UPDATES

സാംബ- 2014

ആ ദിവസം ബ്രസീല്‍ ടീമിന് എന്താണ് സംഭവിച്ചത്?

Avatar

ആരോമല്‍ ഡിക്രൂസ്

ജർമൻകാരിൽ നിന്നും നാണം കെട്ട രീതിയിലുള്ള പരാജയം ഏറ്റുവാങ്ങിയ ബ്രസീല്‍ ടീം കഴിവില്ലാത്തവരാണെന്നും അങ്ങേയറ്റം അപമാനിക്കപ്പെട്ടവരാണെന്നും മാലോകർ ഒന്നടങ്കം സമ്മതിക്കുന്ന ഈ സന്ദർഭത്തിൽ അന്നത്തെ കളിവരെ പരാജയപ്പെടുത്താനാവാത്തവരും ലോക ജേതാക്കളുമായി അറിയപ്പെട്ട ഈ മഞ്ഞക്കുപ്പായക്കാർക്ക് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.  

നെയ്മര്‍ ഉണ്ടായാലും ഇല്ലെങ്കിലും ബ്രസീല്‍ ടീമിനേക്കാള്‍ ജയസാധ്യത ജര്‍മൻ ടീമിനായിരുന്നു. എങ്കിലും കോച്ച് ജൊക്കിം ലോ പോലും ഈ സ്കോർ നില പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരു കളിയിൽ നെയ്മറിന്റെ അസാന്നിധ്യം ഉണ്ടാകുമ്പോഴേക്കും ഏഴു ഗോളുകളിലൊന്നു പോലും തടുക്കാൻ ത്രാണിയില്ലാത്തവരായ് മാറിയോ ബ്രസീലിയൻ ടീം? തിയാഗോ സിൽവയുടെ അഭാവത്തിൽ നല്ലൊരു ബാക്ക് അപ് പ്ലാനുമായ് മുന്നോട്ടു വരാൻ സ്കൊളാരിക്ക് കഴിഞ്ഞില്ല എന്നതാണ് ഈ പരാജയത്തിന്റെ മുഖ്യ കാരണമായ് ഞാൻ കാണുന്നത്. ജർമൻ ടീമിന്റെ മധ്യ നിരയുടെ ഡോണ്ടിംഗ് നേരിടാനായ് ശാരീരികമായി ശക്തരായ പോളിഞ്ഞോ- ഗുസ്താവോ- ഫെര്‍നാന്‍ഡീഞ്ഞോ ത്രയത്തെയാണ്  കോച്ച് ഫെലിപ് സ്കൊളാരി പരിശീലിപ്പിച്ചെടുത്തത്, പക്ഷെ കളി തുടങ്ങുന്നതിനു ആറു മണിക്കൂർ മുന്പ് പോളിഞ്ഞോയെ സ്ഥാനത്തു നിന്നും മാറ്റി ബെർണാർഡിനെ ഈ ത്രയത്തിലേക്ക് തിരുകിക്കയറ്റുകയാണ് സ്കൊളാരി ചെയ്തത്. ഇങ്ങനെ യാതൊരു ഒരുക്കവുമില്ലാതെ കളിക്കളത്തിലേക്ക് ഇവരെ ഇറക്കി വിട്ടതാണ് പരാജയകാരണങ്ങളിൽ പ്രധാനപ്പെട്ടത്.    

തിയാഗോ സിൽവയുടെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനം നൽകപ്പെട്ട ഡേവിഡ്‌ ലൂയിസിന് ശക്തമായ പ്രതിരോധം തീർക്കേണ്ട ചുമതല കൂടിയുണ്ടായിരുന്നു. നെയ്മറിന്റെ അസാന്നിധ്യത്തിൽ തിരിച്ചടിക്കാൻ നിന്നാൽ ആ വിടവിൽ ജർമ്മനിയുടെ പ്രബലരായ മധ്യനിര കളിക്കാർ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കാന്‍ ബ്രസീലുകാർക്കുറപ്പുണ്ടായിരുന്നു. ഇത് തടയാൻ വേണ്ടിയും പന്ത് തങ്ങളുടെ പക്കൽ കൂടുതൽ സമയം നിർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലും ബ്രസീലുകാർ ശക്തമായ പ്രതിരോധ വലയം തീർക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ആശയം നൽകിയ ശുഭാപ്തി വിശ്വാസത്തിൽ കളി തുടങ്ങിയ ബ്രസീലുകാരിൽ മൂന്നു മാസത്തിനുള്ളിൽ ആദ്യമായ് ഒരു മത്സരക്കളിയുടെ ഭാഗമാവുന്ന   ഡാന്റെ ഒഴികെ മറ്റുള്ള മൂന്നു ഡിഫെൻഡർമാരും (ക്യാപ്റ്റൻ ലൂയിസ് ഉൾപ്പെടെ) ജർമ്മൻ കളിക്കാർക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം സൌജന്യമായ്  നൽകുകയായിരുന്നു എന്ന സത്യം കളി കണ്ട നമ്മുക്കെല്ലാവർക്കുമറിയാം. 

ജർമ്മൻ കളിക്കാർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഊർജ്ജസ്വലരായിട്ടായിരുന്നു അന്ന് കളിക്കളത്തിൽ പെരുമാറിയത്. കിട്ടിയ പന്തുകളൊന്നും പാഴാക്കാതെ കളിച്ച ഇവരുടെ മറുകരയിലായിരുന്നു ബ്രസീലുകാർ-കിട്ടിയ പന്തുകളൊക്കെ കാലിൽ നിന്നും നഷ്ടപ്പെട്ട പരാജിതർ. അന്ന് കളി കാണാൻ വന്ന 58,141 കാണികളിൽ പലരും പന്തു നേരിടാൻ പോലും ത്രാണിയില്ലാത്ത തങ്ങളുടെ പ്രിയപ്പെട്ട ടീമിനെ കണ്ടു കരയുകയായിരുന്നു. അധികമാരും ശ്രദ്ധിക്കപ്പെടാത്ത താരമായ് ലോക കപ്പിലെത്തിയ ഫെര്‍നാന്‍ഡീഞ്ഞോ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ൽ പന്ത് നഷ്ടപ്പെടുത്തി ജർമ്മൻ കളിക്കാർക്ക്  നിഷ്‌പ്രയാസം ഗോൾ നേടാൻ അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു.മൂന്നു ഗോളുകളാണ് ഇങ്ങനെ ജർമ്മനി നേടിയത്. പ്രതിരോധ നിരയിലേക്ക് ഇരച്ചു കയറാൻ പ്രാപ്തരായ ഫ്രെഡ് – ഹള്‍ക്- ബെർണാർഡ് ത്രയം തങ്ങളുടെ ടീമിനു വേണ്ടി കാര്യമായ് യാതൊന്നും ചെയ്തില്ല എന്നതും സങ്കടമുണർത്തുന്നതാണ്. ആ ദിവസം ടീമിനു വേണ്ടി തന്നാൽ കഴിയുന്നതെല്ലാം ചെയ്ത ഒരേയൊരു ബ്രസീലിയൻ കളിക്കാരൻ ഓസ്കറായിരുന്നു, എങ്കിലും നല്ല പങ്കാളികളില്ലാതെ അദ്ദേഹത്തിന്റെ ശ്രമങ്ങൾ മുഴുവൻ പാഴാവുകയായിരുന്നു. 

ഇതിനെല്ലാം പുറമേ സ്കൊളാരിയിൽ നിന്നുണ്ടായ പിശകും ബ്രസീലിയൻ ടീമിനെ വെറുക്കപ്പെട്ട ടീമുകളിലൊന്നായ് മാറ്റുകയായിരുന്നു. സ്കൊളാരിയുടെ ജോലി തെറിക്കുമെന്ന കാര്യത്തിൽ യാതൊരു സംശവുമില്ല. എന്തായാലും ടികി-ടാകയുടെ കാലം കഴിഞ്ഞിട്ടില്ലെന്നും അത് വേറൊരു ഭാവത്തില്‍ മറ്റൊരു ടീമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നും വെളിപ്പെട്ട മത്സരമായിരുന്നു ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍