UPDATES

സാംബ- 2014

അവിശ്വസനീയം ഹാ! ബ്രസീല്‍- വിക്ടര്‍ മഞ്ഞില എഴുതുന്നു

Avatar

വിക്ടര്‍ മഞ്ഞില

രണ്ട് ലോക ചാമ്പ്യന്മാര്‍ തമ്മിലുള്ള മത്സരത്തിലെ ഗോള്‍ സ്കോര്‍ 7-1. ഒരു മത്സരത്തിലെ 6 മിനുട്ടില്‍ നാല് ഗോള്‍! അവിശ്വസനീയം! പക്ഷേ വിശ്വസിക്കാതിരിക്കാന്‍ വയ്യ. അതാണ് ഈ ലോക കപ്പിലെ ആദ്യ സെമിയില്‍ ബ്രസീലിന് സംഭവിച്ചത്. അതും സ്വന്തം ഗ്രൌണ്ടില്‍, സ്വന്തം കാണികളെ സാക്ഷി നിര്‍ത്തി. ഒരു പക്ഷേ ജര്‍മ്മന്‍ കളിക്കാര്‍ക്കോ ജര്‍മ്മന്‍ കോച്ചിനോ എന്തിന് ഒരു ഫുട്ബോള്‍ നിരീക്ഷകനോ വിശ്വസിക്കാന്‍ കഴിയാത്ത വമ്പന്‍ തോല്‍വി. 

ബ്രസീല്‍ നിരയിലെ രണ്ട് കളിക്കാരുടെ- മുന്നേറ്റ നിരയില്‍ നെയ്മറുടെയും പ്രതിരോധ നിരയില്‍ തിയാഗോ സില്‍വയുടെയും- അഭാവം പ്രതീക്ഷിച്ചതിലും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കളി തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത് ജര്‍മ്മനിക്ക് അല്‍പം മുന്‍തൂക്കം നല്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. പകരക്കാരായി സ്കോളാരി ഇറക്കിയ ബെര്‍ണാഡും ഡാന്റെയും അത്ര മോശം കളിക്കാര്‍ ആയിരുന്നില്ല. ബെര്‍ണാഡ് ഈ മത്സരത്തില്‍ ആ പ്രതീക്ഷ നിലനിര്‍ത്തി എന്നു തന്നെ വേണം പറയാന്‍. പക്ഷേ പിഴച്ചത് പ്രതിരോധ നിരയ്ക്കാണ്. ഡാനീ ആല്‍വസിന് പകരം മൈക്കോനെ കൊണ്ടുവന്നതിനെ തുടര്‍ന്ന് അത് വരെ പതറിക്കളിച്ച ബ്രസീല്‍ നല്ല ധാരണയോടെ തന്നെ കളിച്ചു. എന്നാല്‍ തിയാഗോയ്ക്ക് പകരം വന്ന ഡാന്‍റെയ്ക്ക് ആ ഒത്തിണക്കത്തിന് ആക്കം കൂട്ടാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ചും മധ്യ നിരയിലെ ഡിഫന്‍ഡര്‍ മിഡ്ഫീല്‍ഡര്‍മാരായ ഫെര്‍ണാന്‍ഡിഞ്ഞോ, ഗുസ്താവോ എന്നിവര്‍ പതറിയതാണ് ബ്രസീല്‍ പ്രതിരോധ നിരയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയത്. രണ്ടാമത്തെ ഗോളും നാലാമത്തെ ഗോളും വഴിയൊരുക്കിയത് ഫെര്‍ണാന്‍ഡിഞ്ഞോയുടെ പിഴവ് തന്നെയാണ്.

മറിച്ച് ജര്‍മ്മന്‍ മുന്നേറ്റ നിരയുടെ മികവ് എടുത്തു കാണിച്ച മത്സരമായിരുന്നു ഇത്. വളരെ കൃത്യമായ പാസുകള്‍, ക്രോസുകള്‍, അതും ബ്രസീലിന്റെ പെനാല്‍റ്റി ബോക്സിനകത്ത് കയറി തലങ്ങും വിലങ്ങും പാസുകള്‍ക്കൊണ്ട് പ്രതിരോധ നിരയെ കീഴടക്കുന്ന പ്രകടനം അപാരം തന്നെ ആയിരുന്നു. വരച്ചു പഠിച്ചു കളിച്ചപ്പോലെയായിരുന്നു ജര്‍മ്മനി മൈതാനത്തില്‍ പെരുമാറിയത്. മാത്രമല്ല ബയേണ്‍ മ്യൂണിക്കില്‍ കളിക്കുന്ന ഏഴ് കളിക്കാര്‍ ഒന്നിച്ചു കളിക്കുന്നു എന്നത് നല്ല ധാരണയോടെ കളിക്കാന്‍ അവരെ സഹായിച്ചു എന്നതും പറയാതിരിക്കാന്‍ വയ്യ. അവരുടെ കൃത്യമായ വേഗതയോടെയുള്ള അളന്നു മുറിച്ച പാസുകള്‍ തടയാന്‍  ബ്രസീല്‍ പ്രതിരോധ നിരയ്ക്ക് കഴിഞ്ഞില്ല. തന്നെയുമല്ല ആദ്യഗോള്‍ ശരിക്കും ബ്രസീല്‍ ഡിഫന്‍സിന്റെ പിഴവ് എടുത്തു കാണിക്കുന്നതായിരുന്നു. അത് വരെ ബ്രസീല്‍ വാശിയോടെ ഒത്തിണക്കത്തോടെ കളിച്ച് മുന്നേറുമ്പോള്‍ ഉണ്ടായ കൌണ്ടര്‍ അറ്റാക്കില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. 7 ബ്രസീല്‍ കളിക്കാര്‍ കവര്‍ ചെയ്തിട്ടും സര്‍വ സ്വതന്ത്രനായി നില്‍ക്കുകയായിരുന്ന മുള്ളര്‍ പന്ത് കണക്ട് ചെയ്ത് മനോഹരമായ ഗോളാക്കി മാറ്റുകയായിരുന്നു.  തീര്‍ച്ചയായും ആ ഗോള്‍ ബ്രസീല്‍ കളിക്കാരെ ശരിക്കും ഞെട്ടിച്ചു. ആ ഞെട്ടലില്‍ നിന്നു മോചനം നേടുന്നതിന് മുന്പ് തന്നെ 6 മിനുട്ടിനുള്ളില്‍ 4 ഗോളുകള്‍ പിറന്നു. ബ്രസീലിന്റെ എതിരാളികള്‍ പോലും മൂക്കത്ത് വിരല്‍ വെച്ചു പോകുന്ന ഒന്നായിരുന്നു 23, 24 ,26, 29 മിനുട്ടുകളില്‍ ജര്‍മ്മനി നേടിയ 4 ഗോളുകള്‍.

5-0 എന്ന്‍ സ്കോറുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ബ്രസീല്‍ എങ്ങിനെയെങ്കിലും ഗോള്‍ മടക്കണം എന്ന ലക്ഷ്യത്തോടെ ജര്‍മ്മന്‍ ഗോള്‍ മുഖത്ത് ആക്രമിച്ചു കളിച്ചു. കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റാനുള്ള കളിക്കാരന്റെ അഭാവം എടുത്തുകാണിക്കുന്നതായിരുന്നു അവരുടെ നീക്കങ്ങളെല്ലാം. മറികടന്നു വന്ന പന്തുകള്‍ക്കാകട്ടെ ജര്‍മ്മന്‍ ഗോളി ന്യൂയര്‍ തീര്‍ത്ത മതില്‍ കടക്കാന്‍ ആയതുമില്ല. 

തങ്ങളുടെ തന്നെ പൂര്‍വ്വികനായ റൊണാള്‍ഡോ തീര്‍ത്ത ടോപ് സ്കോറര്‍ റെക്കോഡ് മറികടക്കാന്‍ ക്ലോസയ്ക്ക് അവസരം സൃഷ്ടിച്ചു എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയായി ചരിത്രത്തില്‍ രേഖപ്പെടുത്തും. ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ഈ മത്സരം ബ്രസീലിനെ സംബന്ധിച്ചിടത്തോളം മാരക്കാനയിലെ തോല്‍വിയേക്കാള്‍ പതിന്‍മടങ്ങ് മാരകമാണ് എന്ന കാര്യത്തില്‍ സംശയമില്ല. തീര്‍ച്ചയായും 2014 ലോകകപ്പ് ഒരു പാട് കാലം ബ്രസീലിയന്‍ ഫുട്ബോളിനെ വേട്ടയാടുകതന്നെ ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍