UPDATES

സാംബ- 2014

ഇവര്‍ കളിയില്‍ മാത്രമല്ല മാനസികമായും തോറ്റവര്‍ – ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഇന്ന് ലൂസേഴ്‌സ് ഫൈനല്‍. ഏറ്റുമുട്ടുന്നവര്‍ ബ്രസീലും ഹോളണ്ടുമാണ്. കളിയില്‍ തോറ്റവര്‍ മാത്രമല്ല, മാനസികമായി തോറ്റവര്‍ കൂടിയാണവര്‍. ബ്രസീലിലെ മനോ ഗാരിഞ്ച സ്‌റ്റേഡിയത്തില്‍ ഇങ്ങിനെയൊരു മത്സരത്തിന് ഒട്ടും താല്‍പര്യമില്ലാതിരുന്ന രണ്ടു ടീമുകള്‍. മാരക്കാനയില്‍ ഫൈനല്‍ കളിക്കാന്‍ തയ്യാറായി എത്തിയവര്‍. എങ്കിലും വിധി ജര്‍മ്മനിയുടേയും അര്‍ജന്റീനയുടേയും രൂപത്തില്‍ അവരെ തോറ്റവരുടെ ഫൈനല്‍ കളിക്കാന്‍ നിര്‍ബന്ധിതരാക്കി.

ഇനിയൊരു തോല്‍വി വയ്യ ബ്രസീലിന്. ടീമിന് ഇന്ന് കളിക്കളത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്നാണ് കേള്‍ക്കുന്നത്. മനസ്സില്ലാമനസ്സോടെ കളത്തിലിറങ്ങുന്നവര്‍ക്ക് പക്ഷെ, കളിച്ചു ജയിച്ചേ തിരിച്ചു കയറാന്‍ പറ്റൂ. ഇനിയും ക്ഷമിക്കാന്‍ ബ്രസീലിയന്‍ ജനത തയ്യാറാകണമെന്നില്ല. ഇന്ന് ജയിക്കേണ്ടത് സ്‌കൊളാരിയുടെ ആവിശ്യംകൂടിയാണ്. ചിലപ്പോള്‍ ഇത് അദ്ദേഹത്തിന്റെ അവസാന മത്സരം കൂടിയാകും. ഒരു തോല്‍വി കൊണ്ട് ഒരിക്കലും മായാത്ത അപമാനത്തിന്റെ കറ വീണു കഴിഞ്ഞു അദ്ദേഹത്തിനുമേല്‍. ഫൈനല്‍ തീരുമാനം ഇന്ന് അറിയാന്‍ കഴിഞ്ഞേക്കും.

തിയാഗോ സില്‍വ ഇന്ന് കളിക്കും. അതുതന്നെയാണ് ഏറ്റവും വലിയ ആശ്വാസം. ജര്‍മ്മനിക്കെതിരെ പതിനൊന്ന് കളിക്കാരും പരാജയപ്പെടുന്നതാണ് നാം കണ്ടത്. ഒത്തൊരുമ ഇല്ലാതെ പോയി.  യൂണിറ്റി ഇല്ലാതെ കളത്തിലിങ്ങുന്ന ഏതൊരു ടീമിനും സംഭവിക്കുന്ന പരാജയമാണ് ബ്രസീലിനും ഉണ്ടായത്. നെയ്മറിന്റെ അഭാവം വാക്കുകളിലേ അവര്‍ക്ക് നികത്താന്‍ സാധിച്ചുള്ളൂ. കളിക്കളത്തില്‍ ആ അഭാവം അവരെ വേട്ടയാടി. നെയ്മര്‍ക്ക് പകരം എത്തിയ ബര്‍ണാഡ് കളിക്കാന്‍ ശ്രമിച്ചു. അയാള്‍ ഒരിക്കലും നെയ്മര്‍ ആകില്ലല്ലോ. സില്‍വ ഇല്ലാത്ത ബ്രസീല്‍ നിരയിലേക്കാണ് ജര്‍മ്മനി ഇരച്ചെത്തിയത്. ഇതുവരെ ഫോമിന്റെ നിഴലാട്ടം പോലും കാണിക്കാത്ത ഫ്രെഡ് ഇന്നും കളിക്കും. ഹള്‍ക്കും കളിക്കും. ഗുസ്താവോയും ഓസ്‌കറുമൊക്കെ കളിക്കും. കളിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ചവര്‍ക്ക് പകരം ഇതുവരെ കളിക്കാന്‍ അവസരം കിട്ടാത്തവര്‍ ഇറങ്ങും.ഇന്ന് കളിക്കാര്‍ക്ക് പ്രസക്തിയില്ല; വിജയം മാത്രമാണ് പ്രധാനം. ചെറിയൊരു മാര്‍ജിനിലെ വിജയം കൊണ്ട് രക്ഷപ്പെടാനും പറ്റില്ല. ഒരു രാജ്യത്തെ ഇനിയും അപമാനിക്കാന്‍ കഴിയില്ല.

ഇനി ഹോളണ്ടിന്റെ കോര്‍ട്ടിലേക്ക് നോക്കാം. അവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞെന്നു തോന്നുന്നില്ല ആ പരാജയം. ഫുട്‌ബോള്‍ ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്തോട് നിര്‍ഭാഗ്യം ഇത്രയേറെ ക്രൂരത കാണിച്ചിട്ടുണ്ടോ? തോല്‍ക്കാന്‍ മാത്രം മോശമായല്ല ഹോളണ്ട് കളിച്ചത്. അര്‍ജന്റീന അത്ര വലിയ കളിയുമല്ല കളിച്ചത്. പടിവാതിലില്‍ തട്ടി വീഴുന്ന വിധി ഹോളണ്ടിനെ വിട്ടൊഴിഞ്ഞിരുന്നില്ലെന്നുമാത്രം.

ഹോളണ്ടിന്റെ ഏതൊക്കെ താരങ്ങള്‍ ഇന്ന് കളിക്കുമെന്ന് അറിയില്ല. പലരും മാനസികമായി പിന്‍വാങ്ങിയിരിക്കുന്നു. സ്‌കോളാരിക്ക് എന്നപോലെ ഡച്ച് കോച്ച് വാന്‍ ഗാളിനും ഇന്ന് ഒരു ജയം വേണം.ഹോളണ്ടിന് ബ്രസീലിനെ തോല്‍പ്പിക്കാവുന്നതേയുള്ളു. അവര്‍ നന്നായി കളിക്കുന്നുണ്ട്; ബ്രസീലിനേക്കാള്‍ ഒരുപാടു നന്നായി. എന്നാല്‍ അര്‍ജന്റീനയോട് തോറ്റതോടെ ഡച്ചുപടയുടെ കളിമികവിനുമേല്‍ നിരാശ ഫൗള്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു. ആത്മാവ് നഷ്ടപ്പെട്ടാണ് ഹോളണ്ട് ഇറങ്ങുന്നതെങ്കില്‍ ബ്രസീലിന് വളരെ എളുപ്പത്തില്‍ അവരെ തോല്‍പ്പിക്കാം.

ലൂസേഴ്‌സ് ഫൈനല്‍ അത്ര മോശം ഫൈനല്‍ അല്ലെന്ന് ഒരു ശ്രീനിവാസന്‍ തമാശയുണ്ട്. അതേ ഇന്ന് മോശമാക്കിയില്ലെങ്കില്‍, മൂന്നാമനായി കളം വിടാം. ആ സ്ഥാനവും അത്രമോശമൊന്നുമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍