UPDATES

സാംബ- 2014

ബ്രസൂക്കയില്‍ മന്ത്രവാദമോ?

Avatar

ബ്രയാന്‍  പാമര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ലോകകപ്പിന് പന്തുരുണ്ടു തുടങ്ങിയപ്പോള്‍ സ്വാഭാവികമായും എല്ലാ കണ്ണുകളും പന്തിലേക്കായിരുന്നു. 2010-ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിന് അഡിഡാസ് രൂപംകൊടുത്ത ജബുലാനി എന്ന പന്ത് അതിന്റെ വായുവിലെ ഗതിവേഗക്രമം കൊണ്ട് മറ്റ് പന്തുകളേക്കാള്‍ മികച്ചതായിരുന്നു. എന്നാല്‍ അടിച്ചാലുള്ള അതിന്റെ പോക്ക് സ്വാഭാവികമല്ലെന്ന് പല കളിക്കാരും പരാതിപ്പെട്ടിരുന്നു. ബ്രസീല്‍ ഗോളി ജൂലിയോ സീസര്‍ അതിനെ ‘ഭീകരം’ എന്നാണ് വിശേഷിപ്പിച്ചത്. അത് വല്ല പലചരക്ക് കടയില്‍ നിന്നും കിട്ടിയതാണെന്ന്തോന്നും എന്നുവരെ അയാള്‍ ആക്ഷേപിച്ചു. ആഫ്രിക്കയില്‍ നിന്നും ലോകകപ്പ് തെക്കേ അമേരിക്കയിലെത്തിയപ്പോള്‍ ജബുലാനി,അഡിഡാസിന്റെ ബ്രസൂക്കക്ക് വഴി മാറി. സംഭവം കൊള്ളാം എന്നാണ് വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത്.

പക്ഷേ ഈ ബഹളമൊക്കെ കേള്‍ക്കുമ്പോള്‍ ഒന്നു ചോദിക്കാതെ വയ്യ: ഒരു പന്തിന്റെ ഗതിയെ നിയന്ത്രിക്കുന്നത് എന്താണ് ?

തീര്‍ച്ചയായും അതിനു വ്യക്തമായ കാരണങ്ങളുണ്ട്; ഒരു കളിക്കാരന്റെ പാദങ്ങളും, ഗുരുത്വാകര്‍ഷണവും. കളിക്കാരന്റെ പാദങ്ങള്‍ പന്തില്‍ ബലം ചെലുത്തുന്നു, അതിനെ മുന്നോട്ട് തള്ളുന്നു, മിക്കവാറും മുകളിലേക്ക്. ഗുരുത്വാകര്‍ഷണം പന്തിനെ നിലത്തേക്ക് വലിക്കും. അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ലളിതമായ ഊര്‍ജതന്ത്ര തത്വം അനുസരിച്ചു അത് മുകളിലേക്കും,മുന്നോട്ടും താഴേക്കുമായി വക്രഗതിയില്‍ പോയേനെ. പക്ഷേ, ഇതില്‍ അതിനപ്പുറം ചിലതുകൂടിയുണ്ട്.

പന്തിന്റെ ഗതിയെ ആകര്‍ഷകമാക്കുന്നത് ഈ വലിയാണ് (drag). ഗോള്‍കീപ്പര്‍മാരെ കബളിപ്പിക്കാന്‍ കളിക്കാര്‍ വളക്കലും പുളക്കലും നടത്തുന്നത് വലി ഉപയോഗിച്ചാണ്. ഇതാണ് പന്തിന്റെ രൂപകല്‍പ്പനയില്‍ തങ്ങളുടെ പുതിയ പന്തുകള്‍ വ്യത്യസ്തമാക്കാന്‍ ഓരോരുത്തരും ആധാരമാക്കുന്നത്.

പലതരത്തിലുമുള്ള വലികളുണ്ട്. പന്തിന്റെ ഗതിയില്‍ പ്രധാനമായത് മര്‍ദ്ദവലിയാണ്. പന്ത് മുന്നോട്ട് നീങ്ങുമ്പോള്‍ അത് വായുകണങ്ങളെ തള്ളിമാറ്റുന്നു. എന്നാല്‍ പന്ത് പോയാലുടന്‍ ഇവ പൂര്‍വ്വസ്ഥാനത്ത് തിരിച്ചെത്തുന്നില്ല. ഇത് പന്തിന് പിറകില്‍ ഒരു പ്രതികൂലമര്‍ദ്ദം അവശേഷിപ്പിക്കുന്നു. ഇതാണ് പന്തിനെ പതുക്കെയാക്കുന്നതും, അതിനെ നിലതെറ്റിക്കുന്നതും അതിന്റെ ഗതി അപ്രവചനീയമാക്കുന്നതും.

പന്തിന്റെ വക്രഗതിയെ സ്വാധീനിക്കുന്ന മറ്റൊന്ന് ഒരു തൊലിയുരസല്‍ വലി-  അതായത് വായുകണങ്ങളും പന്തിന്റെ പ്രതലത്തിലുള്ള കണങ്ങളും തമ്മിലുള്ള ഉരസലാണ്. ഈ ഉരസല്‍ ക്രമരഹിതമായ ചലനമുണ്ടാക്കുന്നു (turbulence). മര്‍ദ്ദവലിയേക്കാള്‍ കുറഞ്ഞ അളവിലുള്ളതാണ് ഇത്.

ഈ രണ്ടു ഘടകങ്ങളും സൃഷ്ടിക്കുന്ന അപ്രവചനീയതയെ മറികടക്കാനായിരുന്നു ജബുലാനിക്കു രൂപം കൊടുത്തത്. സാധാരണ 32 പുറംചട്ടകളാണ് പന്തില്‍ ഉപയോഗിക്കാറെങ്കില്‍ ജബുലാനിയില്‍ അത് എട്ടായി കുറച്ചു. കുറച്ചു പുറം ചട്ടകളെന്നാല്‍ കുറച്ചു തുന്നല്‍ മതിയെന്നുകൂടിയാണ് അതിന്റെ അര്‍ത്ഥം. കുറച്ചു തുന്നലെന്നാല്‍ കൂടുതല്‍ മിനുപ്പുള്ള, ഉരുണ്ട പന്തെന്നുമാണ് അര്‍ത്ഥം. സിദ്ധാന്തമനുസരിച്ച് ഇത് ഘര്‍ഷണം കുറക്കുകയും ഗതിയിലെ ക്രമരാഹിത്യം കുറക്കുകയും ചെയ്യണം.

എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല. ഒന്നിലേറെ കാരണങ്ങള്‍കൊണ്ടു ജബുലാനി എങ്ങനെയൊക്കെ വളഞ്ഞുപിരിഞ്ഞു പോയാലും നേരെ മാത്രം പോയില്ല. ആദ്യമായി, തുന്നലുകള്‍ ക്രമരാഹിത്യം ഉണ്ടാക്കുമെങ്കിലും പന്തിന്റെ പ്രതലം മുഴുവന്‍ ക്രമമായ ക്രമരാഹിത്യം സൃഷ്ടിക്കുന്നുണ്ട്. മിക്കപ്പൊഴും ഈ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഒരു പരസ്പരസന്തുലനം ഉണ്ടാക്കുകയും പന്ത് ഏതാണ്ട് വിചാരിക്കുന്ന വഴിയിലൂടെത്തന്നെ പോവുകയും ചെയ്യുന്നു. ജബുലാനിയില്‍ തുന്നലുകള്‍ കുറവായതിനാല്‍ അസന്തുലിതമായ ക്രമരാഹിത്യം പാദത്തിനും ഗോള്‍കീപ്പര്‍ക്കുമിടയിലെ പന്തിന്റെ ഗതിയെ തുള്ളിമറയുന്നതാക്കി. പന്തിനു പുറത്തു ചെറിയ ചാലുകള്‍ വരഞ്ഞിട്ടുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും അത്ര വിജയിച്ചില്ല.

അതിലും പ്രധാനമായുള്ളത്, ജബുലാനി അതിന്റെ വായുവിലുള്ള സഞ്ചാരത്തില്‍ പലയിടത്തും സാധാരണ പന്തുകളേക്കാള്‍ വളയുകയും, വെട്ടിത്തിരിയുകയും ചെയ്തു എന്നാണ്. സാധാരണ ഒരു പന്ത് ഇങ്ങനെ വെട്ടിത്തിരിയുന്നതും വളയുന്നതും മണിക്കൂറില്‍ 20-30 മൈല്‍ വേഗത്തില്‍ പോവുമ്പോളാണ്. ഒരു ഫ്രീകിക്ക് ഏതാണ്ട് 70mph-ല്‍ എടുക്കുന്നതുകൊണ്ട് എറിയകൂറും പന്തിന്റെ ഗതി പ്രവചനീയമാണ്. പന്ത് എവിടെ വരുമെന്നു നിശ്ചയിക്കാന്‍ ഗോള്‍കീപ്പര്‍ക്കു ഇതുമൂലം കഴിയും. എന്നാല്‍ ജബുലാനി ഇതില്‍നിന്നും വിഭിന്നമായി 45-50mph-ല്‍ ഗതിവിഭ്രമം പ്രകടിപ്പിക്കുന്നു എന്നു NASA ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി. ഇത് ഗോള്‍കീപ്പറെ ആശയക്കുഴപ്പത്തിലാക്കുന്നു. പന്തിന്റെ ഗതി ഊഹിക്കാനാവുന്നതല്ലെങ്കില്‍ അയാള്‍ സ്ഥാനം തെറ്റിയായിരിക്കും നില്‍ക്കുക.

ബ്രസൂക്കക്ക് 6 പുറംചട്ടകളെ ഉള്ളൂ. എന്നാല്‍ തന്റെ മുന്‍ഗാമിയേക്കാള്‍ ഇവന്‍ ശരിയായി പറക്കുന്നുണ്ടെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. പന്തിന്റെ പ്രതലം കൂടുതല്‍ പരുക്കനാക്കിയതാണ് ഒരു പുതിയ മാറ്റം. സാധാരണ 32 പുറംചട്ട പന്തുകളുടെ പ്രതലത്തില്‍ ഉണ്ടാകുന്ന അതേ പ്രതീതി ലഭിക്കുന്നതിനായി ബ്രസൂക്ക പൊതിഞ്ഞിരിക്കുന്നത് പൊളിയൂറഥീന്‍ കൊണ്ടാണ്. അത് ക്രമരഹിതമായ ഗതിമാറ്റത്തെ കുറക്കും. ഒരു ഗോള്‍ഫ് പന്തിനെ നേരെ പറത്തുന്ന, ചെറുകുഴികള്‍ക്ക് ( ഗോള്‍ഫ് പന്തിലെ നുണക്കുഴികള്‍) സമാനമാണ് ഇത്. ബ്രസൂക്കയില്‍ പുറംചട്ടകളുടെ രൂപരേഖയിലും മാറ്റമുണ്ട്. അതിന്റെ യോജിപ്പുകളും തുന്നല്‍ചാലുകളും വ്യത്യസ്തമായാണ് ഇട്ടിരിക്കുന്നത്, ഇത് വായുവിലുള്ള പോക്ക് ഒന്നുകൂടി സുഗമമാക്കും.

ഇതിലെല്ലാമുപരി നിര്‍ണ്ണായകമായ കാര്യം കളിക്കാര്‍ ഈ പന്തിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നാണ്. കളി കാണുന്നവര്‍ക്കറിയാം,തോറ്റാല്‍ കളിക്കാരും പരിശീലകരും പറയാത്ത ന്യായങ്ങളില്ലെന്ന്- റഫറി, കാലാവസ്ഥ, മൈതാനം, കാണികള്‍, കളിസമയം, അങ്ങനെ കാക്കത്തൊള്ളായിരം കാരണങ്ങള്‍. ഇതുവരേക്കും ലോകത്തെ മികച്ച കളിക്കാരൊക്കെ ബ്രസൂക്കയില്‍ തൃപ്തരാണ്. അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സി വിശേഷിപ്പിച്ചത്,‘ഗംഭീരം’എന്നാണ്. സ്പാനിഷ് ഗോളി ഇകര്‍ കാസിയസ് പന്തിനെ ‘ബഹുകേമം’ എന്നാണ് പറഞ്ഞത്. മെസ്സിയും കാസിയസും അഡിഡാസിന്റെ പരസ്യപ്പണം വാങ്ങുന്നവരാണെന്നും മറക്കണ്ടാ.

എന്തായാലും മുഖസ്തുതിയില്‍ ബ്രസൂക്ക വീണില്ല. പകരം സ്പെയിനിന്റെ വല കുലുക്കിക്കുലുക്കി അവരെ ലോകകപ്പിന്റെ പടിക്കു പുറത്താക്കി. പന്തില്‍ മന്ത്രവാദം ചെയ്തെന്ന് പരാതി വരുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍