകര്‍ന്നടിഞ്ഞ ബ്രസീല്‍ ഇനി ഒരുപാട് വിഴുപ്പലക്കലുകള്‍ക്കും ചെളിവാരിയെറിയലുകള്‍ക്കും സാക്ഷിയാകും.

64 വര്‍ഷം മുമ്പത്തെ മാരക്കാന ദുരന്തം ഈ തോല്‍വിക്ക് മുന്നില്‍ ഒന്നുമല്ല എന്ന തിരിച്ചറിവ് വലിയ വ്രണങ്ങളായിരിക്കും ബ്രസീലിയന്‍ ഫുട്ബോള്‍ അഹന്തയ്ക്ക് സമ്മാനിക്കുക. ചരിത്രത്തില്‍ ഒരു ടീമും ലോകകപ്പ് സെമിഫൈനലില്‍ ഇത്ര വലിയ മാര്‍ജിനില്‍ തോറ്റിട്ടില്ല. ജര്‍മ്മന്‍ തേരോട്ടത്തിന് മുന്നില്‍ കാല്‍പന്തു മറന്ന കുട്ടികള്‍ മാത്രമായിരുന്നു ബ്രസീല്‍. ഒരു രക്ഷകനും അവരുടെ മുന്നില്‍ അവതരിച്ചതുമില്ല. 

യഥാര്‍ത്ഥത്തില്‍ ബ്രസീലിന്റെ സെമി പോരാട്ടം കളിയുടെ ആദ്യ അരമണിക്കൂറില്‍ തന്നെ അവസാനിച്ചിരുന്നു. പത്താം മിനിട്ടില്‍ ജര്‍മ്മനിയ്ക്ക് ആദ്യ കോര്‍ണര്‍ ലഭിക്കുമ്പോള്‍ തന്നെ ആതിഥേയരുടെ മരണമണി മുഴങ്ങിയിരുന്നു. തോമസ് മുള്ളറുടെ കാലിലേക്ക് കോര്‍ണര്‍ പറന്നിറങ്ങുമ്പോള്‍ ബ്രസീലിന്റെ പ്രതിരോധം വെറും കാഴ്ചക്കാരായി മാറി. മുള്ളറെ തടയാന്‍ ആരും ഉണ്ടായിരുന്നില്ല. ആദ്യ ഗോള്‍ വീണതോടെ പിന്നെ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ബ്രസീലിനായതുമില്ല. ഓരോ ജര്‍മ്മന്‍ മുന്നേറ്റത്തിലും ബ്രസീല്‍ പ്രതിരോധം ആടിയുലഞ്ഞു.

23-ആം മിനിട്ടില്‍ അത്തരം ഒരു മുന്നേറ്റത്തിനൊടുവില്‍ ബോക്‌സില്‍ വീണ്ടും ഫ്രീയായി നില്‍ക്കുന്ന ക്ലോസെയുടെ കാലിലേക്ക് ഡാന്റേയുടെ ക്രോസ് എത്തി. ക്ലോസെയുടെ ആദ്യ അടി ജൂലിയോ സെസാര്‍ തടഞ്ഞെങ്കിലും പന്ത് വീണ്ടും ക്ലോസെയുടെ കാലിലേക്ക്. ഇത്തവണ ക്ലോസെയ്ക്ക് പിഴച്ചില്ല. അങ്ങനെ ലോകകപ്പിലെ ഗോള്‍ വേട്ടയിലെ രാജാവായി ക്ലോസെ മാറി. മറികടന്നത് റൊണാള്‍ഡോയെ. പതിനാറ് ഗോളുകളാണ് ലോകകപ്പിലെ ക്ലോസെയുടെ സമ്പാദ്യം. 

രണ്ട് മിനിട്ടില്‍ രണ്ട് ഗോള്‍ നേടി ടോണി ക്രൂസ് ബ്രസീലിയന്‍ മുറിവുകളില്‍ വീണ്ടും മുളക് പുരട്ടി. 24, 26 മിനിട്ടുകളില്‍ ക്രൂസ് ലക്ഷ്യം കണ്ടതോടെ ഗാലറികളില്‍ കണ്ണീര്‍ പ്രവാഹം തുടങ്ങി. കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ പോലും വരുത്താത്ത പിഴവുകള്‍ ബ്രസീല്‍ പ്രതിരോധം വരുത്തുന്നത് അവിശ്വസനീയതയോടെ മാത്രമേ കണ്ടിരിക്കാനാവുമായിരുന്നുള്ള. പിന്നെ എല്ലാം ചടങ്ങുകളായിരുന്നു. 29-ആം മിനിട്ടില്‍ ഖെദരിയയും ഗോള്‍ നേടിയതോടെ ഇനി ഒരു മടങ്ങിവരവില്ലെന്ന് തിരിച്ചറിവിലായി കാണികള്‍. ഒരു പക്ഷെ ഈ ലോകകപ്പില്‍ ഏറ്റവും വേഗം ഗ്യാലറികള്‍ ഒഴിഞ്ഞു തുടങ്ങിയതും ഈ മത്സരത്തില്‍ ആയിരിക്കണം. രണ്ടാം പകുതിയിലും ദൗര്‍ബല്യങ്ങളുടെ കൂടാരമായി ബ്രസീല്‍ പ്രതിരോധം മാറിയപ്പോള്‍ ആന്ദ്രെ ഷ്രൂളറും ഇരട്ട ഗോള്‍ കണ്ടെത്തി. 90-ആം മിനിട്ടില്‍ ഓസ്‌കാര്‍ നേടിയ ആശ്വാസ ഗോള്‍, പക്ഷെ അപമാനഭാരത്തില്‍ നിന്നും ബ്രസീലിനെ രക്ഷിക്കാന്‍ പര്യാപ്തമായിരുന്നില്ല. 

പകരം വീട്ടാനാവാത്ത പരാജയമാണ് ബ്രസീലിന് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. രണ്ട് കളിക്കാരുടെ അഭാവത്തില്‍ എത്ര ദുര്‍ബലമായിരുന്നു ഈ ടീം എന്ന് വ്യക്തമാക്കുന്ന കളി. അതോടൊപ്പം ഫോമില്‍ തിരച്ചെത്തിയ അഡ്രിയാനോ, പക്വതയുള്ള റൊബീന്യോ, കക്ക എന്നിവരെ ഒഴിവാക്കി സ്‌കൊളാരി നടത്തിയ ചൂതാട്ടം തിരിച്ചടിച്ചിരിക്കുകയാണ്. ബ്രസീലില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇത് കളമൊരുക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷെ ഒരു ബ്രസീലിയന്‍ ടീം ഇങ്ങനെ പരാജയപ്പെട്ടതിന്റെ ഞെട്ടല്‍ കാനറികളെ എല്ലാ കാലത്തും വേട്ടയാടിക്കൊണ്ട് തന്നെയിരിക്കും.

ലോകകപ്പ് സെമി ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ഏഴു ഗോളുകള്‍ അടിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ബ്രസീലിന്റെ ഏറ്റവും വലിയ തോല്‍വിയും ഇതാണ്. 1998 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോട് 3-0 ത്തിന് അടിയറവു പറഞ്ഞതായിരുന്നു ലോകകപ്പ് പോരാട്ടങ്ങളില്‍ ബ്രസീലിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ തോല്‍വി. 1920ല്‍ യുറഗ്വായോട്6-0 ത്തിനു തോറ്റതായിരുന്നു ഫുട്‌ബോള്‍ ചരിത്രത്തില്‍ ബ്രസീലിന്റെ ഇതിനു മുമ്പുള്ള കനത്ത പരാജയം. 

ലോകകപ്പിന്റെ സെമിയില്‍ ജര്‍മനിയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്. 1954 ല്‍ ഓസ്ട്രിയയ്‌ക്കെതരെ 6-1 നു ജയിച്ചാതായിരുന്നു ഇതിനു മുമ്പുള്ള റെക്കോര്‍ഡ്. സ്വന്തം നാട്ടില്‍ 39 വര്‍ഷത്തിനിടെ 64 മല്‍സരങ്ങള്‍ കളിച്ച ബ്രസീലിന്റെ ആദ്യ പരാജയമാണിത്. ആറു മിനിറ്റിനുള്ളില്‍ നാലു ഗോള്‍ വീണതും ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍